പാഠപുസ്തകമാറ്റം പഠിപ്പിക്കുന്ന പാഠങ്ങള്‍...

പാഠപുസ്തകമാറ്റം പഠിപ്പിക്കുന്ന പാഠങ്ങള്‍...
Published on
ചരിത്രം തിരുത്തിയെഴുതുന്നതും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഇടപെടുന്നതും യുവതലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാനും വസ്തുതകള്‍ അറിയുന്നതില്‍ നിന്ന് അവരെ തടയാനുമുള്ള ഒരു തന്ത്രമാണ്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ടേമിന്റെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോള്‍ 'വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവര്‍ക്ക് ഭൂതകാലത്തെ തിരുത്തിയെഴുതാം' എന്ന പഴഞ്ചൊല്ല് ഫലമണിയുകയാണ്. സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നിന്ന് ചില അധ്യായങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നീക്കം ചെയ്ത വിചിത്രവും നിഗൂഢവുമായ നടപടി സംഘപരിവാര്‍ നിയന്ത്രിത സര്‍ക്കാരിന്റെ രഹസ്യപരിപാടികളെ തുറന്നുകാട്ടുന്നതാണ്.

രാഷ്ട്രത്തെ പക്ഷപാതപരമായി ചിത്രീകരിക്കുന്നതിനുള്ള ഒരു പാത ഒരുങ്ങുകയാണ്. തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രവുമായി ഇണങ്ങിച്ചേരുന്നതിന് പാഠപുസ്തകങ്ങളില്‍ വരുത്തുന്ന അന്യായമായ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍, ഇന്നത്തെ ഭരണകൂടം ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തുന്നതിന്റെ വേഗത നോക്കണം, പ്രത്യേകിച്ച് ചരിത്ര പാഠപുസ്തകങ്ങളില്‍.

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍ എസ് എസ്) സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികമായ 2025, സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയിലെ ഒരു നാഴികക്കല്ലായി മാറാന്‍ പോകുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍ സി ഇആര്‍ ടി) അടുത്തിടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ വലിയ തോതിലുള്ള വെട്ടിക്കുറവുകള്‍ ഈ വീക്ഷണകോണില്‍ നിന്ന് കാണേണ്ടതുണ്ട്.

ചരിത്രം തിരുത്തിയെഴുതുന്നതും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഇടപെടുന്നതും യുവതലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാനും വസ്തുതകള്‍ അറിയുന്നതില്‍ നിന്ന് അവരെ തടയാനുമുള്ള ഒരു തന്ത്രമാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ഈ പ്രക്രിയ ആരംഭിച്ചതെങ്കിലും ചരിത്രത്തിന്റെയും പാഠപുസ്തകങ്ങളുടെയും കാവിവല്‍ക്കരണം 2014 മുതല്‍ തീവ്രമായി. ദി ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2014 മുതല്‍ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങള്‍ മൂന്ന് തവണ പരിഷ്‌കരിച്ചിട്ടുണ്ട്. ജി എസ് ടി സംബന്ധിച്ച നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ചേര്‍ക്കുന്നതിനായി പാഠപുസ്തകങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി 2017-ല്‍ ആദ്യഘട്ട പരിഷ്‌കരണം നടന്നു. വാസ്തവത്തില്‍, ഇത് പരിഷ്‌കരണം എന്നതിലുപരി 'അവലോകനം' എന്ന് വിളിക്കപ്പെട്ടു. 182 പുസ്തകങ്ങളിലായി 1,334 മാറ്റങ്ങള്‍ വരുത്തി. ഇതെല്ലാം പൗരാണിക ഇന്ത്യന്‍ വിജ്ഞാനങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ചുള്ള ഉള്ളടക്കം വര്‍ധിപ്പിക്കുകയും അതുവരെ അവഗണിക്കപ്പെട്ടിരുന്ന ദേശീയതയുടെ ബിംബങ്ങള്‍ക്ക് ഊന്നലേകുകയും ചെയ്തുവെന്നായിരുന്നു ബി ജെ പിയുടെയും വലതുപക്ഷത്തിന്റെയും വക്താക്കളുടെ അഭിപ്രായം.

