ദൈവം മരിച്ചോ?

ദൈവം മരിച്ചോ?

നോമ്പുകാല ധ്യാനങ്ങള്‍-5

നിബിന്‍ കുരിശിങ്കല്‍

വീട്ടിലുള്ളവര്‍ക്കു ഭക്ഷണം വാങ്ങാന്‍ വെളിയിലേക്കിറങ്ങിയ മകന്‍ നേരമേറെയായിട്ടും തിരിച്ചെത്തിയിട്ടില്ല. അന്വേഷിച്ചിറങ്ങിയപ്പോള്‍ അശുഭകരമായ വാര്‍ത്തയാണ് അവരെ തേടിയെത്തിയത്. മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് അവരുടെ മകനെ വെടിവച്ചു കൊന്നു തെരുവിലേക്കു തള്ളിയത്രേ! രക്തം തളം കെട്ടിക്കിടന്ന തെരുവിലെ മകന്‍റെ മൃതദേഹത്തിന്നരികില്‍ 'റുക്കിയ' എന്ന ആ അമ്മയും പ്രിയപ്പെട്ടവരും കണ്ണുനീര്‍ വാര്‍ത്ത് കരഞ്ഞു.

ദിവസങ്ങള്‍ക്കുശേഷം തന്‍റെ മകന്‍റെ കൊലപാതകികളായ മൂന്നു ചെറുപ്പക്കാരിലെ പതിന്നാലു വയസ്സ് മാത്രം പ്രായമുള്ള പയ്യനെ റുക്കിയ നേരില്‍ കണ്ടു. "എനിക്കു നിന്നോടു വെറുപ്പില്ല മോനേ, എനിക്കതിനാവില്ല. പ്രതികാരമല്ല, അള്ളാ എന്നെ പഠിപ്പിച്ചത്; കരുണയാണ്. എന്‍റെ മകന്‍റെ മരണം നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. ആ മരണം നിന്‍റെ രക്ഷയ്ക്കുവേണ്ടിയാണ്. ഇനിയൊരാളെയും നീ കൊല ചെയ്യാതിരിക്കാന്‍. ഇനിയൊരാളും നീ മൂലം വേദനിക്കാതിരിക്കാന്‍. നീ കൊന്നത് ഒരാളെയല്ല കുഞ്ഞേ, ഒരുപാടു പേരെയാണ്. അതു മറക്കരുത്."

മകന്‍ നഷ്ടപ്പെട്ടുപോയ ഒരമ്മയുടെ നിലവിളിയോ മകന്‍റെ കൊലപാതകികള്‍ക്കെതിരായ കൊലവിളിയോ അല്ലായിരുന്നു അവരുടെ സ്വനപേടകത്തില്‍. സ്വന്തം മകനെ കൊന്നവനെ കണ്ടിട്ടു കലിയിളകാഞ്ഞിട്ടല്ല: 'അതുക്കും മേലെ'യാണു റുക്കിയ എന്ന മുസ്ലീം സ്ത്രീ അള്ളായുടെ കരുണയുടെ നിറയൊഴിച്ചത്. സ്വന്തം മകനെ കൊന്നുകളഞ്ഞവനോടിപ്രകാരം പറഞ്ഞതു കേട്ടിട്ട് അവിടെ ആദ്യം നിലവിളിച്ചതു മറ്റാരുമായിരുന്നില്ല; ആ പതിന്നാലു വയസ്സുകാരന്‍ പയ്യന്‍റെ അമ്മയായിരുന്നു. മരിച്ചവന്‍റെയും കൊന്നവന്‍റെയും അമ്മമാരുടെ ആലിംഗനത്തിലും കണ്ണീര്‍പെയ്ത്തിലും പതിന്നാലു വയസ്സുകാരന്‍ നിഷ്കളങ്കതയുടെ സ്നാനമേറ്റു കാണണം. ഇനി മുതല്‍ അവന്‍ മൂലം ആരുടെയും മേനിയില്‍ മണ്ണു പുരളില്ല; മനസ്സ് നോവില്ല. അവനു കിട്ടാവുന്നതില്‍വച്ച് ഏറ്റവും കനത്ത ശിക്ഷയായിരുന്നു റുക്കിയായുടെ കരുണ.

ചിലയാളുകളുടെ ജനനവും ജീവിതവും മരണവുമൊക്കെ രക്ഷാകരമാണ്. അവനവന്‍റെ ജീ വിതവഴികളില്‍ സഹനത്തിന്‍റെ കാവടിയാട്ടങ്ങളും ഗെദ്സമെന്‍ തോട്ടങ്ങളുമൊക്കെയാണെങ്കിലും അവര്‍ക്കൊപ്പം ജീവിക്കുന്നവര്‍ക്കും അവര്‍ക്കു പിന്നാലെ വരുന്നവര്‍ക്കുമായി പറുദീസ പണിതിട്ടായിരിക്കും അവര്‍ സീന്‍ വിടുന്നത്.

