ദിവ്യകാരുണ്യാരാധന

ദിവ്യകാരുണ്യാരാധന

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കര്‍മ്മലീത്താ വൈദികരുടെ (സുറിയാനി & ലത്തീന്‍) പ്രത്യേകമായ താല്പര്യത്തിലും ഇടപെടലുകള്‍ വഴിയും കേരള കത്തോലിക്കാ സഭയില്‍ തുടക്കംകുറിച്ച ഭക്താനുഷ്ഠാനങ്ങളില്‍ ഒന്നാണ് ദിവ്യകാരുണ്യാരാധന. കേരളസഭയില്‍ വിശുദ്ധ കുര്‍ബാനയുടെ പരസ്യാരാധന പതിനെട്ടാം നൂറ്റാണ്ടില്‍ കര്‍മ്മലീത്ത മിഷനറിമാരിലൂടെ അവതരിപ്പിക്കപ്പെട്ടു എന്നു ചരിത്രം സാക്ഷിക്കുന്നു. അതിനു തുടക്കം കുറിച്ചതു കര്‍മ്മലീത്താക്കാരുടെ ആശ്രമദേവാലയമായ വരാപ്പുഴ കര്‍മ്മലീത്താ പള്ളിയിലും. ഇടപ്പള്ളി പള്ളിയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ക്കപ്പെട്ട ഇടപ്പള്ളി വികാരിയായിരുന്ന ഇക്കാക്കൊ കത്തനാരുടെ ദാരുണമായ അന്ത്യം ദിവ്യകാരുണ്യ ആരാധനയുമായി ബന്ധപ്പെട്ടാണല്ലോ സംഭവിച്ചത്. എ.ഡി. 1771-ല്‍ സംഭവിച്ച ഈ ദാരുണ കൊലപാതകം പരസ്യാരാധനയ്ക്കായി വച്ചിരുന്ന അരുളിക്ക മോഷണം പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു. പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ രചിച്ച വര്‍ത്തമാനപ്പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവത്തില്‍നിന്നും പതിനെട്ടാം നൂറ്റാണ്ടില്‍ കേരളീയ കത്തോലിക്കര്‍ക്കു ദിവ്യകാരുണ്യാരാധനയെക്കുറിച്ചു ധാരണയുണ്ടായിരുന്നുവെന്നു അനുമാനിക്കാം. എന്നാല്‍ ദിവ്യകാരുണ്യത്തിന്റെ പരസ്യാരാധന ഇടവകപ്പള്ളികളില്‍ ആരംഭിച്ചത് 1869-ലും അതിനു ശേഷവും മാത്രമാണ്; അതും ദിവ്യകാരുണ്യത്തിരുനാളില്‍. 1866-ല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും (കര്‍മ്മലീത്താ മൂന്നാം സഭയുടെ പ്രിയോര്‍ ജനറല്‍) ഡലഗേറ്റായിരുന്ന ലെയൊപോള്‍ഡ് മിഷനറിയുടെയും പ്രത്യേക ഉത്സാഹത്താല്‍ കൂനമ്മാവ് കൊവേന്തയില്‍ കേരളസഭയില്‍ ഇദംപ്രഥമമായി 40 മണി ആരാധന ആരംഭിച്ചു. താമസിയാതെ മറ്റു കര്‍മ്മലീത്താ ആശ്രമങ്ങളിലും വി. ചാവറയച്ചന്റെ നിര്‍ദ്ദേശപ്രകാരം 40 മണി ആരാധന ആരംഭിച്ചു. ദീര്‍ഘമായ ഒരുക്കങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണു 40 മണി ആരാധന വിശുദ്ധ ചാവറയച്ചന്‍ ആരംഭിച്ചത്. ഇക്കാലത്തു ലത്തീന്‍ പള്ളികള്‍ മാത്രമല്ല, എല്ലാ സുറിയാനി കത്തോലിക്കാ പളളികളും വരാപ്പുഴ വികാരി അപ്പസ്‌തോലിക്കായുടെ കീഴിലായിരുന്നു. വരാപ്പുഴ വികാരിയപ്പസ്‌തോലിക്കായും കര്‍മ്മലീത്താ മിഷനറിമാരും 40 മണി ആരാധനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1866-ല്‍ 40 മണി ആരാധന ആരംഭിച്ചെങ്കിലും ദിവ്യകാരുണ്യ ആരാധന എല്ലാ പള്ളികളിലും ആരംഭിച്ചിരുന്നില്ല. 1869-ലാണ് ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇടവക പള്ളികളില്‍ ആരംഭിച്ചത്. ഇതിനോടകം 40 മണി ആരാധനയിലൂടെ ദിവ്യകാരുണ്യാരാധനയെക്കുറിച്ച് ഒരു ധാരണ ജനങ്ങള്‍ക്കു ലഭിച്ചിരുന്നു.

