കൊറോണാ കാലത്തെ പരീക്ഷകള്‍

ലിറ്റി ചാക്കോ.

വലിയൊരു പരീക്ഷണ കാലം തന്നെയാണു കടന്നുപോകുന്നത്. സമാനതകളില്ലാത്ത പരീക്ഷണങ്ങളുടെ കാലം. ഓരോന്നും പുതിയ പുതിയ അനുഭവങ്ങള്‍.

നമ്മോടു നേരില്‍ ബന്ധപ്പെടുന്ന ചിലതു കാണുമ്പോള്‍ ചിലപ്പോള്‍ നമ്മളൊന്നു നിന്നു കാണുമല്ലൊ അത്. അത്തരത്തിലൊരനുഭവം പങ്കുവെച്ചു തുടങ്ങാം.

പരീക്ഷകള്‍ പലതും നടന്നിട്ടില്ല. യൂണിവേഴ്‌സിറ്റികളും ഓട്ടോണമസ് കോളേജുകളും പരീക്ഷകള്‍ നടത്താന്‍ ആലോചിച്ചു തുടങ്ങിയ സമ യം. സാമൂഹികസുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു തയ്യാറെടുപ്പുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീടുകള്‍ക്കരികി ലുള്ള സെന്ററുകള്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി. കോളജുകള്‍ നിശ്ചയിച്ചു പരീക്ഷാ നടത്തിപ്പു ജീവനക്കാര്‍ക്കു പുറമെ, തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിലെ ജീവനക്കാരെയും നിയോഗിച്ചു. അപ്പോഴാണ് വിദ്യാര്‍ത്ഥിപക്ഷത്തിനൊരു ബോധോദയം – സി.ബി.എസ്.സി. ഒരു പരീക്ഷ റദ്ദാക്കിയ മോഡലില്‍ ഇതുമൊന്നു റദ്ദാക്കി കിട്ടിയാല്‍ പരീക്ഷ എഴുതാതെ കഴിഞ്ഞു!

പിന്നെ നടന്നത് രസകരമായൊരു ഗെയിം ആണ്. മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കല്‍ സമരം. ഒരു ചാനലില്‍ മാസ് കമന്റിംഗിന് ആഹ്വാനം ചെയ്ത് സമരം ആരംഭിച്ചു. മാറ്റിവയ്ക്കുക, വേണ്ടെന്നു വയ്ക്കുക തുടങ്ങി രസകരമായ ആവശ്യങ്ങള്‍ കമന്റില്‍ നിറഞ്ഞു. 'ഭാഗ്യം, മലയാളം ക്ലാസ്സിലെ കുട്ടികളല്ല' എന്നു തോന്നിക്കുമാറ് നിറയെ അക്ഷരത്തെറ്റുള്ള കമന്റുകള്‍ വായിച്ചു ആശ്വസിച്ചു. 'ദാര്‍ഷ്ട്യ'ങ്ങളും മുഷ്‌ക്കുകളുമൊക്കെയുള്ള അദ്ധ്യാപക പക്ഷത്തുള്ള 'ശത്രുക്കള്‍' പലരും ചിരിച്ചു കാണണം. ഏതായാലും കുട്ടികളെ ശ്രീകണ്ഠന്‍നായരു കയ്യൊഴിഞ്ഞെങ്കിലും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ അനുവദിച്ച് കൊറോണ സഹായിച്ചു. പരീക്ഷ മാറ്റിവച്ചു.

ഈയടുത്ത് ഒരു സ്വകാര്യ കോളജിനെതിരെ ഫീസടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ നടന്ന സമരത്തിനിടയിലും കേട്ടു, ഓണ്‍ലൈന്‍ ക്ലാസ്സിനെന്തിനാണു ഫീസ് എന്ന്! ടീച്ചര്‍മാരൊക്കെ വീടുകളില്‍ നിന്നു ക്ലാസ്സെടുക്കുന്നതിന് കാശു ചോദിക്കാമോ എന്ന്! തങ്ങള്‍ വാങ്ങിച്ചത് ബസ്സ് ചാര്‍ജായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ അലയുന്നുണ്ടിപ്പോഴും അദ്ധ്യാപകര്‍.

