Latest News
|^| Home -> Pangthi -> ചിന്താജാലകം -> അസ്തിത്വത്തിന്‍റെ ക്രൂരത

അസ്തിത്വത്തിന്‍റെ ക്രൂരത

ഫാ. പോള്‍ തേലക്കാട്ട്

ഭീകരമായ ക്രൂരതയിലും അചിന്ത്യമായ ആക്രമണങ്ങളിലും വ്യക്തികളും സമൂഹങ്ങളും എത്തിപ്പെടുന്നതെന്തുകൊണ്ട്? മൗലികവാദികളും തീവ്രവാദികളും നാസികളും ഫാസിസ്റ്റുകളും എത്തിച്ചേരുന്ന വലിയ പ്രതിസന്ധിയാണിത്. അതു ലളിതമായി പറഞ്ഞാല്‍ തന്നില്‍ നിന്നു തനിക്കു രക്ഷപ്പെടാനാവാത്ത പ്രതിസന്ധിയാണ്. നാസിസത്തിനു കാരണക്കാരനായി എന്നു കരുതപ്പെടുന്ന നീഷേ ജീവിതത്തെ മഹാവ്യാധിയായി കണ്ടു. ഇതു മാനസികമായ നിരാശയുടെ പൊട്ടിത്തെറിക്കല്‍ നമ്മുടെ സമൂഹങ്ങളില്‍ ഉണ്ടാക്കുന്നു. ഒരാളുടെ അഥവാ ഒരു സമൂഹബോധത്തില്‍ അസ്തിത്വത്തിന്‍റെ പരിതോവസ്ഥകളുണ്ടല്ലോ, ശരീരം, നാട്, വീട് തുടങ്ങിയ വിധി വന്നു വീഴുന്നു. ജീവിക്കുക എന്നാല്‍ ഈ സാഹചര്യങ്ങളില്‍ സ്വന്തം അസ്തിത്വം സ്ഥാപിച്ചു മുന്നോട്ടുപോകുക എന്നതാണ്. മുന്നോട്ടു ജീവിക്കാന്‍ എന്തു പ്രതീക്ഷയുണ്ട്? സാഹചര്യങ്ങളെയും ജീവിതത്തിന്‍റെ വിധികളെയും മാറ്റാനാവില്ല എന്നതു ഒരു വിധി വിശ്വാസമാണ്. എന്‍റെ ജീവിതം, എന്‍റെ കഴിഞ്ഞ കാലം, പാരമ്പര്യങ്ങള്‍ ഒന്നും മാറ്റാനാവില്ല എന്നു കരുതി വിധിയെ പഴിച്ചു ജീവിക്കുന്നവര്‍ക്കു ഭാവിയില്ല, സ്വപ്നമില്ല. എന്‍റെ വിധിയില്‍, അഥവാ തങ്ങളുടെ വിധിയില്‍ ആണിവച്ചു കഴിയുന്നവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. പ്രതീക്ഷിക്കാനുള്ളതു തന്നില്‍നിന്നു തന്നെയുള്ള രക്ഷപ്പെടലാണ്. പക്ഷേ, എന്നില്‍ നിന്നു രക്ഷപ്പെടാന്‍ എനിക്കാകില്ല.

ഇതുണ്ടാക്കുന്നതു വലിയ നാണമാണ്. എന്‍റെ അടിസ്ഥാന നഗ്നത മറ്റുള്ളവരില്‍നിന്നു മറയ്ക്കാന്‍ എനിക്കു കഴിയില്ല എന്ന ബോധം. എന്‍റെ നാണം എന്‍റെ ശരീരത്തിന്‍റെ മാത്രം പ്രശ്നമല്ല. ഒളിക്കാന്‍ സാദ്ധ്യമല്ല എന്ന സ്ഥിതി. ഈ അസ്തിത്വദുഃഖം സൃഷ്ടിക്കുന്നതു വലിയ ഓക്കാനമാണ്. എനിക്ക് എന്നെ ഛര്‍ദ്ദിച്ചുകളയാനുള്ള ഓക്കാനം. എനിക്ക് എന്നെ മറന്ന് എന്നില്‍നിന്നു ചാടി പുറത്തു കടക്കാനുള്ള ശ്രമം.

