പ്രത്യക്ഷത്തിന്‍റെ അത്ഭുതം

പ്രത്യക്ഷത്തിന്‍റെ അത്ഭുതം

പ്രതീക്ഷിക്കാത്തതും കഴിവിനപ്പുറവും അസാധാരണവും ദുഷ്കരവുമായ പ്രത്യക്ഷത്തെയാണു അഗസ്റ്റിന്‍ അത്ഭുതം എന്നു വിശേഷിപ്പിക്കുന്നത്. എന്നാല്‍ അക്വിനാസിനു "പ്രകൃതിക്കപ്പുറമായതാണ് അത്ഭുതം." ഇംഗ്ലീഷ് ചിന്തകനായ ഹുമിനെ സംബന്ധിച്ചിടത്തോളം പ്രകൃതിശക്തികളെ അതിക്രമിക്കുന്നതാണ് അത്ഭുതകരമായത്. ഇവര്‍ക്കെല്ലാം അസാധാരണമായതാണ് അത്ഭുതം. എന്നാല്‍ മാരിയോണ്‍ എന്ന ഫ്രഞ്ചു ചിന്തകനു അസാധാരണമായതല്ല, സാധാരണമായതാണ് അത്ഭുതം. "സംഭവത്തിനേ അത്ഭുതമാകാന്‍ കഴിയൂ" – അത് ഏതു സംഭവത്തിനുമാണ്.

എന്നാല്‍ ദരീദയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ സാധാരണ സംഭവങ്ങള്‍ക്കു പിന്നില്‍ കാണാതെ പോകുന്ന അസാന്നിദ്ധ്യം കാണാന്‍ കഴിയുമ്പോഴാണ് അത്ഭുതം ഉണ്ടാകുന്നത്. മറഞ്ഞിരിക്കുന്ന അസാന്നിദ്ധ്യം നല്കപ്പെടുന്നില്ല, കാണിക്കുന്നുമില്ല. മറിച്ചു സാധാരണത്വത്തിന്‍റെ വിരിക്കുള്ളില്‍ അത്ഭുതം ഒളിക്കുന്നു. അസാന്നിദ്ധ്യം അഭാവമാണ്. അഭാവം ഭാവങ്ങളില്‍ ഒളിക്കുകയാണ്. അഭാവത്തിന്‍റെ കാരണങ്ങള്‍ അഥവാ വിശദീകരണങ്ങള്‍ അന്വേഷിച്ചു നലകപ്പെടുന്നു. പക്ഷേ, ഈ വിശദീകരണങ്ങള്‍ എല്ലാംതന്നെ അപ്രത്യക്ഷമായതിനെ പ്രത്യക്ഷമാക്കുന്നില്ല, പ്രത്യക്ഷമാക്കല്‍ മാറ്റിവയ്ക്കുക മാത്രം ചെയ്യുന്നു.

ദരീദയുടെ അപനിര്‍മാണമാണു കാണാതായ അസാന്നിദ്ധ്യത്തെ കാണല്‍ സാധ്യമാക്കുന്നത്. അതു കാണാന്‍ സാധിക്കുമ്പോള്‍ അത്ഭുതബോധവും അതില്‍ നിന്നുള്ള ആരാധനാഭാവങ്ങളും ഉണ്ടാകും. ഈ കാഴ്ചയാണു ദൈവവിശ്വാസത്തിന്‍റെ പിന്നിലെ കാര്യം. ചരിത്രം നാം കാണുന്നു. പക്ഷേ, ചരിത്രം സാദ്ധ്യമാക്കുന്നത് ഒരിക്കലും കാണുന്നില്ല; അതു കാണപ്പെടുന്നുമില്ല. കാണിക്കാത്തതു കാണാന്‍ സാധിക്കുന്ന ചിന്തയാണ് അപനിര്‍മാണം.

