കണ്ണടച്ചോളൂ, പക്ഷെ ഇരുട്ടിലാക്കരുത് നവമാധ്യമങ്ങളെ….

കണ്ണടച്ചോളൂ, പക്ഷെ ഇരുട്ടിലാക്കരുത് നവമാധ്യമങ്ങളെ….

ആന്റണി ചടയംമുറി

ആന്റണി ചടയംമുറി
ആന്റണി ചടയംമുറി

'അയ്യപ്പനും കോശിയും' എന്ന സിനിമയില്‍ ഗാനമാലപിച്ച നഞ്ചമ്മയെ റെക്കോഡിങ്ങ് മുറിയില്‍വച്ച് പൃഥ്വിരാജും ബിജുമേനോനും കണ്ടപ്പോള്‍ അവര്‍ ആദിവാസിയായ ഗായികയോടു ചോദിച്ചു: "ഞങ്ങളെ അറിയാമോ?" കേരളത്തില്‍ ഏതു മുക്കിലും മൂലയിലും ഇരുവരും ഇറങ്ങി നടന്നാല്‍ വന്‍ജനക്കൂട്ടം കാണാനുണ്ടാകുമെങ്കിലും അട്ടപ്പാടിയില്‍ പത്രം വായിക്കാെത, ടെലിവിഷന്‍ കാണാതെ കഴിഞ്ഞിരുന്ന നഞ്ചമ്മ ഈ രണ്ട് സിനിമാ നടന്മാെരയും അറിയില്ലെന്നു പറഞ്ഞപ്പോള്‍ നമുക്ക് ഒരു കാര്യം പിടികിട്ടി. അരികു വല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ നമ്മുടെ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് ഏറെ അകലേയ്ക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
നവമാധ്യമങ്ങളില്‍ വന്‍വിജയം നേടുന്ന മലയാളികള്‍ പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളുടെ കണ്‍വെട്ടത്തുനിന്നും അകലെയാണിപ്പോള്‍. പാചകത്തിലൂടെയും വാചകത്തിലൂടെയും നേട്ടങ്ങള്‍ കൊയ്ത വയനാട്ടിലെ അന്നമ്മച്ചേടത്തിക്ക് ഇന്ന് 10 ലക്ഷം കാഴ്ചക്കാരായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത കിളിയന്തറയില്‍ നിന്ന് ഒരു പഴയ ടാറ്റാ വെഞ്ച്വറില്‍ സവാരി തുടങ്ങിയ ഇബുള്‍ ജെറ്റിന് ഇപ്പോള്‍ ആരാധകര്‍ 8 ലക്ഷമാണ്.

യൂട്യൂബിലെ കരിക്ക് എന്ന പരിപാടി ഇപ്പോള്‍ കാണുന്നത് 68.2 ലക്ഷം പേരാണ്. ഈ പരിപാടിയുടെ പിന്നണി പ്രവര്‍ത്തകരില്‍ പ്രധാനികളാണ് എന്റെ പഴയ സഹപ്രവര്‍ത്തകനും പില്‍ക്കാലത്ത് ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രകാരനുമായ പി.എഫ്. മാത്യൂസിന്റെ രണ്ട് പുത്രന്മാര്‍. കരിക്ക് എന്ന പരിപാടിയുടെ 'എല്ലാമെല്ലാമായ' നിഖില്‍ പ്രസാദ് 2018-ല്‍ പ്രഥമ വീഡിയോ യൂട്യൂബില്‍ സം പ്രേക്ഷണം ചെയ്യുമ്പോള്‍ മുതല്‍ മാത്യൂസിന്റെ മക്കളായ ഉണ്ണിയും ആനന്ദും ആ ടീമിലുണ്ട്. 2016-ല്‍ ഒരു ഫേസ്ബുക്ക് പരിപാടി മാത്രമായിരുന്നു കരിക്ക്. പിന്നീട് ഈ ടീമിന്റെ 'തേരാ പാരാ' വന്‍ഹിറ്റായി മാറി.
നമ്മുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മക്കള്‍ സ്വന്തമായി അവരുടെ 'ഇടം' കണ്ടെത്തി വിജയം നേടുമ്പോള്‍ ആ മുന്നേറ്റങ്ങളും കൊടിയേറ്റങ്ങളും നമ്മെ വല്ലാതെ സന്തോഷിപ്പിക്കുന്നു. മൂന്നു വര്‍ഷക്കാലത്തെ 'കരിക്ക്' ടീമിന്റെ പ്രവര്‍ത്തനങ്ങളും അവരുടെ ഭാവികാല പദ്ധതികളും വിവരിക്കുന്ന ഒരു ചോദ്യോത്തര പരിപാടി 2021 ഏപ്രില്‍ 2-ന് അവര്‍ യൂട്യൂബിലിട്ടു. ഏകദേശം ഇരുപതോളം യുവതീയുവാക്കള്‍ കോവിഡിന്റെ പശ്ചാത്തലത്തിലും തളരാതെയും തകരാതെയും പ്രസന്നമായി അവരുടെ വരുംകാല പദ്ധതികള്‍ പങ്കുവച്ചത് കേരളത്തിന്റെ ദീപ്തമായ യുവതയുടെ മുഖമെന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.

