പ്രതിസന്ധികളെ തരണം ചെയ്യാന്‍ മക്കള്‍ പരാജയപ്പെടുന്നോ?

ഫാ. ജിമ്മി പൂച്ചക്കാട്ട്

തനിച്ച് ബസ്സില്‍ക്കയറി അടുത്തുള്ള പട്ടണത്തില്‍ പോയി എന്തെങ്കിലും കാര്യം സാധിച്ചുവരാന്‍ നമ്മുടെ 'ടീനേജേഴ്‌സിനു' കഴിയുന്നുണ്ടോ? വഴിയേ നടന്നുപോകുമ്പോള്‍ ഒരാള്‍ വണ്ടിതട്ടി റോഡില്‍ വീഴുന്നതു കണ്ടാല്‍ നമ്മുടെ കുട്ടി എന്തു ചെയ്യും?

കൊറോണക്കാലം തന്നെ സങ്കടത്തിന്റേതാണ്. ഈ കാലഘട്ടത്തില്‍ കേള്‍ക്കുന്ന വലിയൊരു സങ്കടവാര്‍ത്ത ആത്മഹത്യയുടേതാണ്. അതും കുട്ടികളും ചെറുപ്പക്കാരും. പഠിക്കാന്‍ ടി.വി കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ, ക്വാറന്റൈനിലുളള എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ തുടങ്ങി നീണ്ട നിരയാവുന്നു. ഇങ്ങനെയുളള ദാരുണസംഭവങ്ങളാല്‍ ദുഃഖിക്കുന്ന എല്ലാവരോടും ഏറെ സഹതാപവും വേദനയും തോന്നുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് നമ്മുടെ ഇളം തലമുറ കുറേക്കൂടി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഇനിയും പര്യാപ്തരാകേണ്ടതുണ്ടോ എന്ന ചിന്ത പങ്കുവയ്ക്കുകയാണ്.

ഏതാനും നാള്‍ മുമ്പ് യാത്രയ്ക്കിടയില്‍, ഒരു പരിചയക്കാരനെ സന്ദര്‍ശിക്കാന്‍ ആ വീട്ടില്‍ കയറിയതായിരുന്നു ഞാന്‍. കുടുംബനാഥന്‍ (എന്റെ സുഹൃത്ത്) അവിടെയില്ല. ഉണ്ടായിരുന്ന സ്ത്രീ ആകെ വിഷമിച്ചു നില്‍ക്കുകയാണ്. സുഹൃത്തിന്റെ ഭാര്യയാണ് അവര്‍. അവര്‍ക്ക് രണ്ട് മക്കളാണ്. മൂത്തവന്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. എന്തോ ആവശ്യത്തിന് രാവിലെ പോയതാണ്. ഉച്ചയായപ്പോള്‍ ആ റൂട്ടില്‍ പ്രൈവറ്റ് ബസ് മിന്നല്‍ പണിമുടക്ക് തുടങ്ങി. ഏതോ തൊഴിലാളിയെ ആക്രമിച്ചത്രേ. രണ്ടരകിലോമീറ്റര്‍ അകലത്തിലുള്ള പ്രധാന ടൗണില്‍ എത്തിയപ്പോഴാണ് അവന്റെ നാട്ടിലേക്ക് ബസില്ല എന്നറിയുന്നത്. അവിടെ ഒരു കടയിലോ, ബൂത്തിലോ മറ്റോ കയറി അവന്‍ വീട്ടിലേക്കു വിളിച്ചു. ഇവിടെ ബസ് സമരമാണ് ഞാന്‍ എന്തു ചെയ്യണം? അമ്മയ്ക്ക് ഒരു മറുപടി പറയാന്‍ അറിയില്ല. അപ്പനോടു ചോദിച്ചിട്ടു പറയാം എന്നവര്‍ പറഞ്ഞു. ഈ സമയത്താണ് ഞാന്‍ കയറിച്ചെല്ലുന്നത്. അപ്പന്‍ മാര്‍ക്കറ്റില്‍, അമ്മ വീട്ടില്‍, മകന്‍ ബസ് സ്റ്റാന്‍ഡില്‍!!! ഇതാണ് അവസ്ഥ.

