ആള്‍ക്കൂട്ടക്കൊല: ശ്രദ്ധ തിരിക്കാന്‍ പുതിയൊരു കഥ

പേരെന്തു പേരില്‍ വിളിച്ചാലും റോസാപ്പൂവ് എപ്പോഴും മോഹനമായ സൗരഭ്യം പരത്തുമെന്നു പറഞ്ഞത് വില്യം ഷേക്സ്പിയറാണ്. വിഖ്യാതനായ ആ എഴുത്തുകാരനെ അനുകരിച്ചു പറഞ്ഞാല്‍, ആള്‍ക്കൂട്ടക്കൊലപാതകം ഏതു പേരില്‍ നടത്തിയാലും അത് ക്രൂരവും നിഷ്ഠൂരവുമായിരിക്കും. നിരവധി സംസ്ഥാനങ്ങളില്‍, വിശേഷിച്ചും ഹിന്ദി ഹൃദയഭൂമിയില്‍ നാം ഇന്നതു കാണുന്നു. അതുകൊണ്ടു തന്നെ "ആള്‍ക്കൂട്ടക്കൊലപാതകം എന്നത് ഒരു പാശ്ചാത്യപദപ്രയോഗമാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് ഉപയോഗിക്കരുത്" എന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ പ്രസ്താവന സംഘ പരിവാറിന്‍റെ മുഖം രക്ഷിക്കുന്നതിനുള്ള വൃഥാ വ്യായാമമാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു ബൈബിളില്‍ യേശുക്രിസ്തു പറയുന്ന സംഭവത്തില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്നും ആര്‍ എസ് എസ് മേധാവി പറഞ്ഞുവത്രെ. ഭഗവത് പരമാര്‍ശിക്കുന്ന സംഭവത്തില്‍ ആള്‍ക്കൂട്ടാക്രമണത്തിനു വിധേയയാകുമായിരുന്ന സ്ത്രീയെ യേശു രക്ഷിക്കുകയായിരുന്നുവെന്നും ഓര്‍ക്കണം.

ആ വാക്കിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നതിന് ഒരു നിഘണ്ടു നോക്കാനോ ഒന്നു ഗൂഗിള്‍ ചെയ്യാനോ ഭഗവത് മുതിര്‍ന്നിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പരിഹാസപാത്രമാകാതെ കഴിയാമായിരുന്നു. ആള്‍ക്കൂട്ടക്കൊലപാതകം എന്നത് ഒരു സംഘമാളുകള്‍ ആസൂത്രണം ചെയ്തു നീതിന്യായസംവിധാനത്തിനു പുറത്തു നടപ്പാക്കുന്ന കൊലപാതകം തന്നെയാണ്. അപരാധിയെന്നാരോപിക്കപ്പെടുന്ന ഒരാളെ ശിക്ഷിക്കാന്‍, അല്ലെങ്കില്‍ ഒരു വിഭാഗത്തെ ഭയചകിതരാക്കാന്‍ ഒരു ആള്‍ക്കൂട്ടം അനൗപചാരികമായി, പരസ്യമായി നടത്തുന്ന കൊലപാതകങ്ങള്‍ക്കു പറയുന്ന പേരാണത്. പാശ്ചാത്യലോകമോ ക്രൈസ്തവമതമോ ആയി അതിനു യാതൊരു ബന്ധവുമില്ല. പശുപ്പടയാളികളും ജയ് ശ്രീറാം പ്രചാരകരും ചേര്‍ന്ന് ന്യൂനപക്ഷങ്ങളെയും ദളിതരേയും കൂടുതലായി ലക്ഷ്യമിടുന്ന ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം സാക്ഷികളായിക്കൊണ്ടിരിക്കുന്നത് ഒരു 'ആള്‍ക്കൂട്ടഭ്രാന്തിനാണ്'. ആള്‍ക്കൂട്ടക്കൊലപാതകം എന്ന പദപ്രയോഗം പാശ്ചാത്യമാണെന്ന ഭഗവതിന്‍റെ പ്രസ്താവന അര്‍ത്ഥമറിയാത്ത വെറും ജല്പനമാണ്. ആള്‍ക്കൂട്ടക്കൊലകളുടെ അപവാദത്തില്‍ നിന്ന് പരിവാറിനെ രക്ഷിച്ചെടുക്കുന്നതിനുള്ള വളരെ ആസൂത്രിതമായ ഒരു ശ്രമം മാത്രമാണിത്.

