Latest News
|^| Home -> Pangthi -> നോമ്പുകാല ചിന്തകൾ -> ഗത്സമെനി: കുരിശ് വേര് പടര്‍ത്തിയ ഇടം

ഗത്സമെനി: കുരിശ് വേര് പടര്‍ത്തിയ ഇടം

Sathyadeepam

വിജയ് പി. ജോയി

‘ഓ ദൈവമേ, നിന്റെ സ്മരണയില്ലാതെ ഈ ലോകത്ത് ജീവിക്കുക എനിക്ക് അസാധ്യം. ഈ ലോക പീഡകളെ നിന്റെ മുഖദര്‍ശനമില്ലാതെ ഞാന്‍ എങ്ങനെ മറികടക്കും’ റാബിയ.
വീടിന്റെ അകത്തളങ്ങളിലെവിടെയോ ഒറ്റപ്പെട്ട് പോകുന്ന മഹാമാരിയുടെ കാലത്ത് മാത്രമല്ല, ഒരു മനുഷ്യായുസില്‍ ഒരു വ്യക്തി ഏറ്റവും കൂടുതല്‍ തവണ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുന്നതും ഗത്സമെന്‍ അനുഭവത്തിലൂടെയായിരിക്കും. ആത്മഹത്യാ കണക്കുകളും അതിനു നിമിത്തങ്ങളായ ഒറ്റപ്പെടലും വിഷാദരോഗവുമൊക്കെ ഏറി വരുന്ന ഈ നാളുകളില്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചു ധ്യാനിക്കേണ്ട വചനഭാഗമാണ് ഗത്സമെനിയിലെ പീഡാനുഭവം. ഗത്സമെനിയിലൂടെ കടന്നു പോവുക എന്നത് ക്രിസ്ത്യാനിയുടെ മാത്രമല്ല, മനുഷ്യരായി പിറന്ന എല്ലാ വരുടെയും തലവരയാണ്. ഈ ലോക ജീവിതത്തിലെ ഒഴിവാക്കാനാകാത്ത രംഗം.
‘പിതാവേ, ഈ പാനപാത്രം എന്നില്‍ നിന്ന് എടുത്ത് മാറ്റണമേ എന്ന് മനസ്സ് കൊണ്ടു ജീവിതത്തിന്റെ ഏതെങ്കിലും കയ്പുറ്റ നിമിഷത്തില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ടെങ്കില്‍ സാംസ്‌കാരിക തലത്തില്‍ വച്ച് ഞാനും ഒരു ക്രിസ്ത്യാനിയായി മാറുന്നു’ ഒ.എന്‍.വി.
ഏകാന്തതയുടെ, ചതിയുടെ, പ്രലോഭനങ്ങളുടെ, സന്ദേഹങ്ങളുടെ ഇടമാണ് ഗത്സമെനി. വിയര്‍പ്പിനും കണ്ണീരിനും അവിടെ രക്തത്തിന്റെ ഗന്ധമാണ്. സ്‌നേഹപ്രതീകമായ ചുംബനത്തിനാകട്ടെ ഒറ്റികൊടുക്കുക എന്നാണര്‍ത്ഥം. കരച്ചിലും അട്ടഹാസവും കീഴടക്കലും സൗഖ്യപ്പെടുത്തലും ഉണ്ടവിടെ. ഉപേക്ഷിക്കപ്പെടുമ്പോഴും പ്രലോഭിതരാകുമ്പോഴും നാം എറിയപ്പെടുന്നത് ഗത്സമെനിയിലേക്കാണ്. ‘ഗത്സമെനി’ എന്ന പദത്തിനര്‍ത്ഥം എണ്ണച്ചക്ക്. നമ്മിലെ നന്മകള്‍ പുറത്ത് വരും വരെ, ജീവിത നിയോഗങ്ങള്‍ തിരിച്ചറിയും വരെ നാമതില്‍ വച്ച് ചതച്ചരയ്ക്കപ്പെടും.

ഗത്സമെനിയില്‍ ക്രിസ്തു ഒഴുക്കിയ കണ്ണീരിലൂടെയാണ് അവിടുന്ന്
നമ്മുടെ ദുഃഖങ്ങളെയും പാപങ്ങളെയും കഴുകി കളയാന്‍ ആരംഭിച്ചത്.
സങ്കടങ്ങള്‍ക്ക് നടുവിലിരുന്നു കരയാനും ദൈവത്തോട് കലഹിക്കാനും
നിനക്ക് അവകാശമുണ്ടെന്ന ധൈര്യപ്പെടുത്തലാണ് ക്രിസ്തുവിന്റെ വിലാപം.
കരഞ്ഞ ക്രിസ്തുവിന് നമ്മുടെ കണ്ണുകളിലെ നനവുകളെ തിരിച്ചറിയാനാകും.