യൂണിവേഴ്സിറ്റികള്‍ പോലും പഠനവിഷയമാക്കിയിട്ടുള്ള ബൈബിള്‍ പുസ്തകമാണു ജോബിന്‍റേത്. അസ്തിത്വപരമായ ഒരു ചോദ്യത്തെ ആ പുസത്കം കൈകാര്യം ചെയ്യുന്നുണ്ട്. "നീതിമാന്‍ എന്തിനു സഹിക്കണം?" ആരെയും വേദനിപ്പിക്കാഞ്ഞിട്ടും വേദനിക്കുന്നവരുടെയും, ആരെയും വെറുക്കാതിരുന്നിട്ടും വെറുക്കപ്പെട്ടവരുടെ ഗണത്തില്‍ പെട്ടുപോയവരുടെയും നെഞ്ചില്‍ ആഞ്ഞുലയുന്നുണ്ട് ഈ ചോദ്യം. കൊള്ളരുതായ്മകള്‍ ചെയ്തുകൂട്ടുന്നവരൊക്കെ കൊട്ടാരം കെട്ടി, കൊള്ളാവുന്ന കാറിലൊക്കെ പാഞ്ഞുനടക്കുകയും അത്താഴപഷ്ണിയാണേലും തൊട്ടപ്പുറത്തെ വീട്ടിലുള്ളവര്‍ 'അന്നമുണ്ടു കാണുമോ ദൈവമേ!' എന്നാകുലപ്പെടുകയും ചെയ്യുന്ന നീതിമാന്മാര്‍ക്ക് അന്തിയുറങ്ങുവാന്‍ കുടിലും കട്ടിലുമില്ലാതാവുകയും ചെയ്യുന്ന അനീതിയുടെ അന്തിപ്പകലുകള്‍ കാണുമ്പോള്‍ അറിയാതുയിര്‍ത്തെഴുന്നേല്ക്കുന്ന ഒരു നീഷേ ചോദ്യമുണ്ട്. "ദൈവം മരിച്ചോ?" അമ്പതു നാള്‍ നോമ്പു നോറ്റ്, ഇഷ്ടങ്ങളെയെല്ലാം ബലി കഴിപ്പിച്ചു വീടിനും വീട്ടുകാര്‍ക്കും നന്മ വരട്ടെയെന്ന് ആശിച്ചും പ്രാര്‍ത്ഥിച്ചും നിയോഗങ്ങളുടെ ഒരു നീണ്ട നിര ഹൃദയത്തില്‍ സൂക്ഷിച്ചും കാവിയുടുത്ത് കുരിശുമെടുത്ത് മലയാറ്റൂരിലേക്കു കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയവര്‍ക്കു നേരെ കാലടിയില്‍വച്ചു പാണ്ടിലോറി പാഞ്ഞു കയറി കുരിശു വഹിച്ചിരുന്ന രണ്ടു പേര്‍ സ്പോട്ടില്‍ മിഴി പൂട്ടി കിടക്കുന്നതു കണ്ട തീര്‍ത്ഥാടകര്‍ക്കുളളിലും അതേ ചോദ്യം "നീതിമാനെന്തിനു സഹിക്കേണ്ടി വരു ന്നു?"

