ഇടവകാംഗങ്ങളുടെ ക്രൈസ്തവജീവിതത്തിന്റെ നേര്‍ക്കാഴ്ച: ആത്മസ്ഥിതി രജിസ്റ്റര്‍

ഇടവകാംഗങ്ങളുടെ ക്രൈസ്തവജീവിതത്തിന്റെ നേര്‍ക്കാഴ്ച: ആത്മസ്ഥിതി രജിസ്റ്റര്‍

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കത്തോലിക്കാ ദേവാലയങ്ങളില്‍ സൂക്ഷിച്ചുവരുന്ന വളരെ പ്രധാനപ്പെട്ട ഒരു രജിസ്റ്ററാണ് ആത്മസ്ഥിതി പുസ്തകം. ഒരു ഇടവകയിലെ എല്ലാ ഇടവകാംഗങ്ങളുടെയും പ്രായം, സ്വീകരിച്ച കൂദാശകളും തീയതികളും, ജീവിതാന്തസ്സ്, ആത്മീയകാര്യങ്ങളിലെ താല്പര്യങ്ങളും പങ്കാളിത്തവും തുടങ്ങിയ കാര്യങ്ങള്‍ എഴുതി സൂക്ഷിക്കുന്ന പുസ്തകമാണ് ആത്മസ്ഥിതി പുസ്തകം. ഇതിന്റെ ഉത്ഭവവും ഉദയംപേരൂര്‍ സൂനഹദോസിലെത്തി നില്ക്കുന്നു. സൂനഹദോസിന്റെ നാലാം മൌത്വാ, ടലശൈീി ഢക, കുമ്പസാരം, കാനോന ഒന്നില്‍ പറയുന്നു: "എടവകയിലെ മൂപ്പന്‍ മാര ആകുന്ന പട്ടക്കാരര അമ്പത നൊയംപ തുടങ്ങുന്നതിനു 30 ദിവസത്തിന്നു മുമ്പെ തന്റെ എടവക ആകുന്നെടത്ത ഒള്ള എണങ്ങരുടെ സ്ഥലത്ത എല്ലാം ചെന്ന 9 വയസ്സ തികഞ്ഞവരെ ഒക്കയും ഒരു കടലാസില്‍ ഓരോരുത്തരുടെ പേര തിരിച്ച ഇട്ട എഴുതണം… അങ്ങനെ എഴുത്തുപെട്ടാല്‍ പിന്നെ കുംപസാരിക്കുമ്പൊള്‍ ആ വന്നു കുംപസാരിക്കുന്നവരുടെ പെരുകള്‍മെല്‍ ഒര അടയാളം ഇടണം. അതുകൊണ്ട അറിയാം ഇന്നാര കുംപസാരിച്ചു എന്നും ഇല്ലെന്നും. തന്റെ എടവകയില്‍ ഒള്ളവര മറ്റ ഒരു എടവകയില്‍ ചെന്ന കുംപസാരിച്ചു എംകില്‍ ആ കുംപസാരിപ്പിച്ച പട്ടക്കാരന്റെ കുറി കൊണ്ടുവന്നു കാട്ടണം. എന്നാല്‍ അവരുടെയും പെരിന്മെല്‍ അടയാളം ഇടണം…" ഇപ്രകാരം ഓരോ കുടുംബത്തിലെയും മുഴുവന്‍ അംഗങ്ങളുടെയും കൗദാശിക ജീവിതത്തെയും ആത്മീയജീവിതത്തെയും ഇടവകവികാരിക്കു വിലയിരുത്തുന്നതിന് അവസരം ലഭിക്കുന്നു. എന്നാല്‍ ഉദയംപേരൂര്‍ സൂനഹദോസില്‍ സൂചിപ്പിച്ചതുപോലെ ഭൂരിഭാഗം പള്ളികളിലും ഇക്കാര്യം പ്രാവര്‍ത്തികമായില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍ 1806 ചിങ്ങം 2-നു കൊടുങ്ങല്ലൂര്‍ അതിരൂപതാ ഗോവര്‍ണ്ണദോര്‍ ഇടപ്പള്ളി പള്ളി വികാരിക്കയച്ച കല്പനയില്‍ പറയുന്നു: ""ശുദ്ധമാന ഉതിയന്‍ പെരൂര സൂനഹദൊസില്‍ 26-ാം കല്പനയില്‍ 8-ാം പ്രവൃത്തിയില്‍ കല്പിച്ചിരിക്കുന്ന കല്പനകളക്ക തക്കവണ്ണം നം കല്പിക്കുന്ന കല്പനകളാകുന്നത: 1-ാം മത വിഗാരി 70 ഞായറാഴിച്ച