അവനും നിലവിളിച്ചിരുന്നു എന്നതാണ് അഴലാര്‍ന്ന ജീവിതങ്ങള്‍ക്ക്
ഗത്സമെനി പകരുന്ന സാന്ത്വനം.


സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ ബലിഭൂമികയായ ഗത്സമെനിയിലൂടെ ദൈവപുത്രനായ ക്രിസ്തുവും കടന്നുപോകുന്നു. ഭീകരമായ പീഡാനുഭവങ്ങളുടെ ആമുഖരാത്രിയായിരുന്നു അത്. അവിടെ അവന്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റയ്ക്കായിരുന്നു. ഗത്സ മെനിയിലെ ഏകാന്തതയിലിരുന്ന് കഴിഞ്ഞുപോയ ആനന്ദങ്ങളെയും വരാനിരിക്കുന്ന സങ്കടങ്ങളെയും ക്രിസ്തു കണ്‍മുമ്പില്‍ കണ്ടു. ജീവിതത്തെ ആത്മശോധന ചെയ്തു. തെറ്റുകളില്ല, പാളിച്ചകളില്ല. വരാന്‍പോകുന്ന ദുരന്തങ്ങളെ ഒഴിവാക്കി തരണമേയെന്ന് പരമ പരിശുദ്ധനായവന്‍ പരിപൂര്‍ണ്ണ യോഗ്യതയോടെ കരഞ്ഞ് അപേക്ഷിച്ചു. എന്നിട്ടോ അവശേഷിച്ചത് ദൈവത്തിന്റെ മൗനം. പിതാവിന്റെയും സ്‌നേഹിതരുടെയും തിരസ്‌കരണങ്ങള്‍ ഒത്തു ചേര്‍ന്ന് അവനെ ദുഃഖിപ്പിച്ചു, മരണത്തിന്റെ വക്കോളം.’ലോകചരിത്രം കണ്ട ഏറ്റവും ദുഃഖിതനായ ദൈവമാണ് ക്രിസ്തു’ ഒ.വി.വിജയന്‍.
ഗത്സമെനിയില്‍ ക്രിസ്തു ഒഴുക്കിയ കണ്ണീരിലൂടെയാണ് അവിടുന്ന് നമ്മുടെ ദുഃഖങ്ങളെയും പാപങ്ങളെയും കഴുകി കളയാന്‍ ആരംഭിച്ചത്. സങ്കടങ്ങള്‍ക്ക് നടുവിലിരുന്നു കരയാനും ദൈവത്തോട് കലഹിക്കാനും നിനക്കവകാശമുണ്ടെന്ന ധൈര്യപ്പെടുത്തലാണ് ക്രിസ്തുവിന്റെ വിലാപം. കരഞ്ഞ ക്രിസ്തുവിന് നമ്മുടെ കണ്ണുകളിലെ നനവുകളെ തിരിച്ചറിയാനാകും. അവനും നിലവിളിച്ചിരുന്നു എന്നതാണ് അഴലാര്‍ന്ന ജീവിതങ്ങള്‍ക്ക് ഗത്സമെനി പകരുന്ന സാന്ത്വനം.
‘കണ്ണീരിന്റെ നാള്‍വഴികളിലൂടെ നടന്നു കയറുമ്പോള്‍ ആത്മാവിന്റെ കാവലാളായി ഒരാള്‍ അരികിലുണ്ടെങ്കില്‍ ഏത് കഠിന ദുഃഖത്തേയും കോരിക്കുടിക്കാന്‍ തക്കവിധം അത് നമ്മെ മത്തു പിടിപ്പിക്കും’ റോസി തമ്പി.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ മാത്രമല്ല മനുഷ്യന്റെ സകല നിസ്സഹായതകളും അവയുടെ പൂര്‍ണ്ണതയില്‍ ക്രിസ്തുവില്‍ വെളിപ്പെട്ട സംഭവമാണ് ഗത്സമെനി. കണ്ണീരും വിയര്‍പ്പുമുള്ള പച്ചമാംസമായി വചനം അവതരിച്ചതിന്റെ പൂര്‍ണ്ണതയായിരുന്നു അത്. മഹത്വത്തിന്റെ താബോറില്‍ അവന്റെ കൂടെയുണ്ടായിരുന്നവരൊന്നും തകര്‍ച്ചയുടെ ആ ഗത്സമെനിയില്‍ അവനോടൊപ്പമില്ല. പാനപാത്രത്തിനും