Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> ‘സ്വപ്‌ന’ങ്ങള്‍ ‘കിരീട’ങ്ങള്‍… പിന്നെ ‘സേതുമാധവ’ന്മാരും

‘സ്വപ്‌ന’ങ്ങള്‍ ‘കിരീട’ങ്ങള്‍… പിന്നെ ‘സേതുമാധവ’ന്മാരും

Sathyadeepam

ആന്റണി ചടയംമുറി

ചലച്ചിത്രകാരന്‍ ലോഹിതദാസാണ് ആ ‘കലച്ചതി’ (കൊലച്ചതിയുടെ ഒരു വകഭേദമെന്നു പറയാം) ചെയ്തത്. ഒരു ലോക്കല്‍ ഗുണ്ടയ്ക്ക് ‘ലോഹി’ സേതുമാധവന്‍ എന്നു സിനിമയില്‍ പേരിട്ടു. അതു മാത്രമോ, ആ സിനിമയ്ക്ക് അതിലും വലിയ തരികിട പേരുമിട്ടു – കിരീടം! കിരീടത്തിന്റെ രണ്ടാം ഭാഗം അതിലും കിടിലോല്‍ക്കിടിലം – പേര് ചെങ്കോല്‍!

എം.ടി.യുടെ സുപ്രസിദ്ധമായ ‘മഞ്ഞ്’ എന്ന നോവലിലെ ഇത്തിരി സ്വാര്‍ത്ഥതയുള്ള നായകന്റെ പേര് സേതുമാധവനെന്നാണ്. പാണ്ഡവപുരം പോലെ നല്ല നോവലുകള്‍ എഴുതിത്തന്ന സേതു എന്ന സാഹിത്യകാരന്‍, എണ്‍പതുകളില്‍ നമുക്ക് നല്ല സിനിമകള്‍ നല്കിയ സേതുമാധവന്‍ എന്ന ചലച്ചിത്രകാരന്‍ അങ്ങനെ ആ പേരിനു ചാര്‍ത്തിക്കിട്ടിയ നന്മയുടെ തങ്കപ്പതക്കങ്ങളെല്ലാം ലോഹി സേതുമാധവന്‍ എന്ന നായക നാമം തവിടുപൊടിയാക്കി.

പണ്ടും ചില പേരുകള്‍ കുപ്രസിദ്ധമായിട്ടുണ്ട്. സ്ഥലനാമങ്ങളുടെ പട്ടികയില്‍ ‘കുന്നംകുളം’ വ്യാജന്റെ മറുപേരായിരുന്നുവെന്ന് പ്രചരണമുണ്ടായി. പനയുടെ നാടായ ‘പാലക്കാട്’ വ്യാജ സ്പിരിറ്റ് കടത്തിന്റെ കേന്ദ്രമായി, കണ്ണൂരാകട്ടെ, ബോംബുകളും രാഷ്ട്രീയ സംഘട്ടനങ്ങളും കൊണ്ട് ചീത്തപ്പേരുണ്ടാക്കി. ചില തീരദേശ ഗ്രാമങ്ങള്‍ തുടര്‍ച്ചയായ പോലീസ് വെടിവെപ്പിന്റെ പേരിലായിരുന്നു ഒരു കാലത്ത് അറിയപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലെ ചില നാടുകള്‍ വ്യാജവാറ്റിന്റെ മറുപേരായപ്പോള്‍, അതേ ജില്ലയില്‍പ്പെട്ട മറ്റൊരു സ്ഥലം മലയാളിയുടെ ഫോറിന്‍വസ്തുക്കളോടുള്ള ഭ്രമം തീര്‍ക്കാന്‍ പലരും ഓടിച്ചെല്ലുന്ന ഇടമായി.

സ്ഥലനാമങ്ങളുടെ ”വില്ലന്‍സ്വഭാവ’ത്തിന് അധികം ആയുസ്സു ണ്ടായിരുന്നില്ല. പില്‍ക്കാലത്ത് അത് സ്ത്രീനാമങ്ങളിലേക്ക് കുടിയേറുന്ന കാഴ്ചയാണ് നാം കണ്ടത്. ബസ്‌റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയ ഭാര്യയുടെ പേര് പരസ്യമായി ഉറക്കെ വിളിച്ചു പറയാനാവാത്ത വിധം ആ പേരിന് നീലനിറം കൈവന്നു. പില്‍ക്കാലത്ത് മിമിക്രിക്കാര്‍ ആ പേര് സ്‌റ്റേജുകളില്‍ അരിവറുത്ത് കറുമുറെ പരുവത്തിലാക്കി. പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട കേരളത്തിലെ ഓലക്കൊട്ടകകള്‍ ആ ഇടിവെട്ട് പേരുള്ള നടിയുടെ സിനിമകൊണ്ട് കുറെക്കാലം പിടിച്ചുനിന്നതും ചരിത്രം.