ഇടവക പള്ളികളില്‍ ദിവ്യകാരുണ്യാരാധന ആരംഭിക്കുന്നതിനു കല്പന നല്കിയതു വരാപ്പുഴ വികാരിയാത്തിന്റെയും മലയാളത്തിന്റെയും പ്രൊവികാരി അപ്പസ്‌തോലിക്കയായിരുന്ന ഫിലിപ്പോസ് ദെ സംജൂസെ എന്ന കര്‍മ്മലീത്ത വൈദികനാണ് (മൂപ്പന്‍ പാദ്രി). 1869 ധനുമാസം 31-നു അദ്ദേഹം നല്കിയ സര്‍ക്കുലര്‍ ഇപ്രകാരമായിരുന്നു: "നാം മലയാളത്തിന്റെ പ്രൊവികാരി അപ്പസ്‌തോലിക്ക ആയ പ്രെ. പീലിപ്പൊസ ദെ സം ജൂസെ മൂപ്പന്‍ പാദ്രി എഴുത്ത. നമ്മുടെ ആജ്ഞയില്‍ കീഴടങ്ങപ്പെട്ട ബ. വികാരിമാര്‍ക്കും പട്ടക്കാര്‍ക്കും വിശ്വാസികള്‍ക്കൊക്കെക്കും രെംശൊമിശിഹായില്‍ സ്വസ്ഥാനവും രക്ഷയും. രാജാക്കളുടെ രാജാവായ രെംശൊമിശിഹാ…. താന്‍തന്നെ എഴുന്നള്ളിയിരിക്കുന്ന കൂദാശയായ ശുദ്ധമാന കുര്‍ബാന കല്പിച്ചുണ്ടാക്കുകയും ചെയ്തു.

എന്നാല്‍ സര്‍വ്വെശ്വരന്റെ അളവില്ലാത്ത സ്‌നെഹത്തിന്‍ കൂദാശയാകുന്ന ശുദ്ധ കുര്‍ബാനയുടെ നെരെയുള്ള ആരാധനയും സ്‌നെഹവും വിശ്വാസികളുടെ ഹൃദയത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും രെം കൂദാശയില്‍ എഴുന്നള്ളിയിരിക്കുന്ന രെംശൊമിശിഹായുടെ നെരെയുള്ള ആരാധനാക്കുറച്ചിലുകളെ പരിഹരിക്കുന്നതിനും എല്ലാക്കാലങ്ങളിലും തിരുസഭയ്ക്കു ഉണ്ടായ ശുഷ്‌കാന്തിയും താല്പര്യവും ഇന്നപ്രകാരമെന്നു പറഞ്ഞൊപ്പിപ്പാന്‍ വഹിയാ. അതെങ്ങിനെയെന്നാല്‍ നമ്മുടെ ആത്മാവുകളുടെ രെം ദിവ്യമണവാളന്റെ നെരെയുള്ള ആരാധന വണക്കവും സ്‌നെഹവും വര്‍ദ്ധിപ്പിക്കുന്ന രെം ദിവ്യരക്ഷനാഥന്‍ ശുദ്ധമാന കുര്‍ബാന വഴിയായിട്ട സംഗ്രഹിക്കപ്പെടുന്ന ത്രൊണൊസുകള്‍ തന്റെ അളില്ലാത്ത മഹിമയുടെ യൊഗ്യതെക്കു തക്കതിന്‍വണ്ണം പാടില്ലായെങ്കിലും, കഴിയുന്നെടത്തൊളം വിശെഷ അലങ്കാരമുള്ളതാക്കുവാന്‍ താല്പര്യപ്പെട്ടു വരുന്നതെന്യെ, ദുഃഖവ്യാഴാഴ്ച നാളിലും ശുദ്ധ കുര്‍ബാനയുടെ തിരുനാളിലും നാല്പതുമണിയെന്നു പറയുന്ന മുറപ്രകാരമുള്ള ആരാധന നാളുകളിലും കഴിയുന്ന അലങ്കാരത്തോടുകൂടെ പരസ്യമായിട്ട സ്ഥാപിക്കുന്നതിനും, പാടുള്ള ഘൊഷത്തൊടുകൂടെ പ്രദക്ഷിണമായിട്ട എഴുന്നള്ളിക്കുന്നതിനും ആയതിനാല്‍ വിശ്വാസികളില്‍ രെം ദിവ്യകര്‍ത്താവിന്റെ നേരെയുള്ള ആരാധനയും സ്‌നെഹവും വര്‍ദ്ധിപ്പിക്കുന്നതിനും തിരുസഭയ്ക്കു എത്ര താല്പര്യം….

