കുരിശുകളും കുരിശടികളും

കുരിശുകളും കുരിശടികളും

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ക്രൈസ്തവ ദേവാലയങ്ങളുടെ, വിശേഷാല്‍ നസ്രാണി ക്രൈസ്തവ ദേവാലയങ്ങളുടെ, മുന്‍വശത്തും വഴിയോരങ്ങളിലും അങ്ങാടികളിലും കാണപ്പെടുന്ന ഒന്നാണ് കുരിശുകളും കുരിശടികളും കപ്പേളകളും. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പു നസ്രാണികള്‍ക്കിടയില്‍ കുരിശടികളും കപ്പേളകളും നിര്‍മ്മിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍. അതേസമയം പള്ളികള്‍ക്കു മുമ്പിലും പള്ളിയോടു ചേര്‍ന്നുള്ള അങ്ങാടികളിലും കുരിശുകള്‍ നാട്ടുന്ന പതിവ് നസ്രാണികള്‍ക്കുണ്ടായിരുന്നു എന്നു ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണമായി 1599-ല്‍ ഗോവ മെത്രാപ്പോലീത്ത ഡോം മെനേസിസ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് ആലങ്ങാടില്‍ പള്ളിയോടു ചേര്‍ന്നുള്ള അങ്ങാടിയില്‍ സ്ഥാപിതമായിരുന്ന പുരാതന കുരിശും അങ്ങാടിയും കുന്നില്‍ സ്ഥാപിച്ചിരുന്ന കുരിശും (കുന്നേല്‍ പള്ളി) പറവൂര്‍ രാജാവിന്റെ സൈന്യം (നായര്‍പട) തീയിടുകയും അങ്ങാടി കത്തി നശിക്കുകയും ചെയ്‌തെങ്കിലും കുരിശുകള്‍ രണ്ടും കത്തി നശിക്കാതിരുന്ന സംഭവത്തെക്കുറിച്ചു ഗുവയ എന്ന ഗ്രന്ഥകാരന്‍ ജോര്‍ണാദ എന്ന ഗ്രന്ഥത്തില്‍ (1606) പ്രതിപാദിക്കുന്നുണ്ട്. മൂഴിക്കുളം, അങ്കമാലി, കൊരട്ടി, ഉദയംപേരൂര്‍ തുടങ്ങിയ ധാരാളം പുരാതന ദേവാലയങ്ങളുടെ മുന്‍വശത്തു എട്ടും പത്തും നൂറ്റാണ്ടുകള്‍ വരെ പഴക്കമുള്ള കരിങ്കല്‍ കുരിശുകള്‍ കാണാനാകും. ആകയാല്‍ നസ്രാണി ദേവാലയങ്ങളുടെ മുന്‍വശത്തും ക്രൈസ്തവരുടെ അങ്ങാടികളിലും കുരിശു സ്ഥാപിക്കുകയെന്നതു നസ്രാണി പൈതൃകത്തിന്റെ ഭാഗമായിരുന്നു എന്നതു തീര്‍ച്ച തന്നെ. ഈ അതി പുരാതന കുരിശുകളും അതിന്റെ അടിത്തറയും കരിങ്കല്ലിലാണ് എന്നത് മറ്റൊരു സവിശേഷത കൂടിയാണ്.

പോര്‍ട്ടുഗീസാഗമനത്തിനുശേഷം അങ്ങാടികളിലും
വഴിവക്കുകളിലും കൂടുതലായി കുരിശുകള്‍ സ്ഥാപിക്കാന്‍
തുടങ്ങി. ഉദയംപേരൂര്‍ സൂനഹദോസി നു മുമ്പു
വഴിയോരങ്ങളില്‍ കുരിശും കപ്പേളയും കുരിശടിയുമെല്ലാം
സ്ഥാപിക്കുന്ന ഒരു പതിവ് ഇല്ലായിരുന്നു.
പാശ്ചാത്യ മിഷനറിമാരുടെ സ്വാധീനമാണ്
ഇപ്രകാരമൊരു സംസ്‌കാരം നസ്രാണികള്‍ക്കിടയില്‍
രൂപപ്പെടാന്‍ കാരണമായത്.


