ഞാന്‍ അബ്രാഹമായിരുന്നെങ്കില്‍

ഞാന്‍ അബ്രാഹമായിരുന്നെങ്കില്‍

"എനിക്കുവേണ്ടി മറ്റൊരു അബ്രാഹമാകുന്നത് എനിക്കു സങ്കല്പിക്കാനാകും." ഈ വാക്കുകള്‍ പ്രസിദ്ധ യഹൂദ ചിന്തകനായ ഷാക് ഡെറീഡയുടേതാണ്. അബ്രാഹം അദ്ദേഹത്തിനു വിശ്വാസത്തിന്‍റെ പിതാമഹനാണ്. ഈ വിശ്വാസജീവിതം "ഇതാ ഞാന്‍" എന്ന ദൈവത്തോടുള്ള ഉത്തരവാദിത്വം വിശ്വസിക്കുന്നു, പക്ഷേ, അറിയുന്നില്ല. അതുണ്ടാക്കുന്നതു വലിയ വിഹ്വലതയാണ്, അങ്കലാപ്പാണ്. അവിടെയാണു വിശ്വാസി നിശ്ശബ്ദനാകുന്നത്. കാരണം സംസാരിക്കാന്‍ സാധിക്കില്ല; അതിനുള്ള ഒരു വിവരവുമില്ല. അനിശ്ചിതത്വം വിശ്വാസത്തിന്‍റെ കൂടപ്പിറപ്പാണ്.

അബ്രാഹത്തെ ലോകം അറിയുന്നതു മകനെ ബലി ചെയ്യുന്ന പിതാവായിട്ടാണ്. ഡറീഡ എഴുതി: "സകല മനുഷ്യരുടെയും കണ്ണുകളില്‍ ഇസഹാക്കിനെ ബലി ചെയ്യുന്നതു നിന്ദ്യമാണ്. കീര്‍ക്കെഗോര്‍ ഉറപ്പിച്ചു പറയുന്നു – അതു ഭീകരമാണ്, കുറ്റകരമാണ്, അക്ഷന്തവ്യമാണ്. അബ്രാഹം കൊലപാതകിയാണ്. എന്നാല്‍ ഈ കൊലപാതകത്തിന്‍റെ അംഗീകരിക്കാനാവാത്തതും നാടകീയവും ഹ്രസ്വവും നൈമിഷികവുമായ ദൃശ്യം ലോകത്തില്‍ വളരെ സാധാരണ കാര്യമല്ലേ? നമ്മുടെ അസ്തിത്വത്തില്‍ എഴുതപ്പെട്ടതും ഇക്കാര്യം ഉണ്ടാക്കുന്നതുമായ സംഭവമല്ലേ?" അബ്രാഹത്തിന്‍റെ ബലി നമ്മുടെ ജീവിതത്തിന്‍റെ സര്‍വസാധാരണ കാര്യമാണ് എന്നാണു ഡറീഡ പറയുന്നത്.

പ്രതിഭാസം കാണിക്കലാണ്, അതോടൊപ്പം ഒളിക്കലുമാണ്. പക്ഷേ, ഒളിക്കുന്നു എന്നു പറയുമ്പോള്‍ പ്രത്യക്ഷവും അസ്തിത്വവും തമ്മില്‍ വിഘടനം ഉണ്ടെന്നല്ല. പ്രത്യക്ഷം തന്നെ അസ്തിത്വത്തിന്‍റെ ഒരു രൂപമാണ്. മനുഷ്യാസ്തിത്വത്തിന്‍റെ ഭാവമാണു ശ്രദ്ധയും ഉത്കണ്ഠയും. മനുഷ്യാസ്തിത്വത്തിന്‍റെ തന്നെ ഭാഗമാണു ചിന്തയും കുറ്റബോധവും. നാം ആന്തരികതയില്‍ മാത്രം ജീവിക്കുന്നില്ല. നമ്മുടെ അകവും പുറവും എപ്പോഴും ഒന്നാകുന്നില്ല. അതുണ്ടാക്കുന്നതു കുറ്റബോധമാണ്. സത്യം മനുഷ്യനു കാവ്യാത്മകമാണ്. നാം സത്യം സ്വന്തമാക്കുകയല്ല, സത്യം നമ്മെ സ്വന്തമാക്കുകയാണ്. നമ്മെ പിടികൂടുന്ന സത്യത്തിനു നാം കലാരൂപം നല്കുന്നു. നാം നമ്മുടെ ഓരോ തീരുമാനത്തിലും സ്വന്തമായുള്ള ബലി ചെയ്യുന്നു, അബ്രാഹം മകനെ ബലി ചെയ്തതുപോലെ. എപ്പോഴും നമ്മുടെ ആകാംക്ഷ നമുക്കു പുറത്തുള്ളവരിലാണ്. ധാര്‍മ്മികത എന്നതു സന്തോഷത്തിനുവേണ്ടി നടത്തുന്ന കണക്കുകൂട്ടലുകളോ ചതുരംഗക്കളത്തിലെ കരുനീക്കങ്ങളോ അല്ല.

