രൂപങ്ങള്‍ ഉണ്ടാക്കരുത്, രൂപമാകൂ

രൂപങ്ങള്‍ ഉണ്ടാക്കരുത്, രൂപമാകൂ

പോള്‍ തേലക്കാട്ട്

ബൈബിളിലെ ഉല്പത്തിപ്പുസ്തകപ്രകാരം ദൈവം മനുഷ്യനെ തന്റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കുന്നു. എന്തിലാണ് ഈ രൂപവും ഛായയും? അതു മനുഷ്യന്റെ ബുദ്ധിയിലാണ്, ആത്മാവിലാണ് എന്നു പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ, ഉല്പത്തിപ്പുസ്തകക്കാരന്‍ അങ്ങനെ അമൂര്‍ത്തമായി ചിന്തിച്ചോ? ഗ്രീക്കു തത്ത്വചിന്തയുടെ കാഴ്ചപ്പാടുകള്‍ ബൈബിളിലേക്ക് അടിച്ചേല്പിക്കാനും പാടില്ല. ബൈബിളിലെ രൂപവും ഛായയും അമൂര്‍ത്തമല്ല. പഴയനിയമത്തിലെ പത്തുകല്പനകളുടെ വെളിപാടില്‍ രണ്ടാമത്തെ കല്പന ദൈവത്തിന് രൂപമോ ഛായയോ ഉണ്ടാക്കരുത് എന്നാണ്. ഉല്പത്തിപ്പുസ്തകത്തിലെ രൂപഛായകളെക്കുറിച്ചു പറയുന്ന 1:26-27 മനസ്സിലാക്കാന്‍ 5:3-ല്‍ ആദത്തിന്റെ മകന്‍ അദ്ദേഹത്തിന്റെ രൂപത്തിലും ഛായയിലുമാണ് എന്നു പറയുന്നു. ഉല്പത്തി 9:6 കൊല്ലരുത് എന്ന പ്രമാണത്തിന്റെ അടി സ്ഥാനം ഈ രൂപവും ഛായയുമാണ്. മനുഷ്യന്‍ ആദരിക്കപ്പെടണം. ഉല്പത്തി 1:28 ല്‍ പറയുന്നത് ഒരു സാംസ്‌കാരിക ഉത്തരവാദിത്വമാണ്.
മനുഷ്യന്‍ പാപം മൂലം ഈ രൂപഛായകള്‍ തകര്‍ന്നു എന്നു വരുന്നു. പുതിയ നിയമം, വചനം മാംസം ധരിച്ച ക്രിസ്തുവിനെക്കുറിച്ചു പറയുന്നു. പൗലോസ് യേശുവിനെ "ദൈവത്തിന്റെ രൂപം" (2 കൊറി. 4:9) ദൈവത്തിന്റെ പ്രതിഛായ (ഐക്കണ്‍, കൊളോസി. 1:15) എന്നും പറയുന്നു. മനുഷ്യനുമായ പൂര്‍ണ്ണമായി ഐക്യപ്പെട്ട ക്രിസ്തു മനുഷ്യനു തുല്യനാണ്. ഫിലിപ്പിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ദൈവികത വെടിഞ്ഞ് യേശു മനുഷ്യരൂപമെടുത്ത് അടിമയെപ്പോലെയായി എന്നു പറയുന്നു. സുവിശേഷത്തിന്റെ മര്‍മ്മം ഇവിടെയാണ്. മനുഷ്യനു നഷ്ടമായ രൂപം വീണ്ടെടുക്കാം. അതിന് ക്രിസ്തുവിനെ സ്വീകരിക്കണം. കാരണം ക്രിസ്തുവാണ് ദൈവവുമായുള്ള ഐക്യം സൃഷ്ടിക്കുന്നത്. അതു സൃഷ്ടിയും പ്രസാദവും ചേര്‍ന്ന അതിഭൗതിക നടപടിയാണ്. ആദത്തിന് ലഭിച്ച പ്രതിഛായ അന്യവല്‍കൃതയായി. കാരണം ആദത്തിനു പാപം ചെയ്യാന്‍ കഴിയും, ഒരു മൃഗത്തിന് അതിനു കഴിയില്ല. ദൈവത്തിന്റെ സൃഷ്ടി ഒരു ഭക്തന്റെ അഭിപ്രായമോ സിദ്ധാന്തമോ അല്ല, അതു വിശ്വാസമാണ്, അതു രക്ഷയുടെ മാധ്യമം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രശ്‌നമാണ്. മനുഷ്യനെ അറിയാന്‍ ക്രിസ്തുവിനെ അറിയണം. ക്രിസ്തുവാണ് യഥാര്‍ത്ഥ മനുഷ്യന്‍: ഇതാ മനുഷ്യന്‍. പ്രതി ഛായ രൂപം എന്നതു കാണാവുന്നതും, തൊടാവുന്നതുമാണ്. അത് ആത്മാവല്ല, ശരീരമാണ് – ഇതാ മനുഷ്യന്‍ – സങ്കടങ്ങളു ടെയും സംഘട്ടനങ്ങളുടെയും കുരിശിലെ മനുഷ്യന്‍. മനുഷ്യന്‍ ദൈവമല്ല, ദൈവത്തിന്റെ രൂപമാണ്.
മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്, സൃഷ്ടിയുടെ അധികാരിയാണ് – അതാണ് സാംസ്‌കാരിക സത്യം. അതു ആധിപത്യമാണ്, ശാസ്ത്രങ്ങളാണ്, സംസ്‌കാരമാണ്. യേശുവിലുള്ള വെളിപാട് മനുഷ്യനെ സാംസ്‌കാരിക മൃഗമാക്കുന്നു. മനുഷ്യനു ലഭിക്കുന്ന ഈ അധികാരം കുരിശുമായി ബന്ധപ്പെട്ടതാണ്. സൃഷ്ടിക്കാനുള്ള അധികാരം – ശരീരം പുനഃസൃഷ്ടിക്കാനുള്ള അധികാരമാണ്. രൂപം സൃഷ്ടിക്കാനുള്ള വിളി. ദൈവത്തിനു രൂപം ഉണ്ടാക്കരുത്. കല്പനയിലൂടെ അതു വിലക്കിയിരിക്കുന്നു. പക്ഷെ, ദൈവത്തിന്റെ രൂപമാകണം. മനുഷ്യനെ ദൈവത്തിന്റെ കൂദാശയാക്കുന്നതാണിത്. കാണെപ്പടുന്നതു കാണപ്പെടാത്തതിന്റെ അടയാളമാകുന്നു – ഇതാണ് ക്രിസ്തീയ ജീവിതം. പ്രകൃതിയുടെ വിരിക്കുള്ളില്‍ ദൈവം മറഞ്ഞിരിക്കുന്നു. മനുഷ്യാവതാരത്തില്‍ ദൈവം മാംസത്തില്‍ ഒളിച്ചു. അത് അവന്റെ പ്രത്യക്ഷത്തിന് ആവശ്യമായിരുന്നു. മനുഷ്യനില്‍ അവന്‍ അവനെ പൊതിഞ്ഞു; അവനെ തിരിച്ചറിയാത്തവനാക്കി. അവര്‍ അവനെ ക്രൂശിച്ചു. അവന്‍ അദൃശ്യദൈവത്തിന്റെ രൂപമായി. ദൈവികത കലയായി ദൈവശാസ്ത്രമാകുന്നു. ദൈശാസ്ത്രം കലയായി മാറുന്നു. കലയാണ് സംസ്‌ക്കാരം. ദൈവികത കലയാകുന്നതു ദൈവികചലനത്തിന്റെ നൃത്തത്തിലാണ്. ദൈവികത നാട്യത്തിന്റെ നാടകമാണ് കാണുന്നത്. ദൈവിക പ്രഘോഷണം സാഹിത്യമാകുന്നു. ദൈവഭവനത്തിന്റെ വാസ്തുശില്പമാകുന്നു. ദൈവത്തിന്റെ സംഗീതം പുതിയഭാഷയായി മാറുന്നു. ദൈവികതയുടെ കഥനം ദൈവികതയുടെ സ്വഭാവമെടുക്കുന്നു. കലകള്‍ ജീവിതത്തിന്റെ സകല മേഖലകളിലും കൗദാശികമാനം കൊണ്ടുവരും. ശാസ്ത്രത്തിന്റെയും വിശ്വാസചിന്തയുടെ ദൈവശാസ്ത്രത്തിന്റെയും ഏകാധിപത്യത്തിനെതിരെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതു കലയാണ്. കലയെന്നത് മൗലികമായി ദൈവശാസ്ത്രമാണ്. കല വഴിയും കഠിനമായ ശ്രമവുമാണ്, അതു ലക്ഷ്യമല്ല. മതപരമായ കലയില്ല. മാരിറ്റൈയില്‍ എഴുതി. "ക്രൈസ്തവകല വേണമെങ്കില്‍ ക്രിസ്ത്യാനിയാകുക. പൂര്‍ണ്ണഹൃദയത്തോടെ സുന്ദരമായത് ഉണ്ടാക്കുക, ക്രിസ്തീയമാക്കാന്‍ ശ്രമിക്കാതിരിക്കുക." കാരണം ഏതു ആത്മീയ പ്രകാശനവും ദൈവികതയുടെ രൂപീകരണമാണ്. മധ്യശതകങ്ങളിലെ അത്ഭുതകരമായ കത്തീഡ്രലുകള്‍ ഉണ്ടാക്കിയവര്‍ "വിശുദ്ധി"യെക്കുറിച്ച് ചിന്തിച്ചു കാണില്ല; സൗന്ദര്യത്തെക്കുറിച്ചും. അവര്‍ നല്ല പണി ഉണ്ടാക്കുകയായിരുന്നു. അതു ദൈവത്തിന്റെ സത്യം പ്രകാശിപ്പിച്ചു; അങ്ങനെ ഉദ്ദേശിക്കാതെ തന്നെ. നാം ആത്യന്തിക സത്യം സ്ഥാ പിക്കുകയല്ല. നാം ചൂണ്ടി കാണിക്കുന്നു. മതപരം എന്നു വിളിക്കപ്പെടുന്ന ഒരു കലയുമില്ല. ഒരേ ഒരു കലയേയുള്ളൂ. അതു കലമാത്രം. ഒരു മതമേയുള്ളൂ. അതു എവിടെയും എപ്പോഴും മതമായിരിക്കും. കലയും മതവും സമാന്തരരേഖകള്‍ പോലെ പോകുന്നു. അവ ദൈവത്തില്‍ സന്ധിക്കുന്നു. സത്യത്തിന്റെ വഴിയും സൗന്ദര്യത്തിന്റെ വഴിയും കുരിശില്‍ സന്ധിക്കുന്നു. വെളിപാട് ഒരുപിടി വിവരങ്ങളല്ല. ഒരു ജീവിത സമര്‍പ്പണത്തിന്റെ നിലപാടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org