ഭൂമിയില്‍ സഹിക്കുന്നവര്‍ക്കും വേദനിക്കുന്നവര്‍ക്കുമൊക്കെ ഒരേയൊരു മുഖമാണ് – ജോബിന്‍റെ മുഖം! എന്നാല്‍ വേദനിപ്പിക്കുന്നവര്‍ക്കും സഹനത്തിന്‍റെ കാരണക്കാരായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു മറ്റൊരു മുഖമാണ് – ക്രിസ്തുവിന്‍റെ മുഖം. തുന്നലില്ലാത്ത മേലങ്കി ധരിച്ച ആ മനുഷ്യനെപ്പോലെ ഉലകത്തില്‍ ചുവടുവയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ അത്ര നിസ്സാര കാര്യമല്ല. ആദ്യവെള്ളിയാഴ്ചപോലും അല്പം കഞ്ഞി നീക്കിവച്ചാല്‍ 'അപ്പനു വിളിക്കുന്ന' സ്വഭാവമുള്ള വയറിന്‍റെ ഉടമകളായ മനുഷ്യരെപ്പോലുള്ളവര്‍ക്ക് 40 ദിവസം പട്ടിണി കിടന്ന് ആത്മബലം സമ്പാദിച്ച മനുഷ്യപുത്രനെപ്പോലെ ജീവിക്കാനൊക്കെ പറ്റ്വോ? പഠനോം ജോലീമൊക്കെ കഴിഞ്ഞു വിശന്നു പൊരിഞ്ഞു വൈകീട്ട് വീട്ടിലേക്കു വരുന്നവര്‍ക്കു വീട്ടിലെ പെണ്ണുങ്ങള്‍ അന്നമൊരുക്കിവച്ചിട്ടില്ലെങ്കില്‍ "നിങ്ങള്‍ക്കിവിടെ വേറെന്താണു പണി" എന്നു പറഞ്ഞു ഭ്രാന്തെടുക്കുന്ന മനുഷ്യരെപ്പോലുള്ളവര്‍ക്ക്, 'മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് ഡിയര്‍ ഡെവിള്‍' എന്നൊക്ക പറയാന്‍ എന്നാണു സാധിക്കുക? കിട്ടേണ്ട സ്നേഹം കിട്ടാതിരിക്കുകയും അവകാശപ്പെട്ടത് അന്യന്‍ കൊണ്ടുപോകുന്നതു കാണുകയുമൊക്കെ ചെയ്യുമ്പോള്‍ ഒന്നു നിശ്ശബ്ദമായിരിക്കാന്‍ പോലുമാകാതെ, "ചാക്കോ മാഷ് എന്‍റപ്പനല്ല; നിന്‍റപ്പനാണെന്നു" പറഞ്ഞു കൂട്ടുകാരന്‍റെ കയ്യില്‍ കോമ്പസിനു കുത്തി, കള്ളവണ്ടി കയറുന്ന ആടുതോമായുടെ അങ്കിയുടുത്തു നാം നില്ക്കുമ്പോഴാണ് തുന്നലില്ലാത്ത തന്‍റെ മേലങ്കിക്കായി ചിട്ടിയിട്ടു തര്‍ക്കിക്കുന്ന യൂദന്മാര്‍ക്കുവേണ്ടി അയാള്‍ ആകാശത്തേക്കൊരു പ്രാര്‍ത്ഥന പറത്തിയത്, "പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല. ഇവരോടു ക്ഷമിക്കണേ."

"എന്‍റെ കുഞ്ഞിന്‍റെ വിവാഹത്തിനു നൃത്തം ചെയ്യാനും എന്‍റെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ മാറത്തടിച്ചു നിലവിളിക്കാനും അയാള്‍ താഴ്വാരത്തിലേക്കിറങ്ങുന്നില്ലെങ്കില്‍ മലമു കളിലെ സന്ന്യാസി വിശുദ്ധനാണെന്നു ഞാനങ്ങനെ പറയുമെന്ന് ആകുലപ്പെടുന്നത്" ഖലില്‍ ജിബ്രാനാണ്. മനുഷ്യനായി മണ്ണിലുദയം ചെയ്തവനു മണ്ണിന്‍റെ കലഹത്തില്‍ നിന്നും മനസ്സിന്‍റെ കളങ്കത്തില്‍ നിന്നും അത്ര എളുപ്പത്തില്‍ ഒഴിഞ്ഞുനില്ക്കാനാകില്ല. വയറു വിട്ടു വെളിയിലേക്കു വന്നപ്പോള്‍ തന്നെ, മൂത്തവന്‍ ഇളയവന്‍റെ കുതികാലില്‍ പിടിമുറുക്കിയിരുന്നു എന്നൊക്കെ വായിക്കുമ്പോള്‍ ഓര്‍ക്കണം പ്രശ്നമാരംഭിച്ചതു മണ്ണിലെത്തിയതിനു ശേഷമല്ല; അതുക്കും മുമ്പേയാണെന്ന്. പ്രലോഭകന്മാര്‍ പാഞ്ഞുനടക്കുന്ന ഈ പ്രപഞ്ചത്തില്‍ ബലഹീനരായ നാം ജീവിക്കുമ്പോള്‍ ചില മുറിപ്പെടുത്തലുകളും മുറിവേല്ക്കലുകളുമൊക്കെ സ്വാഭാവികമാണ്. ആ സ്വാഭാവികതയുടെ മേലെയാണു ക്രിസ്തുവിന്‍റെ അസ്വാഭാവികതയുടെ ആത്മീയതയും 'റുക്കിയാ' യുടെ കരുണയുമൊക്കെ ഇടം പിടിക്കുന്നത്. ക്രിസ്തു ചെറുതായൊന്നു പരിഹസിക്കുന്നുണ്ട് ഇതു ചോദിക്കുമ്പോള്‍, 'നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാല്‍ അതിലിത്ര പറയാനെന്തിരിക്കുന്നു?'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org