കുരിശുപള്ളികളും കപ്പേളകളും

കുരിശുപള്ളികളും കപ്പേളകളും

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലത്ത് (1599-ല്‍) കേരളത്തില്‍ നസ്രാണികള്‍ക്കു 105 പള്ളികളാണുണ്ടായിരുന്നത്. ഈ പള്ളികളെ ഇടവകപള്ളി, കുരിശു പള്ളി, കപ്പേള എന്നിങ്ങനെ വിവിധ പേരുകളില്‍ വിളിക്കുകയോ തരം തിരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സൂനഹദോസില്‍ വച്ച് 105 പള്ളികളില്‍ 72 പള്ളികളെ ഇടവക പള്ളികളായി ഉയര്‍ത്തുകയും അവയുടെ ചുമതലക്കാരായിരുന്ന വൈദികരെ (കത്തനാരന്മാരെ) ഇടവക വികാരിമാരായി ഉയര്‍ത്തി കല്പന നല്കുകയും ചെയ്തു. ഇടവക പള്ളികളായി ഉയര്‍ത്തപ്പെടാത്ത അതേസമയം പൂര്‍ണദേവാലയങ്ങളായിരുന്ന പള്ളികള്‍ കുരിശുപള്ളികളായി എണ്ണപ്പെടുകയും ചെയ്തു. തുടര്‍ന്നു മൂന്നു നൂറ്റാണ്ടോളം ഈയവസ്ഥ തുടര്‍ന്നു. ഇടവക പള്ളികളിലും കുരിശുപള്ളികളിലും വിശുദ്ധ കുര്‍ബാനയും ഇതര തിരുക്കര്‍മ്മങ്ങളും അനുഷ്ഠിച്ചിരുന്നു. ചില കുരിശുപള്ളികളില്‍ വൈദികര്‍ താമസിക്കുകയും ഇടവകയ്ക്കു സമാനം പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ചില കുരിശുപള്ളികളില്‍ വൈദികര്‍ താമസിച്ചിരുന്നില്ല; അങ്ങനെയുള്ള കുരിശുപള്ളികളിലെ കാര്യങ്ങള്‍ അതിന്റെ ഇടവക പള്ളിയിലെ വികാരിമാര്‍ തന്നെ നടത്തുകയായിരുന്നു പതിവ്. അതേസമയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധംവരെ ഈ രണ്ടു ഗണത്തിലെയും പള്ളികളെ പൊതുവില്‍ പള്ളികള്‍ എന്നു മാത്രമാണ് വിശേഷിപ്പിച്ചിരുന്നത്. അതായത് ഇടവകപ്പള്ളി, കുരിശുപള്ളി എന്ന തിരിവ് ഉണ്ടായിരുന്നില്ലെന്നു സാരം. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈ തിരിവ് പള്ളിരേഖകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1880-ലെ സഭാ പഞ്ചാംഗത്തില്‍ ഇടവകപള്ളിയും കുരിശുപള്ളിയും തിരിച്ചു എഴുതിത്തുടങ്ങി; 1880-കളുടെ അവസാനത്തില്‍ കപ്പേള എന്ന വാക്കും. കുരിശുപള്ളികള്‍ക്കു കുരിശുപുര എന്നും വിശേഷിപ്പിച്ചു കാണുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും കച്ചേരിയിലേക്കു സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളിലാണ് ഈ വാക്കു കൂടുതലായി ഉപയോഗിച്ചു