ശമ്പളസ്കെയില്‍ കുറയ്ക്കണം

ഫാ. ലൂക്ക് പൂത്തൃക്കയില്‍, മടമ്പം

ശരീരത്തെ അറിയാതെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍പോലെ സമൂഹത്തില്‍ അറിയാതെ വളര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗമാണു സമ്പന്ന-ദരിദ്ര വിടവ്. ഇക്കണക്കിനു പോയാല്‍ ഒരു വലിയ വിപ്ലവവും ജനമുന്നേറ്റവും അനിവാര്യമായി വരികയും ദൂരവ്യാപക അനര്‍ത്ഥങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുകയും ചെയ്യും; സംശയമില്ല. നിരന്തരമായി വഞ്ചിക്കപ്പെടുന്ന കര്‍ഷകരും ചെറുകിട കച്ചവടക്കാരും സാധാരണക്കാരും സാമ്പത്തിക പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുകയാണ്.

ശമ്പളം വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, അവധികളുടെ എണ്ണം കൂട്ടുക, ക്ഷാമബത്ത വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വര്‍ദ്ധിപ്പിക്കുക, ആനുകൂല്യങ്ങള്‍ കൂട്ടിക്കൊടുത്തു മുന്തിയ സൗകര്യങ്ങള്‍ തരപ്പെടുത്തി കൊടുക്കുക തുടങ്ങിയവയാണു സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുകളെ ബോദ്ധ്യപ്പെടുത്താന്‍ അസംഘടിതരായ സാധാരണക്കാര്‍ അശക്തരാകുകയാണ്. സംഘടിതശക്തിയെ പ്രീണിപ്പിക്കുന്ന നയത്തില്‍നിന്നും ബോധപൂര്‍വം സര്‍ക്കാരുകള്‍ പിന്മാറുന്നില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ വലുതാകും. ഒരു സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ അവരെയും അവരുടെ ആശ്രിതരെയും തലമുറയെയും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടോ? അതിനുള്ള നിയമവ്യവസ്ഥിതിയും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഉത്തരവാദിത്വപൂര്‍വം സേവനം നല്കിയില്ലെങ്കില്‍ അതു ചോദ്യം ചെയ്താല്‍ ഉദ്യോഗസ്ഥരെ തടഞ്ഞു എന്ന പേരില്‍ കേസുണ്ടാകാനുള്ള സാദ്ധ്യത കൂടി നിയമവ്യവസ്ഥയിലുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

രാജ്യാന്തരതലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവു വളരെ വേഗത്തില്‍ വര്‍ദ്ധിക്കുകയാണ്. പല രാജ്യങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. ചിലിയില്‍ ലക്ഷക്കണക്കിനാളുകള്‍ നിരത്തിലിറങ്ങിക്കഴിഞ്ഞു. ഹോങ്കോംഗിലും അടുത്ത നാളില്‍ ലണ്ടനിലും പ്രക്ഷോഭകര്‍ക്കു മുമ്പില്‍ മുട്ടുമടക്കിക്കൊണ്ടു മന്ത്രിമാരുടെയും മുന്‍ പ്രസിഡന്‍റുമാരുടെയും എം.പി.മാരുടെയും ശമ്പളം നേര്‍ പകുതിയാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ആനുകൂല്യം വെട്ടിക്കുറച്ചു. ഇത് എന്തുകൊണ്ട് ഇന്ത്യയില്‍ നടപ്പാക്കിക്കൂടാ.

സര്‍ക്കാര്‍ മേഖലയില്‍ അഴിമതി ഒന്നിനൊന്നു വര്‍ദ്ധിക്കുകയാണ്. കൊടുകാര്യസ്ഥതയും ബ്യൂറോക്രസിയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നു. സര്‍ക്കാരിന്‍റെ ധൂര്‍ത്ത് അവസാനിപ്പിക്കാതെയും മന്ത്രിമാരുടെയും സ്റ്റാഫിന്‍റെയും എണ്ണം കുറയ്ക്കാതെയും സാങ്കേതിക-ശാസ്ത്രനിപുണരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ഭരണമേന്മ വര്‍ദ്ധിപ്പിക്കാതെയും രാജ്യം രക്ഷപ്പെടുകയില്ല. വിലക്കയറ്റം, അഴിമതി, സാമൂഹ്യ അസമത്വം എന്നിവയ്ക്കെതിരെ മിക്ക രാജ്യങ്ങളിലും സമരം നടക്കുകയാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും കൂടിയായപ്പോള്‍ ഓസ്ട്രേലിയന്‍ പത്രങ്ങള്‍ പ്രതിഷേധിച്ചത് ഒന്നാം പേജില്‍ കരി പൂശി പത്രമിറക്കിക്കൊണ്ടാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇപ്രകാരം അവര്‍ പ്രതിഷേധിച്ചത്. ഭരണത്തിലിരിക്കുന്നവര്‍ പുതിയ പുതിയ നിയമങ്ങളിറക്കി ജനതകളുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ മതതീവ്രവാദികളുടെ പിടിവാശികള്‍ക്കു മുമ്പില്‍ സര്‍ക്കാരുകള്‍ മതന്യൂനപക്ഷങ്ങളോട് അനീതി കാണിച്ചുകൊണ്ടിരിക്കുന്നു.