ആരാണൊരു അദ്ധ്യാപകന്‍, ആരാണു വിദ്യാര്‍ത്ഥി എന്ന ചോദ്യത്തിന് ഇന്നു മറ്റൊരു തലത്തിലും പ്രസക്തിയുണ്ടെന്നു തോന്നുന്നു. ഇ ങ്ങനെയൊക്കെ ചിന്തിക്കുന്ന കുട്ടിക്കല്ല, ഈ കുട്ടിയെ പഠിപ്പിക്കുന്ന ടീച്ചര്‍ക്കു തന്നെയാണു പിഴച്ചത് എന്നും ചിന്തിക്കാം. അദ്ധ്യാപനം തൊഴിലായും കരിയര്‍ ഗ്രാഫ് ടീച്ചര്‍ക്കു പ്രധാനമായും മാറിയപ്പോള്‍ ടീച്ചറുടെ മൂല്യത്തിനും മാറ്റമുണ്ടായിട്ടുണ്ട്.

പ്രശസ്തമായ വിദേശ യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ ചെയ്യുമ്പോള്‍ കോഴ്‌സ് അവസാനിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ പിറകേ വ രുന്ന മെസേജില്‍ ഇങ്ങനെ കാണാം: 'ടമ്യ വേമിസ െീേ ്യീൗൃ ലേമരവലൃ.െ'
അതൊരു ശീലത്തിന്റെ ഭാഗമാണ്. നന്ദി പറയുക! ഓ, പിന്നെ, ഞങ്ങള്‍ കാലിപ്പാത്രങ്ങളായിട്ടൊന്നുമല്ല നിങ്ങളുടെ മുന്നില്‍ വരുന്നത് എന്ന 'ചിന്തകരാണ്' ശിഷ്യസമൂഹത്തില്‍ ഞാനും കണ്ടുമുട്ടുന്നവര്‍ പലരും. അവരെ തെറ്റിപ്പറഞ്ഞു കൂടാ. വഴിതെറ്റി വന്നു ചിലരും പഠിപ്പിക്കാനെ ത്തുന്നുണ്ട് ഇന്ന്. പണി മാറി ചെയ്യുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ അക്കാദമിക് സമൂഹത്തെ സ്വാധീനിക്കുകയും യുവത പ്രത്യേകിച്ചും അതില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നു.

ആക്ടിവിസമാണ് ചിലര്‍ക്ക് അദ്ധ്യാപനം. തങ്ങളുടെ ശരികള്‍ കുട്ടികളും അനുവര്‍ത്തിക്കേണ്ടതാണെന്ന് അവര്‍ അന്ധമായി വിശ്വസിച്ചിരിക്കുന്നു. ഗുരു നയിക്കാനുള്ളവനല്ല. ചൂണ്ടുവാനേ പാടുള്ളൂ എന്നാണ് എന്റെ വിശ്വാസം. നയിക്കാന്‍ മറ്റു പലരുമുണ്ട്. അവര്‍ നേതാക്കളാകാം, രാഷ്ട്രീയക്കാരാകാം മറ്റു പലരുമാകാം. അവര്‍ക്കു തെറ്റുന്നെങ്കില്‍ പോലും ക്ഷമിക്കാവുന്നതാണ്. പക്ഷെ, ഗുരു ന യിക്കേണ്ടതില്ല.

ചുട്ടെഴുത്തുകള്‍ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. ചൂണ്ടുന്ന എഴുത്തുകള്‍ എന്നാണു വിശദീകരണം. അ, ഇ, എ എന്നീ അ ക്ഷരങ്ങളാണവ. ഗുരു ചുട്ടെഴുത്താവുകയാണ് വേണ്ടത്. ചൂണ്ടെഴുത്താവുകയാണു വേണ്ടത്. അറിവിന്റെയും വിവരങ്ങളുടെയും ചൂണ്ടെഴു ത്തുകള്‍. വഴി തെരഞ്ഞെടുക്കാന്‍ കുട്ടിയെ പ്രാപ്തരാക്കുകയേ അദ്ധ്യാപകനു പറഞ്ഞിട്ടുള്ളു. ലക്ഷ്യത്തിലേക്കു നടന്നടുക്കേണ്ടത് അവ നാണ്.

ഇതൊന്നും ഉള്‍ക്കൊള്ളാത്ത അദ്ധ്യാപക സമൂഹത്തെയാണ് അഴീക്കോട് മാഷ് പരിഹസിച്ചത്, അദ്ധ്യാപകനില്‍ ഇപ്പോള്‍ ധനത്തിന്റെ 'ധ'യേ ഉള്ളൂവെന്ന്.

സമരങ്ങള്‍ക്കു വരുന്ന നവമാനങ്ങളില്‍ കൗതുകം പൂണ്ട നേരത്ത് വെറുതെ ചിലതോര്‍ത്തെന്നു മാത്രം. പരീക്ഷകള്‍ക്കും പരീക്ഷണ ങ്ങള്‍ക്കും നിരന്തര വേദികളുണ്ടാവുന്ന കൊറോണക്കാലത്ത് വെറുതെ ചില ചിന്തകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org