സമുദായ സ്‌നേഹമെന്ന വിശ്വാസാപചയം

സമുദായ സ്‌നേഹമെന്ന വിശ്വാസാപചയം

എം.പി. തൃപ്പൂണിത്തുറ

ഭാര്യയും ഭര്‍ത്താവും ഒരു പിണക്കത്തിനൊടുവില്‍ ഒന്നിച്ചത് അയല്‍വാസിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു. ഇതൊരു പതിവ് കാഴ്ചയാണ്. അപരനെ ശത്രുപക്ഷത്തു നിറുത്തി തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്ന ഒരു തന്ത്രം വ്യക്തികള്‍ മുതല്‍ രാഷ്ട്രങ്ങള്‍ വരെ പയറ്റാറുണ്ട്. ആത്യന്തികഫലം എന്തുതന്നെയായാലും താല്‍ക്കാലിക മോചനത്തിന് പഴകിത്തുരുമ്പിച്ച ഈ ആയുധം തങ്ങള്‍ക്കാവും വിധം പ്രയോഗിക്കുന്നതില്‍ മഹാഭൂരിപക്ഷവും പിന്നിലല്ല.
സമുദായ സ്‌നേഹവും അപരദ്വേഷവും സമാനവഴിയില്‍ നീങ്ങുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ക്രൈസ്തവരായ നമുക്ക് എത്രത്തോളം ഈ രീതിശാസ്ത്രം അനുപേക്ഷണീയമാണെന്ന് വീണ്ടുവിചാരം നടത്തേണ്ടതുണ്ട്.
വിശ്വാസത്തെ ഒരു സങ്കുചിത ബോധരൂപമാക്കി തരംതാഴ്ത്തുന്ന സമീപനങ്ങള്‍ ലോകത്തില്‍ എന്നും രൂപപ്പെടാറുണ്ട്. മാനവസമുദായത്തിന്റെ ചരിത്രത്തില്‍ ആചാരങ്ങളും ആഘോഷങ്ങളും കൊണ്ട് തങ്ങളെത്തന്നെ അടയാളപ്പെടുത്തിയ മനുഷ്യരുടെ വിഭാഗീയതയും വിഭജിത സമൂഹങ്ങളും നമുക്ക് ഏറെ കാണാനാകും. ഭൂതകാലത്തിന്റെ മനുഷ്യത്വവിരുദ്ധതയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ചരിത്രത്തെ രണ്ടായി തിരിച്ച് ക്രിസ്തു ഭൂമിയില്‍ അവതീര്‍ണ്ണനായത്. അവന്‍ ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ഇരുകൂട്ടരെയും ഒന്നിപ്പിക്കുകയും ചെയ്തു. കല്പനകളും ചട്ടങ്ങളും കൊണ്ടുതീര്‍ത്ത ആധിപത്യത്തെ സ്വന്തം ശരീരത്തിലൂടെ ഇല്ലാതാക്കി ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട്, ഒരേ ശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് മനുഷ്യാവതാരവും തുടര്‍ച്ചയായ തിരുസഭയും.
യേശുവിലുള്ള വിശ്വാസം ഒരു തുറവിയും സഹിഷ്ണുതാഭാവവുമാണ് യഥാര്‍ത്ഥത്തില്‍ നമ്മില്‍ ഉളവാക്കേണ്ടത്. ക്രിസ്തു ലോകത്തിലേയ്ക്കു വന്നത് പല പ്രകാരങ്ങളില്‍ വിഭജിതരായ മനുഷ്യരെ അതിരുതിരിച്ച് കെട്ടിയിട്ടുള്ള തടവറകളില്‍നിന്ന് വിമോചിപ്പിച്ച് ദൈവികഭാവത്തിലേയ്ക്ക് ഉയര്‍ത്താനും ദൈവത്തെ അനുഭവിക്കാനുമാണ് എന്നത് ജീവിതം കൊണ്ട് വര്‍ത്തമാനത്തെ പഠിപ്പിക്കുകയുമാണ് നമ്മുടെ സുവിശേഷ ദൗത്യം.
