മഹാരാഷ്ട്രീയ അട്ടിമറി

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയാണു മഹാരാഷ്ട്രയില്‍ നടന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത സര്‍ക്കാരിന്‍റെ പ്രഖ്യാപനം ജനങ്ങള്‍ മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഏറ്റവും അപ്രതീക്ഷിതമായി ഈ അട്ടിമറി അരങ്ങേറിയത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തുവെന്ന വാര്‍ത്ത ശനിയാഴ്ച അതിരാവിലെ വന്നപ്പോള്‍ അതൊരു വ്യാജവാര്‍ത്തയാണെന്നു കരുതിയവര്‍ അനേകരായിരുന്നു. അത്രമാത്രം അയഥാര്‍ത്ഥവും അസംഭാവ്യവുമായി തോന്നിയ കാര്യമായിരുന്നു അത്. കോടിക്കണക്കിനു രൂപയുടെ അഴിമതി സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണനടപടികള്‍ നേരിടുകയായിരുന്നു അജിത് പവാര്‍ എന്നതും ഓര്‍ക്കണം. അജിത് പവാര്‍ നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹത്തിന്‍റെ സ്ഥാനം ജയിലിനുള്ളിലായിരിക്കും എന്ന് ഫഡ്നാവിസ് പറഞ്ഞിട്ട് ഏറെക്കാലമായില്ല.

മഹാരാഷ്ട്ര രാഷ്ട്രീയത്തെ കീഴ്മേല്‍ മറിച്ച ഈ നിഗൂഢ നാടകത്തില്‍ സംസ്ഥാനത്തെ രാജ് ഭവനേയും വലിച്ചിഴച്ചുവെന്ന വാര്‍ത്തകളും വളരെ നിര്‍ണായകമാണ്. ഈ പാതിരാനാടകത്തിന് ഒരു ദിനം മുമ്പു പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ സി പി യെ പുകഴ്ത്തിയതും ചേര്‍ത്തു വായിച്ചാല്‍ അണിയറയ്ക്കുള്ളില്‍ നടന്ന നാടകങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരും. ഈ നാടകത്തിന്‍റെയാകെ യഥാര്‍ത്ഥ ചിത്രവും യഥാര്‍ത്ഥ കളിക്കാരും യഥാര്‍ത്ഥ രാഷ്ട്രീയവും കാലക്രമത്തില്‍ പുറത്തു വരാതിരിക്കില്ല.

മഹാരാഷ്ട്രയിലെ കുഴമറിച്ചിലിലേയ്ക്കു നയിച്ച പശ്ചാത്തലം പരിശോധിക്കുന്നതും പ്രധാനമാണ്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ആറു മാസത്തിനുള്ളില്‍ തന്നെ ബി ജെ പി യുടെ പല സഖ്യകക്ഷികളും അവരില്‍നിന്ന് അകന്നു തുടങ്ങി. കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെയായി കാവിപ്പാര്‍ട്ടിയുടെ ഏറ്റവും ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ സഖ്യകക്ഷിയായി നിലനിന്ന ശിവസേനയുമായി ബന്ധം പിരിയുന്നു എന്നതാണ് ഇതില്‍ ഏറ്റവും അതിശയകരമായത്.

ജാര്‍ഖണ്ഡിലെ സംഭവവികാസങ്ങളെ ഇതുമായി ചേര്‍ത്തു വയ്ക്കുക. ബി ജെ പി യുടെ സഖ്യകക്ഷികളായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാര്‍ടി എന്നിവയെല്ലാം വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പി യോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു കാലത്തു പിരിഞ്ഞു പോയ ചില സഖ്യകക്ഷികളെ കൂടാതെയാണ് ഇത്.

ബി ജെ പി അതിന്‍റെ സഖ്യകക്ഷികളോടു കാണിക്കുന്ന അഹങ്കാരം സഖ്യകക്ഷികള്‍ക്കു വലിയ അലോസരം ഉണ്ടാക്കുന്നുണ്ട്. അധികാരത്തില്‍ തുടരാന്‍ സഖ്യകക്ഷികളുടെ ആവശ്യമില്ലെന്നു ബോദ്ധ്യപ്പെടുത്താനാണു 'വല്യേട്ടന്‍' ശ്രമിക്കുന്നതെന്ന് അവര്‍ കരുതുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ അവിഭാജ്യഘടകങ്ങള്‍ എന്നതിനേക്കാള്‍ വെറും ചില "വച്ചുകെട്ടുകള്‍" ആയിട്ടാണ് സഖ്യകക്ഷികള്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. ഭാണ്ഡം ചുമക്കുന്നവന്‍റെ മനോഗതികള്‍ക്ക് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും വലിച്ചെറിയാവുന്ന ചില അധിക ഭാണ്ഡങ്ങള്‍ മാത്രമാണ് അവര്‍.

അസഹിഷ്ണുത ഒരുവനു സ്വന്തം നിയോഗത്തിലുള്ള വിശ്വാസത്തെ വഞ്ചിക്കുന്നുവെന്നു മഹാത്മാഗാന്ധി പറഞ്ഞു. ബഹുസ്വരതയിലും ജനാധിപത്യത്തിലും ബി ജെ പി വിശ്വസിക്കുന്നുവെങ്കില്‍ മറ്റു പാര്‍ടികളോടോ അവയുടെ നിലപാടുകളോടോ അസഹിഷ്ണുത കാണിക്കാന്‍ ബി ജെ പി ക്കു സാധിക്കില്ല. വികസനം, സദ്ഭരണം എന്നിവയ്ക്കായി ജനവിധി തേടിയ ശേഷം എന്‍ ഡി എ യ്ക്കു വഴി തെറ്റുന്നതിനെക്കുറിച്ച് വലിയ ഉത്കണ്ഠ പല ബി ജെ പി സഖ്യകക്ഷികള്‍ക്കുമുണ്ട്. എന്‍ ഡി എ യ്ക്കുള്ളില്‍ ജനാധിപത്യമില്ലെന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാണ് സഖ്യകക്ഷിനേതാക്കളുടെ പ്രസ്താവനകള്‍ നല്‍കുന്നത്. ബി ജെ പി തങ്ങളെ ഒതുക്കുകയാണെന്നും മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്നും സഖ്യകക്ഷികള്‍ കരുതുന്നു. ഇന്ത്യയെ പോലൊരു ബഹുസ്വര രാജ്യത്തില്‍ പ്രാദേശിക ആവശ്യങ്ങളേയും പ്രാദേശിക പാര്‍ട്ടികളേയും അവഗണിക്കുന്നതു തിരിച്ചടിക്കാതിരിക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org