ഭാഷയുടെ ആദിപാപം

ഭാഷയുടെ ആദിപാപം

ആദത്തിന്‍റെ ആദിപാപം ഉണ്ടാക്കിയതു ഭാഷയിലെ ആദിപാപമാണ്. ഭാഷാപരമായ പതനം അടയാളത്തിന്‍റെ പതനമായിരുന്നു. മനുഷ്യന്‍ അടയാളങ്ങളുടെ അധിപനാകാതെ അടയാളങ്ങള്‍ മനുഷ്യന്‍റെ മേല്‍ ആധിപത്യം പുലര്‍ത്തി. ദൈവം അപ്രത്യക്ഷമായി എന്നതാണ് ആദിപാപത്തിന്‍റെ ഫലം. ദൈവസാന്നിദ്ധ്യം പിന്‍വാങ്ങി. അടയാളങ്ങളിലൂടെ അഥവാ ഭാഷയിലൂടെ ദൈവസാന്നിദ്ധ്യം കാണിക്കാന്‍ തുടങ്ങി. പക്ഷേ, അടയാളം പതനത്തിന്‍റെ അടയാളമായിരുന്നു. ഫലമായി അടയാളം അഥവാ വാക്ക് യാഥാര്‍ത്ഥ്യത്തെ കാണിക്കാതെയായി.

ദൈവം എന്ന വാക്ക് ഒരു അടയാളമാണ്. ആ പദം എല്ലാറ്റിനെയും ഉള്‍ക്കൊള്ളാത്തതായി. അതു പല പദങ്ങളില്‍ ഒന്നായി, അതു ഭാഷണത്തിന്‍റെ അടിസ്ഥാനമല്ലാതായി. അതു ദൈവത്തിന്‍റെ തിരോധാനമായി. ദൈവം എന്ന പദത്തിനു പിന്നില്‍ ദൈവമില്ലാതായി. ക്രൂശിതനെപ്പോലെയായി, കുരിശില്‍ അവന്‍ ഇല്ലാതായി. അവസാനം കുരിശു മാത്രം. അങ്ങനെ ദൈവം എന്ന പദത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും നശിച്ചു. ദൈവം എന്ന പദത്തിന്‍റെ ലക്ഷ്യവും അതിന്‍റെ അര്‍ത്ഥവ്യാഖ്യാനവും തമ്മില്‍ ബന്ധപ്പെടാതായി. അടയാളത്തിന്‍റെ അര്‍ത്ഥം അവ്യക്തവും. അടയാളങ്ങളുടെ ഒരു നൂലാമാല സൃഷ്ടിച്ച് അലങ്കോലമാക്കി.

അടയാളമെന്ന വാക്കു രണ്ടു തലങ്ങളെ സൂചിപ്പിക്കുന്നു. പ്രാതിഭാസികവും അതിഭൗതികവും. ആദ്യത്തേത് അതിന്‍റെ ആദിസാന്നിദ്ധ്യത്തിന്‍റെ അര്‍ത്ഥമാണ്. അത് ആദിയുടെ ആവര്‍ത്തനമാണ്. രണ്ടാമത്തേത്, ഈ പ്രാതിഭാസികതയ്ക്കു പുറത്താണ്. അതു വെറുതെ അവിടെ അടയാളപ്പെടുത്തുക മാത്രം ചെയ്യുന്നു. ഇതല്ല അത് എന്ന് അടയാളപ്പെടുത്തുക മാത്രം. പക്ഷേ, അത് എന്ത് എന്നു ചോദിച്ചാല്‍ ഇതുമല്ല, അതുമല്ല എന്ന നിഷേധമാണ് ഉത്തരം.

ഇവിടെ നന്മയുടെ സവിശേഷമായ അറിവില്‍ നിന്നും നന്മതിന്മകളുടെ വിശേഷവിധിയിലേക്കു വീഴുകയാണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ നിന്ന് അവന്‍റെ അസന്നിദ്ധ്യത്തിലേക്ക്, നേരിട്ടുള്ളതില്‍നിന്നു പരോക്ഷമായ അവസ്ഥയിലേക്ക്. അടയാളവും യാഥാര്‍ത്ഥ്യവും തമ്മിലും വാക്കും യാഥാര്‍ത്ഥ്യവും തമ്മിലും വിടവുണ്ടാകുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ പൂര്‍ണതയില്‍നിന്ന് അതിന്‍റെ അസാന്നിദ്ധ്യത്തിലേക്കു വീഴുന്നു. ശുദ്ധിയില്‍നിന്ന് അശുദ്ധിയിലേക്കു വീഴുന്നു. ആദി അര്‍ത്ഥം കാണിക്കാതെയായി; അടയാളത്തിന്‍റെ അര്‍ത്ഥം വ്യക്തമല്ലാതായി.

അടയാളവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം മാറ്റിവയ്ക്കുകയും അനന്തമായി വൈകിക്കുകയും ചെയ്യുന്നു. രക്ഷയുടെ വരവിന് ഉള്ളടക്കമോ കൃത്യമായ രക്ഷകനോ ഇല്ലാതാകുന്നു. രക്ഷ ഒരു ചക്രവാളമാകാതെ ചക്രവാളം തൂത്തുമാറ്റലോ അലങ്കോലപ്പെടലോ ആയി മാറുന്നു. ആദിയുടെ പൂര്‍ണത സൃഷ്ടിയുടെ ആദിയിലുണ്ടായ ദുരന്തത്തില്‍ സൃഷ്ടിയുടെ ആത്മാവു സംരക്ഷിക്കപ്പെട്ടുവെങ്കിലും അതു നിലനിര്‍ത്തപ്പെട്ടതു വെറും പടമായിട്ടാണ്. അതു ഓര്‍മപ്പെടുത്തുന്നതു ഗ്രീക്കുകാരുടെ ഐതിഹ്യത്തിലെ ഓര്‍ഫേയൂസ് പാതാളത്തിലേക്കു ചെന്നു തന്‍റെ മരിച്ച ഭാര്യയെഭാര്യ മരിയയെ വീണ്ടെടുക്കുന്നതുപോലെയാണ്. യുറിഡിസിനെ പാതാളത്തിന്‍റെ അധിപന്‍ പ്ലൂട്ടോ വിട്ടുകൊടുക്കുന്നു, ഒരു വ്യവസ്ഥയില്‍. യാത്രയില്‍ പിന്നോട്ടുനോക്കരുത്, പിന്നില്‍ അവളുണ്ടാകും. പക്ഷേ, അയാള്‍ പിന്നിലേക്കു നോക്കി അവളെ നഷ്ടപ്പെടുത്തി. അവള്‍ അസ്തിത്വമില്ലാത്ത പടമായി. ഓര്‍ഫേയൂസിന്‍റെ നോട്ടം കറുത്ത കടാക്ഷമായിരുന്നു. ഈ കറുത്ത കടാക്ഷമാണു നമുക്കുള്ളത്. അതു കലയുടെ കടാക്ഷമാണ്. രാത്രി നമ്മെ നയിക്കുന്നതു നിഴലിലേക്കും പടത്തിലേക്കുമാണ്. കലാകാരന്‍റെ പ്രശ്നം നിസ്സാരമല്ല. അയാള്‍ ചിത്രകാരനാണ്. പക്ഷേ ഒന്നും ചിത്രീകരിക്കാനില്ല. ചിത്രീകരിക്കാന്‍ വേണ്ട ഒന്നുമില്ല. വിഷയവുമില്ല, ചിത്രീകരിക്കാന്‍ സംവിധാനവുമില്ല, രൂപവുമില്ല, വര്‍ണങ്ങളുമില്ല. അയാള്‍ ചിത്രകാരനായതുകൊണ്ടു ചിത്രീകരിക്കാനാവാത്തതിനെ ചിത്രമാക്കുന്നു. "ദൈവത്തെ ഒഴിവാക്കണമെന്നു ദൈവത്തോടു പ്രാര്‍ത്ഥിച്ചു കൊണ്ട്."

ഇല്ലാത്തവന്‍ നമ്മിലേക്കു കടന്നുവരുന്നു. മരിച്ചവര്‍ അവരുടെ പൈതൃകങ്ങളും ഉത്തരവാദിത്വങ്ങളുമായി വീണ്ടും നമ്മെ സന്ദര്‍ശിക്കുന്നു. അവര്‍ വര്‍ത്തമാനത്തിലേക്കു ഭൂതത്തില്‍ നിന്നു വരുന്നു. അവര്‍ മാത്രല്ല ജനിക്കാത്തവരും ഭാവിയുടെ മാലാഖമാരായി കടന്നുവരുന്നു. അവര്‍ ഏതോ നിഴലായി പടമായിട്ടാണു വരുന്നത്. ദൈവം ലോകയാഥാര്‍ത്ഥ്യങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നു. ദൈവമെന്ന പദം ഒരു ഇടമാണ്. അതിന്‍റെ പിന്നില്‍ ദൈവമുണ്ടോ? ദൈവമെന്ന പദം പ്രത്യക്ഷമാക്കുന്നതു ദൈവത്തെയാണോ? ആ പദം അവ്യക്തമാണ്. നാം അതിന് ഉള്ളടക്കം സങ്കല്പിക്കാം. ഭാഷയ്ക്കു പറ്റിയ പതനഫലമാണത്. മനഃസാക്ഷിയെക്കുറിച്ചു എഴുതിയപ്പോള്‍ മനഃസാക്ഷിയില്‍ വിളിക്കുന്നവന്‍റെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ വിളി കേള്‍ക്കുന്നവന്‍ ഉത്തരം പറയുന്നില്ല എന്നു ഹൈഡഗര്‍ എഴുതി. ആ വിളി സത്യസന്ധവും പവിത്രവുമായ അസ്തിത്വത്തിന്‍റെ വിളിയാണ്. അതു കേള്‍ക്കാന്‍ എപ്പോഴും ശ്രമിക്കുന്നു, പക്ഷേ, പരാജയപ്പെടുന്നു, പിന്നെയും ശ്രമിക്കുന്നു. മെച്ചപ്പെട്ട വിധം പരാജയപ്പെടുന്നു. ഈ കേള്‍വി ഒരു ശബ്ദവുമില്ലാത്തിടത്താണ്. ഈ പോക്ക് പോകാനാവാത്തിടത്തും, കാണാനാകാത്തിടത്തുമാണ്. ഇതു നിഷേധത്തിന്‍റെ ഭാഷയുണ്ടാക്കുന്നു; അതു രഹസ്യത്തിന്‍റെ ഭാഷയാണ്. രഹസ്യം എല്ലാ വെളിവാക്കലും പരസ്യവും ഉപേക്ഷിക്കുന്നു. അതു രഹസ്യത്തിന്‍റെ സ്വഭാവമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org