Latest News
|^| Home -> Pangthi -> ഡെല്‍ഹി ഡെസ്ക് -> സന്നദ്ധ സംഘടനകള്‍ക്കു മരണമണി

സന്നദ്ധ സംഘടനകള്‍ക്കു മരണമണി

Sathyadeepam

ഫാ. സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

‘സദുദ്ദേശ്യത്തിന്റെ’ മറവിലാണ് എല്ലാ ചീത്ത നിയമങ്ങളും ന്യായീകരിക്കപ്പെടുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ വിദേശ സംഭാവന (നിയന്ത്രണ) നിയമ ഭേദഗതി ബില്ലും ഇതിനൊരപവാദമല്ല. സദുദ്ദേശ്യങ്ങളെ പറ്റി ഘോഷിച്ചുകൊണ്ടാണ് ഭരണകൂടം ബില്ലിനെ പ്രതിരോധിക്കുന്നത്. വിദേശസംഭാവനകളുടെ ദുരുപയോഗം തടയുകയും സുതാര്യത കൊണ്ടു വരികയും ചെയ്യുകയാണത്രെ ലക്ഷ്യം. പക്ഷേ സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ നിന്നു വളരെയകലെയാണ് സാക്ഷാല്‍ യാഥാര്‍ത്ഥ്യം. ഈ നിയമഭേദഗതി രാജ്യ ത്തെ ഗവണ്‍മെന്റിതര സന്നദ്ധ സംഘടനകളുടെ മരണമണി മുഴക്കും. സംഘടനകളില്‍ ഭൂരിപക്ഷത്തിന്റെയും ജീവവായു നിഷേധിക്കുന്നതായിരിക്കും നിയമം. ധനസഹായം അവയ്ക്കു നിഷേധിക്കപ്പെടും. ഒരു സംഘടനയുടെ എഫ്‌സിആര്‍എ അക്കൗണ്ടില്‍ നിന്നു മറ്റൊരു സംഘടനയുടെ അക്കൗണ്ടിലേക്കു പണം മാറ്റുന്നതു നിഷേധിക്കുകയാണു പുതിയ നിയമം. ഇവിടെയാണു കെണി കിടക്കുന്നത്. ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന വലിയ സംഘടനകള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി പ്രാദേശിക തലത്തിലുള്ള സംഘടനകളുമായി സഹകരിക്കുന്നുണ്ട്. രാജ്യത്തെ ദുരിതാശ്വാസ, പുനരധിവാസ, വികസന പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി നില്‍ക്കുന്നത് അടിസ്ഥാന തല സംഘടനകളാണ്. അവയ്ക്കാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനങ്ങളുള്ളത്. മറുവശത്ത് വലിയ സംഘടനകള്‍ ഇത്തരം പ്രാദേശിക പങ്കാളിത്ത സംഘടനകള്‍ക്കുള്ള ഫണ്ടിംഗ് ഏജന്‍സികളായി നിലകൊള്ളുന്നു. സാമ്പത്തിക കൈമാറ്റത്തെ സംബന്ധിക്കുന്ന പുതിയ നിയമങ്ങള്‍ ഈ സംഘടനകള്‍ക്കു പ്രവര്‍ത്തനത്തിനുള്ള പണം ലഭ്യമാക്കാനാകാ തെ ശ്വാസംമുട്ടാനിടയാക്കും.


സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന മറ്റു ചില വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. ഇ പ്പോഴത്തെ ഭരണകൂടത്തിന്റെ വാക്കുകളിലെയും ചെയ്തികളിലെയും കപടനാട്യം വെളിച്ചത്തു കൊണ്ടു വരുന്നതാണു ഈ നിയമഭേദഗതി. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കു വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതില്‍ ഈ നിയമം അപാകതയൊന്നും കാണുന്നില്ല. പക്ഷേ, ഒരു സംഘടനയുടെ എഫ്‌സിആര്‍എ അക്കൗണ്ടില്‍ നിന്നു മറ്റൊരു സംഘടനയുടെ അക്കൗണ്ടിലേക്കു പണം കൈമാറുന്നത് വലിയ അപകടമായി വീക്ഷിക്കുന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ കമ്പനികളില്‍ നിന്നു രഹസ്യാത്മകമായ ഇലക്ടറല്‍ ബോണ്ടുകളിലൂടെ വിദേശ ധനസഹായം സ്വീകരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളെ അനുവദിക്കുന്നതില്‍ ഇതേ ഗവണ്‍മെന്റ് പ്രശ്‌നമൊന്നും കാണുന്നുമില്ല. ഇലക്ടറല്‍ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി ആണെന്നു പറയേണ്ടതില്ലല്ലോ.
സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്ന ഒരു ഭേദഗതിയാണ് ഒരു ധനകാര്യവര്‍ഷത്തില്‍ സ്വീകരിക്കുന്ന പണത്തില്‍ നിന്നു ഭരണച്ചിലവുകള്‍ക്കെടുക്കാവുന്ന തുക 50 ശതമാനത്തില്‍ നിന്നു 20 ശതമാനമായി പരിമിതപ്പെടുത്തുന്നത്. സംഘടനകള്‍ പണം ധൂര്‍ത്തടിക്കുന്നത് ഇതുവഴി തടയാമെന്ന മുടന്തന്‍ ന്യായമാണ് ഈ നിയമത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. ഭരണച്ചിലവുകളുടെ ഒരു ഭാഗം വിനിയോഗിക്കപ്പെടുന്നത് ജോലിക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള്‍ക്കും അതു പോലുള്ള പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നതാണ് ഇവിടെ വിസ്മരിക്കപ്പെടുന്ന കാര്യം. ശമ്പളം, പ്രൊഫഷണല്‍ ഫീസ്, യുട്ടിലിറ്റി ബില്ലുകള്‍, യാത്രാച്ചിലവുകള്‍ തുടങ്ങിയവയ്ക്കു പുറമേയുള്ള ചിലവുകളാണിവ.
തെറ്റു വരുത്തുന്ന സംഘടനകളുടെ അംഗീകാരം ആറു മാസത്തേക്കാള്‍ കൂടുതല്‍ കാലത്തേയ്ക്കു റദ്ദാക്കാനുള്ള വകുപ്പും ചേര്‍ത്തിരിക്കുന്നു. സര്‍ക്കാരിന് അതിനിഷ്ടമില്ലാത്ത സംഘടനകളെ ഇഷ്ടമുള്ള കാലത്തോളം പ്രവര്‍ത്തനരഹിതമാക്കാമെന്ന സൗകര്യമാണ് ഇതു നല്‍കുന്നത്. മന്ത്രാലയത്തിന്റെ അന്വേഷണത്തിനു ശേഷം അതിന്റെ തൃപ്തിക്കു വിധേയമായി മാത്രമായിരിക്കും എഫ് സിആര്‍എ ലൈസന്‍സിന്റെ നവീകരണവും. അനാവശ്യമായ പ്രതിബന്ധങ്ങളുണ്ടാക്കാനും അന്വേഷണം ഏല്‍പിക്കപ്പെടുന്നവരുടെ തോന്നലുകള്‍ക്കു നവീകരണത്തെ വിധേയപ്പെടുത്താനും മാത്രമേ ഇതുപകരിക്കൂ. സംഘടനകള്‍ പണം ദുരുപയോഗിക്കുന്ന നിരവധി കേസുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. പക്ഷേ, നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടാല്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ ഉള്ള വകുപ്പുകള്‍ നിലവിലുള്ള നിയമത്തില്‍ തന്നെയുള്ളതാണ്. എലിയെ തോല്‍പിക്കാന്‍ ഇല്ലം ചുടുന്നത് വിഡ്ഢിത്തമാണ്. സംഘടനകളെ ചുരുട്ടിക്കെട്ടുന്നതില്‍ ഗവണ്‍മെന്റിനെന്തോ നിഗൂഢ താത്പര്യങ്ങളുണ്ടെന്നു പറയാതിരിക്കാനാവില്ല.

Leave a Comment

*
*