വിശുദ്ധ സങ്കടം

വിശുദ്ധ സങ്കടം

ചിന്തകനായ ഹൈഡഗറിന്‍റെ ഉറ്റ സുഹൃത്താണു കവിയായ ഹെല്‍ഡര്‍ലിന്‍. അദ്ദേഹത്തെ "വിശുദ്ധ സങ്കട"ത്തിന്‍റെ കവിയായി അദ്ദേഹം വിശേഷിപ്പിക്കുന്നു. വിശുദ്ധ സങ്കടത്തിന്‍റെ കാരണം ദൈവത്തിന്‍റെ അസാന്നിദ്ധ്യമാണ്. മാനവചരിത്രത്തിലെ വിശുദ്ധ മാനം അപ്രത്യക്ഷമായതിന്‍റെ സങ്കടം.

കാലത്തില്‍ വന്നു ഭവിക്കുന്ന കാലക്കേടുകളാണു കവിയുടെ വിലാപത്തിനിടയാക്കുന്നത്. കവി കരയുന്നത് ഒരു ശൂന്യതയുടെ സാന്നിദ്ധ്യത്തിലാണ്; ആ ശൂന്യതയ്ക്കും പൊള്ളത്തരത്തിനും കവി കാവ്യരൂപം നല്കുന്നു. അതു മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ ആധാരം നഷ്ടമായതിലാണ്. ആ ആവശ്യം നിറവേറ്റുന്നു എന്നു ഹൈഡഗര്‍ എഴുതി. "ഒളിക്കപ്പെട്ട ഒരു സാന്നിദ്ധ്യത്തിന്‍റെ പേരില്‍. ദൈവികതയുടെ സാന്നിദ്ധ്യത്തിന്‍റെ അഭാവം. "വീടണയല്‍" എന്ന വിലാപത്തിന്‍റെ അവസാനവാചകം ഈ അസാന്നിദ്ധ്യത്തിന്‍റെ പ്രകാശനമാണ്. വിശുദ്ധ നാമങ്ങള്‍ ഇല്ലാതായി. വിശുദ്ധ നാമമെന്നതു ലളിതവും പൂര്‍ണവും പ്രകാശിക്കുന്നതുമാണ്. എന്നാലും രഹസ്യാത്മകവുമാണ്."

കവി വിളിയുടെ മനുഷ്യനാണ്. വരാനിരിക്കുന്നതിന്‍റെ വിളി സ്വീകരിച്ചവന്‍. ആ വിളി അകലെനിന്നു വരുന്നു. മുമ്പില്‍ ഒരു പറുദീസയല്ല കവി കാണുന്നത ശൂന്യ കാലം – മണല്‍ക്കാട്. കവിയുടെ വിലാപം മുറിപ്പെടുത്തുന്നു. കാരണം ദൈവങ്ങള്‍ ഓടിമറഞ്ഞു, അര്‍ത്ഥങ്ങള്‍ ശിഥിലമാകുന്നു. കവിയുടെ ഭ്രാന്ത് ഒരു അഭാവത്തിന്‍റെയും ഒപ്പം ഒരു നിറവിന്‍റേതുമാണ്.

മനുഷ്യന്‍ കാവ്യാത്മകമായി ഭൂമിയില്‍ വസിക്കാന്‍ ജീവിതം അപരനില്‍ പിടിമുറുക്കുകയും പൂര്‍ണതയോടു ചേര്‍ന്നിരിക്കുകയും വേണം. എല്ലാമായുള്ള ലയമാണ് ആത്മാവിനുണ്ടാക്കുന്നത്. ആത്മാവാണു കാവ്യവചനം ഉദീരണം ചെയ്യുന്നത്. ദൈവത്തിന്‍റെ മഹത്ത്വം ഇടിവെട്ടില്‍ കാണുന്നു കവി. ഇടിവെട്ടു മനുഷ്യനെയും അവന്‍റെ വീടിനെയും ഭൂമിയെയും അതിന്‍റെ അടിത്തറകളെയും ഇളക്കുന്നു, നവീകരിക്കുന്നു. ഈ ഇടിമിന്നലിനെ കൈകളില്‍ പിടിച്ചെടുത്തു വാക്കുകളില്‍ പൊതിഞ്ഞു മനുഷ്യര്‍ക്കു കവികള്‍ കൊടുക്കുന്നു. സഹനത്തിന്‍റെ മാമ്മോദീസയില്‍ ജീവിക്കുന്നവന് മനുഷ്യന്‍റെ അളവ് ദൈവമാണ് എന്ന് അറിയുന്നു. അതുകൊണ്ടു തന്നെ ദൈവത്തിന്‍റെ പൂര്‍ണത മനുഷ്യനു സഹിക്കാവുന്നതിന് അപ്പുറമാണ്. ചുറ്റും കൂട്ടുകാരുണ്ടാകുന്നതിനേക്കാള്‍ മെച്ചം ഉറങ്ങുകയാണ് എന്നു കരുതുന്ന കഷ്ടകാലത്തു ദൈവികതയുടെ ഇടിമിന്നലുകള്‍ ഉണ്ടാകാതെ ഭൂമി ഉണങ്ങിപ്പോകുന്നു. ആ ഇടിമിന്നലിന്‍റെ വെളിച്ചം മനുഷ്യന്‍റെ ആന്തരികതയില്‍ പ്രകാശിക്കുമ്പോള്‍ മാനുഷികമായും കാവ്യാത്മകമായും ഈ ഭൂമിയില്‍ വസിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org