തിരുഹൃദയ പ്രതിഷ്ഠ

തിരുഹൃദയ പ്രതിഷ്ഠ

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കേരള കത്തോലിക്കര്‍ക്കിടയില്‍ സര്‍വ്വസാധാരണമായ ഭക്തകൃത്യമാണു തിരുഹൃദയ പ്രതിഷ്ഠ. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പ്രചരിച്ച തിരുഹൃദയ ഭക്തിയും തിരുഹൃദയ പ്രതിഷ്ഠയും കേരള കത്തോലിക്കാ സഭയില്‍ പ്രചാരം നേടിയതു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. 1673-ല്‍ ഈശോ വിശുദ്ധ മര്‍ഗ്ഗരീത്താ മേരി അലക്കോക്കിനു പ്രത്യക്ഷപ്പെടുകയും മനുഷ്യരോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്ന തന്റെ ഹൃദയം വിശുദ്ധയെ കാണിച്ചു കൊടുക്കുകയും ചെയ്തു. തന്റെ ഹൃദയത്തിന്റെ ചിത്രം സ്ഥാപിച്ചു, തന്റെ ഹൃദയത്തിനു പ്രതിഷ്ഠിക്കുകയും തന്റെ ഹൃദയത്തെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കു 12 വാഗ്ദാനങ്ങള്‍ ഈശോ നല്കി. വിശുദ്ധ മര്‍ഗ്ഗരീത്ത മേരിയിലൂടെ തുടക്കം കുറിച്ച ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയും വണക്കവും തിരുഹൃദയ പ്രതിഷ്ഠയും വിശുദ്ധയുടെ മരണശേഷം 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ പ്രചരിച്ചു. യൂറോപ്പില്‍ പ്രചരിച്ച തിരുഹൃദയ ഭക്തി യൂറോപ്യന്‍ മിഷനറിമാരിലൂടെ 19-ാം നൂറ്റാണ്ടില്‍ കേരളത്തിലും രംഗപ്രവേശം ചെയ്തു. താമസംവിന കേരളീയ മക്കള്‍ത്തന്നെ തിരുഹൃദ ഭക്തിയുടെ പ്രചാരകരായി മാറി.

കേരള കത്തോലിക്കാ സഭയില്‍ 'തിരുഹൃദയ പ്രതിഷ്ഠ' എന്ന ആശയം ആദ്യം അവതരിപ്പിച്ചത് വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ലെയൊനാര്‍ദ്ദ് മെലാനൊയാണ്. 1874 വൃശ്ചികം 18-നു തന്റെ വികാരിയാത്തിലുള്ള സുറിയാനി-ലത്തീന്‍ പള്ളികളിലെ ജനങ്ങള്‍ക്കുവേണ്ടി അയച്ച ഇടയലേഖനത്തിലാണു തിരുഹൃദപ്രതിഷ്ഠയെക്കുറിച്ചു പ്രതിപാദിച്ചിരിക്കുക. മേലൂസ് ശീശ്മയുടെ പശ്ചാത്തലത്തിലാണു ലെയൊനാര്‍ദ്ദ് മെത്രാന്‍ തിരുഹൃദയ പ്രതിഷ്ഠയ്ക്ക് ആഹ്വാനം ചെയ്തത്. ഇക്കാര്യം ഇടയലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു. അതിപ്രകാരമായിരുന്നു: "സര്‍വ്വ വല്ലഭനായിരിക്കുന്ന സര്‍വ്വേശ്വരന്റെ വിശെഷ കൃപയാല്‍ തിരുസ്സഭയുടെ മെത്രാന്മാരെല്ലാവരും അത്ഭുതാമാംവണ്ണം ംരംശൊമിശിഹായുടെ വികാരിയാകുന്ന ശുദ്ധ മാര്‍പാപ്പയൊടു