കര്‍മ്മലീത്താ വൈദികരുടെ (സുറിയാനി & ലത്തീന്‍) പ്രത്യേകമായ താല്പര്യത്തിലും ഇടപെടലുകള്‍ വഴിയും കേരള കത്തോലിക്കാ സഭയില്‍ തുടക്കംകുറിച്ച ഭക്താനുഷ്ഠാനങ്ങളില്‍ ഒന്നാണ് ദിവ്യകാരുണ്യാരാധന.

ഇപ്രകാരമൊക്കെയും ആയിരിക്കുമ്പൊള്‍ സര്‍വ്വെശ്വരന്റെ തിരുമുമ്പാകെ നാമും, ബഹുമാനപ്പെട്ട വികാരിമാരും, പട്ടക്കാരും നമ്മുടെ സ്‌നെഹപ്പെട്ട വിശ്വാസക്കാരരും വലിയ കുറ്റക്കാരരാകാതെയിരിപ്പാനും, നമ്മുടെ അമ്മയായ ശുദ്ധ പള്ളിയുടെ അഭിപ്രായത്തൊടെ നമെല്ലാവരും ചെരുന്നതിനും നമ്മുടെ രക്ഷാനാഥനീശൊ മിശിഹായുടെ നെരെ ചെയ്യപ്പെടുന്ന ആരാധനാ കുറച്ചിലുകളെയും ഉപദ്രവങ്ങളെയും നമ്മാല്‍ കഴിയുന്നിടത്തൊളം കുറെക്കുന്നതിനും നമുക്കുണ്ടാകെണ്ടുന്ന താല്പര്യത്തെ കാട്ടുന്നതിനും വെണ്ടി നമ്മുടെ രെം കല്പന പ്രസിദ്ധം ചെയ്യുന്ന നാള്‍ തുടങ്ങി മെലിലെക്ക ഇടവകപ്പള്ളികളുടെ പെരുനാളുകളെഘൊഷിക്കുന്ന ദിവസങ്ങളില്‍ ശുദ്ധമാന കുര്‍ബാന പരസ്യമായിട്ട സ്ഥാപിക്കയെങ്കിലും പ്രദക്ഷിണമായിട്ട എഴുന്നള്ളിക്കയെങ്കിലും ചെയ്തു കൂടായെന്നു നാം വിലക്കിയിരിക്കുന്നു. എന്നാല്‍ പ്രിയം നിറഞ്ഞ നമ്മുടെ രക്ഷാനാഥന്റെ നെരെ സ്‌നെഹവും ആരാധനയും വര്‍ദ്ധിപ്പാന്‍ നമുക്കെല്ലാവര്‍ക്കും താല്പര്യമുണ്ടാകെണ്ടുന്നതാകയാല്‍ ശുദ്ധ കുര്‍ബാനയുടെ പെരുനാള്‍ ദിവസത്തില്‍ വെണ്ടുന്ന വണക്കത്തൊടും ഘൊഷത്തൊടും കൂടെ പ്രദക്ഷിണമായിട്ട എഴുന്നള്ളിക്കുന്നതിനു വെണ്ടുന്ന സാമാനങ്ങളെയും രെം ദിവ്യകര്‍ത്താവിനെ ഇടവകപ്പള്ളികളില്‍ എഴുന്നള്ളിച്ച സംഗ്രഹിക്കുന്നതിന്ന തക്കവെടിപ്പും അലങ്കാരവുമുള്ള ത്രൊണൊസിനെയും തീര്‍പ്പിക്കുന്നതിനു ബഹുമാനപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകളായ വികാരിമാരും പട്ടക്കാരരും നമ്മുടെ മക്കളായ വിശ്വാസക്കാരരും താല്പര്യപ്പെടണമെന്ന അവരൊട ഗുണദൊഷിക്കുന്നു. അതിന്‍വണ്ണം വെണ്ടുന്നതൊക്കെയും ഉണ്ടാക്കി തീര്‍ത്തതിന്റെ ശെഷം നമ്മെ ബോധിപ്പിച്ചാല്‍ വെണ്ടുന്ന അനുവാദം കൊടുപ്പാന്‍ നാം ആസ്ഥമായിരിക്കുന്നു. നമ്മുടെ രെം കല്പന കിട്ടിയാല്‍ അടുത്ത മൂന്നു ഞായറാഴ്ചകളില്‍ മുറപ്രകാരം വികാരി കുര്‍ബായ്ക്കു പ്രസിദ്ധപ്പെടുത്തിക്കൊള്ളുകയും വെണം. എന്ന വരാപ്പുഴെ നമ്മുടെ അരമനയില്‍ നിന്നും 1869-ാം കാലം ധനുമാസം 31-നു ഫാ. ഫിലിപ്പുസ ദ സാന്‍ ജോസഫ് പ്രൊവികാരി അപ്പസ്‌തോലിക്ക (ഒപ്പ്)".