പ്രപഞ്ചം അതിന്‍റെ സംഭവങ്ങളും കാണുന്നു, പിന്നിലുള്ള ആ ദൃശ്യം കാണിക്കുന്നു എന്നു ദരീദ അവകാശപ്പെടുന്നില്ല. പിന്നിലുള്ളതു കാണാത്തതാണ്. അതു കാണുന്നില്ല. കാണാത്തതു ഇതാണ്, അതാണ് എന്ന് അവകാശപ്പെടുന്നവരുടെ അവകാശവാദങ്ങള്‍ തെറ്റാണ് എന്നു തുറന്നുകാണിക്കുന്നു. അഥവാ ദൈവത്തിന്‍റെ വിഗ്രഹങ്ങളെ വെളിവാക്കി, ദൈവത്തെ കാണിക്കാനാവില്ല എന്നു സമര്‍ത്ഥിക്കുന്നു. നവോത്ഥാനം ശാസ്ത്രീയതയിലാശ്രയിച്ചു കാണുന്നതിനു പിന്നില്‍ കാണാത്ത ആ ദൃശ്യം ഇല്ല എന്ന നിലപാടിനെ ചോദ്യം ചെയ്യുന്നു. നവോത്ഥാനത്തിനെതിരായ ഒരു നവോത്ഥാനമാണു ദരീദ പിന്തുടരുന്നത്.

ദരീദ പറയുന്നതും മാറിയോന്‍ പറയുന്നതും തമ്മില്‍ ബന്ധമുണ്ട്. പ്രത്യക്ഷങ്ങള്‍ തന്നെയാണ് അത്ഭുതം. ഒന്നും പ്രത്യക്ഷമാകുന്നില്ലെങ്കില്‍ ചോദ്യമില്ല. പ്രത്യക്ഷങ്ങളുണ്ട്? പ്രത്യക്ഷങ്ങള്‍ക്കു കാരണവുമന്വേഷിക്കുന്നില്ല. പ്രത്യക്ഷം സാദ്ധ്യമാകുന്നത് എങ്ങനെ? കാന്‍റ് പ്രത്യക്ഷത്തിനു പിന്നില്‍ പരോക്ഷമുണ്ട് എന്നു പറഞ്ഞുവച്ചു. ഹൈഡഗര്‍ പറയുന്നതനുസരിച്ചു പ്രത്യക്ഷപ്പെടുന്നതുതന്നെയാണ് അത്ഭുതാവഹം. പരോക്ഷത്തിന്‍റെ കാണിക്കല്‍ തന്നെയാണു പ്രത്യക്ഷം. കാണിക്കലില്‍ പരോക്ഷം മുഴുകുകയാണ്. പ്രത്യക്ഷമാകാനാവാത്തതു പ്രത്യക്ഷമാകുന്നു. പ്രത്യക്ഷപ്പെടലാണു സംഭവിക്കുന്നത്. പരോക്ഷത്തിന്‍റെ സ്വയംദാനമാണു പ്രത്യക്ഷമാകുന്നത്. ദാനപ്രക്രിയയിലാണു നാം മുഴുകുന്നത്. അസ്തിത്വദാനത്തിന്‍റെ മഹാത്ഭുതമാണു നാം കാണുന്നത്. കാണുന്നവന്‍ ഈ നാട്യത്തിനു പുറത്തല്ല, അകത്താണ്. "പ്രത്യക്ഷീകരണമാണു സാദ്ധ്യതകളുടെ സാദ്ധ്യത – അതാണ് അത്ഭുതം." ഞാന്‍ അസാദ്ധ്യമായിരുന്നതു സാദ്ധ്യമായി സംഭവിച്ചിരിക്കുന്നു. ഞാന്‍ തന്നെയാണു സംഭവം. ഈ പ്രത്യക്ഷമാകലിന് ഒരു കാരണവും കൃത്യമായി പറയുവാനില്ല. ഞാന്‍ സംഭവിക്കേണ്ട സംഭവമല്ല. അങ്ങനെ സംഭവിക്കേണ്ടിയില്ലാത്തതു സംഭവിക്കുന്നു – അതാണു അത്ഭുതം. അസ്തിത്വദാനം സംഭവിക്കുന്നു. അതാണു ദൈവശാസ്ത്രവും ഭക്തിയും വിശ്വാസവും ആരാധനയും ഉണ്ടാക്കുന്നത്. അസ്തിത്വദാനം എന്തിന്‍റെ വെളിവാകലാണ്. നല്കപ്പെടാത്തതിനെ കാണുന്ന ചായ്വാണു വിശ്വാസം. വിശ്വാസം ഒരു അന്തര്‍ദര്‍ശനഫലമാണ്. അതു കാണുന്നതില്‍ കടുതല്‍ കാണലാണ്. ഉള്ളതിന്‍റെ പിന്നില്‍ ഇല്ലാത്തതു കാണുന്നു. കാണാന്‍ തരാത്തതിനെ കാണുന്നതിലാണു വിശ്വാസം. വിശ്വാസത്തിന്‍റെ വെളിച്ചം പ്രത്യക്ഷമാകുന്നില്ല, പ്രത്യക്ഷമാകുന്നതിനെ പരോക്ഷമായി വിശ്വാസി കാണുകയാണ്. ആ വിശ്വാസം കാഴ്ചയുടെ അത്ഭുതം സൃഷ്ടിക്കുന്നതുമാണ്, കാണുന്നവന്‍റെ ബോധത്തിന്‍റെ അന്തര്‍ദര്‍ശനമായി കാണുന്നതിലേക്ക് ആരോപിക്കുന്ന യുക്തിയാണ്.