ഏകമനസ്സും ബൊധവും ആയിരിക്കുന്ന ംരം കാലത്തില്‍ ബാബെല്‍ക്കാരായ ഏതാനുംപെര മത്സരിച്ച, തിരുസ്സഭയുടെ ശത്രുക്കളുടെ കൂട്ടത്തില്‍ കടന്നു. ഇങ്ങിനെയുള്ളവര ംരംശൊമിശിഹായുടെ വികാരിയാകുന്ന ശുദ്ധ: മാര്‍പാപ്പയില്‍നിന്നും ംരംശൊമിശിഹായില്‍ നിന്നും ചിതറിപ്പൊയ ആത്മാവുകളെ ശീശ്മയില്‍നിന്നും തിരിപ്പിച്ച ശുദ്ധ: മാര്‍പാപ്പയൊടുള്ള ഒന്നിപ്പു വഴിയായിട്ട കര്‍ത്താവിന്റെ തൊഴുത്തില്‍ ചെര്‍പ്പാന്‍ വെല ചെയ്യെണ്ടിയ ആളുകള്‍ ആയിരിക്കുമ്പൊള്‍, പാവപ്പെട്ട ആത്മാവുകളെ വ്യാജങ്ങളാലും തട്ടിപ്പുകളാലും ംരംശൊമിശിഹായുടെ തിരുഹൃദയത്തില്‍ നിന്നു പറിച്ച നരക ചെന്നായയാകുന്ന പിശാചിന്റെ വായില്‍ കൊടുപ്പാന്‍ ശ്രമിക്കുന്നു." ഇപ്രകാരം കേരള സുറിയാനി കത്തോലിക്കര്‍ക്കിടയില്‍ ഭിന്നിപ്പിന്റെയും ശീശ്മയുടെയും വിത്തുവിതച്ചു മേലൂസ് മെത്രാന്‍ ബാബേലില്‍ നിന്നും കേരളത്തിലെത്തിയ പശ്ചാത്തലത്തിലാണു പള്ളികളില്‍ 1874 ഡിസംബര്‍ 8-നു തിരുഹൃദയ പ്രതിഷ്ഠ നടത്തണം എന്നു ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത തീരുമാനിച്ചത്.

മാര്‍ ളൂയിസ് മെത്രാനും ഇതര മെത്രാന്മാരും തിരുഹൃദയ വണക്കത്തെയും തിരുഹൃദയ പ്രതിഷ്ഠയെയും വളരെയധികം പ്രോത്സാഹിപ്പിച്ചു. അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തിരുഹൃദയ പ്രതിഷ്ഠ കത്തോലിക്കാ ജീവിതത്തിന്റെ ഭാഗമായി മാറി. ഇടവക പള്ളികളിലും കുരിശുപള്ളികളിലും ആരംഭിച്ച തിരുഹൃദയ പ്രതിഷ്ഠ കാലതാമസമില്ലാതെ ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും ചേക്കേറി.

മെത്രാപ്പോലീത്തായുടെ ഇടയലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ് : "എത്രയും സ്‌നെഹിക്കപ്പെട്ട മക്കളെ, നിങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിനു എത്രയും മധുരിക്കപ്പെട്ടതാകുമെന്ന ഒരു വര്‍ത്തമാനം അറിയിക്കുന്നു. അതായത : അടുത്ത ധനുമാസം 8-ാം -നു യാകുന്ന അമലൊത്ഭവ ദൈവമാതാവിന്റെ തിരുനാളില്‍ നമ്മുടെ ശ്ലീഹായ്ക്കടുത്ത ംരം വികാരിയാത്തിനെ എല്ലാ ഭാഗ്യങ്ങളുടെ ഓലിയുറവായിരിക്കുന്ന ംരംശൊമിശിഹായുടെ പ്രിയം നിറഞ്ഞ തിരുഹൃദയത്തിന്ന ആഘൊഷമായ പ്രകാരത്തില്‍ പ്രതിഷ്ഠ ചെയ്തു കാഴ്ചവെപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ രക്ഷനാഥന്റെ സ്തുതിക്കായിട്ടും ദൈവവിചാരണയാല്‍ നമ്മുടെ സൂക്ഷത്തിനു ഏല്പിക്കപ്പെട്ട ആത്മാവുകളുടെ ഉപകരാത്തിനായിട്ടും മുമ്പിനാല്‍ തന്നെ നാം നിശ്ചയിച്ചിരുന്ന ംരം കാര്യത്തിനു എല്ലാ നന്മകളുടെ ശത്രുവായിരിക്കുന്ന പിശാച വിഘ്‌നം ചെയ്യുന്നതിനു ശ്രമിച്ചു." ഇതിനുശേഷം സഭയില്‍ ഉണ്ടായിരിക്കുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തിന്മകളെക്കുറിച്ചും അതില്‍നി ന്നും രക്ഷനേടുന്നതിനു ഈശോയുടെ തിരുഹൃദയത്തിന്റെ സംരക്ഷണം ലഭിക്കേണ്ട ആവശ്യകതയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചശേഷം തിരുഹൃദയ പ്രതിഷ്ഠ എന്താണെന്നും അതിന്റെ ഗുണങ്ങള്‍ എന്തെന്നും വിശദീകരിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: "ംരം പ്രതിഷ്ഠയും കാഴ്ചയും എന്താകുന്നുവെന്നു എല്ലാവര്‍ക്കും തിരിയുന്നതിനുവെണ്ടി ഇവിടെ ചുരുങ്ങിയ വചനമായിട്ട നാം അറിയിക്കുന്നു. അതായത : ഒരു ക്രിസ്തവന്‍ തന്നെ മുഴുവ നും സര്‍വ്വത്തിന്റെ നാഥനാകുന്ന സര്‍വ്വെശ്വരന്ന കാഴ്ചവച്ച, ഏറ്റം ഉള്ളിന്നടുത്ത ഒന്നിപ്പാല്‍ തന്നൊ ടു കെട്ടപ്പെട്ടവനാകുവാനും, ഏറ്റം കുറവില്ലാത്തവിധമായി സര്‍വ്വെശ്വരന്റെ വസ്തുവായിരിപ്പാനും, ഏറ്റം ധൈര്യത്തൊടുകൂടെ സര്‍വ്വെശ്വരന്ന ശുശ്രൂഷ ചെയ്‌വാനും മനസ്സായി ഉറച്ചിരിക്കുന്ന പ്രകാരം പരമാര്‍ത്ഥപ്പെട്ട മനസ്സൊടും, ഹൃദയത്തൊടുംകൂടെ തമ്പുരാനൊടു പറഞ്ഞ തന്നെ സര്‍വ്വെശ്വരന്ന കയ്യാളിക്കുന്നതത്രെ പ്രതിഷ്ഠ. ംരം മഹാപ്രവൃത്തി വിശെഷലുള്ള കടങ്ങളെ വരുത്തുന്നില്ല എങ്കിലും സമ്മാനത്തിന്ന വളരെ യൊഗ്യതയുള്ളതും, സര്‍വ്വെശ്വരന്ന വളരെ ഇഷ്ടമുള്ളതുമായിരിക്കുന്നു. അതെന്തെ ദൈവ ഉപവിക്കടുത്തതില്‍ പ്രധാനപ്പെട്ട ഒരു പ്രകരണവും ദൈവഭക്തിക്ക ഏറ്റം ചിതമായ ഒരുവിധ കാഴ്ചയുമാകുന്നു. ംരംശൊമിശിഹായുടെ എത്രയും ശുദ്ധമാകപ്പെട്ട തിരുഹൃദയം കുറവില്ലാത്ത പ്രതിഷ്ഠയുടെ മാതൃകയായിരിക്കുന്നു…. ഇങ്ങനെയുള്ള പ്രതിഷ്ഠയും കാഴ്ചയും മുഴുവനാകുന്നതിനു വെണ്ടി അവരവരുടെ അവസ്ഥയ്ക്കു തക്കതിന്‍ വണ്ണം തങ്ങളെയും തമ്പുരാനില്‍ നിന്നു കൈക്കൊണ്ട വസ്തുക്കളെയും അധികാരത്തിന്‍ കീഴില്‍ താന്‍ ആക്കിത്തന്ന ആളുകളുടെ ആത്മാവുകളെയും സമസ്തവും തന്റെ ഏറ്റം വലിയ സ്തുതിക്കായിട്ട പ്രതിഷ്ഠ ചെയ്തു കാഴ്ചകൊടുപ്പാനുള്ളതാകുന്നു."

