ലക്ഷ്യത്തിനായി വിശക്കുന്നവര്‍

ലക്ഷ്യത്തിനായി വിശക്കുന്നവര്‍

മനുഷ്യരെ ചലിപ്പിക്കുന്നത് ആഗ്രഹമാണ്. ആഗ്രഹങ്ങളില്ലാതായാല്‍ ഒന്നിനും വേണ്ടി ഒരിടത്തും ഇറങ്ങി പുറപ്പാടുണ്ടാവില്ല. മനുഷ്യന്‍ ഉള്ളതില്‍ സംതൃപ്തമായാല്‍ പിന്നെ എന്ത് അന്വേഷിക്കുന്നു? ഉള്ളതിനുവേണ്ടിയല്ല പണിയെടുത്തതും പടവെട്ടുന്നതും – ഇല്ലാത്തതിനാണ്. അസ്തിത്വം തുടരുന്നതു വലിയ ആകുലതയല്ല, അത് എല്ലാം മറന്നിരുന്നാല്‍ തുടര്‍ന്നുകൊള്ളും. അസ്തിത്വം എന്നതുതന്നെ എല്ലാം തൂക്കാനും പണിതുണ്ടാക്കാനും പറ്റിയ ഒരു ചട്ടക്കൂടാണ്. എല്ലായടിത്തും ധാരാളം ആവശ്യങ്ങളുണ്ട്. ആഹാരം, ആരോഗ്യം… അങ്ങനെ ആവശ്യങ്ങളുടെ പട്ടിക നീണ്ടുകിടക്കുന്നു. ആവശ്യങ്ങള്‍ക്കുവേണ്ടി ഓടി നേടുന്നവന് ഔന്നത്യം ഉണ്ടാകുന്നില്ല, മഹത്ത്വം ഉണ്ടാകില്ല. ഇല്ലാതാകുന്നതു മൂല്യമഹത്ത്വമാണ് മൂല്യപ്രഭയാണ്. ആവശ്യങ്ങള്‍ അവ കൊണ്ടുവരില്ല. ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഓട്ടപ്പന്തയത്തില്‍ മനുഷ്യന്‍ ധാര്‍മിക മരവിപ്പിലാണ്. ധാര്‍മ്മിക പാപ്പരത്വം ഒരു വലിയ ദാരിദ്ര്യമാണ്, ദരിദ്രന് അതുണ്ടാകാം.

ഔന്നത്യത്തിന്‍റെയും മഹത്ത്വത്തിന്‍റെയും നടപടികള്‍ മുറപോലെ നടത്തിയതുകൊണ്ടു മഹത്ത്വം ഉണ്ടാകില്ല. പണി മറന്നു പള്ളിയില്‍ പോകാം, നല്ല വസ്ത്രം ധരിച്ച്. എന്തിനു പോകുന്നു എന്നു ചോദിക്കുന്ന അവ്യക്തത ശൂന്യമായ നടപടികളുടെ പതിവു തഴക്കങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതൊരു സുഖം തരുന്നുണ്ട് – അഥവാ ലഹരി. രോഗികള്‍ക്കാണു ലഹരിയുടെ മരുന്നുകള്‍ വേണ്ടത്. വിപ്ലവ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായി വിപ്ലവപരിപാടികളില്‍ പങ്കെടുക്കുന്നതും ലഹരിയാണ്. അനീതിക്കെതിരായ സമരം, തൊഴിലാളി സമരം ഇതൊക്കെ ലഹരി തരുന്നു. പക്ഷേ, ഈ വിപ്ലവപ്രസ്ഥാനങ്ങളുടെ നടപടികളും മിഥ്യകളാകാം. ലഹരിയുടെ പിന്നാലെ പോകുന്നവര്‍ ഈ വിപ്ലവങ്ങള്‍ ചില സംഘങ്ങള്‍ക്ക് ആധിപത്യം കിട്ടാനുള്ള സമരങ്ങളാകാം. ദേശീയ സാമ്രാജ്യമോഹം തൊഴിലാളി വര്‍ഗ സാമ്രാജ്യമോഹമുണ്ടാക്കും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരു കാലത്ത് എല്ലാ തൊഴില്‍ശാലകളിലും തൊഴിലാളിസമരം നടത്തി, നീതിയുടെ പേരു പറഞ്ഞു. അതൊക്കെ തൊഴിലാളിവര്‍ഗ നീതിക്കാണ് എന്നു ഘോഷിക്കപ്പെട്ടു. തൊഴില്‍സ്ഥലങ്ങളിലെ ദയനീയമായ സ്ഥിതി മാറ്റാനാണ് എന്നു വാദിച്ചിരുന്നു. പണിസ്ഥലത്തെ ബോറടിയുടെ മുഷിയല്‍ മാറ്റാന്‍ ഏതു വിപ്ലവത്തിനു കഴിയും? പണമുണ്ടായാല്‍ പണിയിലെ മുഷിപ്പന്‍ മന്ദത അവസാനിക്കുമോ? അവസാനിക്കുമെന്നു പറഞ്ഞവര്‍ മതം കറുപ്പാണ് എന്നു പറഞ്ഞതുപോലെ വിപ്ലവവും ഒരു കറുപ്പായി മാറ്റുകയായിരുന്നു.

