ദൈവവും പശുവും

ദൈവവും പശുവും

പുണ്യപ്പെട്ട പശുക്കളുടെ നാടാണിത്. പശുവിനെ വിശുദ്ധമായി പരിഗണിക്കുന്നവരും സൂര്യനെ ആരാധിക്കുന്നവരും ഇവിടെയുണ്ട്. അതുപോലെയാണോ ദൈവാരാധന? മയിസ്റ്റര്‍ എക്കാര്‍ട്ട് എന്ന ജര്‍മ്മന്‍ മിസ്റ്റിക്ക് ഒരു പ്രസംഗത്തില്‍ പറഞ്ഞു: "ചിലര്‍ക്കു ദൈവത്തെ പശുവിനെ കാണുന്ന കണ്ണുകളോടെ കാണണമത്രേ. അവര്‍ പശുവിനെ സ്നേഹിക്കുന്നതുപോലെ ദൈവത്തെയും സ്നേഹിക്കുന്നു. നിങ്ങള്‍ പശുവിനെ സ്നേഹിക്കുന്നതു പാലും വെണ്ണയും മറ്റും കിട്ടാനാണ്. ഇങ്ങനെയുള്ള ആളുകള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ അതു പണത്തിനും ആന്തരികമായ സുഖത്തിനും വേണ്ടിയാണ്."

ദൈവികമായതിനെ സ്നേഹിക്കുന്നതു പശുവിനെ സ്നേഹിക്കുന്നതുപോലെയാകുമ്പോള്‍ ദൈവം ദൈവമാകാതെ നിങ്ങളുടെ മനസ്സിലെ ദൈവസങ്കല്പവും ആശയവും ബിംബവുമാകും. അതു ദൈവമല്ല, നിങ്ങള്‍ കല്പിച്ചുണ്ടാക്കുന്ന കാഴ്ചപ്പാടോ രൂപകമോ ചിത്രമോ വിഗ്രഹമോ ആയിരിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഛായയിലും രൂപത്തിലും നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ വിഗ്രഹം. ഇതു കാളക്കുട്ടിയെ പണ്ട് ആരാധിച്ചതുപോലെതന്നെ. ദൈവത്തെ കറവപശുവാക്കി നല്ല കച്ചവടം നടത്താം. നല്ല വരുമാനമുള്ള ദൈവത്തിന്‍റെ കച്ചവടം. ഗൗരവമായ ഈ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് എക്കാര്‍ട്ട് പ്രാര്‍ത്ഥിച്ചത്, "ദൈവത്തില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന്, ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു." ഞാനുണ്ടാക്കിയ ദൈവത്തില്‍നിന്ന് എന്നെ ഒഴിവാക്കണമെന്ന പ്രാര്‍ത്ഥന. അനാസക്തമായിരിക്കണം ദൈവവിചാരവും ഭക്തിയും. അനാസക്തം എന്നതുകൊണ്ടു ലോകവും അതിലുള്ള എല്ലാം പുറത്താക്കി താത്പര്യരഹിതമായ നടപടി എന്നര്‍ത്ഥം. അതു മാത്രമല്ല ദൈവത്തിന്‍റെ ചിത്രങ്ങളും ആശയങ്ങളും രൂപങ്ങളും സങ്കല്പങ്ങളില്‍നിന്നു ഞാന്‍ പുറത്തു കടക്കണം. ദൈവത്തെ കാണുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ശുദ്ധമാകണം. ഇങ്ങനെ അനാസക്തമാകാത്തവനു വിശുദ്ധമായ ഭക്തി അസാദ്ധ്യമാണ്. അതില്ലാതാകുമ്പോള്‍ ഭക്തി സ്വാര്‍ത്ഥപൂര്‍ണവും സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കു വേണ്ടിയുമാകും.

"മണിക്കൂറിന്‍റെ സ്ത്രീ" എന്ന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: "ആരെങ്കിലും ചോദിച്ചേക്കാം, നിങ്ങള്‍ എന്തിനു സത്യം അന്വേഷിക്കുന്നു? സത്യമായതുകൊണ്ട്. നിങ്ങള്‍ നീതി എന്തിനന്വേഷിക്കുന്നു? കാരണം അതു നീതിയാണ്. ഇത്തരക്കാരുടെ മനോഭാവമാണു ശരി. കാലികമായതിനാണ് എന്തിന് എന്ന ചോദ്യമുള്ളത്. ഒരുവന്‍ ചോദിക്കാം. എന്തിനു ഭക്ഷിക്കണം? ആരോഗ്യമുണ്ടാകാന്‍. എന്തിന് ഉറങ്ങണം അതിനുതന്നെ. കാലികമായതൊക്കെ ഇങ്ങനെയാണ്. നല്ല മനുഷ്യനോട് ഒരുവന്‍ ചോദിച്ചുനോക്കൂ. എന്തിനാണു ദൈവത്തെ സ്നേഹിക്കുന്നത്? എനിക്കറിയില്ല, ദൈവമായതുകൊണ്ട്. എന്തിനു സത്യത്തെ സ്നേഹിക്കുന്നു? കാരണം, അതു സത്യമാണ്. എന്തിനു നീതിയെ സ്നേഹിക്കണം? നീതിയാണ് അത്രതന്നെ. എന്തിനു നന്മയെ സ്നേഹിക്കുന്നു? അതു നന്മയായതുകൊണ്ട്. എന്തിനു നിങ്ങള്‍ ജീവിക്കുന്നു? എനിക്കറിയില്ല, ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു."

എന്‍റെ അഹത്തില്‍നിന്നു പുറത്തുകടക്കാതെ ഞാന്‍ നീതിമാനാകില്ല, ഭക്തനാകില്ല, വിശ്വാസിയാകില്ല. അതുകൊണ്ട് എക്കാര്‍ട്ട് എഴുതി: "പുറത്തു കടക്കുക." ജീവിതം പുറപ്പാടാണ്. പുറപ്പെടാത്തവന്‍ സത്യത്തിലും നന്മയിലും വിശുദ്ധിയിലും ദൈവത്തിലും എത്തിച്ചേരില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org