തിരുഹൃദയ പ്രതിഷ്ഠ പള്ളികളില്‍ എപ്രകാരം നടത്തണമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശവും പ്രസ്തുത ഇടയലേഖനത്തിലുണ്ടായിരുന്നു. അതിപ്രകാരമാണ്: "മെല്‍ ചൊല്ലിയതിന്‍വണ്ണം അടുത്ത ധനുമാസം 8-നു അമലൊത്ഭവ ദൈവമാതാവിന്റെ തിരുനാളില്‍ പാടുള്ള പള്ളികളില്‍ പാട്ടുകുര്‍ബാന, പാടില്ലാത്ത പള്ളികളില്‍ ഓത്തുകുര്‍ബാന ക്രിസ്ത്യാനികള്‍ എല്ലാവരും കൂടുവാന്‍ തക്കവണ്ണം ഇന്നപ്പൊള്‍ ആകുമെന്ന മുമ്പില്‍ ക്കൂടി അറിയിച്ച, നെരമാകുമ്പൊള്‍ കുര്‍ബാന പാടുകയും, അല്ലെങ്കില്‍ ചൊല്ലുകയും വെണം. കുര്‍ബാന കഴിഞ്ഞയുടനെ പട്ടക്കാരന്‍ കുര്‍ബാന കുപ്പായത്തൊടുകൂടി ത്രൊണൊസിന്റെ മുമ്പാകെ മുട്ടുകുത്തി, എല്ലാവരും അരൂപിയാലെ നമ്മൊടു ചെര്‍ന്നുകൊണ്ടു പട്ടക്കാരന്‍ ഉറച്ച സ്വരത്തൊടുകൂടെ ംരം കാഴ്ചപ്രകരണം ചൊല്ലുകയും വെണം." തിരുഹൃദയ പ്രതിഷ്ഠ നടത്തുന്നതിനുള്ള പ്രതിഷ്ഠാ ജപവും (പ്രതിഷ്ഠാ പ്രകരണം) ഇടയലേഖനത്തില്‍ തന്നെ നല്കിയിരുന്നു.

ഈ പ്രതിഷ്ഠാ കര്‍മ്മത്തിലൂടെ 'തിരുഹൃദയപ്രതിഷ്ഠ' എന്ന ആശയം ജനഹൃദയങ്ങളില്‍ കയറിക്കൂടി. മാത്രമല്ല, തിരുഹൃദയ വണക്കത്തിനും തിരുഹൃദയ വണക്കമാസാചരണത്തിനും ഒപ്പം തിരുഹൃദയ പ്രതിഷ്ഠയ്ക്കും ഈ പ്രവൃത്തി നാന്ദികുറിച്ചു. എന്നിരിക്കിലും തിരുഹൃദയ പ്രതിഷ്ഠയും തിരുഹൃദയ വണക്കവും ക്രിസ്തീയ ഭവനങ്ങളിലേക്കു ചേക്കേറിയതു 1899-ല്‍ മാത്രമാണ്. അതിനും നിമിത്തമായ ഒരു സംഭവമുണ്ടായിരുന്നു. 1899-ല്‍ ലെയോ 13-ാം പാപ്പ പുറപ്പെടുവിച്ച ഒരു കല്പനയായിരുന്നു അതിനു കാരണം. പാപ്പയ്ക്കു അക്കൊല്ലം ഈശോയുടെ തിരുഹൃദയംവഴി ലഭിച്ച അത്ഭുതകരമായ രോഗ സൗഖ്യത്തെത്തുടര്‍ന്നു രൂപതകളും ഇടവകകളും ദൈവജനം ഒന്നാകയും ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കണം എന്നൊരു കല്പന പുറപ്പെടുവിച്ചു. അക്കാര്യം അതാതു മെത്രാന്മാര്‍ അവരവരുടെ ജനത്തെ അറിയിച്ചു. ഇപ്രകാരം ഇക്കാര്യം ദൈവജനത്തെ അറിയിച്ചു 1899 കര്‍ക്കിടകം 31-നു മാര്‍ ളൂയിസ് മെത്രാന്‍ ജനത്തിനു നല്കിയ സര്‍ക്കുലര്‍ ഇപ്രകാരമായിരുന്നു :