ചുണ്ടിനുമിടയില്‍ മറ്റൊരാള്‍ക്ക് സ്ഥാനമില്ലെന്ന് അവന്‍ തിരിച്ചറിയുന്നു. ഏവരെയും സ്‌നേഹത്താല്‍ കൂട്ടയിണക്കിയവന്‍ ഒരു കൂട്ടിനായി ദാഹിക്കുമ്പോള്‍ ഒരു കല്ലേറ് ദൂരം മാറിയിരുന്ന് ഓര്‍ത്തു പ്രാര്‍ത്ഥിക്കാന്‍ പോലും ആരുമില്ല. ദൈവ പുത്രന്‍ ഇതാ മനുഷ്യസഹായം യാചിക്കുന്നു. ഒന്നല്ല, മൂന്ന് തവണ. ‘നിങ്ങള്‍ എന്നോടൊപ്പം ഒന്നുണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാമോ.’
വേദനകള്‍ക്ക് നടുവില്‍ ക്രിസ്തു ഏകനാകുന്നു, തോട്ടത്തിനു നടുവിലെ ആദത്തെ പോലെ. ബൈബിള്‍ രേഖപ്പെടുത്തുന്ന മനുഷ്യന്റെ ആദ്യത്തേതും അവസാനത്തോളം നിലനില്‍ക്കുന്നതുമായ ആ നൊമ്പരം ക്രിസ്തുവിനെയും കീഴടക്കുന്നു. അവന്‍ ഇപ്പോള്‍ ഏകാന്തതയുടെ മുനമ്പിലാണ്. രണ്ട് ചോദ്യങ്ങളുമുണ്ട് അവനു മുമ്പില്‍. ഒളിച്ചോടണമോ അതോ അതിജീവിക്കണമോ?
ഒളിച്ചോടല്‍ ഏതു ഭീരുവിനും സാധ്യമാണ്. അതിന് മാനുഷിക ബലം മതി. എന്നാല്‍ അതിജീവനത്തിന് ദൈവീകശക്തിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. മരുഭൂമിയില്‍ ആരംഭിച്ച പരീക്ഷ തോട്ടത്തില്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ക്രിസ്തു തിരിച്ചറിയുന്നുണ്ട്. അപ്പം കൊണ്ട് തൃപ്തിപ്പെടുന്ന മനുഷ്യശരീരം ബലഹീനമത്രെ, വചനത്താല്‍ പുഷ്ടിപ്രാപിക്കുന്ന ആത്മാവാണ് ശക്തവും സന്നദ്ധവും. ആ തിരി വെട്ടമാണ് അതിജീവനത്തിനുള്ള പാത തുറന്നത്. ശരീരത്തിന്റെ ആകര്‍ഷണങ്ങള്‍ക്കും മേലെ ആത്മാവിന്റെ പ്രചോദനങ്ങളെ അവന്‍ പ്രതിഷ്ഠിക്കുന്നു. സ്‌നേഹിച്ചവയെ എല്ലാം ബലി നല്‍കി അവന്‍ ബലിയെ സ്‌നേഹിക്കുന്നു. ദൈവത്തിനായി സ്വയം വിട്ടുകൊടുക്കുന്നു. അങ്ങനെ ഗത്സമെനിയില്‍ വച്ചു തന്നെ അനുസരണയുള്ള മകനായി അവന്‍ തന്നെ തന്നെ താഴ്ത്തി. കാല്‍വരി അതിന്റെ പൂര്‍ത്തീകരണം മാത്രം.
‘എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന വചനത്തിലൂടെ സ്വന്തം വ്യക്തിത്വത്തോട് വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ശൂന്യതയിലേക്ക് ദൈവീക വ്യക്തിത്വം വന്നു നിറയുന്നു. മനുഷ്യന്‍ ദൈവമായി മാറുന്നു. അനുസരണക്കേട് വഴി തോട്ടത്തില്‍ വച്ച് നഷ്ടമായ സൗഭാഗ്യം വിധേയത്വത്തിലൂടെ തോട്ടത്തില്‍ വച്ച് തന്നെ ക്രിസ്തു തിരികെ പിടിച്ചപ്പോള്‍ ഗത്സമെനി പുതിയ ഏദനായി. ക്രിസ്തു പുതിയ ആദവും. ആദത്തിലൂടെ ആരംഭിച്ച ഏകാന്തത മുതല്‍ മരണം വരെയുള്ള സങ്കടങ്ങള്‍ക്കെല്ലാം ക്രിസ്തു പരിഹാരവുമായി.
