ഞാന്‍ സ്നേഹിക്കുന്നു, അതുകൊണ്ടു ഞാനുണ്ട്

"ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ടു ഞാനുണ്ട്." എന്നതാണ് ആധുനികചിന്തയുടെ അടിസ്ഥാനം. അതു റെനെ ഡെക്കാര്‍ട്ടിന്‍റെ പ്രസ്താവമാണ്. ചിന്തയില്‍ ദൈവത്തെ കണ്ടെത്തുന്ന ചിന്താസരണികള്‍ അതുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഉത്തരാധുനികചിന്തയുടെ പ്രധാന മാറ്റം മറ്റൊന്നാണ്. അവിടെ ദൈവചിന്തയിലും ആത്മീയതയിലും ദൈവത്തിന്‍റെ അസ്തിത്വമല്ല പ്രധാന വിഷയം. മയിസ്റ്റര്‍ എക്കാര്‍ട്ട് 14-ാം നൂറ്റാണ്ടില്‍ പറഞ്ഞത് ഇന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിനു ദൈവമാകാന്‍ മനുഷ്യന്‍ വേണം. മനുഷ്യന്‍റെ അവബോധത്തിലും ജീവിതത്തിലും ദൈവം പ്രസക്തമല്ലാതായാല്‍ ദൈവത്തിനു ചരിത്രത്തില്‍ പ്രസക്തി നശിക്കും. നാസികളുടെ ജര്‍മനി തീര്‍ത്തതു ദൈവത്തിന്‍റെ ഭീകരമായ ഗ്രഹണവും മരണവുമാണ്. വിശ്വാസികളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ അസ്തിത്വചിന്ത അത്ര പ്രധാനമാണോ? ദൈവമില്ല എന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്.

ക്രൈസ്തവികത മനുഷ്യചരിത്രത്തിലേക്ക് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ദൈവവിചാരമാണ് സന്നിവേശിപ്പിച്ചത്. അതു സഹിക്കുന്ന ദൈവചിത്രമാണ്. നവീകരണത്തിനു സന്നദ്ധമല്ലാത്ത ലോകത്തില്‍നിന്നു ദൈവം പിന്‍വലിയുന്ന കഥയാണത്. ദൈവത്തിന്‍റെ പിന്‍വലിയലില്‍ ചരിത്രം പീഡന ഉന്മാദത്തിന്‍റെ പൈശാചികതയായി വെളിവാകുന്നു.

ക്രിസ്തുവില്‍ സംഭവിച്ച വെളിപാട് ആത്മാവിഷ്കാരത്തിന്‍റെയും സ്വയം ദാനത്തിന്‍റെയും വെളിപാടാണ്. യേശുക്രിസ്തുവിന്‍റെ സംഭവം ദൈവത്തിന്‍റെ തന്നെ വെളിവാകലായിരുന്നു; അതാകട്ടെ സ്വയം ദാനത്തിന്‍റെയുമാണ്. ദൈവത്തിന്‍റെ ദാനം എന്നതു മനുഷ്യത്വത്തിന്‍റെ വലിയ കണ്ടെത്തലാണ്. അവിടെയാണ് "ഞാന്‍ ചിന്തിക്കുന്നെങ്കില്‍, ഞാനുണ്ട്" എന്ന സൂക്തം മാറ്റിയെഴുതുന്നത്. "ഞാന്‍ സ്നേഹിക്കുന്നെങ്കില്‍ ഞാനുണ്ട്" (Amo ergo sum). ഇവിടെ ദൈവാസ്തിത്വമല്ല പ്രധാന ചര്‍ച്ചാവിഷയം. മറിച്ചു ദൈവം സ്നേഹമാണ്; ക്രിസ്തുവിന്‍റെ വെളിപാടാണിത്. ക്രിസ്തുസംഭവം സ്നേഹത്തിന്‍റെ വെളിപാടു മാത്രമല്ല, അതിന്‍റെ ദാനവുമാണ്.