2018-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറുടെ മുന്‍കൈയില്‍ എന്‍ സി ഇ ആര്‍ ടി രണ്ടാം ഘട്ട പരിഷ്‌കരണം നടത്തി, വിദ്യാര്‍ത്ഥികളുടെ 'സിലബസ് ഭാരം' കുറയ്ക്കുന്നതിന് 'പാഠപുസ്തക യുക്തിവത്കരണം' എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ നടപടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ 20% കുറയ്ക്കാന്‍ കാരണമായി, പ്രാഥമികമായി സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിലായിരുന്നു ഈ വെട്ടിക്കുറയ്ക്കല്‍.

2022-ല്‍ നടന്ന മൂന്നാമത്തെ അവലോകനത്തിന്റെ ലക്ഷ്യം വച്ചിരുന്നത് പാഠ്യപദ്ധതിയുടെ ഭാരം കുറയ്ക്കുകയും കൂടാതെ കോവിഡ് 19 പാന്‍ഡെമിക് മൂലമുണ്ടായ പഠന തടസ്സങ്ങളില്‍ നിന്ന് കരകയറാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയുമായിരുന്നു.

2022 ജൂണില്‍, അടുത്തിടെ വിപണിയില്‍ വന്ന പുനഃപ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളിലെ മാറ്റങ്ങളുടെയും ഓഴിവാക്കലുകളുടെയും ഒരു ലിസ്റ്റ് എന്‍ സി ഇ ആര്‍ ടി പരസ്യമാക്കിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അച്ചടിച്ച പാഠപുസ്തകങ്ങളില്‍ 2022 ജൂണില്‍ പരസ്യമാക്കിയ പട്ടികയില്‍ ഉള്‍പ്പെടാത്ത ഒഴിവാക്കലുകള്‍ ഉണ്ട്. ഉദാഹരണത്തിന്, മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ എന്‍ സി ഇ ആര്‍ ടി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. 2022 ജൂണില്‍. അതിനാല്‍, 'പാഠപുസ്തകങ്ങളുടെ യുക്തിവത്കരണം' എന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം, സംഘപരിവാറിന് ഇഷ്ടപ്പെടാത്ത പല ഭാഗങ്ങളും ഒഴിവാക്കാനുള്ള ഒരു മുടന്തന്‍ ന്യായം മാത്രമായിരുന്നു എന്നര്‍ത്ഥം.

2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യല്‍, മുഗള്‍ കാലഘട്ടവും ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉള്ളടക്കം കുറയ്ക്കല്‍, പ്രതിഷേധങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥ കാലത്തെ അമിതാധികാരപ്രയോഗങ്ങളും സംബന്ധിച്ച അധ്യായങ്ങള്‍ ഒഴിവാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

അവസാന റൗണ്ട് ഇല്ലാതാക്കലുകള്‍ പ്രധാനമായും മൂന്ന് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ. ഹിന്ദു തീവ്രവാദികള്‍ക്കു മഹാത്മാഗാന്ധിയോടുണ്ടായിരുന്ന അപ്രീതിയെയും അദ്ദേഹത്തിന്റെ കൊലപാതകത്തെത്തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തെയും കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്തത് നിരവധി ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ചരിത്രം ഒരാളുടെ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും രേഖയല്ല, ഉരുത്തിരിഞ്ഞു വരുന്ന സംഭവങ്ങളുടെ ഒരു പ്രവാഹമാണ്. ആരുടെയെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും സംഘടനയുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് അവ ഇല്ലാതാക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നത് ചരിത്രത്തോടും അതു രേഖപ്പെടുത്തി വയ്ക്കുന്നതിനോടും കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ്. പാഠപുസ്തകങ്ങളില്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്തതും സിലബസില്‍ മാറ്റം വരുത്തുന്നതും 'പാഠ്യപദ്ധതിയുടെ അമിതഭാരം കുറയ്ക്കാന്‍' ആണെന്ന സര്‍ക്കാര്‍ വാദം വിചിത്രമായി തോന്നുന്നു. ഈ മണ്ടന്‍ വാദത്തിന്റെ പൊള്ളത്തരവും ഗൂഢലക്ഷ്യവും തുറന്നുകാട്ടാന്‍ ഒന്നുരണ്ടു ഉദാഹരണങ്ങള്‍ മതി. 'ഹിന്ദുമുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ (ഗാന്ധിജിയുടെ) അചഞ്ചലമായ പരിശ്രമം ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചതിനാല്‍ അവര്‍ ഗാന്ധിജിയെ വധിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി' എന്ന വാചകം 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ ഇടം നേടിയില്ല. ഇത്തരം ഇല്ലാതാക്കലുകള്‍ വിദ്യാര്‍ത്ഥികളുടെ ജോലിഭാരം കുറയ്ക്കുമെന്ന് പറയുന്നത് സത്യസന്ധമല്ലാത്തതും വഞ്ചനാപരവുമാണ്.

