എന്‍റെ മതങ്ങള്‍

എന്‍റെ മതങ്ങള്‍

കേരളത്തില്‍ ജീവിക്കുന്ന കത്തോലിക്കന്‍ എന്ന നിലയില്‍, എന്‍റെ വലവും ഇടവും ഹിന്ദുവും മുസല്‍മാനുമാണ്. കത്തോലിക്കന്‍ എന്നതിന്‍റെ അര്‍ത്ഥം എല്ലാവരെയും ബന്ധിക്കുന്നത് എന്നാണ്. എന്നേക്കാള്‍ ശ്രേഷ്ഠരെ എനിക്കു ചുറ്റും ഞാന്‍ കാണുന്നു. എന്‍റേത് എന്നു ഞാന്‍ പറയുന്ന മതസ്ഥരേക്കാള്‍ നല്ലവര്‍ എനിക്കു ചുറ്റുമുണ്ട്. അന്യരല്ല, അവരുടെ മതവും അന്യമല്ല. ആ മതങ്ങളെ അന്യമാക്കുമ്പോള്‍ എന്‍റെ കത്തോലിക്കാ സ്വഭാവം ഏതോ ഗോത്രത്തില്‍ ആയപോലെ തോന്നുന്നു. ആ മതങ്ങള്‍ എനിക്ക് അന്യമാകാന്‍ പാടില്ല. ബെര്‍ണാര്‍ ഡ് ലോനര്‍ഗന്‍ എന്ന ദൈവശാസ്ത്രജ്ഞന്‍ എഴുതി: "മറ്റു മതങ്ങളിലേക്കു ഞാന്‍ പോകുന്നത് അന്യരെപ്പോലെയോ അവിശ്വാസികളെപ്പോലെയോ ദൈവത്തിന്‍റെ ശത്രുക്കളെപ്പോലെയോ അല്ല. നമ്മള്‍ അവരുമായി ആത്മാവില്‍ ഒന്നാണ്, അവരിലും ആത്മാവിന്‍റെ ഫലങ്ങള്‍ പ്രതീക്ഷിക്കാം."

മനുഷ്യനെന്ന വിധത്തില്‍ കലാസാഹിത്യത്തിന്‍റെയും മതത്തിന്‍റെയും ആധാരം ബോധതലമാണ്. അകത്തേയ്ക്കു മടങ്ങി അകത്തെ സത്യം കണ്ടെത്തുക എന്ന അഗസ്റ്റിന്‍റെ പാത നിരാകരിക്കാനാവില്ല. വിലപ്പെട്ടതെല്ലാം ആന്തരികതയുടെ ദാനങ്ങളാണ്. ജീവിതവും അതിന്‍റെ സ്ഥലകാല സാദ്ധ്യതകളും പൂര്‍ണമായി ദാനമാണ് എന്ന് അതു തിരിച്ചറിയുന്നു. ബോധമണ്ഡലം ഉണ്ടാക്കുന്നതോ അതില്‍ വന്നു വീഴുന്നതോ ആണു ദൈവബോധവും. അതിനെ ചിലര്‍ ദൈവാനുഭവം എന്നും പറയുന്നു. പക്ഷേ, നാം ഏതെങ്കിലും വസ്തുവിനെ കാണുകയും സ്പര്‍ശിക്കുകയും രുചിക്കുകയും ചെയ്യുന്നതുപോലെ ഒരനുഭവമല്ല ഇത്. ബോധമണ്ഡലത്തില്‍ അനുഭവിക്കുന്ന ഈശ്വരന്‍ എന്നതിനേക്കാള്‍ ഐശ്വരീയമായിരിക്കും. ബൈബിള്‍ വെളിവാക്കുന്നതു വിശുദ്ധിയാണ് – അഥവാ വെളിപാടു വിശുദ്ധിയുടെയാണ്. എക്കാര്‍ട്ട് എഴുതിയതുപോലെ "എല്ലാ സൃഷ്ടികളിലും ദൈവത്തിന്‍റെ ഭാഷണമുണ്ട്." ദൈവത്തിന്‍റെ അസ്തിത്വം എല്ലാം പ്രകാശിപ്പിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ മൂര്‍ത്തമായ രൂപമാണു യേശുക്രിസ്തു. ക്രിസ്തു ത്രിത്വത്തിന്‍റെ മൂന്നിലൊന്നാണ്. അതൊരു ഏകത്വത്തിന്‍റെ ആധിപത്യമല്ല; മൂന്നിന്‍റെ കൂട്ടായ്മയാണ്. ക്രിസ്തുവിന്‍റെ ദൈവത്തെ സ്നേഹിക്കാന്‍ ഞാന്‍ അയല്‍ക്കാരനിലേക്കു തിരിയണം. അപരന്‍റെ മുഖം എനിക്കു ക്രിസ്തുവിന്‍റെ വെളിപാടിടമാണ്. എന്നാല്‍ ഉപനിഷദ് മഹാവാക്യങ്ങളനുസരിച്ചു ഞാന്‍ ബ്രഹ്മമാണ്, അതു നീയാണ്. ബുദ്ധമതം കരുണയുടെ വഴി നടക്കുന്നു. ഇതൊക്കെ ഒന്നാണ് എന്നു പറയാന്‍ ഞാന്‍ തയ്യാറല്ല; വ്യത്യസ്ത വഴികളാണ്.