‘ക്രിസ്തു പറഞ്ഞതോ പ്രവര്‍ത്തിച്ചതോ അല്ല അത്ഭുതം. അവന്‍ തന്നെയാണ് അത്ഭുതം’ റൂമി.
മാനുഷിക ബലഹീനതകള്‍ക്കും പ്രലോഭനങ്ങള്‍ക്കും മീതെ ക്രിസ്തു, ക്രിസ്തു തന്നെയാകുന്ന വിസ്മയക്കാഴ്ചയാണ് ഗത്സമെന്‍ രാവില്‍ നമുക്ക് ദര്‍ശിക്കാനാവുക. ആത്മാവും ശരീരവും തമ്മിലുള്ള പോരാട്ടത്തില്‍ ആത്മാവിന്‍ പക്ഷം പിടിച്ചാണ് അവന്‍ ജയിച്ചു കയറുന്നത്. ബലഹീനവും നശ്വരവുമായ ശരീരം അനശ്വരതയിലേക്കുള്ള യാത്രയില്‍ ഒരു മുതല്‍ക്കൂട്ടാകില്ല എന്ന സന്ദേശവുമുണ്ടതില്‍.
വിശക്കുക, അപ്പം ഭക്ഷിക്കുക, വിശ്രമിക്കുക എന്നീ ശാരീരിക ചോദനകളില്‍ മാത്രമായി ജീവിതത്തെ ചുരുക്കി കൂടാ. ശരീരത്തിന്റെ മമതകളെ ചെറുത്തു നില്‍ക്കാനുള്ള കരുത്ത് ആത്മീയതയിലൂടെ ആര്‍ജിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍ എന്ന ക്രിസ്തു മൊഴി പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് പലതിനെയും പുറത്താക്കാനും പലതില്‍ നിന്നും പുറത്തു കടക്കാനും കഴിയൂ എന്ന അവന്റെ തന്നെ പഠനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാകുന്നു. അത് തന്നെയാണ് ഗത്സമെനി പങ്കുവയ്ക്കുന്ന ഗുരുപാഠവും.
‘ആത്മാവ് നിറയെ ദൈവം, ശരീരം മുഴുവന്‍ സഹനം മനുഷ്യപുത്രന്‍ ദൈവപുത്രനാകുന്നതിനു പിന്നിലെ രഹസ്യമതാണ്.’
ആത്മാവില്‍ ദൈവഹിതമാകുന്ന വിത്ത് വിതറിയും സഹനങ്ങള്‍ക്കായി ശരീരമാകുന്ന നിലമൊരുക്കിയും ക്രിസ്തു ഗത്സമെനിയിലെ ഇടുങ്ങിയ ഇടങ്ങളില്‍ നിന്നും പുറത്തു വരുന്നു. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ ഉയര്‍ത്തപ്പെടുന്ന കുരിശിന്റെ വിശാലതയിലേക്ക്. കാല്‍വരിയിലെ ആ കുരിശില്‍ തളിരിട്ട്, പുഷ്പിച്ച്, ഫലമായി മാറുന്നത് ഗത്സമെനിയിലെ മണ്ണില്‍ വീണ് അഴിഞ്ഞില്ലാതായ ക്രിസ്തുവാണ്. മലമുകളിലെ കുരിശിന്റെ വേരുകള്‍ ആ തോട്ടത്തില്‍ നിന്നാണ് വെള്ളവും വളവും സ്വീകരിച്ചത്. അങ്ങനെ ഗത്സമെനി കുരിശ് വേര് പടര്‍ത്തിയ ഇടമായി മാറുന്നു.
