അര്‍ത്ഥഗ്രഹണത്തിന്‍റെ ശാസ്ത്രലോകം

അര്‍ത്ഥഗ്രഹണത്തിന്‍റെ ശാസ്ത്രലോകം

ബ്ലേയസ് പസ്കാല്‍ ഒരു പ്രാര്‍ത്ഥന നടത്തി. അത് ഏതാണ്ടിതുപോലെയാണ്. "ദൈവമേ, മഹത്തായ കാര്യങ്ങള്‍ കൊച്ചുകാര്യങ്ങള്‍ പോലെ ചെയ്യാന്‍ എന്നെ സഹായിക്കണമേ. കാരണം ഞാന്‍ അവ ചെയ്യുന്നതു നിന്‍റെ ശക്തികൊണ്ടാണല്ലോ. കൊച്ചുകാര്യങ്ങള്‍ മഹാകാര്യം എന്നപോലെ ചെയ്യാനും സഹായിക്കുക. കാരണം അവ ഞാന്‍ നിന്‍റെ നാമത്തിലാണല്ലോ ചെയ്യുന്നത്." ഈ പ്രാര്‍ത്ഥനയില്‍ മനുഷ്യന്‍റെ വീരോചിതമായതും സാഹസികമായതുമായവയുടെ വിശദീകരണമുണ്ട്. പ്രത്യക്ഷത്തില്‍ മനുഷ്യന്‍ വലിയ കാര്യങ്ങള്‍ സ്വപ്നം കാണുന്നു, ആശിക്കുന്നു. പക്ഷേ, അവയുടെ പിന്നാലെ ചാടിപ്പുറപ്പെടുമ്പോള്‍ കാലു വിറയ്ക്കുന്നു, ശരീരം തളരുന്നു, പേടിച്ചു വീണുപോകുന്നു.

എന്നിട്ടും ധാരാളം പേര്‍ മാനുഷികമായി അസാദ്ധ്യമായി കരുതുന്നതു വീരോചിതമായി ജീവിക്കുന്നു. ഇങ്ങനെ ജീവിക്കുന്നവര്‍ സ്വന്തം കഴിവിനെ എന്നതിനേക്കാള്‍ ഏതോ ആവേശത്തിന്‍റെ ബാധയാല്‍ എന്നപോലെ പ്രതികരിക്കുന്നു. പല പേരുകള്‍ ഈ ആവേശബാധയ്ക്കുണ്ട്. പേര് ഏതായാലും അതു സാംസ്കാരികജീവിതത്തിന്‍റെ ഭാഗമാണ്.

മനുഷ്യചരിത്രത്തിലെ ആദ്യ അരലക്ഷം വര്‍ഷങ്ങളോളം മനുഷ്യന്‍ രണ്ടു ലോകങ്ങളെക്കുറിച്ചു പറഞ്ഞു. ദൃശ്യമായ ഈ ലോകവും ആദര്‍ശസുന്ദരമായ പരലോകവും. പരലോകത്തെ ആത്മാവിന്‍റെ അഥവാ ദൈവത്തിന്‍റെ ലോകം എന്നു വിവക്ഷിച്ചു. പരലോകശക്തിയില്‍ ആശ്രയിച്ചു സാംസ്കാരികമായി ഉന്നതമായി അവര്‍ ജീവിക്കാന്‍ ശ്രമിച്ചു. ഈ രണ്ടു ലോകത്തെയും ബന്ധിച്ചാണു ലോകത്തില്‍ സംസ്കാരങ്ങള്‍ വളര്‍ന്നത്.

ഒരു സംസ്കാരവും വസ്തുതയെയല്ല സത്യമെന്നു വിളിച്ചത്. വസ്തുതയെ ചില പരിഗണനകളില്‍ അളന്നു തിട്ടപ്പെടുത്തിയപ്പോഴാണു സത്യം സംഭവിക്കുന്നത്. ഈ അളക്കല്‍ നടക്കാതെ വന്നാല്‍ ലോകം വസ്തുതകളുടെ മാത്രമാകും. മനുഷ്യജീവിതം അളന്നുള്ള ജീവിതമാണ്. അവിടെ അറിവിന്‍റെ പരികല്പനകളുണ്ട്. അര്‍ത്ഥപ്രസക്തികളുടെ അളവാണിവിടെ പരിഗണിക്കുന്നത്. ശാസ്ത്രലോകത്തില്‍ ഈ പരിഗണനയില്ല. അതു വസ്തുതകളുടെ ലോകമാണ്. ശാസ്ത്രീയവീക്ഷണം രണ്ടു ലോകങ്ങളെ ഇല്ലാതാക്കി. പരലോകം മിഥ്യയായി, മായയായി. മൂല്യസംഹിതകള്‍ കാലഹരണപ്പെട്ടു എന്ന തോന്നല്‍. പക്ഷേ, ജീവിതം മഹത്ത്വപൂര്‍ണമാക്കാന്‍ പറ്റിയ എന്താണു ശാസ്ത്രത്തിലുള്ളത്? ശാസ്ത്രീയവീക്ഷണത്തില്‍, ഉന്നതമായ ജീവിതത്തിനും വീരോചിതമായ കാര്യങ്ങള്‍ക്കും സാദ്ധ്യത എവിടെ? അതു ശാസ്ത്രലോകത്തിന്‍റെയല്ല, സാംസ്കാരികതയുടേതാണ്. ഈ സാംസ്കാരികലോകമാണു മൂല്യങ്ങളുടെ ലോകം. അതുകൊണ്ടുതന്നെ വിക്ടര്‍ ഹ്യൂഗോ എഴുതി: "നിത്യതയുടെ സ്ഫുരണമില്ലാത്ത ഒരു ജന്തുവുമില്ല. ചിലപ്പോള്‍ മൃദുവും ചിലപ്പോള്‍ വന്യവുമായ ഇടിമിന്നലിന്‍റെ സ്പര്‍ശമില്ലാത്ത ഹീനവും അധാര്‍മ്മികവുമായ ഒരു കണ്ണുമില്ല."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org