Latest News
|^| Home -> Pangthi -> ചിന്താജാലകം -> പുരാണകഥകളിലെ കാര്യം

പുരാണകഥകളിലെ കാര്യം

ഫാ. പോള്‍ തേലക്കാട്ട്

ഉത്പത്തിയുടെ പല കഥകള്‍ വിവിധ സംസ്കാരങ്ങളിലെ പുരാണങ്ങളിലുണ്ട്. ഉത്പത്തി പതനത്തിന്‍റെയുമാകും. പ്രപഞ്ചം, മനുഷ്യന്‍, സൃഷ്ടി, പാപം, നാടു കടത്തല്‍, ധര്‍മം, സത്യം ഇങ്ങനെ ഉത്പത്തികള്‍ പലതുണ്ട്. ഈ ഉത്പത്തികള്‍ക്ക് ഒരു സവിശേഷതയുണ്ട്. നാം ഉത്പത്തിയുടെ ഫലമാണ്; നാമാരും ഉത്പത്തിയുടെ കാര്യം കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല. കാര്യങ്ങള്‍ ക്കുശേഷം പിന്തിരിഞ്ഞു നോക്കി എന്നാണ് ഉണ്ടായത് എന്നു കാണുകയാണ്. അതു പലപ്പോഴും സങ്കല്പമാകാം. അതുകൊണ്ട് ഈ ഉത്പത്തിക്കഥകള്‍ വെറും വ്യാജമാണ് എന്നു പറയാനാവില്ല.

അഞ്ചു കൊല്ലക്കാലം തിന്മയുടെ ഉത്പത്തിയറിയാന്‍ ഒരു ലൈബ്രറിയില്‍ ഞാന്‍ അടച്ചുപൂട്ടി കഴിഞ്ഞു. അവസാനം എന്തു മനസ്സിലാക്കി? മനസ്സിലാക്കലിന്‍റെ ബുദ്ധിയുടെ കമ്മട്ടത്തില്‍ അതിനെ പിടിച്ചുകെട്ടി മനസ്സിലാക്കാനാവില്ല എന്നറിഞ്ഞു. ചിന്തയെ ആ പ്രശ്നം വെല്ലുവിളിക്കുന്നു, ചിന്തയില്‍ അത് ഒതുങ്ങുന്നില്ല. ആ കാര്യം കാരണസഹിതം പറഞ്ഞു തീര്‍ക്കനാവുന്നില്ല. കാര്യം പറയാന്‍ സാദ്ധ്യമല്ലാത്ത വീര്‍പ്പുമുട്ടലില്‍ കാര്യം പറയാന്‍ ഉപയോഗിക്കുന്നതു രൂപകങ്ങള്‍, ഉപമകള്‍ തുടങ്ങിയവയാണ്. വിസ്തൃതമായ ഒരു രൂപകമാണ് ഒരു കഥ. ഈ കഥകള്‍ ചിന്തയെ പ്രകോപിപ്പിക്കുന്നു, ശാസ്ത്രം സത്യം വെളിവാക്കുന്നില്ല, പ്രപഞ്ചരഹസ്യങ്ങള്‍ അറിയിക്കുന്നു, ജീവിതസത്യങ്ങളല്ല ശാസ്ത്രങ്ങള്‍ വെളിവാക്കുന്നത്. ജീവിതം തുറന്നുകാണിക്കുന്നതു കഥകളാണ്. നുണക്കഥയൊന്നും വെളിവാക്കുന്നില്ല. യാഥാര്‍ത്ഥ്യം വായിക്കുന്ന വിധമാണല്ലോ കഥനം.

“ആകാശം ദൈവമഹത്ത്വം പ്രഘോഷിക്കാം” എന്നു സങ്കീര്‍ത്തനം പ്രസ്താവിക്കുന്നു. പക്ഷേ, ആകാശം സ്വയം ഒന്നും പറയുന്നില്ല. നാം അതു പറയുന്നു. അനുഷ്ഠാങ്ങളും പ്രവാചകരും കവികളും അതു പറയുന്നു. വിശുദ്ധിയും അശുദ്ധിയും പ്രകടമാകുന്നതു പറയാന്‍ ഭാഷ വേണം. ഭാഷണത്തിലാണ് ഇതൊക്കെ അര്‍ത്ഥപൂര്‍ണമായി ആഖ്യാനം ചെയ്യുന്നത്. നേരിട്ടു വിശദമാക്കാന്‍ നമ്മെ അനുവദിക്കാത്താണു തിന്മയുടെ അടിമത്തസ്ഥിതി. അതു പറയാന്‍ പിന്നെയുള്ള വളഞ്ഞ വഴിയാണു ബിംബങ്ങളിലൂടെയുള്ള കഥനം. അതാണു സംസ്കാരങ്ങള്‍ വ്യതിരിക്തമായ ആഴത്തിലും അര്‍ത്ഥങ്ങളിലും പറയുന്ന പുരാണങ്ങള്‍. ഇവിടെ ബിംബം എന്നതു പറയുന്നതിനപ്പുറം സൂചിപ്പിക്കുകയും ചൂണ്ടുകയും ചെയ്യുന്ന കാവ്യഭാഷയാണ്. അതു വ്യവഹാരഭാഷയല്ല.