സാദ്ധ്യതയുടെ പിന്നിലെ ഒരു വ്യവസ്ഥയായി വെളിപാടു നിലകൊള്ളുന്നു. എല്ലാ പ്രത്യക്ഷങ്ങളുടെയും പിന്നില്‍ വെളിപാടിന്‍റെ സാദ്ധ്യതയുണ്ട്. ഒന്നുമില്ലായ്മയല്ല ഉണ്ടായത്. ഉണ്ടാകല്‍ ഉണ്ടായപ്പോള്‍ അതിന്‍റെ പിന്നിലെ ഉണ്മയുടെ സാന്നിദ്ധ്യം കാണുന്നു. എല്ലാ അസ്തിത്വദാനങ്ങളും ആ മഹാത്ഭുതത്തില്‍ നിലനില്ക്കുന്നു. ദാനങ്ങളുടെ സാദ്ധ്യതയില്‍ വെളിവാകുന്നതാണിത്. സൃഷ്ടിയുടെ ആദ്യദിനത്തിന്‍റെ പ്രഭാതം പ്രത്യക്ഷങ്ങളുടെ ദാനാരംഭമാണ് – അതില്‍ വെളിപാടുണ്ട്. വെളിപാടിന്‍റെ സാദ്ധ്യതയില്‍ നിന്നു മാത്രമാണു ശാസ്ത്രങ്ങള്‍ നിലകൊള്ളുന്നത്. എത്രകണ്ടു കാണുന്നുവോ അത്ര കണ്ടു കാണാനാവാത്തതിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. പ്രപഞ്ചനാട്യത്തിന്‍റെ പിന്നില്‍ നാട്യവേദമുണ്ട്. ദൃശ്യതയ്ക്കു മുമ്പ് ഉദ്ദേശ്യമുണ്ട്. ഏതു കാഴ്ചയും വിഗ്രഹത്തിന്‍റെ കാഴ്ചയാണ് – ആ വിഗ്രഹത്തില്‍ കാണാത്ത ദൈവികതയുണ്ട്. മതാത്മകത പ്രത്യക്ഷസാദ്ധ്യതയുടെ പിന്നിലെ അത്ഭുതബോധത്തില്‍ നിന്നുതുടങ്ങുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org