ജാതിയോ മതമോ നോക്കാതെ സമൂഹമാധ്യമങ്ങളില്‍ പുതിയ നന്മകൂട്ടായ്മകള്‍ രൂപപ്പെട്ടുവരുമ്പോള്‍ അത്തരം സൗഹാര്‍ദ്ദ കൂടിവരവുകളെ പ്രോത്സാഹിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കടമയുണ്ട്. ആ കടമകളത്രയും ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഒരു കുടപോലെ ചുരുക്കിപ്പിടിച്ച് ആകാശംനോക്കി നില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കാലഘട്ടത്തോട് വേണ്ടവിധം പ്രത്യുത്തരിക്കുന്നതില്‍ പരാജയപ്പെടുകയാണ്.

നമുക്ക് പരിചിതമല്ലാത്ത നവമാധ്യമങ്ങളില്‍ 'ഞങ്ങളെ തോല്പിക്കാനാവില്ലെന്ന' വിപ്ലവകരമായ മുദ്രാവാക്യം മനസ്സില്‍ സൂക്ഷിക്കുന്ന നിരവധി പേരെ നാം കണ്ടെത്തുന്നുണ്ട്. കോവിഡിന് തകര്‍ക്കാന്‍ പറ്റാത്ത സമൂഹത്തിന്റെ അദൃശ്യമായ പടവ് നിര്‍മ്മിതികളില്‍ ഇപ്പോഴും ഭാവിയിലേക്ക് പ്രതീക്ഷയോടെ കണ്ണെറിയുന്ന യുവതീയുവാക്കള്‍ സമൂഹത്തില്‍ ഇന്ന് വ്യാപകമായുള്ള നൈരാശ്യത്തിന്റെയും ആകുലതകളുടെയും മുമ്പില്‍ നാട്ടി നിര്‍ത്താവുന്ന തീ വെട്ടികളാണ്. ഈ തീവെട്ടികളുടെ പ്രകാശം സമൂഹമദ്ധ്യത്തില്‍ പ്രസരിപ്പിക്കാന്‍ പല മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നില്ല. 'എന്തു കച്ചവടമായാലും അത് ഞങ്ങളുടെ കടയിലൂടെ മതി' എന്ന സ്വാര്‍ത്ഥ താത്പര്യം ചിലപ്പോഴെങ്കിലും മുന്‍നിര മാധ്യമങ്ങളില്‍ പ്രകടമാണ്. ഈ പ്രവണത പിന്തുടരാവുന്ന മാതൃകയല്ല.