എന്നാല്‍ മനസ്സിനെ വായിച്ചു നടത്തുന്ന ദൈവാനുഭവ ആഖ്യാനങ്ങള്‍ ഭിന്നമായി മാറുന്നു. അതെല്ലാം ഒന്നാണ്, പണ്ഡിതന്മാര്‍ ഭിന്നമായി കല്പിക്കുന്നു എന്നതു വ്യത്യാസങ്ങളെ അവഗണിക്കലാകും. പക്ഷേ, അകത്തേയ്ക്കു തിരിയുന്നവനു ധര്‍മ്മബോധം തെളിയാതിരിക്കില്ല. അതിനു ദൈവികം എന്നു വിളിക്കണമെന്നു നിര്‍ബന്ധമില്ല. ആ വാക്കു പ്രിയമല്ലാത്തവരുണ്ടാകാം. ഈ ആന്തരികതയെ ഞാനോ എന്‍റെ സമൂഹമോ മനസ്സിലാക്കിയതില്‍ കൂടുതല്‍ ഇല്ല എന്ന ശാഠ്യം വേണ്ട എന്നതാണ് എന്‍റെ അഭിപ്രായം. ദൈവികത വ്യത്യസ്തത പേറുന്നു എന്നല്ലേ ത്രിത്വം വെളിവാക്കുന്നത്? ഒരു ഭാഷയുടെ ലോകമല്ലിത്. ഭാഷ ചിതറിയ ലോകമാണ്. ദൈവികതയെ ഞാന്‍ പരിമിതപ്പെടുത്താന്‍ തയ്യാറില്ല. പക്ഷേ, ഏതു മനസ്സിലാക്കലും പരിമിതമായിരിക്കും. മനസ്സിലാക്കിയതൊന്നും ദൈവമല്ലെന്നും പറയണം.

എന്‍റെ അയല്ക്കാരന്‍ പീറ്ററിനെയും എന്‍റെ സഹപ്രവര്‍ത്തക ലില്ലിയെയും ഞാന്‍ അറിയുന്നു. ആകസ്മികമായാണു പീറ്ററിനെ പട്ടാളത്തില്‍വച്ചു പരിചയമായിരുന്ന സുഹൃത്ത് കേട്ടിട്ടില്ലാത്ത ചില കാര്യങ്ങള്‍ എന്നോടു പറയുന്നത്. അതൊക്കെ ഭിന്നമായിരുന്നു, എന്‍റെ അറിവിനെ വെല്ലുവിളിക്കുന്നതായിരുന്നു. ലില്ലിയെക്കുറിച്ച് അവളുടെ കോളജ് കൂട്ടുകാരന്‍ പറഞ്ഞതും അമ്പരപ്പിക്കുന്നു. അപ്രതീക്ഷിതമായ കഥകള്‍, ആഖ്യാനങ്ങള്‍. ഇതൊന്നും എനിക്കു നിഷേധിക്കാനാവില്ല. ദൈവികതയെ ഒരു പാത്രത്തിലും അടച്ചുകാക്കാനാവില്ല. അറിഞ്ഞതില്‍ കൂടുതല്‍ അറിയാനും വെളിവാകാനും ഞാന്‍ വാതില്‍ തുറന്നിടണം. എന്‍റെ വേദം മനസ്സിലാക്കാന്‍ അതൊക്കെ സഹായിക്കുന്നു. കാള്‍ റാനര്‍ എഴുതി "നമുക്ക് എപ്പോഴും പരിചിതമായത്, നമ്മള്‍ സ്നേഹിക്കുന്നു, അതു നമ്മെ ഭയപ്പെടുത്തുകപോലും ചെയ്യുന്നു, ചിലപ്പോള്‍ ശല്യപ്പെടുത്തുന്നു, കോപിപ്പിക്കുന്നു."

മതങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നു; അതുകൊണ്ട് അവയെ ശ്രദ്ധിക്കണം. സൃഷ്ടികളില്‍ ദൈവത്തിന്‍റെ അസാന്നിദ്ധ്യമോ സാന്നിദ്ധ്യമോ പല രൂപഭാവങ്ങളിലായിരിക്കും. വ്യത്യസ്തമായ സാക്ഷ്യങ്ങള്‍ ഉണ്ടാകും. ഞാന്‍ രക്ഷാകരമെന്നു കരുതുന്ന ചരിത്രത്തിലേക്കു ദൈവത്തിന്‍റെ ചെയ്തികളെ ഒതുക്കണോ? വ്യത്യസ്തതകള്‍ ഐക്യപ്പെടുത്തുന്ന കൂട്ടായ്മ ദൈവത്തിലുമുണ്ട്. മറ്റു മതങ്ങളെ നിഷ്പക്ഷമായി കാണാന്‍ പറ്റിയ ഒരു ഇടവുമില്ല. സ്നേഹത്തിന്‍റെ മതം അനുഗമിക്കണം, സ്നേഹം പോകുന്ന വഴിയാണ് എന്‍റെ മതം. "ദൈവത്തില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" എന്ന് എക്കാര്‍ട്ട് എഴുതി. എന്‍റെ വ്യക്തിപരമോ ഞങ്ങളുടെ സംഘപരമോ ആയ ദൈവസങ്കല്പത്തിനു പുറത്തേയ്ക്കു പോകാനും എനിക്കു കഴിയണം. എല്ലാറ്റിലും ഒന്നുപോലെ ദൈവത്തെ കാണുന്നവനാകണം മനുഷ്യന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org