വര്‍ഗീയതയുടെ വിഷം ബാധിച്ച "അക്രമാസക്തമായ ആള്‍ക്കൂട്ടങ്ങളുടെ" ഇരകളോട് യാതൊരു അനുകമ്പയുമില്ലാത്ത സംഘപരിവാര്‍ മനോഭാവത്തിന്‍റെ കാഴ്ചയാണ് ഭഗവതിന്‍റെ പരാമര്‍ശങ്ങളില്‍ നിന്നു നമുക്കു ലഭിക്കുന്നത്. കുറേ മനുഷ്യര്‍ക്കു സ്വന്തം ജീവന്‍ നഷ്ടമാകുന്നതിനെക്കുറിച്ചുള്ളതിനേക്കാള്‍ ആകുലത ആര്‍ എസ് എസ് മേധാവിക്ക് സ്വന്തം സംഘടനയ്ക്കു മുഖം നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ്. അതിനാല്‍ ആള്‍ക്കൂട്ടക്കൊലപാതകത്തെ പാശ്ചാത്യലോകത്തിനു തെറ്റായി ചാര്‍ത്തിക്കൊടുത്തും ക്രിസ്തുമതത്തെക്കുറിച്ചു ദുസൂചന നല്‍കിയും ഒരു പരിഹാരം കണ്ടെത്താനാണു അദ്ദേഹത്തിന്‍റെ ശ്രമം. സംഘപരിവാര്‍ പ്രവര്‍ത്തകരെയും അനുകൂലികളെയും ഇത്തരം തെറ്റായ പാതകളില്‍ നിന്നു തടയുന്നതിനു പകരം ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലെ അവരുടെ പങ്കു നിഷേധിച്ച് അവരെ രക്ഷിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതെന്തായാലും ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ പാപക്കറയില്‍ നിന്നു സംഘപരിവാര്‍ അംഗങ്ങളെ മോചിപ്പിക്കുന്നതിനുള്ള ഭഗവതിന്‍റെ ഈ കുറുക്കുവഴിയെ അധികമാരും അംഗീകരിക്കുന്നില്ല.

ഭരണക്കാരും അവരുടെ കൂട്ടാളികളും വിവിധ നുണകളും ദുര്‍വ്യാഖ്യാനങ്ങളും കൊണ്ട് രക്ഷപ്പെട്ടു പോകുന്നു എന്നതാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരത്തിന്‍റെ ഏറ്റവും വലിയ വൈരുദ്ധ്യം. അവരെ ചോദ്യം ചെയ്യുന്നവരെയെല്ലാം അവര്‍ പാഠം പഠിപ്പിക്കുന്നു. ഏതൊരു വിയോജിപ്പുകളെയും കള്ളക്കേസുകള്‍ കൊണ്ടു നേരിടുന്നു. ആള്‍ക്കൂട്ടക്കൊലപാതങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് കത്തെഴുതിയ 49 പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ ബീഹാറിലെ മുസഫര്‍പുരില്‍ കേസെടുത്ത് പ്രഥമവിവര റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ നാമതു കണ്ടതാണ്. അപമാനകരമായ ആ നടപടി വ്യാപകമായി അപലപിക്കപ്പെട്ടപ്പോള്‍ കേസ് പിന്നീടു പിന്‍വലിച്ചുവെന്നതു മറ്റൊരു കാര്യമാണ്. ജനാധിപത്യത്തിന്‍റെ ഇരുണ്ട നാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇതിനോടെല്ലാം പ്രതിഷേധമുണ്ട് എന്നതു വ്യക്തമാണെങ്കിലും അധികാരകേന്ദ്രങ്ങളെ എതിരിടാന്‍ അതു മതിയാകുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org