കാണുന്നത്. കുരിശുപള്ളിക്കു പകരം കപ്പേള എന്നും എഴുതി തുടങ്ങി. രണ്ടു വാക്കുകളും ഒന്നിനു പകരം മറ്റൊന്നായി മാറിമാറി ഉപയോഗിച്ചിരുന്നുവെന്നു സാരം. എങ്കിലും ഈ കാലഘട്ടത്തില്‍ സൂചിപ്പിക്കുന്ന മിക്കവാറും കപ്പേളകളില്‍ ഞായറാഴ്ചകളിലും മറ്റും വിശുദ്ധ ബലിയര്‍പ്പിച്ചിരുന്നു. ആകയാല്‍ അവയെ കുരിശുപള്ളികളായും എണ്ണിയിരുന്നു. അവ കാലാന്തരത്തില്‍ ഇടവകപള്ളികളായി മാറുകയും ചെയ്തു.
എന്നാല്‍ ഇതില്‍ നിന്നും ഭിന്നമായി കുരിശുപള്ളിയുടെ സ്റ്റാറ്റസിലേക്കും പിന്നീട് ഇടവകപ്പള്ളിയുടെ സ്റ്റാറ്റസിലേക്കും ഉയര്‍ത്തപ്പെടാത്ത മൂന്നാമതൊരു ഗണം ഉണ്ട്. അതിനെയാണ് ഇന്ന് കപ്പേള എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നത്. ചെറിയ പ്രാര്‍ത്ഥനാലയം എന്നാണ് ഇതിന്റെ അര്‍ത്ഥം. 'കപ്പേല' (Capela) എന്ന പോര്‍ട്ടുഗീസു വാക്കില്‍ നിന്നാണു 'കപ്പേള' എന്ന വാക്കിന്റെ ഉത്ഭവം. കപ്പേല എന്ന പോര്‍ട്ടുഗീസു വാക്കിന്റെ ഇംഗ്ലീഷ് അര്‍ത്ഥം Chapel എന്നാണ്. ഈ വാക്കിനു പിന്നില്‍ ഒരു ചരിത്രമുണ്ടെന്ന് ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍ എഴുതുന്നു: "ഫ്രാന്‍സിന്റെ മധ്യസ്ഥനായി വന്ദിക്കപ്പെടുന്ന ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ (316-397) വലിയ കാരുണ്യവാനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ പുറം കുപ്പായത്തിന്റെ പകുതി ഒരു ഭിക്ഷുവിനു ദാനം ചെയ്തു. പിന്നീട് താന്‍ ദാനം കൊടുത്ത അര്‍ദ്ധവസ്ത്രമണിഞ്ഞ ക്രിസ്തുവിനെ ഒരു ദര്‍ശനത്തില്‍ അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ കുപ്പായം ഫ്രാന്‍സിലെ രാജാക്കന്മാര്‍ പൂജ്യവസ്തുവായി കരുതി സ്വകാര്യ പ്രാര്‍ത്ഥനാലയത്തില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചു. അവര്‍ യുദ്ധത്തിന് പോകുമ്പോള്‍, വിജയത്തിന്റെ അച്ചാരമായിക്കരുതി അതു കൊണ്ടുപോയിരുന്നു. ആ പെട്ടിയില്‍തൊട്ടു സത്യം ചെയ്യുന്ന പതിവുമുണ്ടായി. പുറംകുപ്പായത്തിനു കാപ്പ എന്നാണു പറഞ്ഞിരുന്നത്. കാപ്പയ്ക്കും കാപ്പ സൂക്ഷിച്ചിട്ടുള്ള പേടകത്തിനും പില്ക്കാലത്ത് ആ പേടകമിരിക്കുന്ന പ്രാര്‍ത്ഥനാലയത്തിനും 'കപ്പെല്ല' എന്ന പേരുവന്നു.