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മുന്നില്‍ വന്നു പെട്ട ഒരു ചെറിയ പ്രതിസന്ധി. അതിനു മുന്നില്‍ അവന്‍ അന്ധാളിച്ചു നില്‍ക്കുന്നു. ഒരു തീരുമാനമെടുക്കാനാവാതെ അമ്മയേയും അപ്പനേയും വിളിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാനാവും. പ്രാഗത്ഭ്യമുള്ളവരാണെങ്കില്‍ നമ്മള്‍ വീട്ടിലെത്തുമ്പോള്‍ മാത്രമേ അവര്‍ ബസ് സമരത്തെപ്പറ്റി അറിയൂ. നമ്മുടെ മുന്നില്‍ എത്രയോ വഴികളുണ്ടാവും. ഒന്നുമില്ലെങ്കില്‍ രണ്ടര കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തും. അവിടെ തീരുമാനമെടുക്കാനുള്ള കഴിവ് നമുക്കുണ്ടാവും. ഏതു പ്രതിസന്ധി യെയും അഭിമുഖീകരിക്കാനുള്ള മനക്കരുത്ത് നേരത്തേ നാം സ്വായത്തമാക്കിയിരിക്കും. ഇന്നത്തെ കുട്ടികളില്‍ ഇതിന്റെ ഒരു കുറവ് കാണുന്നുണ്ടോ? ജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യാനും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കുട്ടികളെ പര്യാപ്തരാക്കേണ്ടതുണ്ട്.

ഇന്നു പലപ്പോഴും മക്കളെ പ്രതിസന്ധികളില്‍നിന്ന് മാറ്റി പൊതിഞ്ഞു സൂക്ഷിക്കാനാണ് പല മാതാപിതാക്കളും ശ്രമിക്കുക. പ്രതിസന്ധികളില്‍നിന്നു മാറ്റി നിറുത്തുകയല്ല പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ അവരെ പഠിപ്പിക്കുകയാണു ചെയ്യേണ്ടത്. ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ നട്ടം തിരിയുമ്പോള്‍ എങ്ങോട്ടു പോകണം എന്നറിയാതെ അന്ധാളിച്ചു നില്‍ക്കുന്നവരാകരുത് നമ്മുടെ മക്കള്‍. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കെല്പുള്ള മഹാരഥന്മാരായി അവര്‍ വളരണം. അപ്രകാരം അവരെ വളര്‍ത്തണം. അപ്പോള്‍ ജീവിതത്തിന്റെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വലിയ പ്രതിസന്ധികളായി അവര്‍ക്ക് തോന്നുകയേ ഇല്ല.

അഞ്ചു വയസ്സുവരെ രാജാവിനെപ്പോലെ… പിന്നീട് അടിമയെപ്പോലെ എന്നെല്ലാം പറയുന്നതിന്റെ അര്‍ത്ഥമെന്താണ്. തീര്‍ച്ചയായും ഇവിടെ വിവക്ഷിക്കുന്നത് ഏതു പ്രശ്‌നത്തിലേക്കും അവരെ എടുത്തിട്ടിട്ട് അവിടെനിന്നു മാറിക്കളയലല്ല പിന്നെയോ അവരെ സൂക്ഷിച്ചു വീക്ഷിക്കുക. എങ്ങനെ അവര്‍ ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നു എന്നറിയുക. അവിടെ അവര്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അഭിരുചിയുള്ളവരാകും. കാക്ക അതിന്റെ കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുന്നത് പിടിച്ച് മുകളിലെത്തിച്ച് വെറുതെ വായുവിലേക്കിട്ടാണ് എന്ന് കണ്ടിട്ടുണ്ടല്ലോ. അറിയാതെ ആ കാക്കക്കുഞ്ഞ് പറക്കാന്‍ പഠിക്കും. ജീവിതത്തിലെ ഒരു പ്രതിസന്ധിയുടെ നടുവിലേക്ക് അതിനെ മനഃപൂര്‍വ്വം ഇട്ടുകൊടുക്കുകയാണ്.

