ജാതിസംവരണം: ബീഹാര്‍ സര്‍വേ വെളിപ്പെടുത്തുന്ന വസ്തുതകള്‍

ജാതിസംവരണം: ബീഹാര്‍ സര്‍വേ വെളിപ്പെടുത്തുന്ന വസ്തുതകള്‍
Published on

കേന്ദ്രം സൃഷ്ടിച്ച തടസ്സങ്ങള്‍ക്കിടയിലും ബിഹാര്‍ ജാതി സര്‍വേ ഫലം പുറത്ത്. ആശ്ചര്യകരമല്ലെങ്കിലും ഫലം പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നു. ഇന്ത്യ കൊളോണിയല്‍ ഭരണത്തിന്‍ കീഴിലായിരുന്ന 1931-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴും സംവരണത്തിന്റെ നിലവിലുള്ള അനുപാതം. അതുകൊണ്ടു തന്നെ അപാകത നിറഞ്ഞതുമാണ്. അവസാനമായി സെന്‍സസില്‍ ജാതികണക്കുകള്‍ ഉള്‍പ്പെടുത്തിയത് അന്നായിരുന്നു.

അതിനാല്‍, വിവിധ ജാതികളില്‍ പെട്ട ആളുകളുടെ എണ്ണത്തില്‍ സമൂലമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നും നിലവിലുള്ള സംവരണ സമവാക്യങ്ങള്‍ കാലഹരണപ്പെട്ടിരിക്കുമെ ന്നതും പറയാതെ വയ്യ. ഇവിടെയാണ് ബീഹാര്‍ ജാതി സര്‍വേയുടെ പ്രസക്തി - സെന്‍സസ് എന്നതിനെ വിളിക്കാനാവില്ല, കാരണം അത് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ.

ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ (ഇ ബി സി) ശതമാനം 36 ആണ് എന്നതാണ് സര്‍വേയിലെ ഏറ്റവും പ്രസക്തമായ കണ്ടെത്തല്‍. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ ബി സി) 27% ആണ്. 19.65 ശതമാനം പട്ടികജാതിക്കാരും 1.68 ശതമാനം പട്ടികവര്‍ഗക്കാരും. ആശ്ചര്യകരമെന്നു പറയട്ടെ, പൊതു/സംവരേണതര വിഭാഗം (ഉന്നത ജാതിക്കാര്‍ എന്നര്‍ത്ഥം) 15 ശതമാനത്തില്‍ താഴെയാണ്.

അതിനാല്‍, ഇപ്പോള്‍ 63 (36+27) ശതമാനം ജനസംഖ്യയുള്ള ഇ ബി സി കളും ഒ ബി സി കളും ഉള്‍പ്പെടുന്ന പിന്നാക്കവിഭാഗക്കാര്‍ക്ക് നിലവിലുള്ള 27 ശതമാനം എന്ന സംവരണ വ്യവസ്ഥയുടെ വലിയ പൊരുത്തക്കേട് വെളിപ്പെടുത്തുന്നു എന്നതാണ് ഈ സര്‍വേയുടെ പ്രാധാന്യം. ഇ ബി സി, ഒ ബി സി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളെല്ലാം ചേര്‍ന്ന് 85 ശതമാനത്തോളം വരും, എന്നാല്‍ അവരുടെ സംവരണം 50 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മറുവശത്ത്, പൊതുവിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ആകെയുള്ളതിന്റെ 50 ശതമാനം കൈക്കലാക്കുന്നു.

ഇവിടെയാണ് ബിഹാര്‍ ജാതി സര്‍വ്വേ ബി ജെ പി ക്ക് ഞെട്ടലുണ്ടാക്കിയതും മറ്റ് മിക്ക പാര്‍ട്ടികളേയും ചൂടുപിടിപ്പിച്ചതും. ദേശീയ തലത്തിലും ജാതി സെന്‍സസ് നടത്തിയാല്‍ ഫലം ബിഹാര്‍ സര്‍വേയില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്കും ജനസംഖ്യയില്‍ അവരുടെ വിഹിതത്തിന് ആനുപാതികമായി സംവരണം വര്‍ധിപ്പിക്കണമെന്ന് അതോടെ മുറവിളി ഉയരും.

ഇത് ബി ജെ പി യുടെ സുസ്ഥിര വോട്ടുബാങ്കായി കണക്കാക്കപ്പെടുന്ന പൊതുവിഭാഗത്തിനായി നീക്കിവച്ചിരിക്കുന്ന സംവരണത്തില്‍ വന്‍വിള്ളലുണ്ടാക്കും. അതിനാല്‍, ബിഹാര്‍ സര്‍വേയില്‍ ബി ജെ പി അപകടം കണ്ടതില്‍ അതിശയിക്കാനില്ല, രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള ശ്രമമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നിരുന്നാലും, ജാതിയുടെ പരിധിയില്‍ വരാത്തവരെ സംരക്ഷിക്കാന്‍ സംവരണത്തിന് ഒരു യാഥാര്‍ത്ഥ്യബോധമുള്ള ഒരു പരിധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും.

ജാതിയടിസ്ഥാനത്തിലുള്ള ജനസംഖ്യ കണ്ടെത്തുന്നത് വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളോട് നീതി പുലര്‍ത്തുന്നതിനു സഹായിക്കുന്ന യാഥാര്‍ത്ഥ്യബോധം സര്‍ക്കാരിന് നല്‍കും. ഇതോടൊപ്പം, പൊതുവിഭാഗത്തിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം ചെയ്യുന്നതുപോലുള്ള നടപടികള്‍ സമൂഹത്തില്‍ നീതി ഉറപ്പാക്കുന്നതില്‍ വളരെയധികം സഹായിക്കും.

സംവരണം മനുഷ്യവിഭവശേഷിയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുമെന്ന വാദത്തില്‍ യാതൊരു സത്യവുമില്ല. കാരണം, അതിനാധാരമായ സ്ഥിതിവിവരങ്ങളൊന്നും തന്നെയില്ല. മറുവശത്ത്, സംവരണം സമൂഹത്തില്‍ തുല്യത കൊണ്ടുവരുന്നതിനു സഹായിക്കുകയും ചെയ്യും. ബീഹാര്‍ ഇതിനൊരു മുന്‍കൈ എടുത്തിരിക്കുകയാണ്, രാജ്യത്തിന് അത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു മാര്‍ഗം കണ്ടെത്തി പരീക്ഷിച്ചു നടപ്പാക്കുന്നതു വരെ സംവരണം തന്നെയാണു മുമ്പോട്ടേക്കുള്ള മാര്‍ഗം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org