ഒരു പേര് സൃഷ്ടിക്കുന്ന ‘പൊല്ലാപ്പ്’ വാര്‍ത്തകളില്‍ കയറിപ്പറ്റിയ ‘ഉല്ലാസ’പ്പരുവത്തിലുള്ള മറ്റൊരു പേരിനും ചാര്‍ത്തിക്കിട്ടി. ആണുങ്ങളും പെണ്ണുങ്ങളും മത്സരിച്ച് ഒരു കാലത്ത് സ്വന്തമാക്കിയ ആ പേരിന്റെ ‘ജോളി’ കലര്‍ന്ന ഇമ്പം എത്ര പെട്ടെന്നാണ് കലങ്ങിപ്പോയത്, ഭരണത്തില്‍ ‘ബഹുദൂരം’ മുന്നേറിയ ഉമ്മന്‍ചാണ്ടിക്ക് എട്ടിന്റെയല്ല, പതിനാറിന്റെ പണി കൊടുത്തതും ഒരു സ്ത്രീനാമമാണ്. എറണാകുളത്തെ ആദ്യത്തെ മള്‍ട്ടിപ്ലക്‌സ് തിയ്യേറ്റര്‍ സമുച്ചയത്തിന്റെ, ഉടമകള്‍ ‘സരിത’ എന്ന പേര് മാറ്റിയാലോ എന്ന് ചിന്തിച്ചുപോയ നാളുകള്‍ക്കും നാം സാക്ഷ്യം വഹിച്ചു.

ഇപ്പോള്‍ ദുര്‍ഗതി വന്ന പുതിയ പേര് എല്ലാ ദിവസവും മാധ്യമങ്ങളില്‍ നാം കേള്‍ക്കുന്നു. പഴയകാല മ്യൂസിക്കല്‍ ഹിറ്റായ ‘കാവ്യമേള’ എന്ന സിനിമയിലെ ‘സ്വപ്നങ്ങള്‍’ എന്ന പാട്ട് ഇപ്പോള്‍ പരസ്യമായി പാടാനാകുമോ എന്തോ?

എന്നാല്‍ പേരുകളില്‍ വല്ല കാര്യവുമുണ്ടോ സമൂഹത്തിനും രാഷ്ട്രീയത്തിനുമെല്ലാം വന്ന ‘തട്ടുകേടല്ലേ’ ഇതിനെല്ലാം കാരണമെന്ന് നമുക്കു ചോദിക്കാന്‍ കഴിയും. എങ്കിലും, സമൂഹം ലോക്കല്‍ ഗുണ്ടയാക്കി മാറ്റിയ കിരീടത്തിലെ സേതുമാധവന്റെ ബദല്‍രൂപം നമുക്ക് ചില ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ കാണാന്‍ ഇന്ന് കഴിയുന്നുണ്ട്. അഴിമതിക്കാരുടെ കൂടെ ചേര്‍ന്നാലേ നിലനില്പ്പുള്ളൂ എന്നു കരുതുന്ന സമൂഹത്തിന്റെ പൊതുവായ ഒഴുക്കിന് എതിരെ നീന്തുന്ന, നീന്തിക്കൊണ്ടിരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ നമുക്കുണ്ട്. അവരോട് മാധ്യമങ്ങള്‍ പോലും വേണ്ടത്ര മര്യാദ കാണിച്ചുവോയെന്നു സംശയിക്കണം.

ഒരു വാരികയില്‍ ഈയിടെ അച്ചടിച്ചുവന്ന രാജു നാരായണ സ്വാമിയുടെ അഭിമുഖം, കറപുരളാത്ത വിധം പൊതുജനസേവനം നടത്തുന്ന ഉദ്യോഗസ്ഥരുടെ നിരയില്‍ നിന്നുള്ള വിലാപമായി വേണം വായിക്കാന്‍. എസ്.എസ്.എല്‍.സി. മുതല്‍ സിവില്‍ സര്‍വീസ് വരെയു ള്ള പരീക്ഷകളില്‍ ഒന്നാം റാങ്കുകാരനായിരുന്ന സ്വാമി പറയുന്നത് ”ജോലി വേണം, ജീവിക്കാന്‍ വേറെ വഴിയില്ല.” എന്നാണ്. സ്രാവുകള്‍ക്കൊപ്പം നീന്താന്‍ ശ്രമിച്ച ജേക്കബ് തോമസ് എന്ന ഐ.പി.എസുകാരനും നിസ്സാരക്കാരനല്ല. കൃഷി വിജ്ഞാനീയത്തില്‍ പി.എച്ച്.ഡി. ഉള്ള ജേക്കബ് തോമസിനെ ഒടുവില്‍ കോടാലിയും വെട്ടുകത്തിയുമുണ്ടാക്കുന്ന ‘വന്‍ഫാക്ടറി’യുടെ തലവനായി നിയമിച്ചുകൊണ്ടാണ് ഇടതുസര്‍ക്കാര്‍, അവരുടെ ശത്രുതയുടെ ‘ചുവപ്പ് കാര്‍ഡ്’ കാണിച്ചുകൊടുത്തത്!