ക്രൈസ്തവചിന്തയില്‍ ദൈവം ആകാശവും ഭൂമിയും ശൂന്യതയില്‍ നിന്നു (ex nihilo) സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ “ശൂന്യത” എന്ന പദം ഗൗരവമായി എടുക്കുന്നു. അതുകൊണ്ടു സൃഷ്ടിക്കപ്പെട്ടതിലെല്ലാം “ശൂന്യത” കടന്നുകൂടിയിരിക്കുന്നു. ശൂന്യത എല്ലാറ്റിലുമുണ്ട്. അതു മുറിവുപോലെയാണ്, ഒന്നുമല്ല. പക്ഷേ, ഇരുന്നു വിങ്ങുന്നു, വേദനിക്കുന്നു. അതു അസാന്നിദ്ധ്യമാണ്. അതു സത്താപരമായി ഒന്നുമല്ല. പക്ഷേ, മുറിവ് എന്തോ പോയതിന്‍റെ വേദനയാണ്. തിന്മ നന്മയുടെ അഭാവമാണ്. ഉണ്ടായിരിക്കേണ്ടത് ഇല്ലാതാകുന്ന പ്രതിസന്ധി. അത് ഇല്ലാതാക്കുന്നതു മനുഷ്യന്‍റെ ഇച്ഛയുടെ ഫലമാണ് എന്നതാണ് ആദിപാപത്തന്‍റെ കഥയുടെ കാര്യം.

ഹേഗല്‍ എന്ന ചിന്തകന്‍ കൗശലബുദ്ധിയെക്കുറിച്ച് എഴുതി. നമ്മുടെ ബുദ്ധിയുടെ കൗശലം വിജയിക്കുമ്പോള്‍ എവിടെയോ തിന്മ ജനിക്കുന്നു. വ്യവസ്ഥിതിയുടെ സൂത്രങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിന്‍റെ ഇരകള്‍ അതില്‍നിന്നു കൂടുതല്‍ കൂടുതല്‍ പുറത്താകും. വ്യവസ്ഥിതി ജയിക്കുമ്പോള്‍ അതിലുള്ളവര്‍ പരാജയപ്പെടുന്നു. ആസക്തമായ യുക്തി ഉണ്ടാക്കുന്നത് ആസക്തിയുടെ വിജയമാണ്, അത് എവിടെയോ പരാജയത്തിന്‍റെ കണ്ണീരുണ്ടാക്കുന്നു. അതൊക്കെ ദൈവത്തിന്‍റെ നന്മയുടെ അഭാവത്തിന്‍റെ ഇരുണ്ട സംഭവങ്ങളാണ്.

ഇത്തരം ഭീകരസംഭവങ്ങള്‍ക്കു മറവി നല്കാതെ വ്യാഖ്യാനിക്കുമ്പോള്‍ ഉത്തരവാദിത്വമുണ്ടാക്കുന്നു. ചരിത്രത്തിലെ ഏറെ പ്രസക്തമായ ഉത്തരവാദിത്വം ഭീകരതകളുടെ ഇരകളുടെ ഭാഷണമാണ്. കൗശലബുദ്ധിയുടെ സംവിധാനങ്ങള്‍ ഇല്ലാതാക്കന്‍ കഴിയുന്നത് ഇത്തരം ആലേഖന ഭാഷണങ്ങളിലാണ്. ഭീകരതയുടെ സാക്ഷികള്‍ക്കു കഥനം കണ്ണു നല്കുന്നു കാണാനും കരയാനും പറായനും. എല്ലാ ഭീകരസംഭവങ്ങളിലേയും ഇരകളുടെ ശവങ്ങള്‍ എണ്ണപ്പെടുന്നു, അവയെപ്പറ്റി പറയുന്നു. ഈ എണ്ണലും പറയലുമാണ് ഈ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാരണമാകുന്നത്. ക്ഷമ എന്നതുകുറ്റകൃത്യങ്ങളുടെ ഓര്‍മകള്‍ക്കു ലഭിക്കുന്നശാന്തിയാണ്. ഓര്‍മയ്ക്കു ഭാഷ ലഭിക്കുന്നതു ക്ഷമയിലാണ്. “ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ഒന്നിനെക്കുറിച്ചും പശ്ചാത്തപിക്കുന്നില്ല” എന്നു ലക്ഷങ്ങളെ കൊന്നവന്‍ പറയുന്നതാണു തിന്മയുടെ ഭീകരതയും സാധാരണത്വവും. ചിന്തയില്ലാത്ത തിന്മയെ മറികടക്കാന്‍ വേണ്ടതു വീണ്ടും വീണ്ടുമുള്ള ആഖ്യാനമാണ്. ധര്‍മത്തിന്‍റെ മണല്‍ക്കാട്ടില്‍ പെട്ടുപോകുന്നുഎന്ന നിരന്തരമായ പറച്ചിലാണ് ആ മണല്‍ക്കാട് പുഷ്പിക്കാന്‍ കാരണമാകുന്നത്. നുണ അതിന്‍റെ ആയുസ്സ് പൂര്‍ത്തിയാക്കുന്നത് നുണയെ തിരിച്ചറിയുന്നതിലൂടെയാണ്. തിന്മ തിരിച്ചറിയാന്‍ തിന്മയുടെ ആഖ്യാനങ്ങള്‍ അവസാനിക്കരുത്.

Leave a Comment

*
*