ജീവിതത്തിന്‍റെ വെളിപാട്

ജീവിതത്തിന്‍റെ വെളിപാട്

ബൈബിള്‍ എങ്ങനെ വായിക്കണം, എന്തു തരം പുസ്തകമാണത്? സാധാരണ സാഹിത്യകൃതിപോലെ അതു വായിക്കാമോ? അതോ അത്ഭുതങ്ങളും പരലോകജീവികളുമുള്ള മാന്ത്രികലിഖിതമാണോ? സാഹിത്യത്തിലും ഇതുപോലുള്ള മാന്ത്രികകൃതികളുണ്ട്. സാധാരണ ജീവിതത്തെ ബാധിക്കുന്ന ലിഖിതമാണോ ഇത്? അങ്ങനെ വായിക്കാമോ?

ബൈബിള്‍ വെളിപാടിന്‍റെ ലിഖിതമാണ്. അത് ആ വിധത്തില്‍ വായിക്കണം. പക്ഷേ, ബൈബിളിലെ വെളിപാടു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു പുതിയ വിവരവും അതു തരുന്നില്ല. വെളിപാടിന് ഉള്ളടക്കമില്ല എന്നു തോന്നിപ്പോകും.

ബൈബിളില്‍ വെളിപാടു യാതൊരു ബലപ്രയോഗവുമില്ലാത്ത ഒരു വിളിയാണ്, ആഹ്വാനമാണ്, പ്രേരണയാണ്. അതു ബുദ്ധിയുടെ ബലിയല്ല. അതിലെ വിളി ദൈവം എന്ന മൂല്യമൂര്‍ത്തിയുടെ വീക്ഷണത്തിന്‍റെ പിന്നിലാണു വരുന്നത്. ദൈവം എന്ന വീക്ഷണത്തിന്‍റെ പിന്നില്‍ ഈ വിളി നില്ക്കുന്നു. ദൈവത്തിന്‍റെ വെളിപാട് ഒരറിവല്ല. ദൈവം എന്ന കഥാപാത്രത്തിന്‍റെ സ്വഭാവമാണു വെളിവാകുന്നത്. വേദം നിര്‍വഹിക്കുന്നത് ഒരു കാവ്യദൗത്യമാണ്. അതു കാവ്യാത്മകമാകുന്നു; ഒപ്പം വെളിപാടുമാകുന്നു. കാവ്യത്തില്‍ വെളിപാടുണ്ട്, വെളിപാടില്‍ കാവ്യവുമുണ്ട്. കലാപരമായ രഹസ്യത്തില്‍ വിശ്വാസം നശിക്കുന്നത് അധോഗതിയുടെ അടയാളമാകും. ഒരു ലിഖിതം പ്രചോദിപ്പിക്കുന്നില്ലെങ്കില്‍ അതിന് അര്‍ത്ഥമില്ല. സങ്കല്പം അധികാരത്തിന്‍റെ ചിന്തയാണ്. കാരണം, കാവ്യത്തിലും വെളിപാടിലും വ്യാകരണ നിഷ്ഠമല്ലാത്ത സങ്കല്പത്തിന്‍റെ കണ്ടെത്തലുണ്ട്. ബൈബിളിലെ ആഖ്യാനങ്ങള്‍ സാങ്കല്പിക ലിഖിതത്തിന്‍റെ സ്വഭാവമെടുക്കുന്നുണ്ട്.

ദൈവത്തിന്‍റെ കണ്ണാടിയില്‍ മനുഷ്യനെയും പ്രപഞ്ചത്തെയും കാണിക്കുന്നു. സത്യബോധം മനുഷ്യനെ നാടോടിയാക്കി ചരിത്രത്തിലൂടെ യാത്രികനാക്കുന്നു. അനിശ്ചിതത്വത്തിന്‍റെ കൊടുങ്കാറ്റില്‍ അഭയവും ലഹരിയും തരുന്ന ശാലയാണു സത്യം. മതാത്മകഭാഷ വെളിപാടിന്‍റെയാകാം. ജീവിതത്തെ വിശുദ്ധിയുടെ വെളിച്ചത്തില്‍ വെളിവാക്കുന്നു. അവിടെ എന്തു സഹനവും മാമ്മോദീസയാണ്. മരണമാണു രക്ഷാമാര്‍ഗം. ദൈവികതയുടെ സാന്നിദ്ധ്യത്തിന്‍റെ അസാന്നിദ്ധ്യം മൂടുപടത്തിനുള്ളില്‍ വെളിവാകുന്നു. ആത്യന്തികതീരുമാനം ജീവിതത്തിന്‍റെ മൂല്യനിശ്ചയമാണ്. വേദഗ്രന്ഥമനുസരിച്ചു ജീവിക്കുക ഭൂമിയില്‍നിന്ന് അകന്നു ജീവിക്കലാണ്. പക്ഷേ, ആ ജീവിതം ഭൂമിയിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org