കൊറോണ എന്ന കണ്ണാടി

കൊറോണ എന്ന കണ്ണാടി

– ഫാ. അജോ രാമച്ചനാട്ട്‌

പ്രാചീന ഗ്രീസിലെ ഡെല്‍ഫിയിലായിരുന്നു, അപ്പോളോദേവന്റെ ക്ഷേത്രം. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടവിടെ. അപ്പോളോ ക്ഷേത്രത്തിലെ ആ പ്രശസ്തമായ എഴുത്തിന് ക്രിസ്തുവിനും നാലായിരം വര്‍ഷം പഴക്കം ഉണ്ട്. 'Man, you know thyself' മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക. എന്തൊക്കെ അറിവുകള്‍ നേടി നമ്മള്‍?

എന്തോരം നേട്ടങ്ങള്‍ സ്വന്തമാക്കി മനുഷ്യര്‍? എന്നിട്ടും സ്വയം അറിയുന്നതില്‍ നമ്മള്‍ എത്ര മുമ്പോട്ട് പോയി എന്ന് ചിന്തിച്ചാല്‍ വട്ടപ്പൂജ്യം എന്ന് തന്നെയാണ് ഉത്തരം.

കൊറോണ എന്ന ഇത്തിരിക്കുഞ്ഞന്‍ വൈറസ് സര്‍വ മനുഷ്യരെയും പൂട്ടി ഇട്ടിരിക്കുകയാണല്ലോ. ഈ കൊറോണക്കാലം എന്ത് പഠിപ്പിച്ചു എന്ന് നാളെ ഒരുപക്ഷെ മനഃസാക്ഷി ചോദിക്കാനുള്ള സാധ്യത ഉണ്ട്. സ്വന്തം കുട്ടികളും ഇന്റര്‍വ്യൂ നടത്തും, അന്ന് എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നൊക്കെ ചോദിച്ച്.

ഈ കൂട്ടിലടയ്ക്കപ്പെട്ട കാലത്താണ്, ചില രസകരമായ കണ്ടുപിടുത്തങ്ങള്‍ ഞാന്‍ നടത്തിയത്. ശാസ്ത്രത്തിലൊന്നുമല്ല കേട്ടോ. ഈ വെറും എന്നെപ്പറ്റി തന്നെയാണ്!

ആദ്യകാലത്ത് നമുക്ക് എന്തൊരു ഉത്സാഹങ്ങളായിരുന്നു, അല്ലേ? Lockdown ആയെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ ആ അവധി ദിവസങ്ങള്‍ എത്ര ഭംഗിയായിട്ടാണ് നമ്മള്‍ ഉപയോഗിച്ച് തുടങ്ങിയത്! ടെലിവിഷനിലോ യൂട്യൂബിലോ മുടങ്ങാതെ കുര്‍ബാനയില്‍ പങ്കെടുത്തും പള്ളികളില്‍ നിന്നും നടത്തിയ മല്‍സരങ്ങളില്‍ പങ്കെടുത്തും നമ്മള്‍ സൂപ്പറാക്കി. പക്ഷേ, പതിയെപ്പതിയെ ആ ആവേശമൊക്കെ കുറഞ്ഞുവന്നു.

ടൈംടേബിളുകളില്‍ മാറ്റം വന്നു. ടാലന്റ് ഹണ്ടുകള്‍ വിശ്രമത്തിനും ഉല്ലാസത്തിനും വഴിമാറി. പതിയെപ്പതിയെ നമ്മളില്‍ കുറെയധികം മാറ്റങ്ങളുണ്ടായി.

നോക്കൂ, മനുഷ്യജീവികളായ നമ്മുടെ മേല്‍ മതവും സമൂഹവും സംസ്‌കാരവും കെട്ടിയേല്‍പിച്ച ശീലങ്ങളാണ് ഓരോ ദിവസവും കഴിയുന്തോറും കൊറോണ നമ്മില്‍നിന്നും വേര്‍പെടുത്തിയത് – മത്സ്യത്തിന്റെ ചെതുമ്പലുകള്‍ പോലെ. അങ്ങനെയങ്ങനെ പടം പൊഴിഞ്ഞ് നമ്മള്‍ നമ്മളായി. നമ്മള്‍ പച്ച മനുഷ്യരായി!

