Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> കോവിഡും കള്ളക്കടത്തും നമ്മുടെ ജീവിതവും

കോവിഡും കള്ളക്കടത്തും നമ്മുടെ ജീവിതവും

Sathyadeepam

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

കോവിഡും കള്ളക്കടത്തും കൂടി നമ്മുടെ ജീവിതങ്ങളെ വലിഞ്ഞുമുറുക്കിയ ഒരാഴ്ചയാണ് കടന്നുപോകുന്നത്. മുഖ്യമായും സ്വര്‍ണക്കള്ളക്കടത്താണ് ഈ ആഴ്ചയിലെ നമ്മുടെ ജീവിതത്തിനു മേല്‍ കളങ്ക രേഖകള്‍ ചാര്‍ത്തി വി ലസുന്നത്. ആദ്യം വെറും ഒരു കള്ളക്കടത്തിന്റെ വിഷയമേയുള്ളൂ എന്നാണു നമ്മള്‍ കരുതിയത്. പിന്നെയാണ് വിഷം ചീറ്റിത്തുടങ്ങി യത്. വലിയൊരു മാഫിയാ സംഘം കൊള്ളയടിക്കുകയും രാജ്യ സുരക്ഷയ്ക്കുവരെ ഭീഷണിയാകുകയും ചെയ്യുന്ന വല്ലാത്തൊരു ദുരന്താവസ്ഥയാണ് ഇപ്പോള്‍ കേരളം നേരിടുന്നത്. സംജാതമായിരിക്കുന്ന ഈ ദുരന്ത മേഖല നമ്മളേയും നമ്മുടെ നൈയാമിക ഭരണ സംവിധാനങ്ങളേയും കൊഞ്ഞനം കാട്ടുന്നു. നമ്മുടെ സംസ്ഥാനമങ്ങനെ നാഥനില്ലാക്കളരിയായിക്കൂടെന്ന് ഇവിടെ എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട് എന്നു പറയാതെ വയ്യ.

ഞാന്‍ നാളെ മുഖ്യമന്ത്രിയാകും. അങ്ങനെ മുഖ്യമന്ത്രിയായാല്‍ എന്റെ അടുത്ത ആളാണെന്നു പറഞ്ഞ് ചിലര്‍ രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയുടെ രീതിയാണ്. ഇമ്മാതിരി ചില അവതാരങ്ങളുണ്ടാകും. അത്തരം അവതാരങ്ങളെ നമ്മള്‍ എപ്പോഴും സൂക്ഷിച്ചു കൊണ്ടിരിക്കണം. അത് എനിക്കും എല്ലാവര്‍ക്കും ബാധകമായിട്ടുള്ള കാര്യമാണ്. അത്തരം കാര്യങ്ങളടക്കം ശ്രദ്ധിക്കുന്ന ഒരു മന്ത്രിസഭയായിരിക്കും ഈ മന്ത്രിസഭ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേദിവസം പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിവ. യു.ഡി.എഫ് സര്‍ക്കാരിനെ കളങ്കിതമാക്കിയ സരിതാകേസുമായി ബന്ധപ്പെട്ടാണ് പിണറായി ഇങ്ങനെ ഒരു ഉറപ്പു പറഞ്ഞത്. എന്നിട്ടെന്തായി എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. യു.ഡി.എഫ് ഭരണകാലത്തുണ്ടായ സരിതാവി ഷയം അന്നത്തെ ഭരണക്കാര്‍ക്കു മാത്രമുള്ള അനുഭവപാഠമല്ല, ശേഷംവരുന്ന സര്‍ക്കാരുകള്‍ക്കും ബാധകമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വലിയ ആത്മവിശ്വാസത്തോടെ പറഞ്ഞ ഈ വാക്കുകളെന്തേ മുഖ്യമന്ത്രി മറന്നു എന്നു ചോദിക്കാതിരിക്കാനാവുന്നില്ല.

