വികാരങ്ങള്‍ പ്രാപഞ്ചിക സ്മരണ

വികാരങ്ങള്‍ പ്രാപഞ്ചിക സ്മരണ

ലോകത്തിലെ ചിലത് എന്നെ പിടിച്ചുനിര്‍ത്തുന്നു. അവ എന്നെ അംഗീകരിക്കുക എന്നതിനേക്കാള്‍ ഞാനുമായി ഏറ്റുമുട്ടുകയാണ്. അത് ഒരു വൈകാരികാനുഭവമാണ്. അവ ഇന്ദ്രിയങ്ങളെ പ്രകോപിപ്പിക്കുന്നു. പൊരുത്തപ്പെടുന്നതും അല്ലാത്തതുമായ സംഗതികള്‍ ഉണ്ടാകാം. ഞാന്‍ ഇവിടെ ഒരിക്കലും ഒറ്റയ്ക്കല്ല. ഞാന്‍ ലോകത്തിലാണ്, ലോകവുമായി എപ്പോഴും ബന്ധത്തിലാണ്. ലോകം എന്നെ പ്രകോപിപ്പിക്കുമ്പോഴാണു ലോകബന്ധം ഞാന്‍ ശ്രദ്ധിക്കുന്നത്. ശരീരം ലോകത്തില്‍ ആയിരിക്കുകയും അതു ഞാന്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എന്‍റെ ലോകബന്ധം സുഖപ്രദമാണ്. അല്ലാത്ത ബന്ധങ്ങള്‍ വേദനയും ഭയവും ആശങ്കയും ഉണ്ടാക്കും. ഈ വികാരസത്തയുമായിട്ടാണു നാം ജീവിക്കുക. നാം ബോധപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ശരീരം ലോകത്തെ അറിയുന്നു.

കിഴുക്കാംതൂക്കായ മലമുകളില്‍ പെട്ടുപോയാല്‍ പേടി തോന്നും. ലോകസാഹചര്യങ്ങളില്‍ ചിലത് പ്രതികൂല വികാരങ്ങള്‍ ഉണ്ടാക്കും. ശരീരത്തിന്‍റെ ഭാഷയായി വികാരങ്ങള്‍ ഉണ്ടാകുന്നു. നാണം ചുറ്റുപാടുകളുമായുള്ള ബന്ധത്തിന്‍റെ വികാരമാണ്. ഞാന്‍ കാണിക്കാന്‍ പറ്റിയ അവസ്ഥയിലല്ല, ഞാന്‍ പണി തീരാത്ത കലാരൂപമാണ് എന്ന തോന്ന്ല്‍ ഉണ്ടാക്കുന്ന വികാരം. ശരീരം അതിന്‍റെ മുറിവുകള്‍ ഓര്‍മിക്കുന്നു. ആ സാഹചര്യമുണ്ടായാല്‍ ശരീരം ഭയത്തിന്‍റെ വികാരഭാഷ പറയും, പ്രകടിപ്പിക്കും. ഏതു ജീവിക്കും ഒരു താക്കോല്‍ സംവിധാനമുണ്ട്. സ്വന്തം താക്കോല്‍ ഇട്ടാല്‍ മാത്രം തുറക്കുന്നതും പ്രതികരിക്കുന്നതുമായ സംവിധാനം. മറ്റൊരു താക്കോലിനും അതു പ്രതികരിക്കില്ല. മുന്‍ അനുഭവങ്ങളില്ലെങ്കില്‍ ആന വരുന്നതു കണ്ടാല്‍ കുട്ടി പേടിക്കണമെന്നില്ല. കൊച്ചു കുട്ടിയെ കണ്ടാല്‍ ഏതു സ്ത്രീക്കാണു വാത്സല്യം ഉണ്ടാകാത്തത്! ചില സാഹചര്യത്തില്‍ വിറയ്ക്കും വിയര്‍ക്കും, മൂത്രം പോകും, ഹൃദയമിടിപ്പ് വര്‍ദ്ധിക്കും. ശരീരം അപകടം അറിയുന്നു. ഈ സന്ദര്‍ഭങ്ങള്‍ തലച്ചോറില്‍ ആലേഖിതമാണ്. പ്രപഞ്ചം അഥവാ സാഹചര്യം തൊടുമ്പോഴാണു വികാരങ്ങളായി ശരീരം ഭാഷിക്കുന്നത്. എന്‍റെ ഓര്‍മകള്‍, എന്‍റെ രഹസ്യങ്ങള്‍, എന്‍റെ പേടികള്‍, എന്‍റെ സൗഹൃദങ്ങള്‍ എല്ലാം എന്‍റെ ഒളിയിടങ്ങളാണ്. പട്ടികടി കൊണ്ടവന്‍ പട്ടിയുടെ മുമ്പില്‍ ഭയന്നു നില്ക്കും. വൈകാരികമായ ഭൂപടവുമായി നാം വ്യാപരിക്കുന്നു.

