തിരഞ്ഞെടുപ്പും സാക്ഷരസമൂഹവും

തിരഞ്ഞെടുപ്പും സാക്ഷരസമൂഹവും

ബോബി ജോര്‍ജ്ജ്

ബോബി ജോര്‍ജ്ജ്
ബോബി ജോര്‍ജ്ജ്

വളരെ വാശിയേറിയ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അങ്ങനെ അവസാനിച്ചു. ഇനി ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. കോവിടിന്റെ പശ്ചാത്തലത്തില്‍ ആണെങ്കില്‍ പോലും, ഉത്സാഹത്തിനു ഒട്ടും കുറവില്ലാത്ത തിരഞ്ഞെടുപ്പ് തന്നെ ആയിരുന്നു ഇത്. വോട്ടെണ്ണലിന് അക്ഷമരായി കാത്തിരിക്കുമ്പോള്‍, കഴിഞ്ഞുപോയ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നു. വിദ്യാഭ്യാസത്തിലും, രാഷ്ട്രീയ അവബോധത്തിലും മുന്‍പില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനം തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ എന്തൊക്കെയാണ് നമ്മുടെ പ്രതീക്ഷകള്‍?

ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് എന്തുകൊണ്ടും ലോകത്തിനു തന്നെ ഒരു അത്ഭുതമായിരുന്നു. ഭൂരിപക്ഷം നിരക്ഷരരുള്ള ഒരു രാജ്യം പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നത് ആളുകള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. പക്ഷെ ഇന്ന് 2021-ല്‍ എത്തി നില്‍ക്കുമ്പോള്‍, എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും, നമ്മുടെ ജനാധിപത്യത്തില്‍ തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. സാക്ഷരകേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ നിന്ന് കൂടി നാം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ കാണേണ്ടതുണ്ട്.

ഒന്നാമതായി തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തമാണ്. നമുക്ക് അറിയാവുന്നതു പോലെ സ്ത്രീകളുടെ വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് പലപ്പോഴും അവകാശപ്പെടുന്ന ഒരു പ്രദേശമാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതില്‍ സത്യമുണ്ട് താനും. അങ്ങനെയുള്ള ഒരു സംസ്ഥാനം ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം നമ്മള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും, ഏറ്റവും കുറവ് മുന്നോട്ടു പോകുന്നതുമായ ഒരു കാര്യമാണ്. വളരെ ശക്തരായ വനിത രാഷ്ട്രീയക്കാര്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികള്‍ ഉണ്ടായിട്ടുപോലും, ഇന്ത്യയുടെ പാര്‍ലമെന്റിലും, നിയമസഭകളിലും സ്ത്രീകള്‍ നാമമാത്രമാണ്. സ്ത്രീ സംവരണം ഒരിടത്തും എത്താത്ത ചര്‍ച്ച മാത്രം ആയി തുടരുന്നു. എത്ര വനിതകളെയാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്? ഇടതു മുന്നണി 12 പേര്‍ക്ക് അവസരം കൊടുത്തപ്പോള്‍, കോണ്‍ഗ്രസ് മുന്നണി മത്സരത്തിന് ഇറക്കിയത് 10 പേരെയാണ്. ഇതേ സമയം ബിജെപി നേതൃത്വം കൊടുത്ത NDA 15 സ്ത്രീകളെ രംഗത്തിറക്കി. 140 മണ്ഡലങ്ങള്‍ ഉള്ള ഒരു സംസ്ഥാനത്താണ്, കൈവിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ക്ക് മാത്രം സീറ്റു കൊടുത്തു പാര്‍ട്ടികള്‍ മത്സരിച്ചത്. ഇത് നമ്മള്‍ ചിന്തിക്കേണ്ട വിഷയമാണ്. ഈ സീറ്റു കൊടുത്തവരില്‍ എത്ര പേര് വി ജയിച്ചു വരും എന്നറിയില്ല. അതും കൂടി നോക്കുമ്പോള്‍, അവസാനം നിയമസഭയില്‍ എത്ര സ്ത്രീകള്‍ ഉണ്ടാവും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സാക്ഷരതയും, വിദ്യഭ്യാസവും ഒന്നും രാഷ്ട്രീയരംഗത്തേക്കു സ്ത്രീകള്‍ കടന്നു വരുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്നില്ല എന്ന് നാം കരുതേണ്ടി വരും. സ്ത്രീകള്‍ ധാരാളമായി രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആവശ്യത്തിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കൂ. നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകളുടെ പങ്കാളിത്തം എത്ര കൂടുന്നോ, അത് സമൂഹത്തിനു നല്ലതാണു എന്ന ബോധ്യം വിദ്യാസമ്പന്നരായ ഒരു സമൂഹത്തിനു പോലും വരുന്നില്ലെങ്കില്‍ അത് നിരാശാജനകമാണ്. പകുതി വരുന്ന ഒരു ജനവിഭാഗത്തെ മാറ്റി നിര്‍ത്തി നമ്മള്‍ ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തനം നമ്മുടെ മാറാന്‍ മനസ്സില്ലാത്ത മനോഭാവങ്ങളെയാണ് കാണിക്കുന്നത്.

