ഭീകരസത്വത്തിന്‍റെ വിധേയര്‍

ഭീകരസത്വത്തിന്‍റെ വിധേയര്‍

"കല അതിരു വിടുന്നു; പ്രകൃതിയുടെ അത്യുത്തമസൃഷ്ടിയെ അനുകരിക്കുന്നു. മഹാനായ ലെവിയാത്തന്‍ എന്നതു സംസ്ഥാനം അഥവാ രാജ്യമാണ്; കല സൃഷ്ടിച്ച കൃത്രിമമനുഷ്യന്‍" 1660-ല്‍ തോമസ് ഹോബ് എഴുതി. ഈ ഭീകരസത്വമാണു രാഷ്ട്രീയമായി മാറുന്നത്. കടലിലെ ഭീകരസത്വത്തിനു ലെവിയാത്തന്‍ എന്നു ബൈബിള്‍ വിളിക്കുന്നുണ്ട്. ബൈബിളിലെ ജോബ്, സങ്കീര്‍ത്തനങ്ങള്‍, ഏശയ്യ, ആമോസ് എന്നീ പുസ്തകങ്ങളിലെ തിമിംഗലത്തെയും ഇതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കപ്പെടുന്നു. വെളിപാടു പുസ്തകം (12:3) പറയുന്ന ഭീകരസത്വവും സര്‍പ്പവും ഒന്നായിക്കാണാം. പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്‍റെ ആറാം പുസ്തകം ഭീകരസത്വത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. രാഷ്ട്രീയക്കാര്‍ പൊതുജനത്തെ ഭീകരസത്വമായി പ്രതിഷ്ഠിച്ച് അതിന് ആഹാരവും ലാളനയുംകൊടുത്ത് അനുനയിപ്പിച്ച് അതിന്‍റെ അധികാരങ്ങള്‍ കയ്യാളുന്നു. ഈ സത്വത്തെ പിണക്കാതെ ആരാധിച്ചു സ്വന്തമാക്കുന്നത് ദൈവപ്രസാദത്തിന്‍റെ മറുവശമായി വ്യാഖ്യാനിക്കപ്പെടുന്നു.

അധികാരത്തിന്‍റെ രാഷ്ട്രീയശക്തി ആളുകളുടെ കയ്യിലാകുമ്പോള്‍ അവയെ പ്രീണിപ്പിച്ചു സ്വന്തമാക്കാന്‍ രാഷ്ട്രീയക്കാര്‍ സ്വാഭാവികമായി എല്ലാ തന്ത്രങ്ങളും ഉപയോഗിക്കും. ധര്‍മനിഷ്ഠരായ രാഷ്ട്രീയക്കാര്‍ക്ക് ഈ സത്വത്തെക്കൊണ്ടു ഗുണമില്ലെങ്കിലും ദോഷമുണ്ടാകാം. രാഷ്ട്രീയാധികാരത്തിനു വെണ്‍ചാമരവും പരവതാനിയും കീര്‍ത്തിപത്രവും നല്കുന്നതില്‍ മത്സരിക്കുന്ന നേതാക്കളെ നാം ദിനംപ്രതി കാണുന്നു.

രാഷ്ട്രീയാധികാരം ദൈവത്തിനു പകരമാണ്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിഗ്രഹാരാധന രാഷ്ട്രീയാധികാര ആരാധനയാണ്. ഈ അധികാരം എന്നില്‍നിന്ന് അകലെയാണ്. എന്നില്‍ നിന്നു വളരെ അകലെയായതുകൊണ്ടു ഞാനല്ല; പക്ഷേ, അത് എന്നിലെ അപരനാണ്. അപരന്‍ എന്‍റെ സുഹൃത്താണ്. ഞാന്‍ ദൈവസ്ഥാനം കൊടുത്ത അവന്‍റെ പകരമാണ്. അതായത് അധികാരത്തിന്‍റെ സംഘാതരൂപം. അതാണ് കൈയില്‍ എന്നെ ചങ്ങലയിട്ടു പൂട്ടുന്നത്.