നാം ഇപ്പോള്‍ പേടിയോടെ കാണുന്ന കോവിഡിന്റെ പഴയകാല പേരായ കൊറോണയ്ക്കുമുണ്ട് ഒരു ചരിത്രം. കൊറോണ എന്നു പേരു വീഴാന്‍ കാരണമായത്, ആ വൈറസുകളുടെ ആവരണത്തിന്മേല്‍ എഴുന്നുനില്‍ക്കുന്ന പ്രോട്ടീനുകളുടെ സ്‌പൈക്കുകള്‍പോലുള്ള രൂപത്തിന്റെ പേരിലാണത്രെ! ‘മൈബോസ്’ എന്ന സിനിമയില്‍ പച്ചപ്പരിഷ്‌ക്കാരിയാകാന്‍ ദിലീപിന്റെ നായക കഥാപാത്രം മുടിപൊക്കി ചീകിവെച്ച രീതിയിലുള്ള ഈ ‘സ്‌പൈക്കിന്’ ഒരു കിരീടത്തിന്റെ രൂപമാണുള്ളത്. അങ്ങനെയാണ് കോവിഡ്-19-ന്റെ ആദ്യകാലനാമം ‘കൊറോണ’ എന്നായത്.

തിന്മകള്‍ക്ക്, നുണകള്‍ക്ക് കിരീടം ചാര്‍ത്തുന്ന ആധുനികകാലഘട്ടം നമ്മെ ഇപ്പോള്‍ മൂക്കും വായും മൂടിനടക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. ഈ ‘മുഖകൗപീനം’ തെല്ലൊന്ന് മുകളിലേക്ക് കയറ്റിയാല്‍ മതി നമ്മുടെ കണ്ണുകള്‍ മറയ്ക്കപ്പെടാം. ഭരണകൂടങ്ങള്‍ക്ക് കണ്ണുണ്ടെങ്കിലും കാണില്ലെന്നു നടിക്കുന്ന ആള്‍ക്കൂട്ടങ്ങളെയാണ് എക്കാലത്തും പഥ്യം. നന്മയിലേക്ക്, സത്യത്തിലേയ്ക്കുള്ള നമ്മുടെ അകക്കണ്ണുകളെ അന്ധമാക്കാന്‍ ശ്രമിക്കുമ്പോള്‍, ഉണര്‍ന്നിരിക്കണം നമ്മള്‍. സത്യത്തിന്റെ കാവലാളുകളാകേണ്ടവര്‍ ‘പാഴ് സ്വപ്ന’ങ്ങള്‍ക്കു പിന്നാലെ പോകുന്നതു തടയാനുള്ള ചരിത്രപരമായ ബാധ്യത നിങ്ങളും ഞാനും ഉള്‍പ്പെടുന്ന സമൂഹത്തിനുണ്ടെന്നത് മറക്കാന്‍ കഴിയുന്നതെങ്ങനെ? നേരിനെ തമ്പുരാന്റെയല്ല, ഏതെങ്കിലും വിദൂഷകന്റെ വേഷം കെട്ടിക്കുന്ന കൂടിവരവുകളെ ചെറുക്കാന്‍ ചെറുവിരലനക്കാതെ ജീവിച്ചാല്‍ വരുംതലമുറകള്‍ നമ്മെ സഭ്യമല്ലാത്ത പുതിയ പേരുകള്‍ ചാര്‍ത്തി വിളിച്ചെന്നു വരാം. അത് വേണോ? അതുകൊണ്ട് ഭൂരിപക്ഷത്തെ ആട്ടിത്തെളിക്കുന്ന ചില ഭരണീയരിലെ കിരീടധാരികളെ നമുക്ക് കാണാതിരിക്കാം. സമൂഹത്തിന്റെ സദ്‌സംസ്‌ക്കാരത്തിന് മൃത്യു സമ്മാനിക്കുന്ന ‘കൊറോണ’ രീതിയിലുള്ള കിരീടങ്ങളാണ് അവരുടെ തലയിലുള്ളതെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

Leave a Comment

*
*