തുടങ്ങി 50 ഞായറാഴിച്ചയ്ക്കകം എടവകയിലുള്ള നസ്രാണികളെ ഒക്കെയും ഒരു പുസ്തകത്തിലെഴുതി കൊള്ളണം. അതില്‍ തന്നെ ആണ്ടു കുമ്പസാരം എത്തിക്കുന്നവരെയും മുടക്കുള്ളവരെയും ആണ്ടുതൊറും എഴുതി മുന്‍ സുഖത്തിന്റെ ഞാറാഴിച്ചക്കകം നമ്മെ കാണിയ്ക്കയും വെണം." ഈ കല്പന തന്നെ മറ്റു പല നസ്രാണി പള്ളികള്‍ക്കും അയച്ചിരുന്നു എന്നു കല്പനയില്‍ നിന്നും വ്യക്തമാണ്. അങ്ങനെയെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ തന്നെ ആത്മസ്ഥിതി പുസ്‌കതത്തിന്റെ ഉത്ഭവം കുറിച്ചു കഴിഞ്ഞു.
"ആണ്ടു കുമ്പസാരം നടത്താത്തവരുണ്ടെങ്കില്‍ അവരുടെ ഊരും പേരും പുസ്തകത്തില്‍ പതിക്കണം"" എന്നു 1879-ല്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ലെയൊനാര്‍ദ് മെത്രാപ്പോലീത്തായുടെ കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ (ു. 47) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആത്മസ്ഥിതി എന്നു പറയുന്നില്ല. ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ മാത്യു മാക്കീല്‍ 1904-ല്‍ പ്രസിദ്ധീകരിച്ച ദെക്രെത്തു പുസ്തകത്തില്‍ മാമ്മോദീസ, വിവാഹം, മരണം എന്നിവ പ്രത്യേകം പ്രത്യേകം പുസ്തകത്തില്‍ എഴുതണം; യോഗപുസ്തകവും സ്ഥൈര്യലേപനം സ്വീകരിക്കുന്നവരുടെ പേരെഴുതിയ പുസ്തകവും ആത്മസ്ഥിതി പുസ്തകവും ദര്‍ശനക്കാരുടെ പുസ്തകവും വേണം എന്നു പറയുന്നുണ്ട് (ു. 21). കൂടാതെ, "ബ. വികാരിമാര്‍ അവരുടെ ഇടവകകളില്‍ ആണ്ടു കുമ്പസാരത്തിന്റെയും പെസഹ കുര്‍ബാന കൈക്കൊള്ളപ്പാടിന്റെയും കടം ആണ്ടുതോറും ശരിയായി തീര്‍ത്തുവരുന്നവരെയും തീര്‍ക്കാത്തവരെയും തിരിച്ചറിയുന്നതിനും തങ്ങളുടെ ചുമതലയെ ശരിയായി നിര്‍വ്വഹിക്കുന്നതിനും ആത്മസ്ഥിതി പുസ്തകത്തിന്റെ ഉപയോഗം എത്രയും ആവശ്യപ്പെടുന്നു" (ു. 24). എന്നാല്‍ ആത്മസ്ഥിതി പുസ്തകം എപ്രകാരം എഴുതണം എന്നതിനെപ്പറ്റി യാതൊരു വിശദാംശങ്ങളുമില്ല. ആകയാല്‍ വ്യക്തമായ ഒരു ഏകീകൃതരൂപം ഇതിന് ഉണ്ടായിരുന്നില്ല എന്ന് അനുമാനിക്കണം. മാത്രമല്ല, മാമ്മോദീസ, വിവാഹം തുടങ്ങിയവയ്ക്കു വേണ്ടി രജിസ്റ്റര്‍ അച്ചടിച്ചു തയ്യാറാക്കിയതുപോലെ ഒരു രജിസ്റ്റര്‍ ആത്മസ്ഥിതിക്കുവേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപപ്പെടുത്തിയതായും കാണുന്നില്ല.
എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആത്മസ്ഥിതി രജിസ്റ്റര്‍, നിയതമായ രൂപത്തില്‍, ആദ്യമായി തയ്യാറാക്കിയത് മാര്‍ ളൂയീസ് പഴേപറമ്പില്‍ മെത്രാനാണ്. 1915-ലാണ് പ്രഥമ ആത്മസ്ഥിതി പുസ്തകം തയ്യാറാക്കി അച്ചടിപ്പിച്ചത്. 1916 മുതല്‍ പ്രസ്തുത ആത്മസ്ഥിതി രജിസ്റ്റര്‍ എറണാകുളം വികാരിയാത്തില്‍ ഉപയോഗിച്ചു തുടങ്ങി. അഭിവന്ദ്യ മാര്‍ കണ്ടത്തില്‍ ആഗസ്തീനോസ് മെത്രാപ്പോലീത്തായാണ് ആത്മസ്ഥിതി രജിസ്റ്റര്‍ വീണ്ടും പരിഷ്‌കരിച്ചത്. ഈ രജിസ്റ്റര്‍ അടിസ്ഥാനമാക്കി മറ്റു പല രൂപതകളിലും ആത്മസ്ഥിതി രജിസ്റ്റര്‍ തയ്യാറാക്കപ്പെട്ടു. 1921 മാര്‍ച്ച് 28-നാണ് ആത്മസ്ഥിതി രജിസ്റ്റര്‍ സംബന്ധിച്ച കല്പന മാര്‍ കണ്ടത്തില്‍ പള്ളികളിലേയ്ക്കയച്ചത്. 1922 ജനുവരിയില്‍ അച്ചടിച്ച രജിസ്റ്റര്‍ വിതരണത്തിന് തയ്യാറാവുകയും ചെയ്തു. 1921-ല്‍ 13-ാം നമ്പറായി നല്കിയ കല്പനയില്‍ പറയുന്നു:
"വികാരി തന്റെ ഭരണത്തിനേല്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ ഇടയനും അവരുടെ കണക്കുകള്‍ കേള്‍പ്പിക്കാന്‍ ചുമതലപ്പെട്ടവനുമാകകൊണ്ടു ഇടവകയില്‍ പെട്ട ജനങ്ങളെ ശത്രുക്കളില്‍ നിന്നു സംരക്ഷിച്ചു വിശ്വാസത്തിലും സന്മാര്‍ഗത്തിലും പരിപാലിപ്പാന്‍ സര്‍വ്വദാ ശ്രദ്ധയുള്ളവനായിരിക്കേണ്ടതാണ്. അതിന് ഒന്നാമതായി തന്റെ ജനത്തെ ശരിയായി അറിയണം. …ഓരോ ആളിന്റെയും പ്രായം, സ്ഥിതി, ജീവിതാന്തസ്സു, സമുദായനില, സ്വഭാവം, സംസര്‍ഗം, വിദ്യാഭ്യാസം ഇത്യാദി സാഹചര്യങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കിയിരുന്നാല്‍ മാത്രമേ, ഓരോരുത്തന്നു പ്രായാനുസരണവും അവസരോചിതവും ആയ ഉപദേശങ്ങള്‍ കൊടുപ്പാനും രക്ഷാമാര്‍ഗത്തില്‍കൂടി അവരെ നടത്തുവാനും വികാരിക്കു കഴിവുണ്ടാകയുള്ളൂ. പ്രസ്തുത സാഹചര്യങ്ങളെ ശരിയായി അറിഞ്ഞ ഓര്‍മ്മയില്‍ നിര്‍ത്തുവാനുള്ള ഉത്തമ മാര്‍ഗം ആത്മസ്ഥിതി പുസ്തകമാണ്. രെം പുസ്തകം ഇടവകകളില്‍ എഴുതി സൂക്ഷിച്ചു പോരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പല ഇടവകകളിലും ഇത്തരം പുസ്തകം ഇല്ലെന്നും ചില സ്ഥലങ്ങളില്‍ പുസ്തകമുണ്ടെങ്കിലും ശരിയായി എഴുതുന്നില്ലെന്നും എഴുതുന്നതുതന്നെ പല മാതിരിയിലാണെന്നും അറിയുന്നു. ആകയാല്‍ ഇക്കാര്യത്തില്‍ നമ്മുടെ അധികാരത്തില്‍പെട്ട എല്ലായിടങ്ങളിലും ഏകരീതിയില്‍ ശ്രമമായും ശരിയായും ആത്മസ്ഥിതി പുസ്തകം ഉണ്ടായിരിക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് രെം പുസ്തകം നാം അടിപ്പിച്ചിട്ടുള്ളത്.