ആത്യന്തികമായതിനു പകരമില്ല, വിരുദ്ധതയില്ല, എതിരാളിയുമില്ല. പക്ഷേ, ആത്യന്തികമായതിനെ സ്നേഹിക്കുന്നതിനു പകരം അതിന്‍റെ ഡ്യൂപ്പിക്കേറ്റിനെ സ്നേഹിക്കാം – രാജ്ഞിയെ സ്നേഹിക്കുന്നതിനു പകരം തോഴിയെ സ്നേഹിക്കാം. കൂടെ നടക്കുന്നവളാണ്. വ്യത്യാസം ഉടുപ്പില്‍ മാത്രമായിരിക്കും. ആത്യന്തികമായതിനു കൊടുക്കുന്ന സ്തുതിയും മഹത്ത്വവും ആരാധനയും അതല്ലാത്തതിനു കൊടുക്കുന്നു. ആത്യന്തികമായതാണു നന്മയുടെ ഉറവിടം. പക്ഷേ, അതു അറിവിനു പുറത്താണ്. അതുപോലെ ആത്യന്തികമായതിന്‍റെ പകരവും അറിവിനു പുറത്താകാം. എല്ലാ തിന്മകളുടെയും ഉറവിടമാകുന്നത് ആത്യന്തികമായതിന്‍റെ രൂപസാദൃശ്യങ്ങള്‍ എടുക്കാം. ഭീകര താണ്ഡവമാടുന്ന അധികാരപൂജയില്‍ മൃഗീയത സര്‍വാധികാരത്തിന്‍റെ ഭാവമെടുക്കാം എന്നു ദരീദ എഴുതി. സാമൂഹ്യ ഉടമ്പടിയിലാണു സമൂഹത്തിന്‍റെ ഉത്പത്തിയിരിക്കുന്നത്. അതാണു രാഷ്ട്രീയ അധികാരമുണ്ടാക്കുന്നത്. ഈ അധികാരത്തിലാണു ദൈവികതയുടെ അധികാരഭാവരൂപങ്ങളില്‍ വെറും മൃഗീയത അധികാരത്തിലാകുന്നത്. അതുകൊണ്ടാണു തോമസ് ഹോബ്സ് എഴുതി "മനുഷ്യനോടു മനുഷ്യന്‍ ചെന്നായയാണ്" ഈ അധികാരത്തിന്‍റെ സ്വഭാവമാണു മക്കിയവെല്ലി 'രാജകുമാരന്‍' എന്ന കൃതിയില്‍ അധികാരിയായ രാജകുമാരന്‍ ഒരേസമയം കുറുക്കനും സിംഹവുമായത് എന്ന് എഴുതിയത്. അധികാരത്തെ അട്ടിമറിക്കുന്ന ഡോസ്റ്റോവ്സ്കിയുടെ മഹാകുറ്റവിചാരകന്‍ യേശുവിനോടു പറയുന്നത്, അതുതന്നെ. സത്യത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ അടിസ്ഥാനമിട്ട ക്രിസ്തുവിന്‍റെ വാക്കുകളെയും കര്‍മങ്ങളെയും കുറ്റവിചാരകന്‍ തിരുത്തുന്നു. "നിന്‍റെ മഹാകര്‍മങ്ങളെ ഞങ്ങള്‍ തിരുത്തി അത്ഭുതത്തിലും രഹസ്യത്തിലും അധികാരത്തിലുമുറപ്പിച്ചു." ആളുകള്‍ മനഃസാക്ഷിയേക്കാള്‍ അപ്പത്തെ വിലമതിച്ചു. അവര്‍ അപ്പത്തിനു പകരമായി സ്വാതന്ത്ര്യം കാല്‍ക്കല്‍ കാഴ്ചവച്ചു. ഫലമായി സാമൂഹികതയെ ആരാധിക്കുന്നവരുണ്ടായി. അവര്‍ സമൂഹത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തെ അനിവാര്യതയുടെയും അലസതയുടെയും ഫലമായി കാണുന്നു.

