Latest News
|^| Home -> Pangthi -> ആഗമനകാലചിന്തകള്‍ -> ഗ്ലോറിയ : ആഗമനകാലചിന്തകള്‍-1

ഗ്ലോറിയ : ആഗമനകാലചിന്തകള്‍-1

Sathyadeepam

തിരുപ്പിറവിയുടെ തിരിച്ചറിവുകളിലേയ്ക്ക് ഒരു നോവുവിചാരം…

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

മായമില്ലായ്മയുടെ മറുനാമമാണ് മറിയം. മനുഷ്യകുലത്തിന്റെ മോചനം സാധ്യമാക്കാന്‍ സ്രഷ്ടാവായ ദൈവം ഉപകരണ ങ്ങളാക്കിയ സൃഷ്ടികളിലെ ഒരു സാധാരണ സ്ത്രീയായിരുന്നവള്‍. അധികമാരാലും അറിയപ്പെടാതെ ജീവിച്ച ഗ്രാമീണകന്യക. എന്നാല്‍, എളിമയുടെ തെളിമയും, നിസ്സാരതകളുടെ നിര്‍മ്മലതയും നിറഞ്ഞ, പരിശുദ്ധിയുടെ പര്യായമായ ആ ജീവിതമണ്‍കുടത്തില്‍ അമൂല്യമായ ഒരു നിധി അവിടുന്ന് നിക്ഷേപിച്ചു. പ്രശസ്തിയും, പ്രതാപവും, സമ്പത്തും സ്വാധീനവുമൊക്കെയുള്ള വ്യക്തികളാകാന്‍ നമുക്ക് ആഗ്രഹമുണ്ടാകാം. പക്ഷേ, അങ്ങനെ ആയിത്തീരണമെന്നില്ല. നാം നാമായി ജീവിക്കുക. ആരുടെയൊക്കെയോ രക്ഷയും, സൗഖ്യവും, സന്തോഷവും ദൈവം നമ്മിലൂടെ കണക്കു കൂട്ടിയിട്ടുണ്ട്. നമ്മിലെ നിസ്സാരതകളെ നാം ഒരിക്കലും നിരാകരിക്കരുത്. നമുക്ക് ഭരമേല്പ്പിക്കപ്പെട്ടവര്‍ക്കും നമ്മുടെ ആശ്രിതര്‍ക്കും അവ തീര്‍ത്തും സാരങ്ങള്‍ തന്നെയാണ്. നമ്മുടെ അയോഗ്യതകള്‍ കൊണ്ട് അത്ഭുതങ്ങള്‍ ചെയ്യാന്‍ ദൈവത്തിനാവും. മറിയം മാതൃകയാകണം. വചനമായവ നമ്മുടെ കുടുംബത്തിലേക്ക് നിര്‍ബാധം കടന്നുവരാനുള്ള കവാടമായിരിക്കണം കന്യകാ മറിയം.
വിശ്വസ്തതയുടെ വിരലടയാളമാണ് ജോസഫ്. ദിവ്യശിശുവിന്റെ സംരക്ഷകനാകാന്‍ ദൈവം നിയോഗിച്ചവന്‍. മാനസിക പിരിമുറു ക്കങ്ങള്‍, പരിഭ്രാന്തികള്‍, കദനങ്ങള്‍, കഷ്ടതകള്‍ എന്നിവയിലൂടെയൊക്കെ കടന്നുപോയപ്പോഴും ദൈവകരം അവന്‍ മുറുകെപ്പിടി ച്ചു. ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച ആ തച്ചന്റെ തോളിണ തളര്‍ന്നതേയില്ല. നാമും നമ്മുടെ കടമകള്‍ കഴിവിനൊത്തു ചെയ്യണം. നാം ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയിലും, ജീവിതാന്തസ്സിലും, ജോലിസ്ഥലത്തും, പ്രവര്‍ത്തന മണ്ഡലങ്ങളിലുമൊക്കെ പൂര്‍ത്തിയാക്കാന്‍ ബാദ്ധ്യതകള്‍ ബാക്കിയുണ്ട്. കടപ്പാടുകളെ കണ്ടില്ലെ ന്നു നടിക്കരുത്. പാതിവഴിയില്‍ അവയില്‍ നിന്നും പിന്തിരിയരുത്, ഓടിയൊളിക്കുകയുമരുത്. നമ്മുടെ കുടുംബത്തിന്റെ രക്ഷയില്‍ നമുക്കുള്ള പങ്ക് വലുതാണ്. നിസ്സഹായതയുടെയും നിരാശയുടെയുമായ നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നേക്കാം. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്ക്കാന്‍ ഇടയായേക്കാം. കര്‍ത്താവിന്റെ കരം പിടിക്കുക. താങ്ങാനാവാത്ത ചുമടുകള്‍ അവിടുന്ന് തരികയില്ല. ജോസഫ് ജീവിതത്തിന്റെ മൗലിക മൂല്യങ്ങളില്‍ ഒന്നായിരിക്കണം.