ഒരു കാര്യം ഓര്‍ത്തുവയ്ക്കണം, കണ്‍സള്‍ട്ടന്‍സി, ടോട്ടല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, പ്രോജക്റ്റ് അപ്രൈസല്‍, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍, അക്രെഡിറ്റഡ് ഏജന്‍സി എന്നിവ പുതിയ അവതാരവഴികളാണ്. പലപ്പോഴും നേരായവഴികള്‍ ബൈപ്പാസ്സു ചെയ്യാനുള്ള ന്യൂജെന്‍ മാര്‍ഗങ്ങളാണിവ. കണ്‍സള്‍ട്ടന്‍സികള്‍ ഇപ്പോള്‍ വളര്‍ന്ന് പുതിയ എക്‌സിക്യൂട്ടീവ് ആയിക്കൊണ്ടിരിക്കുന്നു. ഭരണഘടനാവിരുദ്ധമായ നടപടികളായി മാറുന്നുണ്ട്. ഇപ്പോള്‍ വിവാദമായിരിക്കുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പോലുള്ള കണ്‍സള്‍ട്ടന്‍സികള്‍ സര്‍ക്കാരുകളെ തകിടം മറിക്കുകയും ദേശസുരക്ഷയ്ക്കുതന്നെ ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഇപ്പോള്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കാന്‍ തീരുമാനിക്കേണ്ടി വന്നിരിക്കുന്നു. തെറ്റായ വഴികളിലൂടെ വഴിവിട്ടു സഞ്ചരിക്കുന്നത് അവസാനിപ്പിക്കണം എന്നു പറയുന്നത് രാജ്യസ്‌നേഹം കൊണ്ടു മാത്രമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി. സെക്രട്ടറി ശിവശങ്ക റിനെ ഇതുപോലെ ക്രിമിനല്‍ ലൈനില്‍ വളര്‍ത്തിയതാര് എന്ന ചോദ്യം ഗൗരവമുള്ള ഒന്നാണ്. ഫൈസലും ദിനംപ്രതി വന്നുചേരുന്ന പ്രതികളും ചേര്‍ന്ന് കുറ്റവാളികളുടെ ഒരു നീണ്ടനിര രൂപപ്പെട്ടു വരുന്നു. അതോടൊപ്പം അറ്റാഷെയെ നാടുവിടാന്‍ ഒത്താശ ചെയ്തതാര്. അദ്ദേഹം നാടുവിട്ടതു കേന്ദ്ര സര്‍ക്കാരും അറിഞ്ഞില്ലെന്നുണ്ടോ. സര്‍ക്കാരുകളെല്ലാം ഒന്നുകില്‍ കടമ നിറവേറ്റുന്നില്ല അല്ലെങ്കില്‍ കൈവിട്ടു കളിക്കുന്നു.