ഭീകരസത്വം അഥവാ ലെവിയാത്തന്‍റെ ഭരണം നടപ്പിലായ രണ്ടു മൂന്നു സാഹചര്യങ്ങള്‍ ചിന്തകന്മാര്‍ എടുത്തുകാണിക്കുന്നു. റോമാസാമ്രാജ്യം നിരീശ്വരത്വത്തിന്‍റെയും ഭൗതികവാദത്തിന്‍റെയും ഭീകരസത്വമായി. ഒരാത്മീയ സംസ്കാരവുമില്ലാതെ നിലനിന്ന നഗരമാണു റോം. സീസര്‍ ദൈവമായിരുന്നു, സീസറിനെ ആരാധിക്കാത്തവര്‍ കൊല്ലപ്പെട്ട നഗരം. മിസ്റ്റിക്കല്‍ മാനം തൊട്ടുതീണ്ടാത്ത ജനതയായിരുന്നു റോമാക്കാര്‍. നാടുവിട്ടവരുടെ നഗരം, സംസ്കാരരഹിതരുടെ നഗരം, ഇവിടെ രാഷ്ട്രീയ ആള്‍ക്കൂട്ടം എന്നത് നപുംസക യാഥാര്‍ത്ഥ്യമായി. രണ്ടാമത്തെ ഭീകരസ്വത്വത്തിന്‍റെ ഭരണത്തിലായതു കമ്യൂണിസത്തിലാണ്. അവിടെ പാര്‍ട്ടി സത്യവും ധര്‍മവും സൃഷ്ടിച്ചവരായിരുന്നു. അവര്‍ സൃഷ്ടിച്ച സത്യധര്‍മങ്ങള്‍ക്കു വിധേയപ്പെടാത്തവര്‍ ഗുലാഗുകളില്‍ അടച്ചുപൂട്ടപ്പെട്ടു. സ്വറ്റ്ലാന അലക്സിയേവിച്ച് ഇരുമ്പുദണ്ഡുകൊണ്ട് പറുദീസയിലേക്ക് ആളുകളെ അടിച്ചുനയിച്ചവര്‍ ഉണ്ടാക്കിയ പുതിയ മനുഷ്യനെക്കുറിച്ച് എഴുതി: "കമ്യൂണിസത്തിനു വിചിത്ര പദ്ധതിയുണ്ടായിരുന്നു. പഴയ ആദത്തെ ഉടച്ചുവാര്‍ക്കുക. അതിലവര്‍ വിജയിച്ചു. ഒരുപക്ഷേ, ഇതു മാത്രമായിരുന്നു അവരുടെ വിജയം. ഏതാണ്ട് 70 വര്‍ഷങ്ങള്‍കൊണ്ടു പുതിയ മനുഷ്യന്‍ ഉണ്ടാക്കി – സോവ്യയറ്റ് മനുഷ്യന്‍." കള പറിക്കുന്ന ലോകം, വിളകളില്ലാത്തതായ സമൂഹം. മൂന്നാമത്തെ ഭീകരസത്വത്തിന്‍റെ പ്രത്യക്ഷം നാസിസത്തില്‍ സംഭവിച്ചു.

ഇവിടയെല്ലാം സാമൂഹികമായ ശക്തി ആവശ്യപ്പെടുന്നത് ഒന്നുമാത്രം. പൗരധര്‍മം – വിധേയത്വമാണ്. വിയോജിപ്പാണു പാപം. ചിന്തിക്കുന്നതു കുറ്റകൃത്യമായി. സാമൂഹികതയില്‍ വഞ്ചിക്കപ്പെട്ടതു മനഃസാക്ഷിയായി. എല്ലാവരും യോജിക്കുന്ന സദ്ഭരണം അതാണു ദൈവപ്രസാദത്തിന്‍റെ തെളിവ്! പുണ്യം സ്വാഭാവികമായി മൃഗീയമായ ജീവിതമാണു സ്വാഭാവികജീവിതം. ഭീകരസത്വത്തോടുള്ള വിധേയത്വമാണ് അനുസരണം, സുകൃതം. ഈ സുകൃതക്കാരെയാണ് യേശു ഫരിസേയര്‍ എന്നു വിളിച്ചത്. അവരെക്കുറിച്ചു യേശു പറഞ്ഞു: "സത്യം സത്യമായി ഞാന്‍ പറയുന്നു. അവര്‍ അവരുടെ പ്രതിഫലം പറ്റിക്കഴിഞ്ഞു." സുകൃതത്തിനു കൂലി വാങ്ങുന്നവരുടെ സമൂഹമായ നാസിസത്തിലും കമ്യൂണിസത്തിലും ഉണ്ടായത്. ഭീകരസത്വത്തെ ആരാധിക്കുന്നതു വഴി അവര്‍ തിന്മയുടെ ഭീകരതയില്‍ നിന്നു മോചിതമായിരിക്കുന്നു. ഗ്യാസ്ചേമ്പറുകളുടെ ചുറ്റുമുള്ള മനുഷ്യര്‍ ഭീകരതയുടെ തിന്മയറിയാതെ സുഖമായി ജീവിച്ചു. "മുനികളായി, ശബ്ദമില്ലാത്തവരായി. എന്നാല്‍ സത്യം ദൈവത്തെ ആരാധിക്കുന്നവര്‍ക്കു തിന്മയുടെ ഭീകരത വര്‍ദ്ധിക്കുന്നു. നന്മയോടു ബന്ധപ്പെടുന്നതു വേദനാജനകമായി. അതുകൊണ്ടു ഭീകരസത്വത്തോടും അതിന്‍റെ ആശ്രിതരോടുമുള്ള വിധേയത്വം വര്‍ദ്ധിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org