വളരെ നിഷ്‌കളങ്കവും സ്വാഭാവികവുമായ ഒന്ന് എന്ന് തോന്നുംവിധമാണ് സമുദായ സ്‌നേഹമെന്ന സങ്കുചിതബോധം നമ്മുടെ സമൂഹത്തെ ഗ്രസിച്ചിട്ടുള്ളത്. എന്നാല്‍ അത് അങ്ങേയറ്റം വികലവും വിനാശകരവുമാണ്. അതു നല്കുന്ന ദുരന്തഫലം എത്ര തീവ്രമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാന്‍ കഴിയും. ക്രിസ്തുവിരുദ്ധഭാവമാകട്ടെ വിശ്വാസത്തിന്റെ മിഴികളിലൂടെ നോക്കിയാല്‍ തിരിച്ചറിയാനും കഴിയും.
വാസ്തവത്തില്‍ സമുദായസ്‌നേഹം വേണ്ടതോ വേണ്ടാത്തതോ? നിശ്ചയമായും സമുദായസ്‌നേഹം ആവശ്യമാണ്. പക്ഷെ, എന്താണ് സമുദായമെന്ന വിവക്ഷയില്‍ നാം ഉള്‍ച്ചേര്‍ത്തിട്ടുള്ളത് എന്ന് പരിശോധിക്കണം. ഒരേ രീതിയെ പിന്തുടരുന്നവര്‍. ആചാരങ്ങളില്‍ തഴങ്ങുന്നവര്‍. അങ്ങനെയാണോ? വാസ്തവമായും സമുദായം ഒന്നേയുള്ളൂ. അത് മാനവസമുദായമാണ്. ആ സമ്പൂര്‍ണതയില്‍ നിന്ന് അടര്‍ത്തിമാറ്റി നിക്ഷിപ്തമായ അതിരുകള്‍ക്കകത്ത് അതിനെ വ്യാഖ്യാനിക്കുമ്പോഴാണ് അത് അപകടകരമാവുക.
യഥാര്‍ത്ഥത്തില്‍ തന്റെ തന്നെ ദ്വന്ദഭാവമായ ശത്രുവിനെയാണ് നാം പുറത്തു കണ്ടു മുട്ടുക. നമ്മിലെ വിഭജിതഭാവം നീക്കാന്‍ സ്വാഭാവികമായും പുറത്ത് ഒന്നിനെ നാം സൃഷ്ടിച്ചെടുക്കും. അപരന്‍ നമുക്ക് എതിര് എന്ന പഴകിയ സൂത്രവാക്യത്തിന് ഇന്നിലേയ്ക്ക് അടിവേരുകളും നാളെകളിലേയ്ക്ക് പുതുനാമ്പുകളും ഉണ്ട്.
നാമല്ലാത്തതിനെ നിഷേധിക്കാന്‍ നാം നമ്മളെന്ന ഒരു ബന്ധത്തെ പുനര്‍നിര്‍വചിക്കും. നമ്മുടെ അഭിപ്രായം, ആചാരം, വംശം, കുലം എന്നിങ്ങനെ സമാനതകളെ സംബന്ധിച്ച് നാം പടുത്തുയര്‍ത്തുന്ന കോട്ടകളായി യേശുവിലുള്ള നമ്മുടെ പൂര്‍ണ്ണതയെയും സമുദായം എന്ന സമഗ്രതയെയും നാമങ്ങനെ വ്യാഖ്യാനിക്കും. ഇത് വസ്തുതാവിരുദ്ധവും ക്രിസ്തുബോധത്തിന് എതിരുമാണ് എന്നത് മറച്ചുവയ്ക്കാന്‍ നാം നമ്മളെ ക്രിസ്തുവിന്റെ ഭാഗമായും അപരനെ ക്രിസ്തുവിരുദ്ധനുമായി മുദ്രകുത്തും.
തന്നെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ഒരേപോലെ ബന്ധുവാണ് ക്രിസ്തു. ക്രിസ്തുവില്‍ നമ്മുടെ നിലപാടും മറിച്ചായിക്കൂടാ.
