Latest News
|^| Home -> Pangthi -> ചിന്താജാലകം -> ഒരു പിതാവിന്‍റെ നഗ്നത

ഒരു പിതാവിന്‍റെ നഗ്നത

ഫാ. പോള്‍ തേലക്കാട്ട്

മനുഷ്യനും മൃഗവും തമ്മില്‍ വേര്‍തിരിയുന്നതു നഗ്നതാബോധത്തിലാണ്. നഗ്നതാബോധം മനുഷ്യനു മാത്രമാണ്. മനുഷ്യന്‍ ഭാഷിക്കുന്നു, അവനു ഭാഷയുണ്ട്. മൃഗങ്ങള്‍ക്കു ഭാഷണസംസംസ്കാരമില്ല; മനുഷ്യനു മാത്രമാണു നാണം. ഞാന്‍ എന്താണ് എന്ന അവബോധത്തില്‍നിന്നാണു നാണം. ഞാന്‍ എന്ന ബോധമാണു മനുഷ്യന്‍റെ ആത്മകഥാപരമായ മാനം. ഭാഷയില്ലാത്ത മൃഗത്തില്‍ ഈ ബോധമില്ല. ഞാന്‍ എന്ന ബോധം എനിക്കു കഴിയും എന്ന ബോധമാണല്ലോ. ഇത് ആധിപത്യജ്വരമാകാം – ആധിപത്യത്തിനു കഴിയുന്നവനാണു മനുഷ്യന്‍.

സാഹിത്യത്തില്‍ ശ്രദ്ധേയമായ കഥയാണ് ഉത്പത്തി 9-ാം അദ്ധ്യായത്തിലെ നോഹയുടെ കഥ. ആ കഥയ്ക്കു രണ്ടു ഭാഗമുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ രണ്ടു പാരമ്പര്യങ്ങളുടേതാകാം. ഒന്നു മുതല്‍ ഏഴു വരെയുള്ള വചനങ്ങളുടെ ഒന്നാം ഭാഗവും 18-27 വരെയുള്ള രണ്ടാം ഭാഗവും. പുതിയ സൃഷ്ടിയുടെ കഥയാണ് ഒമ്പതാം അദ്ധ്യായം വിവരിക്കുന്നത്. നോഹ പുതിയ ആദമാണിവിടെ. മനുഷ്യനും മൃഗങ്ങളും പ്രപഞ്ചവും ദൈവവും തമ്മിലുള്ള പുതിയ ഉടമ്പടിയുടെ മഴവില്ലു പ്രളയാനന്തരലോകമാണു കാണിക്കുന്നത്. മഴവില്ലു വളഞ്ഞു കുമ്പിടുന്നു; ദൈവം അക്രമം അവസാനിപ്പിച്ചു. ജന്തുജാലങ്ങളും മനുഷ്യരും സഹവസിക്കുകയും ഒത്തുവസിക്കുകയും ചെയ്യുന്ന പുതിയ ഭൂമിയും അതിനായി ദൈവം സൃഷ്ടിക്കുന്ന ഉടമ്പടിയും.

ഉത്പത്തി പുസ്തകത്തിലെ നോഹയുടെ കഥയുടെ ആദ്യഭാഗം ഏദന്‍തോട്ടത്തിന്‍റെ സ്ഥിതിയാണ്. അവന്‍ ഭൂമിയില്‍ കൃഷി ചെയ്തു. അവന്‍റെ അദ്ധ്വാനഫലം അവന്‍ കൊയ്തു. പഴവുമായി ബന്ധപ്പെട്ടതാണു പാപം; നന്മതിന്മകളുടെ വൃക്ഷത്തിന്‍റെ ഫലം. നോഹയുടെ മുന്തിരി കുലച്ചു ഫലങ്ങളായി, അതിന്‍റെ വീഞ്ഞവന്‍ കുടിച്ചു. അവന്‍ നഗ്നനായി ബോധമറ്റു കിടക്കുന്നതു മകന്‍ കണ്ടു. അവന്‍ നഗ്നനായി എന്നതാണു ശാപമായി മാറിയത്. പുരുഷനും സ്ത്രീയും നഗ്നരാണു എന്നു മനസ്സിലാക്കിയതു പഴം ഭക്ഷിച്ചാണ്. തന്‍റെ നഗ്നത തിരിച്ചറിയാന്‍ കഴിയാത്തവനായി കാണപ്പെടുകയാണ്. നഗ്നതയില്‍ മനുഷ്യന്‍ അവന്‍റെ മനുഷ്യത്വത്തില്‍ നിന്നു പിന്നോട്ടു പോയി അവന്‍ മൃഗാവസ്ഥയിലെത്തി. അവന്‍ നാണമില്ലാത്തവനായി എന്നതു വെളിവായി.

രണ്ടു മക്കള്‍ തുണി കൊണ്ടുവന്നു പിതാവിനെ ധരിപ്പിച്ചിട്ടും അവന്‍ നാണമുള്ളവനായി മാറിയോ? കഥയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രസക്തിയിതാണ്. രണ്ടാം ഭാഗത്തു നോഹ ശപിക്കുകയാണ്. ഫലമായി മകനും മകന്‍റെ മകനുമായുള്ള ബന്ധം പുതുതായി നിര്‍വചിക്കപ്പെടുന്നു. മകനും മകന്‍റെ മകനും കുടുംബബന്ധവും സാഹോദര്യവും നഷ്ടമായി. അവര്‍ ദാസരായി, അടിമകളായി. നാണമില്ലാത്ത മൃഗത്തിന്‍റെ അവസ്ഥയിലേക്ക് അവരെ അടിച്ചൊതുക്കി. തന്‍റെ നഗ്നത കാണിച്ചവനെ നാണംകെട്ടവരുടെ അവസ്ഥയിലേക്കു തള്ളി.