ഉയിര്‍പ്പ് കഴിഞ്ഞുള്ള ഈ ദിനങ്ങളില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും തമസ്‌ക്കരിക്കപ്പെട്ടവരുമായവരുടെ ജീവിതവിജയകഥകള്‍ നാടറിയണം, നാട്ടാരറിയണം. മറ്റുള്ളവര്‍ക്ക് സാമ്പത്തിക ലാഭമുണ്ടായാലോ എന്നു കരുതി പല ഉയിര്‍പ്പു കഥകളും കരിഓയില്‍ ഒഴിച്ച് സമൂഹത്തിന് ദൃശ്യമാകാത്ത രീതിയില്‍ തമസ്‌കരിക്കുന്ന 'മാര്‍ക്കറ്റിങ്ങ് കുതന്ത്രം' സ്വീകരിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ അവഗണിക്കപ്പെട്ടും ചവിട്ടിയരയ്ക്കപ്പെട്ടും കെട്ടുപോകുമായിരുന്ന ജീവിതങ്ങള്‍ തിരിച്ചുപിടിച്ച ദീപ്തമായ വിജയവീഥികള്‍ വരുംതലമുറകള്‍ക്ക് കാണിച്ചു കൊടുക്കണം. സ്വന്തം വീട്ടിലെ സ്വീകരണ മുറിയായ ഒന്നാം പേജില്‍ തന്നെ "ഏതെടുത്താലും ….. രൂപ" എന്ന മട്ടിലുള്ള പരസ്യക്കാര്‍ക്ക് പായ വിരിച്ചുകൊടുക്കട്ടെ പത്രങ്ങള്‍. കാരണം അത് അവരുടെ നിലനില്പിന്റെ പ്രശ്‌നമാണല്ലോ. പക്ഷെ, ശിവകാശിക്കാരുടെ പഴയ സിനിമാ നോട്ടീസ് പോലും തോറ്റു പോകുന്ന വില്പന മാമാങ്കങ്ങളുടെ മുന്‍പേജ് പരസ്യങ്ങള്‍ കഴിയുമ്പോഴെങ്കിലും കോവിഡ് കാലത്തും ആത്മവിശ്വാസം ചോര്‍ന്നു പോകാത്ത ജീ വിതമാതൃകകളെ പരിചയപ്പെടുത്താനും, ആദരിക്കാനും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ബാധ്യതയില്ലേ? അതൊരുതരം സാമൂഹികമായ കടമയായി തന്നെ പത്രങ്ങള്‍ കരുതണം.

ഏതെങ്കിലുമൊരു ഞായറാഴ്ച ഒന്നാം പേജില്‍ അതേ പത്രത്തിന്റെ ഗ്രൂപ്പില്‍പ്പെട്ട നവമാധ്യമം ദേശീയ പുരസ്‌ക്കാരം നേടിയ വാര്‍ത്ത എട്ടുകോളത്തില്‍ കളര്‍ ഫുള്‍ കോണകംപോലെ വലിച്ചുനീട്ടിക്കൊടുക്കുന്നത് ശരിയല്ലെന്ന് നമുക്ക് പറയാനാവില്ല. എന്നാല്‍ ചില ന്യൂജെന്‍മാര്‍ അവരുടെ ബുദ്ധിയും കഴിവും കൊണ്ട് നേടിയെടുക്കുന്ന വിജയങ്ങള്‍ ഇതേ മാധ്യമങ്ങള്‍ കാണാതെ പോകുന്നത് കുറ്റകരമായ മൗനമാണ്. അത് മാധ്യമ ധര്‍മ്മത്തിന്റെ വീര്യം ചോര്‍ന്നു പോകലാണ്. പണത്തിനുവേണ്ടി നാരങ്ങാവെള്ളം പോലും സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കാമെന്ന വ്യവസ്ഥ എഴുതിവച്ച് പ്രവര്‍ത്തിക്കുന്ന പത്രമാധ്യമങ്ങളാണ് ഇന്നുള്ളത്. നമുക്ക് അവരെ കുറ്റം പറയാനാവില്ല. എന്നാല്‍ ജീവിതമാര്‍ഗ്ഗത്തിന് മോരുംവെള്ളം വില്‍ക്കാനിരിക്കുന്ന അപരനെ കണ്ടില്ലെന്നു നടിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെ, നിര്‍ത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org