മനുഷ്യന്‍ ക്രിസ്തുവില്‍ ഒന്ന് എന്ന നീതിബോധവും തുല്യതയും നവോത്ഥാന ആശയവും ലോകത്താകമാനം വ്യാപിച്ചപ്പോള്‍, ജാതിക്ക് പഴയരൂപത്തില്‍ നില്‍ക്കാന്‍ കഴിയാതെ വന്നു. മതമെന്ന പേരില്‍ നിലനിന്നവരും, അതിന് ഒരു ബാഹ്യരൂപം നിര്‍മ്മിക്കുന്നതില്‍ നിര്‍ബന്ധിതരായി. അവിടെയാണ് സമുദായമെന്ന പേര് തങ്ങളുടേതായി പ്രയോഗിക്കുന്നതിന് കാരണമായിത്തീര്‍ന്നത്.
അങ്ങനെ പഴയവീഞ്ഞ് പുതിയ കുപ്പിയിലായി. ജാതികള്‍ ജാതിയെന്ന പേര് മാറ്റി സമുദായമെന്നാക്കി. മതരൂപങ്ങളും സമുദായമെന്ന സ്വരൂപത്തെ സ്വീകരിച്ചു. അങ്ങനെ ക്രിസ്ത്യന്‍ സമുദായം, ഹിന്ദുസമുദായം, ഇസ്ലാം സമുദായം എന്നും നമ്പൂരി, നായര്‍, ഈഴവ, പറയ, പുലയ, ലത്തീന്‍, സീറോ മലബാര്‍, ക്‌നാനായ, ദളിത… എന്നൊക്കെ ഓമനപ്പേരുകളുള്ള ഉപസമുദായരൂപാങ്ങളും എണ്ണിത്തീരാത്തവിധം പെരുകി.
ആചാരംകൊണ്ടും, ബാഹ്യാടയാളങ്ങള്‍കൊണ്ടും, ജന്മംകൊണ്ടും തിരിക്കുന്ന ഈ അതിരുകള്‍, സ്വാഭാവികമായും, അതിന്റെ രൂപഭാവങ്ങളെയാകമാനം നിഷേധിച്ചു. രൂപപരമായി, അത് മനുഷ്യന്‍ എന്ന സാമാന്യതയെ കൈവിട്ടു. തങ്ങള്‍ പ്രത്യേകം പ്രത്യേകം മനുഷ്യരാണ്, ഞങ്ങള്‍ നിങ്ങളെപ്പോലെയല്ല എന്ന നിലവന്നു. രൂപാത്മകമായി വിശ്വാസത്തിന്റെ ബാഹ്യരൂപങ്ങളെ നിലനിറുത്തിക്കൊണ്ട് ധാര്‍മ്മികമൂല്യങ്ങളെ തള്ളിക്കളഞ്ഞു.
ക്രിസ്തുവില്‍ മാനവസമുദായമായി വളരുകയെന്ന സത്യബോധത്തെ, വിഭാഗീയ വൈകാരികതയ്ക്ക് കീഴ്‌പ്പെടുത്തി നാമൊന്നിച്ച് നില്‍ക്കണമെന്നും, നമ്മുടെ അവകാശങ്ങള്‍ നേടണമെന്നും, നമുക്ക് എതിരായവക്കെതിരെ പ്രതികരിക്കണമെന്നും നാം നമ്മെ പറഞ്ഞ് പഠിപ്പിക്കുകയാണ്. മറ്റുള്ളവര്‍ നമ്മെ പീഡിപ്പിക്കുന്നു എല്ലാവരും നമുക്ക് എതിരാണ് എന്ന ബോധം വളര്‍ത്തി എല്ലാവര്‍ക്കും നമ്മെ എതിരാക്കി മാറ്റുന്ന, ശത്രുവിനെ പുറത്തുനിറുത്തി ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് യേശുക്രിസ്തുവില്‍ എന്ത് അര്‍ത്ഥമാണുള്ള ത്? ദൈവത്തെ ക്രിസ്തു പരിഭാഷപ്പെടുത്തിയത് ദുഷ്ടന്റെ മേലും ശിഷ്ടന്റെ മേലും മഴപെയ്യിക്കുന്നവനും നീതിമാന്റെയും നീതിരഹിതന്റെയും മേല്‍ സൂര്യനെ ഉദിപ്പിക്കുന്നവനും ആയിട്ടാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ മാനവസമുദായത്തിന് നാം നല്‍കേണ്ട പ്രകാശമതാണ്.