ദൈവം തീര്‍ത്ത ശാന്തിയുടെ ഉടമ്പടിയുടെ മഴവില്ലിനു കീഴില്‍ കഴിയാന്‍ നോഹയ്ക്കു സാധിച്ചില്ല. തന്‍റെ മൃഗീയത വെളിപ്പെടുത്തിയവന്‍റെ മേല്‍ ആധിപത്യം സൃഷ്ടിച്ച അവരെ മൃഗതുല്യരാക്കി അടിമകളാക്കി. ജലപ്രളയകഥയുടെ താരമായ നോഹ നീതിമാനായിരുന്നു, ഗോത്രപിതാവുമായിരുന്നു. കുടിച്ച് ഉന്മത്തനായി ബോധം പോയി മൃഗതുല്യനായവന്‍ പിന്തിരിഞ്ഞു മനുഷ്യത്വത്തിലേക്കു മടങ്ങുന്നില്ല. അവന്‍ മൃഗീയതയിലേക്ക് ആഴ്ന്നുവീഴുകയാണ്. അവന്‍ ബന്ധുവിനെ മൃഗമാക്കി; യഥാര്‍ത്ഥ മനഷ്യന്‍റെ യോഗ്യതയില്ലാതായി.

നഗ്നത കണ്ടതു കാനാനാണ്, ശപിക്കപ്പെട്ടതു ഹാമാണ്. കറുത്തവരെ അടിച്ചമര്‍ത്തിയ ആധിപത്യകഥയാണിത്. സഹോദരന്‍, മകന്‍ എന്നീ വിധത്തിലുള്ള സംരക്ഷണം ഇല്ലാതാക്കുന്നു. നഗ്നനായവന്‍റെ നോട്ടം അടിമയാക്കുന്നു; മൃഗീയമാക്കുന്നു. മനുഷ്യന്‍ അധികാരം പ്രയോഗിക്കുന്ന മണ്ഡലമായി മൃഗങ്ങള്‍. പ്രളയാനന്തരം മനുഷ്യന്‍ മൃഗങ്ങളുടെ മേല്‍ അധിപത്യം സൃഷ്ടിക്കുന്നതായി മാറുന്നു. മഴവില്ല് ദൈവത്തിന്‍റെ ഭരണമാണു സൃഷ്ടിച്ചത്. മഴവില്ല് താഴ്ന്ന ഭൂമിയെ തൊടുന്ന മഴവില്ലിന്‍റെ അധികാരം നോഹ ലംഘിക്കുന്നു. അമ്പും വില്ലുമായി വരുന്ന ദൈവമല്ല, കുനിയുകയും വളയുകയും ചെയ്യുന്ന ദൈവത്തിന്‍റെ വാഗ്ദാനമാണു ലംഘിക്കപ്പെട്ടത്. ദൈവം തന്നെ തന്‍റെ അക്രമത്തില്‍ പശ്ചാത്തപിച്ചു. പക്ഷേ, മനുഷ്യന്‍ ആ അധികാരം കവര്‍ന്നെടുത്തു. മനുഷ്യന്‍റെ അധികാരത്തില്‍ ഭയന്നുവിറയ്ക്കുന്ന അവസ്ഥ സംജാതമായതു സസ്യഭോജിയായ മനുഷ്യന്‍ മാംസഭോജിയായപ്പോഴാണ്. ഉത്പത്തിയുടെ പ്രളയാനന്തരകഥ വൈരാധിപത്യങ്ങളുടെ ഉത്പത്തിക്കഥയായി വായിക്കാം.

“നീയല്ലങ്കില്‍ നിന്‍റെ തന്ത വെള്ളം കലക്കി” എന്നു പറയുന്ന കുറുക്കന്‍റെയും കുഞ്ഞാടിന്‍റെയും കഥ മനഷ്യന്‍ ആധിപത്യത്തിന്‍റെ മൃഗമായ കഥയാണ്. ദൈവത്തിന്‍റെ ഉടമ്പടിയുടെ മഴവില്ല് ഉതിര്‍ന്നു പോയ കഥ. “ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗ”ത്തിന്‍റെ ഭരണത്തിന്‍റെ വെളിപാട്. ഈ മൃഗത്തെയാണു തോമസ് ഹോബ്സ് ലോവിയാത്തന്‍ എന്നു വിളിച്ചത്. അന്യവും വന്യവുമായ രാഷ്ട്രീയ മൃഗീയതയുടെ പ്രതിസന്ധിയാണു ഡാനിയേലിന്‍റെ പുസ്തകം അവതരിപ്പിക്കുന്നത്. ഭരിക്കുന്ന മൃഗങ്ങളായി മാറുന്ന സ്ഥിതി. ക്രിസ്തുവാകുന്ന കുഞ്ഞാടിന്‍റെ ഭരണം എന്താണെന്നും എങ്ങനെ ഉണ്ടാകുമെന്നും ആലോചിക്കണം. അധികാരം ചെറുതിലൂടെയും ബലഹീനതയിലൂടെയും വരുന്നു. ക്രിസ്തുവിന്‍റെ അധികാരം വചനത്തിന്‍റെ മാത്രമാണ്.

Leave a Comment

*
*