"വന്ദ്യ ഭ്രാതാക്കളെ, പക്ഷമുള്ള മക്കളെ, ംരം കഴിഞ്ഞ ഇടവം 25-നു ഇപ്പൊള്‍ ഭാഗ്യമൊടെ വാഴുന്ന പരിശുദ്ധ പിതാവു 13-ാം ലെ ഓന്‍ പാപ്പാ തിരുമനസ്സുകൊണ്ടു ലൊകമൊക്കെയിലുമുള്ള പാത്രിയാര്‍ക്കീസുമാര്‍ക്കും പ്രീമാസമാര്‍ക്കും, മെത്രാപ്പൊലീത്താമാര്‍ക്കും, മെത്രാന്മാര്‍ക്കും ആകമാനത്തിനടുത്ത ഒരു തിരുവെഴുത്ത അയച്ചു കൊണ്ടു നമ്മുടെ കര്‍ത്താവീശോമിശിഹായുടെ വന്ദ്യതിരുഹൃദയത്തിന്റെ നെരെ മനുഷ്യവര്‍ഗ്ഗത്തിനുള്ള കടങ്ങളെയും ംരം തിരുഹൃദയത്തിന്റെ ഭക്തി ലൊകമൊക്കയിലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആവശ്യത്തെയും ംരം പരിശുദ്ധ തിരുഹൃദയം മനുഷ്യവര്‍ഗ്ഗത്തിനു ചെയ്തിരിക്കുന്ന അളവറ്റ ഉപകാരങ്ങളെയും സ്പഷ്ടമായി കാണിച്ചുകൊണ്ട് ഇടവകകള്‍ക്കു ഒക്കെയും ഉപകാര സ്മരണയായിട്ടും പ്രത്യെകം പരിശുദ്ധ പിതാവിനു ംരം കഴിഞ്ഞ കുറെ മാസങ്ങള്‍ക്കു മുമ്പില്‍ നെരിട്ട ദീനത്തില്‍നിന്നു ംരം തിരുഹൃദയം വഴിയായി പൂര്‍ണ്ണസുഖം പ്രാപിച്ചതിന്റെ സ്മരണയ്ക്കായിട്ടും മനുഷ്യവര്‍ഗ്ഗത്തെ പൂര്‍ണ്ണമായും തിരുഹൃദയത്തിനു കാഴ്ചവെപ്പാന്‍ തക്കവണ്ണം ഇതിനായിട്ട ഒരു പ്രതിഷ്ഠാജപം താന്‍ തന്നെ നമുക്കു ഉണ്ടാക്കി തന്നുകൊണ്ടു ംരം പ്രതിഷ്ഠ തിരുഹൃദയ പെരുന്നാളില്‍ത്തന്നെ കഴിക്കണമെന്നും ആ ദിവസം നമ്മാല്‍ പാടുള്ളിടത്തൊളം ആഘൊഷത്തൊടെ കൊണ്ടാടണമെന്നും ഇതിന്നു മുന്‍ വരുന്ന മൂന്നു ദിവസങ്ങളില്‍ പരിശുദ്ധ തിരുഹൃദയത്തിന്റെ നൊവെന എത്തിച്ചു കൊണ്ടു ആസ്തപ്പാടായി കഴിക്കണമെന്നും കല്പിച്ചിരിക്കുന്നു".

മാര്‍പാപ്പ തയ്യാറാക്കിയയച്ച പ്രാര്‍ത്ഥനയും ബൂളയും എത്തിച്ചേരാന്‍ വൈകുന്നതിനാല്‍ ഇന്ത്യയിലെ മെത്രാന്മാര്‍ ഈ പ്രതിഷ്ഠാ ദിനം ശുദ്ധഃ യൊവാക്കിം പുണ്യവാളന്റെ തിരുനാളായ ചിങ്ങം 20-നു ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നുവെന്നും പ്രതിഷ്ഠാദിനം എല്ലാ ഇടവക പള്ളികളിലും കുരിശുപള്ളികളിലും മഠങ്ങളിലും നടത്തണമെന്നും ആണു മാര്‍ ളൂയിസ് മെത്രാന്‍ കല്പിച്ചിരുന്നത്. 1899-ലെ തിരുഹൃദയത്തിരുനാളില്‍ നടത്തേണ്ടിയിരുന്ന പ്രതിഷ്ഠാദിനം 1899 ചിങ്ങം 20-നു നടത്തിക്കൊണ്ടു കേരളത്തിലെ എല്ലാ പള്ളികളിലും പ്രതിഷ്ഠാദിനം ആചരിച്ചു. 