സ്വകാര്യതയിലേക്ക് കാമറ തിരിക്കണ്ട

സ്വകാര്യതയിലേക്ക് കാമറ തിരിക്കണ്ട

മാണി പയസ്

നിസ്സഹായനായ വ്യക്തിയെ അപകടകരമായ സംഭവത്തിലേക്ക് തള്ളിവിട്ട് വാര്‍ത്ത സൃഷ്ടിക്കാനും നാടകീയവത്ക്കരിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ തുനിയരുതെന്നും അലഹാബാദ് ഹൈക്കോടതി മുന്നറിയിപ്പ് നല്കി. ക്രൂരമായ ഒരു സംഭവത്തില്‍ കുറ്റാരോപിതനായ മാധ്യമ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഹൈക്കേടതി ഈ നിരീക്ഷണം നടത്തിയത്.

പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്രകാരമാണ്: വീട് ഒഴിഞ്ഞുപോകേണ്ട ഗതികേടിലെത്തിയ ഒരു മനുഷ്യനെ മാധ്യമ പ്രവര്‍ത്തകരായ ഷമിം അഹമ്മദും നൗഷാദ് അഹമ്മദും സമീപിച്ച് നിയമസഭാ മന്ദിരത്തിനു മുന്നില്‍ സ്വയം തീകൊളുത്തുന്നതായി അഭിനയിച്ചാല്‍ വീട് ഒഴിയേണ്ടിവരില്ലെന്ന് ഉപദേശിച്ചു. സംഭവം തങ്ങള്‍ കാമറയില്‍ പകര്‍ത്തി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ വലിയ ജനവികാരം ഉണരുമെന്നതിനാല്‍ ഒഴിപ്പിക്കല്‍ നടക്കില്ലെന്നാണ് അവര്‍ ധരിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ ആത്മഹത്യാ നാടകത്തിനിടയില്‍ അയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിന്നീട് ആശുപത്രിയില്‍ മരണമടഞ്ഞു. സംഭവം വിവാദമായി. ഷമീം അഹമ്മദ് പ്രതിയുമായി.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശം ഇല്ലെന്ന സത്യം ഷമീം അഹമ്മദ് വിസ്മരിച്ചു. മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുമ്പോള്‍ 'തങ്ങള്‍ക്കു മാത്രം, തങ്ങള്‍ക്ക് ആദ്യം' എന്ന ആവേശം പരിധി കടക്കുന്നതാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം, വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് അന്നന്നത്തെ അപ്പമാണെങ്കിലും അതു നേടുന്നത് മറ്റൊരാളുടെ പള്ളയ്ക്കടിച്ചും ജീവന്‍ കെടുത്തിയും ആകരുത്.

വാര്‍ത്തകളുടെയും സ്‌പെഷല്‍ സ്റ്റോറികളുടെയും അഭിമുഖങ്ങളുടെയും പേരില്‍ വ്യക്തികളെ അസഹ്യെപ്പടുത്താനുള്ള അവകാശം മാധ്യമങ്ങള്‍ക്കില്ല. വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടറായി ഉയര്‍ന്ന ആനി ശിവ ഒരു മലയാളം ചാനലിന്റെ പ്രഭാത പരിപാടിയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. തന്റേതുേപാലുള്ള എളിയ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരും നിരാശരുമായ വ്യക്തികള്‍ക്കു പ്രചോദനം കൊടുക്കുക എന്ന ധര്‍മ്മത്തില്‍ തന്റെ ജീവിതകഥ മാധ്യമങ്ങള്‍ അവതരിപ്പിച്ചു. അതിനുശേഷവും തന്നെ പിന്തുടരുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്കു കാമറ പിടിച്ചിരിക്കുന്നതായാണു തോന്നുന്നത്. ഇത് അസഹ്യമാണ്.

വളച്ചൊടിച്ചതും വ്യാജവുമായ വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അപഹാസ്യരാക്കുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സ്ഥാനം നഷ്ടപ്പെടുത്തുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ രക്ഷകര്‍ത്താവ് എന്ന റോളാണ് മാധ്യമങ്ങള്‍ വഹിക്കേണ്ടത്. രക്ഷകര്‍ത്താവില്‍നിന്ന് രക്ഷ നേടേണ്ട അവസ്ഥ വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകരുത്.

കഴിഞ്ഞ ദിവസം ആനിയെ ഒരു പെണ്‍കുട്ടി വിളിച്ചു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആനിച്ചേച്ചിയുടെ ജീവിതകഥയാണെന്ന് ആ കുട്ടി പറഞ്ഞു. ഇതു വിവരിച്ചുകൊണ്ട് ആനി പറയുന്നത് തന്റെ ജീവിതം അതിന്റെ റോള്‍ പൂര്‍ത്തിയാക്കി എന്നാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വലിയകാര്യം തന്നെയാണ്. അതിനപ്പുറം വലുതായിട്ട് എന്താണുള്ളത്?

