വസ്തുക്കള്‍ ദൈവവചനങ്ങള്‍

വസ്തുക്കള്‍ ദൈവവചനങ്ങള്‍

മനുഷ്യബുദ്ധിയെ ജര്‍മന്‍ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് ദൈവത്തിന്‍റെ പേരു (Nomen Dei) എന്നു വിളിക്കുന്നു. അതാണു മനുഷ്യന് അവന്‍റെ അനന്യത നല്കുന്നത്. കാരണം മനുഷ്യന്‍ ദൈവത്തിന്‍റെ രൂപത്തിലാണ് (ad imaginen Dei) അതുകൊണ്ടുതന്നെ മനുഷ്യനും ദൈവവും തമ്മിലുള്ള ഐക്യം സാധിതമാകുന്നതു ബുദ്ധിയിലാണ്. ഏതു രൂപമില്ലാത്തതിനെയും രൂപത്തിലാക്കുന്നതാണു ബുദ്ധി.

ബുദ്ധിയെ എക്കാര്‍ട്ട് ഒരു പട്ടണത്തോട് ഉപമിക്കുന്നു. പട്ടണം എല്ലാ വിധത്തിലും സംരക്ഷിക്കപ്പെടണം. "സത്യമായും ഏറ്റവും ലളിതമായതും ഏതു വിധത്തിലും ഉന്നതവും ശക്തമായതുമായ ഇതു ഒരു ശക്തിക്കും ദൈവത്തിനുപോലും ഒരു വിധത്തിലും അതിലേക്കു നോക്കാന്‍ പോലും ഇട നല്കരുത്." ദൈവത്തില്‍ നിന്നുപോലും കോട്ട കെട്ടി സ്വതന്ത്രമായ ഒരു ലോകമാണു ബുദ്ധിയുടെ മണ്ഡലം. ഈ ബുദ്ധി മനുഷ്യന്‍റെ മറ്റു കഴിവുകളില്‍ ഒന്നുപോലെയല്ല. എല്ലാ കഴിവുകളിലും നിന്ന് ഉന്നതവും വ്യത്യസ്തവുമാണു ബുദ്ധി. "നിങ്ങള്‍ ബുദ്ധിയെ അസ്തിത്വം എന്നു വിളിച്ചാലും എനിക്കു വിരോധമില്ല" എന്ന് എക്കാര്‍ട്ട് എഴുതി. "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ടു ഞാനുണ്ട്" എന്ന വിധത്തില്‍ ചിന്തയെ അസ്തിത്വമാക്കുന്ന സമീപനത്തിന്‍റെ ആദിരൂപം.

ഒരുവശത്ത് ആത്മാവില്‍ ദാരിദ്ര്യം അഭ്യസിച്ചുകൊണ്ട്, അതായത് അനാസക്തികൊണ്ടു ദൈവത്തില്‍നിന്നുപോലും സ്വതന്ത്രനാകാം എന്ന് അദ്ദേഹം എഴതുന്നുണ്ട്. അതിനദ്ദേഹം കാരണം പറയുന്നു, "സ്നേഹം ദൈവത്തെ സ്നേഹിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നുവെങ്കില്‍ അനാസക്തി എന്നെ സ്നേഹിക്കാന്‍ ദൈവത്തെ നിര്‍ബന്ധിക്കുന്നു."

ആത്മീയത എന്നതു അദ്ദേഹത്തിനു ലോകത്തില്‍നിന്ന് ഓടി ഒളിക്കുന്നതോ ഏകാന്തതയില്‍ ജീവിക്കുന്നതോ അല്ല. "സാധനങ്ങളിലൂടെ കടന്നു ദൈവത്തെ കണ്ടെത്തുന്നതാവും." ഈ കടന്നുപോയി കണ്ടെത്തല്‍ ബുദ്ധി നടത്തുന്ന ഒരു കര്‍മ്മമാണ് ദൈവാന്വേഷണം. എന്നാല്‍ ദൈവത്തെ അന്വേഷിച്ചു വഴി നടക്കുന്നവന്‍ വഴി മാത്രം കാണുന്നു, കാരണം ദൈവം വഴിയില്‍ മറഞ്ഞിരിക്കുന്നു. എല്ലാ സാധനങ്ങളും ദൈവത്തിന്‍റെ വചനമാണ്, സംഗീതമാണ്, കലയാണ്. എല്ലാത്തിലും ദൈവം മറഞ്ഞിരിക്കുന്നു. എല്ലാ സൃഷ്ടികളും ദൈവത്തിനു ജന്മം നലകാന്‍ കാത്തിരിക്കുന്നു. ദൈവം നിന്‍റെ വീട്ടിലാണ്, പക്ഷേ, നീ വീടുവിട്ട് ഇറങ്ങി പോകുന്നു. വസ്തുക്കളെക്കൊണ്ടു നിറഞ്ഞവന്‍ ദൈവമില്ലാത്തവനാണ്; വസ്തുക്കളെല്ലാം പുറത്താക്കിയവന്‍ ദൈവത്തില്‍ നിറഞ്ഞവനുമാണ്. വസ്തുക്കളിലെ മറനീക്കി ദൈവത്തെ കാണാനുള്ള കഴിവാണു മനുഷ്യന്‍റെ ബുദ്ധി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org