കൊറോണ ആളെ കൊല്ലുക മാത്രമല്ല ചെയ്യുന്നത്. ജീവിതത്തിന്റെ സകല പദ്ധതികളും അവതാളത്തിലാക്കി. ജനം മുഴുവന്‍ ഭയചകിതരായി കഴിയുന്നു. സകലകണക്കു കൂട്ടലുകളും തെറ്റി. കുട്ടികളുടെ പഠനം മുടങ്ങി. പരീക്ഷകള്‍ മാറ്റിവയ്ക്കപ്പെടുന്നു. പ്രതീക്ഷകള്‍ തകര്‍ന്നു. രോഗംമൂലം മരിക്കുന്നതോടൊപ്പം ആത്മഹത്യമൂലം മരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഇതുപോലൊരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. എല്ലാവരും ഒന്നിച്ചുനിന്നു കൊറോണയെ നേരിടേണ്ട സമയമാണിത്. ഭരണകക്ഷികള്‍ സ്തുത്യര്‍ഹമായ സേവനവും കാര്യപ്രാപ്തിയുള്ള ഭരണനൈപുണ്യവും കാട്ടിയിട്ടുണ്ട്. യു.എന്‍.ഒ.യുടെ ആദരവുവരെ നേടിയിട്ടുണ്ട്. എന്നാല്‍ അശ്രദ്ധയും അവധാനതയില്ലായ്മയും ഭര ണകക്ഷിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്തിനു കൂട്ടുനിന്നു എന്ന പേരില്‍ കളങ്കിതരായിരിക്കുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനു ഭരണക്കാരോടൊപ്പം കൈകോര്‍ക്കേണ്ട പ്രതിപക്ഷം കോവിഡ് പ്രോട്ടോ ക്കോളുപോലും ലംഘിച്ചുകൊണ്ട് സമരരംഗത്തിറങ്ങി സ്വയം കൈപൊള്ളലേല്പിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഭരണക്കാരും പ്രതിപക്ഷവും രാഷ്ട്രീയം കളിക്കുന്നു. പൊറുക്കാനാവാത്ത പാതകമാണിത്. ഒടുവിലിതാ ഹൈക്കോടതി ഇടപെട്ട് ഈ മാസാവസാനം വരെ സമരം നിരോധിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും അവസരത്തിനൊത്തുയര്‍ ന്നും സമരം ചെയ്തിരുന്നെങ്കില്‍ സമരം തുടരാമായിരുന്നു. സമരം തുടരേണ്ടതനിവാര്യവുമായിരുന്നല്ലോ. കോണ്‍ഗ്രസ്സും പ്രതിപക്ഷവും തലതിരിഞ്ഞ കളിയാണു കളിക്കുന്നത്. വിവരമുള്ള നേതാക്കളുടെ അഭാവം കോണ്‍ഗ്രസ്സിനെ അലട്ടുന്നതു ചെറുതായിട്ടൊന്നുമല്ല. ലക്ഷ്യമില്ലാതെ പടനയിക്കുന്നവര്‍ എങ്ങനെ വിജയം കാണാനാണ്. ഇരുകക്ഷികളും ചേര്‍ന്ന് ജനത്തെ പുറത്തു നിര്‍ത്തുന്നതെങ്ങനെയെന്നു കൂടെ ശ്രദ്ധിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ സൃഷ്ടിക്കുന്ന നിയമ നിബന്ധന വ്യവസ്ഥിതികളെ ഗ്ലോര്‍ജിയോ അഗമ്പന്‍ വിളിക്കുന്നത് ഒരു തരം അപവാദാവസ്ഥ എന്നാണ്. അതു സംബന്ധിച്ച് മലയാളം വാരികയില്‍ എ.പി. മുകുന്ദനുണ്ണി ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. രാഷ്ട്രീയവും ജീവിതവും ഒരു കോവിഡ് കാല വീണ്ടുവിചാരം എന്നാണ് അതിന്റെ തലക്കെട്ട്. ആളുകളെ നിയമക്കുരുക്കിലാക്കി യിട്ട് ഭരണക്കാരും നേതാക്കളും പുറത്തു നില്‍ക്കുന്നു. ആ സൗകര്യം ഉപയോഗിച്ച് സ്വര്‍ണക്കടത്തു മാത്രമല്ല, ദേശീയ സുരക്ഷ അപായപ്പെടുത്തുന്ന നീചമായ പ്രവര്‍ത്തികള്‍ കൂടിയാണ്. പകല്‍ മാന്യതകളുടെ മുഖംമൂടികള്‍ വലിച്ചു കീറിയാലെ നമുക്കിതു മനസ്സിലാകുകയുള്ളൂ.

ഇത്ര കാലവും കോവിഡിനെ അകറ്റി നിര്‍ത്തിയിരുന്ന തീരമേഖല ഇപ്പോള്‍ രോഗബാധിതമായിരിക്കുന്നു. തീരത്ത് കാട്ടുതീപോലെയാണ് രോഗം പടരുന്നത്. രോഗം ബാധിച്ചവര്‍ക്ക് ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കുന്നില്ല എന്നു പരാതികളുണ്ട്. രോഗം ബാധിച്ചവരെ ശുശ്രൂഷിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കോറന്റയിനിലായി. കണ്ടെയിന്‍മെന്റ് സോണിലായതുകൊണ്ട് ഭക്ഷണവും മരുന്നും കിട്ടാതെ വലയുന്നവരും ഏറെ. ഇതിനിടയിലൂടെ കടലു കയറ്റവും. മത്സ്യമേഖല അപ്പാടെ തഴയപ്പെട്ടു. ആലപ്പുഴ എന്നല്ല, കേരളത്തിലൊട്ടാകെ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും എ.പി.എല്‍ കാര്‍ഡാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍പോലും കിട്ടാതെ വരും. ആരുണ്ട് നോക്കാന്‍. എന്തുകൊണ്ടു സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിക്കുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കുറച്ചുനാള്‍ മു മ്പ് 2,000 രൂപാ വച്ചു നല്‍കിയത് ഓഖിയുടെ പൈസയായിരുന്നു. ഇപ്പോള്‍ കൊടുക്കാന്‍ പോകുന്നത് പഞ്ഞമാസങ്ങളില്‍ കൊടുക്കുന്ന സഹായ പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതം മാത്രമാണ്. എന്തുകൊണ്ടാ ണ് ഇത്രയേറെ കഷ്ടപ്പെടുന്ന കേരളത്തിന്റെ സൈന്യം എന്നു മുഖ്യമന്ത്രിയാല്‍ത്തന്നെ വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നു ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

Leave a Comment

*
*