വി. മാര്‍ട്ടിന്റെ ദേവാലയമാണ് ഇന്നത്തെ കപ്പേളകളുടെയെല്ലാം
ആദിമ രൂപം. മധ്യയുഗത്തില്‍ കപ്പേളകള്‍ ശില്പവിദ്യയുടെ
വിളനിലങ്ങളായി. ഇന്നും ശില്പസൗഭഗത്തോടുകൂടിയ കപ്പേളകള്‍
പണിയുന്നു. ചെറിയ പ്രാര്‍ത്ഥനാലയമായി ഉപയോഗിക്കുന്ന
ഒരു മുറി എന്നും കപ്പേളയ്ക്ക് അര്‍ത്ഥമുണ്ട്.


'ചെറിയ കാപ്പ' എന്നാണ് 'കപ്പെല്ല' എന്ന വാക്കിന്റെ അര്‍ത്ഥം (ചെറുത് എന്ന് കാണിക്കാന്‍ എല്ലാ എന്ന പ്രത്യയം ചേര്‍ത്തിരിക്കുന്നു). 'കപ്പെല്ലാ സാക്തീ മര്‍ത്തീനി' (വിശുദ്ധ മാര്‍ട്ടിന്റെ ചെറുദേവാലയം) എന്ന് ആ പ്രാര്‍ത്ഥനാലയത്തിന് പേരുവന്നു. അങ്ങനെ കാപ്പ എന്നതിന് ദേവാലയമെന്നും കപ്പെല്ലാ എന്നതിനു ചെറുദേവാലയം എന്നു പേരായി. ഈ കപ്പെല്ലാ എന്ന വാക്കാണ് ഇംഗ്ലീഷില്‍ ചാപ്പല്‍ (Chapel) എന്നും പോര്‍ത്തുഗീസില്‍ കപ്പേല എന്നും മലയാളത്തില്‍ കപ്പേള എന്നും രൂപംമാറി പ്രചരിച്ചത്. ('ക' കാരം ഇംഗ്ലീഷില്‍ 'ച' കാരമാകുന്നതുകൊണ്ട് ചാപ്പല്‍ എന്ന് പറയുന്നു).
വി. മാര്‍ട്ടിന്റെ ദേവാലയമാണ് ഇന്നത്തെ കപ്പേളകളുടെയെല്ലാം ആദിമ രൂപം. മധ്യയുഗത്തില്‍ കപ്പേളകള്‍ ശില്പവിദ്യയുടെ വിളനിലങ്ങളായി. ഇന്നും ശില്പസൗഭഗത്തോടുകൂടിയ കപ്പേളകള്‍ പ ണിയുന്നു. ചെറിയ പ്രാര്‍ത്ഥനാലയമായി ഉപയോഗിക്കുന്ന ഒരു മുറി എന്നും കപ്പേളയ്ക്ക് അര്‍ത്ഥമുണ്ട്. ആശുപത്രികള്‍, യൂണിവേഴ്‌സിറ്റികള്‍ മുതലായ സ്ഥാപനങ്ങളിലെ പ്രാര്‍ത്ഥനാമുറിക്ക് കപ്പേള എന്നാണല്ലോ പറയുന്നത്" (ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, ക്രൈസ്തവ ശബ്ദ കോശം, PP. 45-46).
പതിനേഴാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ അങ്ങിങ്ങായി ചില ഒറ്റപ്പെട്ട കപ്പേളകള്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് മേല്പറഞ്ഞ പ്രകാരമുള്ള കപ്പേളകള്‍ കേരളത്തില്‍ നസ്രാണി പള്ളികള്‍ക്കു കീഴില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കുരിശുപള്ളികളല്ലാത്ത നൂറു കണക്കിനു കപ്പേളകള്‍ വിവിധ ക്രൈസ്തവ വിഭാഗത്തിന്റേതായി കേരളത്തില്‍ സ്ഥാപിക്കപ്പെട്ടു. ഇതിനു പുറമെ കുരിശുകളും കുരിശടികളും. ഒരു കപ്പേളയെങ്കിലും ഇല്ലാത്ത പള്ളികള്‍ ഇന്നു വിരളമാണ്. പള്ളിവക സ്ഥലത്ത് ഇടവകപ്പള്ളികളില്‍ നിന്നും നേരിട്ടു പണിയിച്ചവ, പള്ളിവക സ്ഥലത്തു സ്വകാര്യവ്യക്തിയോ, വ്യക്തികളോ പണിയിച്ചവ,ദാനം കിട്ടിയ സ്ഥലത്തു ഇടവകാംഗങ്ങള്‍ പണിയിച്ചവ, സ്ഥലവും കപ്പേളയും ദാനമായി ലഭിച്ചവ എന്നിങ്ങനെ വിവിധ തരത്തില്‍ പണിയിക്കപ്പെട്ട കപ്പേളകളുണ്ട്. അന്യമതസ്ഥര്‍ സംഭാവന ചെയ്ത സ്ഥലത്ത് പണിയിക്കപ്പെട്ട കപ്പേളകളുമുണ്ട്. 1896-ല്‍ എറണാകുളം വികാരിയാത്തു സ്ഥാപിതമാകുമ്പോള്‍ ഇടവകപ്പള്ളികള്‍ 60-ഉം കുരിശുപള്ളികള്‍ 24-ഉം ആയിരുന്നു. 1922-ല്‍ എറണാകുളം മിസ്സത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 96 ഇടവകപ്പള്ളികളും 6 കുരിശുപള്ളികളും 48 കപ്പേളകളും എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായിരുന്നു. 1950-ലെ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 127 ഇടവകപ്പള്ളികളും 35 കുരിശുപള്ളികളും 144 കപ്പേളകളും അതിരൂപതയിലുണ്ടായിരുന്നു. മേല്പറഞ്ഞ കപ്പേളകളുടെ കണക്കില്‍ ചില കുരിശടികളും ഉള്‍പ്പെട്ടിട്ടുള്ളതായി കാണുന്നു.

അനുചിന്തനം: വഴിയോരങ്ങളില്‍ കാണുന്ന കപ്പേളകള്‍ ധൂര്‍ത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകങ്ങളും അനാവശ്യമായ നിര്‍മ്മാണങ്ങളുമാ ണെന്നു പലരും അഭിപ്രായപ്പെട്ടു കേട്ടിട്ടുണ്ട്. എ ന്നാല്‍ യാത്രയ്ക്കിടയില്‍ ദൈവസാന്നിധ്യ സ്മരണ ഉണര്‍ത്താനും ഒരു നിമിഷം പ്രാര്‍ത്ഥിക്കാനും നാനാ ജാതി മതസ്ഥര്‍ക്കും ഇതു സഹായകമാണെന്ന സത്യം വിസ്മരിക്കപ്പെടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org