ഓരോ നിമിഷവും സൃഷ്ടിയുടെ മുഹൂര്‍ത്തങ്ങളാണ്. അവിടെ സൃഷ്ടി ഉത്തരവാദിത്വമാണ്, സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം സ്വാതന്ത്ര്യമാകുന്നത് അത് അതിനെ നിഷേധിക്കുമ്പോഴാണ്. ഒരു അതിഥി വിരുന്നുകാരനായി വീട്ടിലേക്കു വരുമ്പോള്‍ വീടിന്‍റെ സ്വാതന്ത്ര്യം എന്ന എന്‍റെ സ്വാതന്ത്ര്യം ഒഴിഞ്ഞു കൊടുക്കുമ്പോഴാണ് ആതിഥ്യം സംഭവിക്കുന്നത്. സ്വതന്ത്രനല്ലാതാകാന്‍ കഴിയുന്നതാണു സ്വാതന്ത്ര്യം.

ഇവിടെ തീരുമാനം സ്വതന്ത്രമാകുന്നത് അത് അസാദ്ധ്യമാകുമ്പോഴാണ്. ദാനം ദാനമാകുന്നതു ദാതാവ് അറിയാതെ കൊടുക്കുമ്പോഴാണ്. സ്വീകരിക്കുന്നവനും അതു ദാനമാണ് എന്ന് അറിയുന്നില്ല. അറിഞ്ഞാല്‍ തീരുമാനം വെറും കണക്കുകൂട്ടല്‍ മാത്രമാകും. തീരുമാനിക്കുന്നവന്‍ അസാദ്ധ്യമായ വേദനയുടെ സാഹചര്യത്തിലൂടെ കടന്നുപോകണം. എന്തു ചെയ്യണമെന്നറിയില്ല എന്ന പശ്ചാത്തലം. ഇവിടെ വൈരുദ്ധ്യമാണു മുന്നില്‍, ഒരുവന്‍ വരുന്നു, അപരനെ ക്ഷണിച്ചിരിക്കുന്നു. ആതിഥ്യവും ക്ഷണവും ഏറ്റുമുട്ടുന്നു. ഒന്ന് ഉപേക്ഷിക്കാനാവാത്ത അവസ്ഥ. പക്ഷേ രണ്ടിലൊന്നു മാത്രമേ സ്വീകരിക്കാനാവൂ. ഒരുവനോട് ഉത്തരവാദിയാകുമ്പോള്‍ അപരനോട് മര്യാദയില്ലാത്ത നിലപാടു സ്വീകരിക്കണം. ഒരുവനെ സ്വീകരിക്കുമ്പോള്‍ അപരനെ ഒഴിവാക്കണം – അതു ബലിയാണ്. ദൈവത്തെ അനുസരിക്കണം, മകനെ മകനായി കാക്കണം. രണ്ടും സാദ്ധ്യമല്ല, ഒന്നു മാത്രം.

അബ്രാഹം ഇവിടെ ലോകത്തിന്‍റെ ധര്‍മ്മം നിഷേധിച്ചു. കൊല്ലല്‍ തീരുമാനം. അതുവഴി സ്വന്തം എന്ന മകന്‍ ഇല്ലാതാകുന്നു. സ്വന്തം ഗോത്രം, വര്‍ഗം, അടുക്കള, വേണ്ടപ്പെട്ടവര്‍ എല്ലാം ബലിയാകുന്നു. അബ്രാഹം കടമ നിര്‍വഹിക്കുന്നില്ല. അതിനു തടസ്സമാകുന്നതു ദൈവത്തോടുള്ള ബന്ധമാണ്. ആ ബന്ധം മറ്റെല്ലാ ബന്ധങ്ങളെയും മുറിക്കുന്നു. അതിനു കാരണം പറയാനാവില്ല. അതു മര്യാദയല്ല, ധര്‍മ്മമല്ല – അതു വിശ്വാസമാണ്. ഇന്ത്യയുടെ ഏറ്റവും വിദഗ്ദ്ധവും ശാസ്ത്രീയവുമായി ഉണ്ടാക്കിയ നിരത്തുകളും വണ്ടികളും നാളെ ഒരു ദിവസം 400 ആളുകളെ കൊല്ലും എന്നതു നിശ്ചിതമാണ്. അതു ഞാനാകാം, നീയാകാം എന്നത് അറിയില്ല. ഈ ബലി നമ്മുടെ പരിഷ്കൃത സമൂഹത്തില്‍ നടക്കുന്നു. ഡറീഡ എഴുതി: 'സാമ്പത്തികവും രാഷ്ട്രീയവും നയ്യാമികവുമായ ക്രമത്തിന്‍റെ തടസ്സമില്ലാത്ത പ്രവര്‍ത്തനവും അതിന്‍റെ ധാര്‍മ്മിക നടപടികളും ശുദ്ധ മനഃസാക്ഷിയും ഈ ബലിയുടെ ഉറപ്പായ നടത്തിപ്പു മുന്‍ കൂട്ടി കാണുന്നു." ധാര്‍മ്മികതയും മതവും ഇവിടെ വേര്‍തിരിയുന്നുണ്ട്. മതവും ആത്മീയതയും ധാര്‍മ്മികതയുടെ അതിരുകള്‍ ലംഘിച്ച് ഉയരുന്നത് ഇവിടെയാണ്. ആത്മീയ ബുദ്ധിയോ ധാര്‍മ്മികതയോ അംഗീകരിക്കാത്ത വിശ്വാസത്തിന്‍റെ ചാട്ടത്തിന്‍റെ ബലിയര്‍പ്പണ മണ്ഡലമാണ് ഉത്പാദിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org