സോഷ്യലിസം നടപ്പാക്കാത്തതിന്‍റെ അപാകത അല്പമൊക്കെ പരിഹരിക്കപ്പെടുന്നതു സാമൂഹ്യപ്രവര്‍ത്തനവും ജീവകാരുണ്യപ്രവര്‍ത്തനവുംകൊണ്ടാണ്. പാവപ്പെട്ടവനെ സഹായിക്കാനുള്ള ചെറിയ ചെറിയ പദ്ധതികള്‍ മതങ്ങളും സംഘടനകളും നടത്തുന്നതുകൊണ്ടു കുറച്ചൊക്കെ ദാരിദ്ര്യം കുറയുകയും ജീവിതത്തെ അല്പമൊക്കെ പിടിച്ചുനിര്‍ത്താനും സാധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊരു ശാശ്വതപരിഹാരമല്ല. മനുഷ്യന്‍റെ മനസ്സിലെ ആര്‍ദ്രതകൊണ്ടല്ല മറിച്ച്, വ്യവസ്ഥാപിതമായ നയങ്ങള്‍കൊണ്ടും നിയമങ്ങള്‍ കൊണ്ടും സമ്പന്ന-ദരിദ്ര വിടവു കുറയ്ക്കണം. സമ്പന്നരെ സമ്പന്നരാക്കുന്ന ദരിദ്രരെ ദരിദ്രരാക്കുന്ന വ്യവസ്ഥിതി രാജ്യത്തു ശക്തിപ്പെടുകയാണ്. കാലത്തിനനുസരിച്ചു ശമ്പളവര്‍ദ്ധന ന്യായവും സ്വാഭാവികവുമാണ്. എന്നാല്‍ അതിനൊരു പരിധി വയ്ക്കുന്നില്ലെങ്കില്‍ ദാരിദ്ര്യം കൊടികുത്തി വാഴും. സമ്പന്നരോടുള്ള മൃദുസമീപനം ഉദ്യോഗസ്ഥരും രാഷട്രീയക്കാരും പ്രകടിപ്പിക്കാറുണ്ട്. രാജ്യത്തിന്‍റെ നികുതി പ്പണം ശമ്പളം കൊടുത്തു തീര്‍ക്കാനള്ളതല്ല. വികസനത്തിനും ദാരിദ്ര്യോച്ഛാടനത്തിനുമാകണം. നല്ല ശമ്പളം വാങ്ങി ജീവിച്ചവര്‍ പിന്നീടു പെന്‍ഷന്‍ പറ്റുമ്പോള്‍ ആ പണം അവരുടെ തലമുറയ്ക്കായി മാത്രം കടന്നുപോകുകയാണ്. പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കില്‍ 60 കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്ന സിസ്റ്റം ഉണ്ടാകണം. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സിസ്റ്റം കൊണ്ടുവരണം. 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപാവച്ചു പെന്‍ഷന്‍ നല്കണം.

സോഷ്യലിസം നടപ്പിലാകണമെങ്കില്‍ സംവരണനിയമങ്ങളുടെ പ്രാധാന്യം കുറയണം. സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ 10 വര്‍ഷത്തേയ്ക്ക് ആരംഭിച്ച ജാതിസംവരണം 70 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. സാമ്പത്തികസംവരണമാണ് ഇനി നല്കേണ്ടത്. സാധാരണക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് സൗകര്യം നല്കി അവരുടെ ചികിത്സാസഹായം സര്‍ക്കാര്‍ നല്കണം. പ്രത്യേക വരുമാനമില്ലാത്തവര്‍ക്കു ചികിത്സാസഹായം ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ നടപ്പാക്കണം.

രാജ്യത്തുള്ള റവന്യു ഒരുപോലെ എല്ലാവര്‍ക്കും അവകാശപ്പെട്ടിരിക്കേ ചിലരുടെ പോക്കറ്റിലേക്കും ചില ഇടങ്ങളിലേക്കുമായി പോകുമ്പോള്‍ സാമ്പത്തിക വിടവു വര്‍ദ്ധിക്കുകയാണ്. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം രാജ്യത്തു പണം കുറയുന്നതല്ല; ചിലരുടെയും ചിലയിടങ്ങളിലേക്കും പണം മാറ്റിവയ്ക്കപ്പെടുന്നതുകൊണ്ടാണ്. ശമ്പളം കൂടാതെയും പെന്‍ഷന്‍ കുറച്ചും വേണം സാമ്പത്തികഭദ്രത എല്ലാവര്‍ക്കും ഉറപ്പാക്കാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org