മണ്ണു പണിക്കാരന്‍റെ മുഷിയല്‍ മാറ്റാന്‍ അയാളെ ഉദ്യോഗസ്ഥനാക്കിയാല്‍ മാറുമോ? വണ്ടി ഒടിക്കുന്നതിലെ ബോറടി മാറ്റാന്‍ അദ്ധ്യാപകനാക്കിയാലോ? ശമ്പളം എത്ര കൂടിയാലും ഇതു മാറില്ല. മാറും എന്നു കരുതുന്നതാണു വലിയ മിഥ്യ. വിപ്ലവങ്ങളൊന്നും അതു മാറ്റില്ല. ജോലിക്കിടയില്‍, അത് എന്തു ജോലിയായാലും ഉണ്ടാകുന്ന "ദുരിതം" എങ്ങനെ അകറ്റും?

ഈ വൈരസ്യം അകറ്റാന്‍ ഒരു മാര്‍ഗമേയുള്ളൂ. അതു പണമല്ല, മദ്യമല്ല, സ്ഥാനമല്ല, വിപ്ലവമല്ല. ജീവിതത്തിനു സംതൃപ്തി നല്കുന്ന ഏതോ നിത്യപ്രകാശമാണ്. സുഖവും സന്തോഷവും നല്കുന്ന ഏതോ സൗന്ദര്യബോധമാണ്. രാത്രി ആകാശത്തേയ്ക്കു നോക്കി നക്ഷത്രങ്ങളെ കണ്‍കുളിര്‍ക്കെ കാണുന്നവന് എന്തു കിട്ടി? പാട്ടു കേള്‍ക്കുകയും പാടുകയും ചെയ്യുമ്പോള്‍, മകനോ മകളോ പാടിത്തിമിര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സംതൃപ്തിയില്ലേ? സൗന്ദര്യം മനുഷ്യനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ സൗന്ദര്യത്തിനായും. കാവ്യം മനുഷ്യനു ലഭിക്കുന്ന ആഡംബരമാണ്, പക്ഷേ, ഈ ആഡംബരം ആഹാരംപോലും അനിവാര്യമല്ലേ? കൃത്യമായ അളവില്‍ മനുഷ്യന് ആഹാരംപോലെ അനിവാര്യ കാവ്യവും വേണം, സുഖമായി ജീവിച്ചുപോകാന്‍. മനുഷ്യനു ജീവിക്കാന്‍ ലക്ഷ്യം വേണം. ലക്ഷ്യം ലോകത്തിലെ ഒരു ചരക്കല്ല. ഒരു ചരക്കും അതിനു പകരമാകില്ല. ലക്ഷ്യത്തിനായി നിരന്തരം വില്ക്കുന്നു.