1899-ല്‍ നടത്തിയ ഈ ആചാരം ആണ്ടുതോറുമുള്ള തിരുഹൃദയ പ്രതിഷ്ഠയ്ക്കും തിരുഹൃദയ വണക്കത്തിനും ഒപ്പംതന്നെ ജൂണ്‍ മാസത്തിലെ തിരുഹൃദയ വണക്കമാസാചരണത്തിനും കൂടുതല്‍ ഉത്തേജനം നല്കി. മാര്‍ ളൂയിസ് മെത്രാനും ഇതര മെത്രാന്മാരും തിരുഹൃദയ വണക്കത്തെയും തിരുഹൃദയ പ്രതിഷ്ഠയെയും വളരെയധികം പ്രോത്സാഹിപ്പിച്ചു. അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തിരുഹൃദയ പ്രതിഷ്ഠ കത്തോലിക്കാ ജീവിതത്തിന്റെ ഭാഗമായി മാറി. ഇടവക പള്ളികളിലും കുരിശുപള്ളികളിലും ആരംഭിച്ച തിരുഹൃദയ പ്രതിഷ്ഠ കാലതാമസമില്ലാതെ ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും ചേക്കേറി. ആണ്ടുവട്ടത്തിലൊരിക്കല്‍ വികാരിമാര്‍ ഭവനസന്ദര്‍ശനം നടത്തി വീടുകള്‍ വെഞ്ചരിച്ചു തിരുഹൃദയ പ്രതിഷ്ഠ നടത്തണമെന്ന നിബന്ധനപോലും ഇക്കാലത്തു രൂപതാദ്ധ്യക്ഷന്മാര്‍ പുറപ്പെടുവിച്ചു. കേരളത്തിലെ ചില മെത്രാന്മാരും സന്യസ്തരും തിരുഹൃദയത്തിന്റെ നാമധേയത്തില്‍ പള്ളികളും സ്ഥാപനങ്ങളും സ്ഥാപിച്ചു. എന്തിനേറെ തിരുഹൃദയത്തിന്റെ നാമധേയത്തില്‍ സന്യാസ സമൂഹങ്ങള്‍ വരെ സ്ഥാപിക്കപ്പെട്ടു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ ദേവാലയങ്ങളിലും ഭവനങ്ങളിലും തിരുഹൃദയപ്രതിഷ്ഠ നവീകരിക്കുന്ന പതിവും കാലക്രമേണ ഉടലെടുത്തു. ചില കത്തോലിക്കാ ഭവനങ്ങളില്‍ അനുദിന പ്രാര്‍ത്ഥനയുടെ ഭാഗമായി തിരുഹൃദയ പ്രതിഷ്ഠാ ജപം ചൊല്ലുന്നുണ്ട്. കേരളത്തില്‍ തിരുഹൃദയ പ്രതിഷ്ഠ നടത്താത്ത കത്തോലിക്കാ കുടുംബങ്ങളെ കണ്ടെത്തുക പ്രയാസം. ഏകദേശം ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്രപാരമ്പര്യം മാത്രമേ കേരള സഭയില്‍ തിരുഹൃദയ പ്രതിഷ്ഠയ്ക്ക് ഉള്ളൂവെങ്കിലും അതിന്റെ മഹത്വവും ചൈതന്യവും എടുത്തു പറയേണ്ടിയിരിക്കുന്നു.

അനുചിന്തനം: ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന കുടുംബങ്ങളിലും സ്ഥാപനങ്ങളിലും തന്റെ സവിശേഷമായ സാന്നിധ്യവും സമാധാനവും ഉണ്ടായിരിക്കുമെന്നു വിശുദ്ധ മര്‍ഗ്ഗരീത്താ മേരി അലക്കോക്കിനോട് ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. വ്യക്തികളെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുകയും തിരുഹൃദയം നമ്മോട് ആവശ്യപ്പെടുന്ന പ്രകാരം ദൈവഹിതം നിറവേറ്റിക്കൊണ്ടു ജീവിക്കുകയും ചെയ്യുന്ന കുടുംബങ്ങളെ അവിടുന്ന് തന്റെ ഹൃദയത്തില്‍ സംരക്ഷിക്കുമെന്നതു നിസ്തര്‍ക്കമത്രെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org