ഒരു പക്ഷത്തില്‍ സാധാരണമായി മൂന്നു വീടുവീതം ചേര്‍ക്കാം. ഒരു വീട്ടിലെ ആളുകളുടെ പേര്‍ കഴിഞ്ഞു കുറെ വരികള്‍ ഇട്ടുംവച്ചേ വേറെ വീടു ചേര്‍ക്കാവൂ. വേദോപദേശം എന്നു കാണിച്ചിരിക്കുന്നേടത്തു ചെറിയ വേദോപദേശം മുഴുവനും കാണാപ്പാഠമായി അറിയാമെങ്കില്‍ കുരിശടയാളത്താല്‍ രേഖപ്പെടുത്തണം. ആണ്ടു കുമ്പസാരം കഴിച്ചതിനും കുരിശടയാളം ഇട്ടാല്‍ മതി. അവധിക്കകം കഴിക്കാതിരുന്നാല്‍ പൂജ്യം ഇടികയും പിന്നീടു ആയാണ്ടില്‍ കഴിച്ചാല്‍ ആ കളത്തില്‍ കുരിശടയാളം കൂടി ചേര്‍ക്കയും വേണം.
റിമാര്‍ക്കു കളത്തില്‍, ആരെങ്കിലും സ്ഥലം വിട്ടുപോകയൊ വിവാഹം ചെയ്യിച്ചു ആരെയെങ്കിലും വിടുകയൊ ചെയ്താല്‍ എവിടെയെന്നും മറ്റും ഇപ്രകാരം പ്രത്യേകം വല്ലതും ഉണ്ടെങ്കില്‍ ആ വിവരവും കുറിക്കണം. ഒരു വീട്ടിലായിരുന്നവര്‍ വേറെ വീടുവച്ചു മാറിപ്പോയാല്‍ അതു വേറെ നമ്പരായി കടശി എഴുതി നിര്‍ത്തിയ പക്ഷത്തില്‍ ചേര്‍ക്കുകയും മുമ്പുണ്ടായിരുന്ന വീട്ടില്‍നിന്നു മാറിയവരുടെ പേര്‍ എഴുതിയിരുന്നതിന്റെ റിമാര്‍ക്കു കളത്തില്‍ ഇത്രാം നമ്പര്‍ വീടു കാണുക എന്നും പുത്തനായി ചേര്‍ത്തിടത്തു ഇത്രാം നമ്പര്‍ വീട്ടില്‍നിന്നും പിരിഞ്ഞുവെന്നും ചേര്‍ക്കണം… രെം കണക്കും കൊല്ലത്തേക്കായി അടിപ്പിച്ചിരിക്കയാല്‍ രെം പുസ്തകത്തില്‍ പേരുകളും മറ്റും ആദ്യമായി എഴുതുന്നതു നല്ല കയ്യക്ഷരമുള്ള ഒരു ആളെക്കൊണ്ടായിരിക്കണമെന്നു നാം പ്രത്യേകം ഉപദേശിക്കുന്നു. എന്നു എറണാകുളത്തു നമ്മുടെ അരമനയില്‍ നിന്നും എറണാകുളം വി. അ. കണ്ടത്തില്‍ ആഗുസ്തീനോസ് മെത്രാന്‍ (ഒപ്പ്)".

അനുചിന്തനം: ദാതാവിന്റെ നിയോഗത്തില്‍, കല്പിക്കപ്പെട്ടിരിക്കുന്ന പ്രകാരത്തില്‍, ആത്മസ്ഥിതി രജിസ്റ്റര്‍ എഴുതി സൂക്ഷിക്കുകയും യഥാകാലം പുതുക്കുകയും പ്രസ്തുത പുസ്തകം അജപാലനശുശ്രൂഷയുടെ ഭാഗമായി ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ ഇടവകാംഗങ്ങളുടെ ക്രൈസ്തവ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഇത് മാറുമെന്നതില്‍ തര്‍ക്കമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org