ഏതു പ്രതിസന്ധിയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് ഇനിയും ആരെങ്കിലും സംശയിക്കുന്നുണ്ടാവുമോ. ജീവിതത്തിലെ ചെറുതും വലുതുമായ ഏതു സംഭവങ്ങളും എന്നു ഞാന്‍ പറയും. വിലക്കുറവുള്ള കട നോക്കി, നല്ല ഒരു കിലോ തക്കാളി വാങ്ങിക്കൊണ്ടു വരാന്‍ നിങ്ങളുടെ കുട്ടിക്കാവുമോ? തനിച്ച് ബസ്സില്‍ക്കയറി അടുത്തുള്ള പട്ടണത്തില്‍ പോയി എന്തെങ്കിലും കാര്യം സാധിച്ചുവരാന്‍ നമ്മുടെ 'ടീനേജേഴ്‌സിനു' കഴിയുന്നുണ്ടോ? വഴിയേ നടന്നുപോകുമ്പോള്‍ ഒരാള്‍ വണ്ടിതട്ടി റോഡില്‍ വീഴുന്നതു കണ്ടാല്‍ നമ്മുടെ കുട്ടി എന്തു ചെയ്യും? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. നമ്മുടെ കുട്ടികള്‍ ഒരു പ്രായമെത്തിയിട്ടും ഇത്തരം അവസ്ഥകളില്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. എങ്കില്‍ അവരെ കാക്കക്കുഞ്ഞിനെപ്പോലെ ഏതെങ്കിലുമൊരു പ്രതിസന്ധിയുടെ നടുവില്‍ കൊണ്ടാക്കണം. താനെ പറന്നു പഠിക്കുന്നു എന്ന് ഉറപ്പു വരുത്തണം.

എവിടെയോ പറഞ്ഞു കേട്ട ഒരു താരതമ്യം കുറിക്കാം. കേരളത്തില്‍ നാം കാണാറുള്ള മൂന്നു തരം കോഴികളെപ്പറ്റി പറയാറുണ്ട്. ഒന്നു കാട്ടുകോഴി, മറ്റൊന്ന് നാടന്‍കോഴി, മൂന്നാമതൊന്ന് ബ്രോയിലര്‍ ചിക്കന്‍. കാട്ടുകോഴിയെ ആരെങ്കിലും ആക്രമിക്കുകയോ, കല്ലു വലിച്ചെറിയുകയോ പിടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് പറന്നകന്നുപോകും. ആ പ്രതിസന്ധിയുടെ സമയത്ത് അത് എത്ര ദൂരം പറക്കും എന്ന് നമുക്കുപോലും പറയാനാവില്ല. നാടന്‍ കോഴിയെ ആക്രമിക്കാന്‍ ചെന്നാലും അതു പറന്നകലും. കാട്ടുകോഴിയോളം വേഗത ഇല്ലെങ്കിലും അത് ഉറപ്പായും ആ പ്രദേശം വിട്ടു പോകും. എന്നാല്‍ ബ്രോയിലര്‍ ചിക്കന്‍ ബോംബു പൊട്ടാന്‍ പോകുന്നു എന്നറിഞ്ഞാലും ആ നില്‍പ്പു നില്‍ക്കും. വാലൊന്നനക്കിയിട്ട് അതേ നില്‍പ്പ് അതു തുടരും. എന്ത് ചെയ്യണം എന്നറിയാതെ!!! അതിനെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. അവിടെ നിന്നും അതിനെ എടുത്തുകൊണ്ടു പോരണം!!!

താല്പര്യമുള്ളവര്‍ക്ക് നമ്മുടെ മക്കള്‍ ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടും എന്നൊന്ന് ചിന്തിച്ചു നോക്കാവുന്നതാണ്. അവര്‍ ഇന്നും ഏതു പ്രതിസന്ധിക്കു മുന്നിലും വാലും കുലുക്കി നിന്നിടത്തുതന്നെ നില്‍ക്കുന്ന ഇറച്ചിക്കോഴികളാണ് എങ്കില്‍, പ്രിയ മാതാപിതാക്കളെ, അവരെ ഇങ്ങനെ ഒരു കൂട്ടിലിട്ടു വളര്‍ത്തുന്ന നിങ്ങളാണ് കുറ്റക്കാരാവുന്നത്. ഏതു പ്രതിസന്ധിയെയും അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനുമുള്ള ആര്‍ജ്ജവത്തവും കരുത്തും അവര്‍ക്കുണ്ടാകട്ടെ. അതിനുള്ള പരിശീലനം നമ്മളല്ലാതെ മറ്റാരാണ് ഇളംതലമുറയ്ക്ക് നല്‍കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org