ഒരല്പം നിരീക്ഷണപാടവമുള്ളയാളാണ് നിങ്ങളെങ്കില്‍, മനസിലാകുന്നൊരു കാര്യമുണ്ട് – സുഹൃത്തേ, ഇതാണ് നമ്മള്‍. സാമൂഹിക ചുറ്റുപാടുകളുടെ, അധ്യാപകരുടെ, ആത്മീയ ഗുരുക്കന്മാരുടെ, മേലാളന്മാരുടെ കണ്ണുരുട്ടലുകളില്ലാതെ മനസ്സിന്റെ ഇച്ഛയ്‌ക്കൊത്തു മാത്രം ജീവിക്കാന്‍ നമുക്ക് ഭാഗ്യം കിട്ടിയ, നമ്മളായിട്ടു തന്നെ ശ്വാസം വിട്ടു ജീവിക്കാന്‍ നമുക്ക് ലഭിച്ച അപൂര്‍വ ദിവസങ്ങള്‍.

ചെതുമ്പലുകളില്ലാത്ത ഞാന്‍, സമൂഹവും ചുറ്റുപാടുകളും തന്ന ആവരണങ്ങളില്‍ നിന്ന് പുറത്തുചാടിയ ഞാന്‍, അത്ര മെച്ചപ്പെട്ടതാണെന്ന് എനിക്ക് തോന്നിയില്ല കെട്ടോ. ഞാനൊരു നമ്പര്‍ വണ്‍ അല സനാണെന്നാണ് ഞാന്‍ നടത്തിയ മാസ് കണ്ടുപിടിത്തം. ലോക്ക്ഡൗണിനു മുന്നേവരെ, ജീവിതദര്‍ശന ക്ലാസ്സുകള്‍ നടത്തിയ ആളാണ് കെട്ടോ. എങ്ങനെ സമയം ക്രമീകരിച്ച് ജീവിതത്തില്‍ വിജയം നേടാമെന്ന് പത്തുകാരോടും പ്ലസ്ടൂക്കാരോടും ബഡായി അടിച്ചതാണ്! അടുക്കും ചിട്ടയും സൂക്ഷിക്കുന്നതിലും, വൃത്തിയും വെടിപ്പും പുലര്‍ത്തുന്നതിലും എന്റെ റേഞ്ച് എവിടെയാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരും പറയാത്ത, ആരും നോക്കാത്ത ഒരു ചുറ്റുപാടില്‍ എന്റെ ആത്മീയതയുടെ ഗ്രാഫും ഞാന്‍ കണ്ടെത്തി. അങ്ങനെ പവനായി…. ബാക്കി പറയേണ്ടല്ലോ.

Self knowledge is the beginning of wisdom എന്ന അരിസ്റ്റോട്ടേലിയന്‍ വാക്കുകള്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയും ആവര്‍ത്തിക്കുന്നുണ്ട്. എത്ര സത്യമാണത്. നമ്മള്‍ ആരെന്ന് കണ്ടെത്തുന്നതല്ലേ ഏറ്റവും വലിയ അറിവ്?

ഏതായാലും കൊറോണേ, നിനക്ക് നന്ദി. ഒന്ന് പടം പൊഴിക്കാന്‍ നീ ഒരു അവസരം തന്നല്ലോ!

വാല്:- മനുഷ്യന്റെ മണവും ഗുണവും നിലനില്‍ക്കണമെങ്കില്‍, അവന്റെ ക്രിയാത്മകതയും ചലനാത്മകതയും പ്രവര്‍ത്തിക്കണമെങ്കില്‍ എത്ര കുറ്റം പറഞ്ഞാലും ഈ സമൂഹവും മതവും സംസ്‌കാരപശ്ചാത്തലവും വേണമെന്ന് കൂടി കൊറോണ പഠിപ്പിച്ചു, ട്ടോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org