രണ്ടാമതായി ഓരോ തിരഞ്ഞെടുപ്പും വീണ്ടും വീണ്ടും അടിവരയിട്ടുറപ്പിക്കുന്ന ജാതി, മത വര്‍ഗ്ഗീയ ചിന്തകളാണ്. പ്രകടന പത്രികളെക്കാളും, മറ്റു രാഷ്ട്രീയ ചര്‍ച്ചകളെക്കാളും നമുക്കു പഥ്യം അവയാണ്. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പുകാലത്തു സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചില പോസ്റ്റുകള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം, വളരെ സാധാരണക്കാര്‍ പോലും മതത്തിന്റെയും ജാതിയുടെയും ഒക്കെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ കാണുന്ന ഒരു സ്ഥിതിയാണ്. പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ ജാതി മത പരിഗണനയ്ക്കു വലിയ പ്രാധാന്യം കൊടുക്കുന്നു എന്നത് വസ്തുതയാണ്. പാര്‍ട്ടികളുടെ കാര്യം പോട്ടെ. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ത്തിക്കാണിച്ചത്, ഏതു മുന്നണിയാണ് എല്ലാ ജാതി മതവിഭാഗത്തിനും കൃത്യമായി സീറ്റ് പങ്കു വച്ചത് എന്ന മട്ടിലുള്ള കണക്കുകള്‍ ആണ്. നമ്മളെ പ്രതിനിധീകരിക്കാന്‍ നമ്മുടെ ജാതിയിലും, മതത്തിലും പെട്ട ഒരാള്‍ തന്നെ വേണം അഥവാ വേറെ ഒരാളെ വിശ്വസിക്കാന്‍ നമുക്ക് പറ്റില്ല എന്ന ചിന്ത എവിടെ നിന്നാണ് വരുന്നത്? ആ ചിന്തകള്‍ ഇനിയും ഒട്ടും മാറ്റാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, വിദ്യാഭ്യാസവും സാക്ഷരതയും ഒക്കെ നമുക്ക് എന്താണ് തരുന്നത്. ജാതിയും മതവും നിറഞ്ഞിരിക്കുന്ന ഒരു പൗരന്റെ മനസ്സാണ് വര്‍ഗീയപ്പാര്‍ട്ടികള്‍ക്കു ഏറ്റവും നല്ല വളം. വിദ്യാഭ്യാസം എന്നത്, ജാതിമത ചിന്തകള്‍ക്ക് അതീതമായി, മനുഷ്യനെ മനുഷ്യനായി കാണുവാന്‍ ഉള്ള ഒരു പരിശീലനം കൂടിയാണെന്ന് നമുക്ക് എന്നെങ്കിലും മനസ്സിലാക്കാന്‍ പറ്റുമോ?

മൂന്നാമതായി നമുക്ക് ചിന്തിക്കാന്‍ പറ്റിയ ഒരു കാര്യം, തിരഞ്ഞെടുപ്പിന് വേണ്ട പണച്ചിലവാണ്. പണം എത്ര മുടക്കുന്നുവോ അത് തിരിച്ചു കിട്ടണം എന്ന ആഗ്രഹം വളരെ സാധാരണമായ ഒന്നാണ്. ബിസിനസ്സുകളെ മുന്നോട്ടു നയിക്കുന്ന ഒന്നാണ് അത്. ഏതൊരു മനുഷ്യനെയും അതിശയിപ്പിക്കുന്ന ഒരു തുകയാണ് എല്ലാ പാര്‍ട്ടികളിലും പെട്ട സ്ഥാനാര്‍ത്ഥികള്‍ ചിലവഴിക്കുന്നത്. ഡിജിറ്റല്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഒക്കെ ഇത്ര പ്രചാരത്തില്‍ ഉള്ള ഒരു പ്രദേശത്ത് ഇത്രയധികം പണം പരമ്പരാഗത പ്രചാരണങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ട കാര്യമുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. ഒട്ടുമിക്ക ആളുകളുടെയും കൈയ്യില്‍ ഓരോ സ്മാര്‍ട്ട് ഫോണുകള്‍ ഉള്ള ഒരു സ്ഥലത്ത്, ആശയപ്രചാരണത്തിനു പുത്തന്‍ സങ്കേതങ്ങള്‍ നമ്മള്‍ തേടേണ്ടതുണ്ട്. ഇന്നിപ്പോ സംഭവിക്കുന്നത്, പരമ്പരാഗതമായ തിരഞ്ഞെടുപ്പു ചെലവുകള്‍ക്ക് പുറമെ, ഡിജിറ്റല്‍ പ്രചരണങ്ങള്‍ക്ക് വേറെ പണം കണ്ടെത്തേണ്ട അവസ്ഥയില്‍ ആണ് സ്ഥാനാര്‍ത്ഥികള്‍. ഇതുകൊണ്ടൊക്കെ സംഭവിക്കുന്ന ഒരു കാര്യം, തിരഞ്ഞെടുപ്പ് രംഗം, പണം ഉള്ളവരുടേതു മാത്രമായി ചുരുങ്ങുന്നു എന്നതാണ്. വരുംകാല തിരഞ്ഞെടുപ്പുകളില്‍ എങ്കിലും, നമ്മുടെ പ്രചാരണരീതികള്‍ അഴിച്ചു പണിയേണ്ടതുണ്ട്.

ചുരുക്കി പറഞ്ഞാല്‍, തിരഞ്ഞെടുപ്പിനോടുള്ള സമീപനത്തില്‍ നമ്മുടെ സാക്ഷരതയും, വിദ്യഭ്യാസനിലവാരവും ഒന്നും കാര്യമായ പങ്കു വഹിക്കുന്നില്ല എങ്കില്‍ അത് നമ്മള്‍ ആത്മപരിശോധന ചെയ്യേണ്ട ഒരു കാര്യമാണ്. മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ ഒന്നിലെങ്കിലും നമുക്ക് രാജ്യത്തിന് മാതൃക ആവാന്‍ സാധിക്കുന്നില്ല എങ്കില്‍ അത് ഒരു പുരോഗമന സമൂഹം എന്ന നിലയില്‍ നമ്മുടെ പരാജയം കൂടിയാണ്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org