അതിനു തലയുയര്‍ത്തി നോക്കാന്‍ പഠിക്കണം. ഉന്നതങ്ങളിലേക്കു കണ്ണും കാതുമുയര്‍ത്തണം. സംഗീതം, കാവ്യം, അനുഷ്ഠാനം പണി, ആരാധന, പ്രാര്‍ത്ഥന എല്ലാം ഉയര്‍ന്നു നോക്കാനുള്ള സഹായികള്‍. ആത്മീയമായ ശ്രദ്ധ, ശ്രദ്ധയുടെ പൂര്‍ണതയാണ്. ശ്രദ്ധയിലാണു ഞാന്‍ എന്നെ അറിയുന്നത്. അസ്തിത്വശ്രദ്ധ എന്നെ ഉത്തരവാദിയാക്കുന്നു. എന്‍റെ ഇടം എനിക്കല്ലാതെ മറ്റാര്‍ക്കും കടന്നിരിക്കാനാവാത്തതാണ് എന്നറിയുന്നു. പൂര്‍ണമായ ശ്രദ്ധ പ്രാര്‍ത്ഥനയാണ്. ശ്രദ്ധയിലാണ് ദൈവികത കടന്നുവരുന്നത്. അന്തര്‍ദര്‍ശനപരമായ ശ്രദ്ധയാണു കലാപരമായ നടപടി. ദൈവത്തിലേക്കു തിരിഞ്ഞ ശ്രദ്ധ പ്രാര്‍ത്ഥനയാണെങ്കില്‍ മനുഷ്യനിലേക്കു തിരിഞ്ഞ ശ്രദ്ധയാണ് ആതിഥ്യ പരിചരണം, പരസ്നേഹം. ശ്രദ്ധയിലായിരിക്കുന്നവന്‍ പുറപ്പാടിലാണ്. പൂ വിരിയുന്നത് എന്തിന് എന്നു പൂ ചിന്തിക്കാറില്ല. എന്തിനു ഞാന്‍ ഓടുന്നു എന്നും. ഓടാതിരിക്കാനാവില്ല, അത് ഉത്തരവാദിത്വമാണ്. എന്നെ കൊല്ലാന്‍ രണ്ടു വഴികളുണ്ട്. ആത്മഹത്യയും ആത്മത്യാഗവും. ഞാന്‍ കാമിക്കുന്ന എല്ലാത്തില്‍നിന്നും മനസ്സുമാറ്റല്‍. അതു മാത്രമാണു ശരിക്കും മരിക്കാനുള്ള മാര്‍ഗം – അതാണു ശരിക്കു ജീവിക്കാനുള്ള വഴി. എന്‍റെ ആത്മബോധത്തില്‍ ഞാന്‍ എന്നെ കണ്ടെത്തുകയല്ല, എന്നെ നല്ലവനാക്കുന്നവനെ കണ്ടെത്തുകയാണ്. ഞാന്‍ ഒരു സംഭവമാത്രമല്ല, ഞാനാകുന്ന ഭാഷയുമാണ്. അപരനോടുള്ള ഉത്തരവാദിത്വമാണ് എനിക്കു ജീവിതം. ദൈവം എന്നത് എനിക്ക് എന്നോടുള്ള ബന്ധം ശുദ്ധമാക്കുന്നതാണ്. അപ്പോള്‍ പ്രസാദംപോലെ ആത്മാവ് എന്നിലേക്ക് ഇറങ്ങുന്നു. അവന്‍ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കൂടുതല്‍ സംതൃപ്തി എനിക്കു വേണ്ട. അവിടെ ഞാന്‍ ഉയരുന്നു, ഉന്നതമായത് എന്നില്‍ സംഭവിക്കുന്നു. മുഖത്തിന്‍റെ സാന്നിദ്ധ്യം ഭാഷയായി സംഭവിക്കുന്നു. ഭാഷ സംസ്കാരത്തിന്‍റയും ആതിഥ്യത്തിന്‍റെയുമാണ്. ഭാഷ സത്യമാകുന്ന സത്യജ്ഞാനമാണ് ജീവിതത്തിന്‍റെ മോക്ഷം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org