ഇടര്‍ച്ചകളുടെ, വീഴ്ചകളുടെ, തനിച്ചാകലുകളുടെ അനുഭവങ്ങള്‍ക്കിടയില്‍ വളര്‍ന്നുയരാനുള്ള ഊര്‍ജ്ജവും രക്ഷയിലേക്കുള്ള വഴിയും ഒളിഞ്ഞിരിക്കുന്നു എന്നതാണ് ഗത്സമെനി പകരുന്ന പ്രത്യാശ. നോക്കൂ, മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ക്രിസ്തുവില്‍ ഉണരുന്നത് നൈരാശ്യമല്ല, ആത്മബോധമാണ്. ഇനിയുമേറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന ദൗത്യബോധം അവനെ വിഴുങ്ങുന്നു. പ്രതിസന്ധികള്‍ക്ക് അവന്‍ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നു. ആ ബോധ്യങ്ങളില്‍ അടിയുറച്ച് തീക്കനല്‍ ചവിട്ടിയുള്ള തന്റെ പ്രയാണം അവന്‍ തുടരുന്നു. നമുക്കും പിന്തുടരാവുന്നതാണ് അവന്റെ വഴി. ചെയ്യേണ്ടത് ഇത്ര മാത്രം, ഞാനീ മണ്ണില്‍ ഒരു ദൗത്യമാണെന്ന ഉള്‍വെളിച്ചം കെടാതെ സൂക്ഷിക്കുക. പിന്നെ, സഹനങ്ങളെ രക്ഷാകരമാക്കിയ അവന്റെ കരത്തില്‍ മുറുകെ പിടിക്കുക. അങ്ങനെ ഗത്സമെനി ഒരു പാഠശാല കൂടിയായി മാറുന്നു. പരാജയങ്ങളിലൂടെ വിജയിയാകേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന പാഠശാല.
‘ഓരോ പരീക്ഷയും തീരുന്നതോടെ പരീക്ഷകള്‍ അവസാനിക്കുകയല്ല. മറിച്ച്, കുറേക്കൂടി വലിയ പരീക്ഷകളെ നേരിടാന്‍ നാം ശക്തി ആര്‍ജിക്കുകയാണ്.’
തോട്ടത്തില്‍ ഒലിവ് മരങ്ങള്‍ക്കു താഴെ ഒരു കൂട്ടര്‍ അവശേഷിക്കുന്നുണ്ട്. തളര്‍ന്നുറങ്ങുന്ന ശിഷ്യന്മാര്‍. ക്രിസ്തുവിനൊപ്പം അവരുടെ ചാരെ കൂടി ഒന്നണഞ്ഞിട്ട് ഗത്സമെനിയില്‍ നിന്നും നമുക്ക് പുറത്ത് കടക്കാം. എന്റെ വേദനകളില്‍ നിങ്ങളെനിക്ക് കൂട്ടായിരിക്കണം എന്നതാണ് ശിഷ്യരോടുള്ള ക്രിസ്തുവിന്റെ അഭ്യര്‍ത്ഥന. അപരന്റെ വേദനകളെ കുറേക്കൂടി ഗൗരവമായിട്ടെടുക്കണം എന്ന പൊരുളുണ്ടതില്‍. നിന്റെ സ്വസ്ഥതകളെ മാറ്റി വച്ച് അപരന്റെ അസ്വസ്ഥതകളില്‍ അരികിലായിരിക്കുക എന്നതാണ് ഗത്സമെനി മുന്നോട്ട് വയ്ക്കുന്ന ഉത്തരവാദിത്വം.
ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനകള്‍, ആത്മാര്‍ത്ഥമായ ഒരു തുള്ളി കണ്ണുനീര്‍, സാന്ത്വനം പകരുന്ന ഒരു ചെറു വാക്ക്, ഏറ്റെടുക്കാവുന്ന കൊച്ചു സഹനങ്ങള്‍ ഇവയിലൂടെയൊക്കെ കല്ലേറ് ദൂരങ്ങള്‍ അകലെയാണെങ്കിലും നമുക്ക് അപരന്റെ ഗത്സമെനികളില്‍ സ്വാന്തനം പകരുന്ന ദൈവ ദൂതരാകാം.
മരുഭൂമിയിലെ പ്രലോഭനത്തെയും തോട്ടത്തിലെ പരീക്ഷയെയും മലയിലെ മരണത്തെയും അതിജീവിച്ചവന്‍ നിങ്ങള്‍ക്ക് കരുത്ത് പകരട്ടെ. ആമ്മേന്‍

Leave a Comment

*
*