അസ്തിത്വം ദാനമാണ് എന്നതു പകല്‍പോലെ വ്യക്തമാണ്. അത് ആരുടെയും അവകാശമല്ല. എന്നാല്‍ സ്നേഹിക്കാനുള്ള കഴിവ്, കരുണയുടെ സാന്നിദ്ധ്യം, നീതിബോധം ഇതിനെല്ലാം കഴിയുന്നവന്‍ എന്നാല്‍ ഈ സാദ്ധ്യതയും പേറി ജനിച്ചവനാണ്. തിന്മയുടെ വാസനയേക്കാള്‍ പ്രാഥമികവും മൗലികവുമാണ് സ്നേഹിക്കാനും ധാര്‍മ്മികനാകാനും മറ്റൊരുവനുമായോ അവളുമായോ ഒത്തുജീവിക്കാനുമുള്ള താത്പര്യം. അപരനുവേണ്ടി, അവന് മുഖമില്ലാത്ത അപരിചിതനും നീതി ലഭിക്കണം എന്ന വിശപ്പും ദാഹവും എവിടെനിന്നു വരുന്നു? ആശ്ചര്യമുണ്ടാക്കുന്ന സാദ്ധ്യതകളാണിവ. അവ ദാനങ്ങളാണ് എന്ന് അറിയുന്നവന്‍ തന്നെത്തന്നെ അറിയുന്നവനാണ്. ഈ അറിവുണ്ടാകുന്നതു വലിയ ആശ്ചര്യം മാത്രമല്ല കൃതജ്ഞതയുടെ വികാരങ്ങളും ഭാവങ്ങളുമാണ്.

അവള്‍ എന്നെ സ്നേഹിക്കുന്നുണ്ടോ? അതിനുള്ള ഉറപ്പു ഞാന്‍ അന്വേഷിക്കുന്നുണ്ടോ? പലപ്പോഴും ഇല്ല. കാരണം, സ്നേഹത്തിന്‍റെ സാമ്രാജ്യത്തില്‍ ഞാന്‍ പ്രവേശിക്കുകയാണ്. അതില്‍ പ്രവേശിക്കുമ്പോള്‍ സ്നേഹിക്കാന്‍ കഴിവുള്ളവനായിട്ടാണു ഞാന്‍ സ്ഥിതി ചെയ്യുന്നത്. കഴിവുള്ളവന്‍ മാത്രമല്ല സ്നേഹിക്കുന്നവനുമാണ്. ഞാന്‍ എന്ന സംഭവം സ്നേഹമണ്ഡലത്തില്‍ വസിക്കുന്നു. ഞാന്‍ എഴുതുകയും സംഭാഷിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ നല്കുകയാണ്. എന്‍റെ എഴുത്തും ഭാഷണവും എന്നെ വിളമ്പുന്നതിന്‍റെ ഭാഗമാണ്. ഞാന്‍ എനിക്കുള്ളതും എന്നെയും വിളമ്പുന്നു. ഏതു പണിയും കര്‍മവും മരണമാണ്. ആയുസ്സിന്‍റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നു – മരണം മുന്നേറുന്നു. ആയുസ്സ് വിളമ്പിത്തീര്‍ക്കലാണു മരണം. അതുതന്നെയാണു ഡെറീഡയുടെ "മരണദാനം" (Gift of death) എന്ന പുസ്തകത്തിന്‍റെ പ്രസക്തി. ജീവനും സ്നേഹവും കരുണയും നീതിയും ദാനമായി കിട്ടിയവന്‍ തിരിച്ചുകൊടുക്കുന്നതു മരണത്തിന്‍റെ ദാനമാണ്. ജീവിതത്തിന്‍റെയും ആയുസ്സിന്‍റെയും വിളമ്പല്‍ അവസാനിക്കുമ്പോള്‍ കഥാവശേഷകനാകുന്നു. എന്തു കഥ? ദാനങ്ങളുടെയും വിതുമ്പലിന്‍റെയും കഥ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org