ഭിന്നത സാത്താന്റേത്: സഭ മറ്റുള്ളവരെ സ്വാഗതം ചെയ്യണം

ഭിന്നത സാത്താന്റേത്: സഭ മറ്റുള്ളവരെ സ്വാഗതം ചെയ്യണം

സഭ തുറവിയുള്ളതും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതുമാകണം. സാത്താന്‍ എപ്പോഴും ഭിന്നിപ്പിക്കുന്നതിനും തിരസ്‌കരിക്കുന്നതിനുമുള്ള സംശയങ്ങള്‍ വിതച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ കത്തോലിക്കര്‍ എളിമയും തുറവിയുമുള്ള സമൂഹങ്ങളാകേണ്ടതിനു പകരം 'ഉന്നതവര്‍ഗ'മാണെന്ന പ്രതീതി നല്‍കുകയും മറ്റുള്ളവരെ ഒരു അകലത്തില്‍ നിറുത്തുകയും ചെയ്യുന്നു. ചിലപ്പോള്‍ വികാരിയും ഇടവകക്കാരും സംഘടനകളുമെല്ലാം മറ്റുള്ളവരില്‍ നിന്നു സ്വയം അടച്ചു പൂട്ടി കഴിയുന്നു. ക്രൈസ്തവസമൂഹങ്ങളെ കൂട്ടായ്മയ്ക്കു പകരം വിഭജനത്തിന്റെ ഇടങ്ങളാക്കുകയെന്ന അപകടം ഇതിലെല്ലാമുണ്ട്. അടച്ചിരിക്കലല്ല, തുറവിയാണ് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും ഇടമുള്ള, എല്ലാവരേയും സ്വാഗതം ചെയ്യുന്ന സമൂഹങ്ങളാകണമെന്നും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.
മുന്‍വിധിയും ഭീതിയും കൂടാതെ ഒരുമിച്ചു നടക്കുക ആവശ്യമാണ്. കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, മനുഷ്യക്കടത്തിന്റെ ഇരകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അടുത്തായിരിക്കണം നാം. ആരേയും ഒഴിവാക്കാത്ത, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു ലോകം പടുത്തുയര്‍ത്താനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. അപരന്റെ പ്രത്യാശയ്ക്കു നേരെ നാം വാതിലുകള്‍ കൊട്ടിയടക്കരുത്.
മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താനും ആദ്യം സ്വന്തം സ്വഭാവത്തെക്കുറിച്ച് ആകുലരാകാനുമാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. യേശു ഉത്പതിഷ്ണുവും നമ്മില്‍ നിന്ന് ഏറെ ആവശ്യപ്പെടുന്നവനുമാണ്. പക്ഷേ അതു നമ്മുടെ തന്നെ നന്മയ്ക്കു വേണ്ടിയാണ്. ഒരു നല്ല ചികിത്സകനെ പോലെ. വെട്ടി യൊതുക്കുന്നത് നാം നന്നായി വളരാനും സ്‌നേഹത്തില്‍ ഫലം പുറപ്പെടുവിക്കാനും വേണ്ടിയാണ്. അതുകൊണ്ട്, സ്വയം ചോദിക്കുക: സുവിശേഷത്തിനു വിരുദ്ധമായി നമ്മില്‍ എന്താണുള്ളത്? എന്താണ് എന്റെ ജീവിതത്തില്‍ നിന്നു വെട്ടിമാറ്റാനുള്ളത്?

(സെ. പീറ്റേഴ്‌സ് സ്‌ക്വയറില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org