പോര്‍ട്ടുഗീസാഗമനത്തിനുശേഷം അങ്ങാടികളിലും വഴിവക്കുകളിലും കൂടുതലായി കുരിശുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പു വഴിയോരങ്ങളില്‍ കുരിശും കപ്പേളയും കുരിശടിയുമെല്ലാം സ്ഥാപിക്കുന്ന ഒരു പതിവ് ഇല്ലായിരുന്നു. പാശ്ചാത്യ മിഷനറിമാരുടെ സ്വാധീനമാണ് ഇപ്രകാരമൊരു സംസ്‌കാരം നസ്രാണികള്‍ക്കിടയില്‍ രൂപപ്പെടാന്‍ കാരണമായത്. പാശ്ചാത്യരുടെ സ്വാധീനഫലമായി 17-ാം നൂറ്റാണ്ടു മുതല്‍ കുരിശുകള്‍ സ്ഥാപിക്കുമ്പോള്‍ അതിന്റെ അടിത്തറയില്‍ രൂപക്കൂടിനു സമാനം പണികള്‍ ചെയ്തു വിശുദ്ധരുടെ രൂപങ്ങളും പ്രതിഷ്ഠിച്ചു തുടങ്ങി. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം നിര്‍മ്മിച്ച (സ്ഥാപിച്ച) കുരിശുകള്‍ക്കു കീഴിലാണ് രൂപങ്ങള്‍ കൊത്താനും പ്രതിഷ്ഠിക്കാനും തുടങ്ങിയത്. ഇത്തരം കുരിശുകളെ 'കുരിശടി', 'കുരിശിന്‍തൊട്ടി' എന്നെല്ലാം ആളുകള്‍ വിശേഷിപ്പിച്ചു. അതേസമയം തന്നെ രൂപങ്ങള്‍ പ്രതിഷ്ഠിക്കാത്തതും ഉയര്‍ന്ന അടിസ്ഥാനത്തോട് കൂടിയതുമായ കുരിശുകളും ഇക്കാലത്തു സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവയെയും കുരിശടി, കുരിശിന്‍തൊട്ടി എന്നു തന്നെയാണു വിളിക്കുന്നത്. കുരിശും കുരിശിന്‍തൊട്ടിയും സ്ഥാപിക്കുന്നതോടൊപ്പം കാണിക്കയിടാന്‍ ഭണ്ഡാരക്കുറ്റികളും കാണിക്ക വഞ്ചിയുമെല്ലാം നിര്‍മ്മിക്കപ്പെട്ടു വെന്നതും ചരിത്രം. രൂപം പ്രതിഷ്ഠിച്ച കുരിശിന്‍തൊട്ടികളെ അഥവാ കുരിശടികളെ കപ്പേളകളെന്നും ചിലര്‍ വിളിക്കുന്നുണ്ട്. ആകയാല്‍ ചിലപ്പോഴെങ്കിലും കുരിശടികള്‍ കപ്പേളകളായി എണ്ണപ്പെടുകയും ചെയ്തു.
കേരളത്തിലെ പുരാതന കരിങ്കല്‍ കുരിശുകളില്‍ ബഹുഭൂരിപക്ഷവും 16-ാം നൂറ്റാണ്ടിലോ അതിനുശേഷമോ സ്ഥാപിക്കപ്പെട്ടവയാണ്. അങ്ങനെയുള്ള കുരിശുകളുടെ സ്ഥാപന തീയതികള്‍ ഇന്നു ലഭ്യമാണുതാനും. എന്നാല്‍ അതിപുരാതന കരിങ്കല്‍ കുരിശുകള്‍ 16-ാം നൂറ്റാണ്ടിനു മുമ്പു സ്ഥാപിച്ചവയാണ്. അവയുടെ സ്ഥാപന കാലഘട്ടം പറയുക അത്ര എളുപ്പമല്ലായെങ്കിലും പുരാവസ്തു ഗവേഷകരും ചരിത്ര പണ്ഡിതന്മാരും ഇത്തരം കുരിശുകള്‍ ഏതു നൂറ്റാണ്ടിലേതാണെന്നു നിര്‍ണയിക്കുന്നത് അതിന്മേലുള്ള കൊത്തുപണികളും ലിഖിതങ്ങളും സ്ഥാപിച്ചിരിക്കുന്ന രീതികളുമെല്ലാം വിശകലനം ചെയ്തുകൊണ്ടാണ്. സുറിയാനി ലിഖിതങ്ങളുള്ള കരിങ്കല്‍ കുരിശുകളും ഉണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കൊരട്ടിപ്പള്ളിയിലും മൂഴിക്കുളം പള്ളിയിലും സുറിയാനി ലിഖിതങ്ങളുള്ള അതിപുരാതന കുരിശുകളുണ്ട്. ഉദയംപേരൂരിലെ കല്‍ക്കുരിശിനു ചുറ്റും നിന്നു ബലിയര്‍പ്പിക്കുന്നതിനുള്ള സംവിധാനവും കുരിശിന്റെ തറയില്‍ കാണാനാകും. അങ്കമാലി ഫൊറോന പള്ളിയിലെയും ഉദയംപേരൂര്‍ സൂനഹദോസു പള്ളിയിലെയും കരിങ്കല്‍ കുരിശുകള്‍ അതിപുരാതന കുരിശുകളാണെന്ന് അതിന്റെ നിര്‍മ്മാണം സാക്ഷ്യപ്പെടുത്തുന്നു. പുരാതന കുരിശുകളുടെ പ്രാധാന്യവും പ്രത്യേകതകളും മനസ്സിലാക്കാതെ വളരെയധികം പള്ളികളില്‍നിന്നും പുരാതന കുരിശുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ചരിത്രസത്യമാണ്. അതേസമയം പുതുതായി നിര്‍മ്മിക്കുന്ന ദേവാലയങ്ങളുടെ മുന്‍വശം കരിങ്കല്‍ കുരിശു സ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് വളരെ അഭിമാനകരവും പ്രോത്സാഹജനകവുമാണ്. ക്രൈസ്തവന്റെ അഭിമാനമാണ് കുരിശ്; രക്ഷയുടെ പ്രതീകം. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു: "യഹൂദര്‍ക്കു ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ കുരിശ് രക്ഷയുടെ മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ക്കു ദൈവത്തിന്റെ ശക്തിയത്രെ" (1 കൊറി. 1:18).

അനുചിന്തനം: കുരിശും കുരിശടികളും ക്രൈസ്തവ സാന്നിധ്യത്തിന്റെ പ്രതീകങ്ങളാണല്ലോ. എന്നാല്‍ അതിലുപരി കുരിശ് രക്ഷയുടെ അടയാളവും ദൈവത്തിന്റെ ശക്തിയുമാണ്. ആകയാല്‍ കുരിശു വരയ്ക്കുമ്പോഴും കുരിശു ധരിക്കുമ്പോഴും കുരിശിനെ ദര്‍ശിക്കുമ്പോഴും വന്ദിക്കുമ്പോഴും ദൈവത്തിന്റെ ശക്തി നമ്മില്‍ നിറയുന്നുവെന്ന സത്യം കുരിശിന്റെ പ്രണേതാക്കളാകുവാന്‍ നമ്മെ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org