എന്‍റെ പരിരക്ഷണം എന്‍റെ സ്വകാര്യമാണ്. ആ പരിരക്ഷ ഇല്ലാത്തിടങ്ങളില്‍ എന്‍റെ ശരീരം പുറത്തു കടക്കാന്‍ വികാരങ്ങളിലൂടെ അതു പറയും. അത് ഒരു സംഘമാകാം, സ്ഥലമാകാം, മതമാകാം, രാജ്യമാകാം. ആ ലോകം ഞാന്‍ വിട്ടുപോകുന്നു. എന്‍റെ വാതില്‍പ്പടി എന്‍റെ വികാരഭാഷയാണ്. അതു പുറംലോകവുമായി പൊരുത്തമാണോ എന്നു പറയുന്നു. ക്ലാസ്സിലിരിക്കാന്‍ കുട്ടി വൈമുഖ്യം കാണിക്കുന്നെങ്കില്‍ അതിനു കാരണമുണ്ടാകും, വീട്ടീല്‍ യുവാവ് അസ്ഥാനത്താണ് എന്ന വികാരംകൊണ്ടു കാണിക്കുന്നെങ്കില്‍ അതു ശ്രദ്ധിക്കണം.

പുകയും തീയും കണ്ടാല്‍ ഓടിമാറുന്നു; വെല്‍ഡ് ചെയ്യുന്നിടങ്ങളില്‍നിന്ന് ഞാന്‍ ഓടി മാറുന്നു. അതിന്‍റെ പുക ഉണ്ടാക്കുന്ന അലര്‍ജി അറിയുന്നു ശരീരം അതാവശ്യപ്പെടും. വികാരങ്ങള്‍ സ്വകാര്യ പ്രശ്നങ്ങള്‍ തന്നെയാണ് – ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഭാഷണരൂപങ്ങള്‍. വികാരങ്ങള്‍ ശരീരവും പ്രപഞ്ചവും സമൂഹവും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രകാശനങ്ങളാണ്. അരുവി സന്തോഷിപ്പിക്കാം. ശരീരത്തിലും മനസ്സിലും സംഗീതമുണ്ട്. അത് അകാരണമായി വിജ്റംഭിക്കാറില്ല. അതു ക്ഷോഭിക്കുന്നെങ്കില്‍ വ്യവസ്ഥിതിയില്‍ എന്തോ സംഭവിച്ചിരിക്കുന്നു. എന്‍റെ താളവും എന്‍റെ രാഗവും ആദരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നിടങ്ങള്‍ എനിക്കു പ്രിയപ്പെട്ടതാകും. ഇങ്ങനെയുള്ള സാഹചര്യത്തിന്‍റെ അവസ്ഥയെയാണു നാം പരിസ്ഥിതി എന്നു പറയുന്നത്. ശ്വാസം തുടങ്ങുന്നിടത്തുനിന്നാണ് എന്‍റെ ശ്വാസകോശം തുടങ്ങുന്നത്. രോഗം ശ്വാസത്തിനാണെങ്കില്‍ ശ്വാസകോശത്തെ ചികിത്സിച്ചിട്ട് എന്തുകാര്യം? പ്രപഞ്ചത്തിന്‍റെ സംഗീതവും എന്‍റെ ശരീരത്തിന്‍റെ സംഗീതവും ഒന്നിക്കണം. ആ സമന്വയം തെറ്റിയാല്‍ നാം പ്രശ്നത്തിലാകും. പ്രപഞ്ചസംഗീതം നമ്മെ ഭയപ്പെടുത്തും, കരയിപ്പിക്കും. ശരീരത്തിന്‍റെ വികാരഭാഷകള്‍പോലെ പ്രപഞ്ചത്തിനും അതിന്‍റെ വൈകാരികഭാഷണങ്ങളുണ്ട്. പ്രപഞ്ചം കരയുന്നതെപ്പോള്‍? ശരീരം നിലവിളിക്കുന്നത് എപ്പോള്‍?

കരച്ചിലിനു പിന്നില്‍ കാണുന്നതും കാണാത്തതുമുണ്ടാകും. കാണേണ്ടതു കാണാതാകുമ്പോള്‍ കരയും. ഭാവിയുടെ അപകടം കാണുമ്പോഴും കരയും. ഭാവി ഇല്ലാത്തതാണ്. ഇല്ലാത്തത് ഉണ്ടാക്കാന്‍ വേണ്ടിയും കരയും, ക്ഷോഭിക്കും. നിലവിളി ഇല്ലാതാക്കുന്നതിനുവേണ്ടി കരയുന്നതാണ്. ഈ ലോകസ്മരണയും ദീര്‍ഘദര്‍ശനവും ശരീരത്തിലുണ്ട്. ആ ഓര്‍മകളും പ്രത്യാശകളും വികാരങ്ങള്‍ ഉണ്ടാക്കും. സ്മരണ ഈ ലോകവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്‍റെ സ്മരണയാണ്. ശ്രാദ്ധമാഘോഷിക്കുന്നവരാണു നാം. കടന്നുപോയ ഓര്‍മകള്‍ ശ്രദ്ധിക്കുന്നു. വിലപ്പെട്ട അറിവു നല്കുന്ന സ്വന്തം വസതിയുമായി ബന്ധത്തില്‍ സ്വസ്ഥമായി കഴിയണം. അതിന് ഈ പ്രപഞ്ചവുമായി ഒത്തുവസിക്കണം. ആകാശവും ഭൂമിയും മനുഷ്യനുമായി സഹവസിക്കണം. ഒന്നുമായി ഇടറിയാല്‍ വാസം പ്രതിസന്ധിയിലാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org