എന്‍റെ ഏകസുഖം താത്ക്കാലികമായെങ്കിലും എന്‍റെ അസ്തിത്വദുഃഖമാക്കുകയാണ്. അതു മദ്യത്തിലോ ചീട്ടുകളിയിലോ മയക്കുമരുന്നിലോ ലൈംഗികതയിലോ ആകാം. എന്നില്‍നിന്നു ചാടി പുറത്തുകടക്കാനാവില്ല എന്ന ബോദ്ധ്യത്തില്‍നിന്ന് താത്കാലികമായ ഒരു ഒളിച്ചോട്ടം മാത്രമാണു സാധിക്കുന്നത്. എനിക്കു ഞാന്‍ മാത്രം – ശാപഗ്രസ്തമായ ഈ ജീവിതത്തില്‍നിന്നു രക്ഷപ്പെടാന്‍ കണ്ടെത്തുന്നതു ഭീകരമായ കുറ്റകൃത്യങ്ങളാണ്. വിധിയില്‍ ആണിവച്ചു കഴിയുന്നവനു ഭാവി ഇല്ലാത്തതുപോലെ അവനു ധര്‍മ്മവുമില്ല. എല്ലാ അതിക്രമങ്ങളും ന്യായീകരിക്കപ്പെടുന്നു. അയാളുടെ നാണവും നഗ്നതാബോധവും മനഃസാക്ഷിയെ നിര്‍വീര്യമാക്കുന്നു. നാളെയില്ലാത്തവന് ഇന്നിന്‍റെ സുഖം നീട്ടിക്കിട്ടുക മാത്രമാണു കരണീയം. ഭാവിയില്ലാത്തവന്‍ വര്‍ത്തമാനങ്ങളില്‍ കെട്ടപ്പെട്ട വനാണ്. അതുകൊണ്ടു നൈമിഷികസുഖത്തിലേക്ക് ഒളിച്ചോടി അതില്‍ വസിക്കുക. അതു സ്വപ്നസുഖമല്ല. പ്രാകൃതമായ വികാരങ്ങളുടെ കെട്ടുവിടുവിച്ചുള്ള പ്രവാഹത്തിന്‍റെ സുഖമാണ്. അതൊരു ആവേശമാണ്-അഭയം തേടുന്ന ആവേശം. ഒന്നും ഉണ്ടാക്കാനോ സൃഷ്ടിക്കാനോ പ്രതീക്ഷിക്കാത്തവന്‍ ഉണ്ടാക്കുന്നതു വിഘ്നത്തിന്‍റെ അക്രമം മാത്രം. അത് ആര്‍ക്കും വേണ്ടിയല്ല, താത്കാലികമായ സുഖത്തിനുവേണ്ടി…. ഞാന്‍ എന്നില്‍നിന്നു രക്ഷപ്പെടുന്ന സന്തോഷം കയ്പുള്ളതും ഭയങ്കരമായ ലഹരിയുള്ളതുമായ ഉന്മാദമാണ്. എന്‍റെ നഗ്നതയില്‍നിന്ന് ഒളിക്കാനുള്ള ശ്രമങ്ങള്‍ ആര്‍ക്കും തടയാനാവില്ല. കാമക്കണ്ണുകളോടെ നോക്കിയിരിക്കുന്നവരുടെ മുമ്പില്‍ നിശാനര്‍ത്തകി തന്‍റെ നഗ്നത തുറന്നു കാണിക്കുന്നതിലെ ലഹരി, ഉന്മാദം, അതിന്‍റെ നിരാശ കോപം, വെറുപ്പ്. ഇതാണു പേഗനിസം. ഇതില്‍ നിന്നാണു നാസിസം, ഫാസിസം പോലുള്ളത് ഉണ്ടാകുന്നത്.

Leave a Comment

*
*