മേല്പറഞ്ഞ കല്പനയില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഇടവകപ്പള്ളികളില്‍ ആദ്യം ആരംഭിച്ചത് ദിവ്യകാരുണ്യതിരുനാളിലെ (Corpus Christi) പരസ്യാരാധനയാണ്. എന്തെന്നാല്‍ ദിവ്യകാരുണ്യ തിരുനാളില്‍ പരസ്യാരാധനയും വിശുദ്ധ കുര്‍ബാനയുടെ പ്രദിക്ഷണവും നടത്തുന്നതിനാണ് അനുവാദം നല്കിയത്. അതേസമയം ഇടവകപ്പള്ളികളിലെ തിരുനാളാഘോഷത്തോടനുബന്ധിച്ചു ദിവ്യകാരുണ്യാരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തുന്നതിനു അനുവദിച്ചിരുന്നില്ല. മാത്രമല്ല, ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വയ്ക്കുന്നിടത്തു രൂപവും മറ്റും സ്ഥാപിക്കുന്നതും ഇടവക പള്ളികളില്‍ തിരുനാള്‍ ദിവസങ്ങളില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചു പരസ്യാരാധന നടത്തുന്നതും 14-ാം ബനഡിക്ട് പാപ്പ കല്പനവഴി വിലക്കിയിരുന്നു. കേരളത്തില്‍ 40 മണി ആരാധന ആദ്യം തുടങ്ങിയത് കര്‍മ്മലീത്ത ആശ്രമ ദേവാലയങ്ങളിലായിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഇടവകപ്പള്ളികളിലും 40 മണി ആരാധന ആരംഭിച്ചെങ്കിലും അതു നാമമാത്രമായ ഇടവകകളിലായിരുന്നു. അതേസമയം 1869 -ലെ ഫാ. ഫിലിപ്പ് OCD-യുടെ കല്പന പ്രസിദ്ധം ചെയ്തതിനുശേഷം 1870 മുതല്‍ വളരെ ലത്തീന്‍ & സുറിയാനി പള്ളികളില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസം പരസ്യാരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ആരംഭിച്ചു. മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ് കൊടുക്കുന്ന പതിവും ആരംഭിച്ചു.

അനുചിന്തനം: ദിവ്യകാരുണ്യ ഭക്തിയും ദിവ്യകാരുണ്യാരാധനയും കേരളീയ കത്തോലിക്കരുടെ ആത്മീയവളര്‍ച്ചയ്ക്കും പരിപോഷണത്തിനും വളരെ സഹായകമായി എന്നത് അനിഷേധ്യമായ വസ്തുതയാണ്. സഭയുടെ വളര്‍ച്ചയുടെയും പ്രതിസന്ധികളുടെയും കാലഘട്ടങ്ങളില്‍ സഭാഗാത്രത്തെ ശക്തിപ്പെടുത്താനും വിശ്വാസത്തില്‍ ആഴപ്പെടുത്താനും ദിവ്യകാരുണ്യാരാധന സഹായകമായി എന്നതു വിസ്മരിക്കരുത്. കത്തോലിക്കന്റെയും കത്തോലിക്കാ സഭയുടെയും ശക്തിസ്രോതസ്സ് ഇന്നും ദിവ്യകാരുണ്യം തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org