എടുത്തുകളഞ്ഞ ചില അധ്യായങ്ങള്‍ താഴ്ന്ന ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്ന സര്‍ക്കാരിന്റെ മറ്റൊരു വാദം തെറ്റാണ്. കാരണം, താഴത്തെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത് വളരെ പ്രാഥമികമായ കാര്യങ്ങളാണ്. അതേ വിഷയം ഉയര്‍ന്ന ക്ലാസ്സുകളില്‍ വളരെ വിശദമായി വിവരിക്കുന്നു. അതുകൊണ്ട്, ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് മുന്നേറുന്തോറും വിദ്യാര്‍ത്ഥികളുടെ ഗ്രഹണശേഷി വര്‍ദ്ധിക്കുന്നതുകൊണ്ടാണിത്.

വസ്തുതകള്‍ അറിയാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. ഹിന്ദു തീവ്രവാദികള്‍ക്ക് മഹാത്മാഗാന്ധിയോട് ഇഷ്ടക്കേടും ഗാന്ധിവധത്തിന് ശേഷമുള്ള ആര്‍ എസ് എസിന്റെ നിരോധനവും വിഭജനത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യയിലെ സാമുദായിക സ്ഥിതിയില്‍ ഗാന്ധിയുടെ മരണമുണ്ടാക്കിയ ഗുണപരമായ സ്വാധീനവും ഇന്ത്യയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും പല രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വസ്തുതകളാണ്. അതുകൊണ്ട് തന്നെ പാഠപുസ്തകങ്ങളില്‍ നിന്ന് ഈ വസ്തുതകള്‍ ഇല്ലാതാക്കുന്നത് കൊണ്ട് ഭാവി തലമുറയെ പൂര്‍ണ്ണമായും അന്ധകാരത്തിലാക്കാന്‍ കഴിയില്ല.

നൂതന പഠനങ്ങളും ഗവേഷണങ്ങളും ഒരു പ്രശ്‌നത്തിന്റെ പുതിയ വശങ്ങളിലേക്കോ മാനങ്ങളിലേക്കോ വെളിച്ചം വീശുമെന്നതിനാല്‍ പാഠപുസ്തകങ്ങളില്‍ പുനരവലോകനവും മാറ്റങ്ങളും അനിവാര്യമാണ് എന്നതില്‍ സംശയമില്ല. ഈ മേഖലയിലെ വിദഗ്ധരുടെ കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇവ ചെയ്യേണ്ടത്. എന്നാല്‍ മോദി ഭരണകാലത്തെ മൂന്നാമത്തേതായ പാഠപുസ്തകങ്ങളുടെ ഏറ്റവും പുതിയ പരിഷ്‌കരണത്തില്‍ അത്തരത്തിലുള്ള ഒന്നും സംഭവിച്ചതായി തോന്നുന്നില്ല.

മാറ്റങ്ങള്‍ നടപ്പിലാക്കിയ അതാര്യമായ രീതി, കണ്ണില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ അതില്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. ചില പാഠപുസ്തകങ്ങളിലെ ഹിന്ദുത്വ വിരുദ്ധ ഉള്ളടക്കങ്ങളുടെ പേരില്‍ നിലവിലെ ഭരണകൂടത്തിനും അതിന്റെ ഉപദേഷ്ടാക്കള്‍ക്കുമുള്ള അസ്വാരസ്യങ്ങളായിരിക്കാം 'പാഠപുസ്തകത്തിലെ കൃത്രിമങ്ങള്‍'ക്കുള്ള കാരണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org