ജാടയില്ലാത്ത, പബ്ലിസിറ്റി ആവശ്യമില്ലാത്ത ജീവിതങ്ങള്‍ക്കു മുന്നില്‍ മാധ്യമങ്ങളുടെ പൈങ്കിളി സമീപനങ്ങള്‍ അര്‍ത്ഥശൂന്യങ്ങളാണ്. വലിയ സെലിബ്രിറ്റികളോടുള്ള പതിവു ചോദ്യങ്ങള്‍ സാധാരണ മനുഷ്യരുടെ മുന്നില്‍ ഉന്നയിക്കാതിരിക്കാനുള്ള സാമാന്യബുദ്ധി കാണിക്കണം. ആനി ശിവ കരുത്തുള്ള സ്ത്രീയാണ്. ജീവിതാനുഭവങ്ങളാണ് അവരെ ഉരുക്കി വാര്‍ത്തത്.

ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള കഴിവാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടത്. പതിവു ചോദ്യങ്ങളുടെ ആവനാഴിയില്‍ നിന്ന് കാലഹരണപ്പെട്ടവ എടുത്തു പ്രയോഗിക്കരുത്. ഒരു വ്യക്തിയുടെ മനസ്സ് മനസ്സിലാക്കാന്‍ കാമറ തുറന്നുവച്ച് നേരേ ചോദ്യങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടത്. പരസ്പര വിശ്വാസത്തോടെയുള്ള സ്വകാര്യ സംഭാഷണങ്ങള്‍ക്കുശേഷം വേണം ശരിയായ ചോദ്യങ്ങളുമായി കാമറ തുറക്കാന്‍. സദാ കാമറ തുറന്നു വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ വര്‍ത്തമാനകാലത്ത് ഇതിനുള്ള സമയവും ക്ഷമയും മാധ്യമ വ്യ ക്തികള്‍ക്കില്ല. അതിനാല്‍ അവര്‍ അസഹ്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അവര്‍ കൈകാര്യം ചെയ്യുന്നത് മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യജീവിതങ്ങളെയാണ് എന്ന കാര്യം മറക്കരുത്.

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികളുടെയും വാര്‍ത്തകളുടെയും ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തു സംവിധാനമുണ്ടെന്ന സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. കലാപങ്ങള്‍ക്കു പ്രേരണയാകുന്ന വാര്‍ത്തകളെയും പരിപാടികളെയും മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം. ആ ചോദ്യത്തിന് ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ല. മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് കോടതി നല്കിയത്. ഉത്തരവാദിത്വമില്ലാതെ പ്ര വര്‍ത്തിച്ചാല്‍ വിശ്വാസ്യത നഷ്ടമാകും.

ഇത്തരമൊരു സന്ദര്‍ഭത്തെപ്പറ്റി ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായ ഷിന്‍ജിനി ഘോഷ് എഴുതിയിരുന്നു. കര്‍ഷകസമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയിലെ സിന്‍ഗു, തിക്‌റി അതിര്‍ത്തികളില്‍ ചെന്നപ്പോഴുണ്ടായ അനുഭവം. പത്രറിപ്പോര്‍ട്ടര്‍ ആണെന്നു പറഞ്ഞപ്പോള്‍ കര്‍ഷകരുടെ മുഖത്ത് ആദ്യം കണ്ടത് വിശ്വാസമില്ലായ്മയാണ്. കര്‍ഷക വിരുദ്ധമായ വാര്‍ത്തകള്‍ കൊടുക്കുന്ന വിഭാഗത്തില്‍പ്പെട്ട പത്രമാധ്യമങ്ങളുടെ സ്റ്റാഫ് അല്ലെന്നു വ്യക്തമാക്കിയ ശേഷമാണ് കര്‍ഷകര്‍ സംസാരിക്കാന്‍ പോലും തയ്യാറായതെന്നു ഷിന്‍ജിനി പറയുന്നന്നു. വളച്ചൊടിച്ചതും വ്യാജവുമായ വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അപഹാസ്യരാക്കുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സ്ഥാനം നഷ്ടപ്പെടുത്തുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ രക്ഷകര്‍ത്താവ് എന്ന റോളാണ് മാധ്യമങ്ങള്‍ വഹിക്കേണ്ടത്. രക്ഷകര്‍ത്താവില്‍നിന്ന് രക്ഷ നേടേണ്ട അവസ്ഥ വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org