പുറമേ, വിരുദ്ധരായി നിറുത്തുന്നവരോട് ക്രൈസ്തവര്‍ എന്ന സമുദായബോധത്തിന്റെ മതില്‍ക്കെട്ടും, അകമെ, സീറോ മലബാര്‍, ലത്തീന്‍, അഞ്ഞൂറ്റി എഴുന്നൂറ്റി, ക്‌നാനായ തുടങ്ങി നാനാതരം സമുദായ വിഭജിതരൂപങ്ങളെ ശക്തിയുടെ അടയാളങ്ങളുമാക്കി നിലനിറുത്തിക്കൊണ്ട് വിശ്വാസത്തില്‍ എങ്ങനെ നമുക്ക് തുടരാനാകും. റീത്തുകളും ആരാധനാക്രമങ്ങളും പലതായിരിക്കെ, ആചാര, ആഘോഷങ്ങള്‍ പലതായിരിക്കെ, യേശുവില്‍ ഒന്നായിരിക്കുന്ന തിരുസഭ സമുദായാതീതബന്ധമാണ് പ്രകാശിപ്പിക്കുന്നത്.
സമുദായ സ്‌നേഹം ഉറപ്പിക്കാന്‍, അനിവാര്യതയാക്കാന്‍ മറ്റുള്ളവര്‍ നമ്മോടുകാട്ടുന്ന അനീതികളാണ് കാരണമായി നാം പറയുക. സമുദായമായി അവരെ തരംതിരിച്ച് നാം പറയും ആ സമുദായങ്ങള്‍ നമുക്കെതിരെന്ന്.
ഭീകരരെ ഭീകരരായി തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അതിനു പകരം തീവ്രവാദികളെ, സമുദായങ്ങളുടെ ബ്രാന്റ് അംബാസിഡര്‍മാരാക്കി, നാമും അംഗീകരിച്ചുകൊടുക്കണമോ? അവരുടെ ചെയ്തികള്‍ അനീതിയായാല്‍ ഇവരോടു പൊറുക്കേണമേ എന്ന ക്രിസ്തു പാഠമല്ലാതെ വിലാപമോ പല്ലുകടിയോ നമുക്കിണങ്ങുമോ?
ഏറ്റവും ഒടുവിലായി, ഞങ്ങള്‍, നിങ്ങള്‍ എന്ന വിഭജനയുക്തിക്ക് ഇരയായിത്തീരാന്‍, സാഹോദര്യത്തിന്റെ ബന്ധമായ വിശ്വാസത്തിന്റെ ജീവിതവഴിയെ നാം തകര്‍ക്കണമോ? യേശുക്രിസ്തുവില്‍ സാമുദായിക സംഘര്‍ഷങ്ങളും മതദ്വേഷവും ഉയരുന്നതിനെതിരെ, സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും വഴിയില്‍ നാം മുന്നേറുകയല്ലേ വേണ്ടത്. പരാതിയില്ലാത്ത ക്രിസ്തു. പരിഭവമില്ലാത്ത ക്രിസ്തു. പരാജിതനായി, മഹത്വത്തിലേയ്ക്ക് അവിടുന്നു പ്രവേശിച്ചതില്‍ നമുക്ക് ഉറപ്പുണ്ടെങ്കില്‍, നാമെന്തിന് സ്വയം വേര്‍തിരിയണം. അപരനു നേരെ, വാക്ശരമാണെങ്കിലും എന്തിന് എയ്യണം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org