തിരുമനസ്സിന്റെ തീരുമാനമാണ് നിശ്ചയം. ജോസഫും മറിയവും വിവാഹനിശ്ചയം ചെയ്തവരായിരുന്നു. അവര്‍ പരസ്പരം നല്കിയ മംഗല്യവാഗ്ദാനത്തെ താന്‍ മനുഷ്യവംശത്തിനു നല്കിയ മഹത്തായ മോചനവാഗ്ദാനത്തിന്റെ ഭാഗമാക്കി ദൈവം മാറ്റിയപ്പോള്‍ പരിത്രാണകനായ പൈതലിനെ പോറ്റിവളര്‍ത്താനുള്ള അസുലഭാഗ്യം ആ ദമ്പതികള്‍ക്കു ലഭിച്ചു. ചില നേരങ്ങളില്‍ നമ്മുടെ ചില നിശ്ചയങ്ങളെയും ദൈവം ദത്തെടുക്കും; സമ്മതം പോലും ചോദിക്കാതെ. മല്പിടുത്തം കൂടാതെ വിട്ടുകൊടുക. നമ്മുടെ വാശിക്കല്ല, അവിടുത്തെ ആശക്കാണ് മുന്‍തൂക്കം. അവയെക്കാള്‍ വലുതെന്തോ അവിടുന്ന് മുന്നില്‍ കാണുന്നുണ്ട്. ചില വരകള്‍ അവിടുന്ന് നമുക്കുവേണ്ടി വരക്കും. അവയിലൂടെ നാം സഞ്ചരിച്ചേ മതിയാവൂ. തെല്ലും ഭയക്കേണ്ട. വഴിനടത്തുന്നവന്‍ നമ്മെക്കാള്‍ പതിന്മടങ്ങ് വലിയവനാണ്. നാം കുറിക്കുന്ന തീരുമാനങ്ങള്‍, വാഗ്ദാനങ്ങള്‍, കരാറുകള്‍ എന്നിവ ദൈവേഷ്ടത്തിന്റെ വെട്ടത്തില്‍ വായിക്കാനുള്ള ഉള്‍ക്കാഴ്ച നേടുക. അവയെക്കുറിച്ച് ആദ്യന്തം ദൈവത്തോടു അഭിപ്രായം ആരായുക. അപ്പോള്‍ അവയോരോന്നും നമ്മുടെയും മറ്റുള്ളവരുടെയും മേന്മയ്ക്കായി ഭവിക്കും.
സ്വര്‍ഗ്ഗത്തിന്റെ സ്വരമാണ് ദൂതന്‍. ദൈവത്തിന്റെ സന്ദേശകനായി നസ്രത്തിലെത്തിയവന്‍. മേഘപാളികള്‍ക്കിടയില്‍ നിന്നും, ക ത്തിയെരിയുന്ന മുള്‍പടര്‍പ്പിനുള്ളില്‍ നിന്നുമൊക്കെ സംസാരിച്ച ദൈവത്തിനു തന്റെ പുത്രന്റെ മാതാവാകാനുള്ള സമ്മതം മറിയ ത്തോടു ചോദിക്കാന്‍ ഒരു ദൂതനെ ആശ്രയിക്കണമായിരുന്നോ? ഇടിമിന്നലിലോ, ഇളംകാറ്റിലോ നേരിട്ടു ചെല്ലാമായിരുന്നില്ലേ? ചില അവസരങ്ങളില്‍ അവിടുന്ന് അങ്ങനെയാണ്. ചില കാര്യങ്ങള്‍ നമ്മെ അറിയിക്കാം, നാം മറന്നുപോയ മറ്റു ചിലതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനുമൊക്കെ ചിലരെ, സന്ദര്‍ഭങ്ങളെ, നിമിത്തങ്ങളെ നിയോഗിച്ച് നമ്മുടെ അടുത്തേക്ക് അയക്കാറുണ്ട്. നാം ആവശ്യപ്പെടുമ്പോഴൊക്കെ നമ്മുടെ മുമ്പില്‍ പ്രത്യക്ഷ പ്പെടാന്‍ അവിടുന്ന് മനസ്സാകണമെന്നില്ല. നമുക്കുവേണ്ടി ഒരു സന്ദേശകനെ കര്‍ത്താവ് കണിശമായും കല്പിച്ചയച്ചിട്ടുണ്ട്. അത് ആരുമാകാം, എന്തുമാകാം. അതിനെ തിരിച്ചറിഞ്ഞ് അതു നല്കുന്ന പാഠങ്ങള്‍ വ്യക്തമായി ഗ്രഹിക്കുക. വഴികളെ നേരെയാക്കുക. അഹന്ത അകറ്റി, മറ്റുള്ളവരുടെ സദുപദേശങ്ങള്‍ക്കും താക്കീതുകള്‍ക്കും ചെവികൊടുക്കുക. പ്രപഞ്ചത്തിലുള്ള പലതിനും നമ്മോടു പലതും പറയാനുണ്ട്.
അസാധ്യതകള്‍ക്ക് അതീതനാണ് അരൂപി. ദൈവാരൂപിയുടെ ആ വാസത്തിലൂടെയാണ് മറിയം ഗര്‍ഭം ധരിച്ചത്. മനുഷ്യമനീഷന് അഗ്രാഹ്യവുമായ ഒരു സംഭവം. എങ്കിലും, ദൈവദൂതിന്റെ ചുരുളില്‍ നിന്നും തന്റെ ജന്മനിയോഗത്തിന്റെ പൊരുളറിഞ്ഞ മാത്രയില്‍ മനുഷ്യന്റെ അസാധ്യതകളുടെ കയങ്ങളില്‍ സാധ്യതകളുടെ കളിവഞ്ചി തുഴയാന്‍ കഴിവുള്ളവന്റെ പദ്ധതികള്‍ക്ക് അവള്‍ സ്വയം സമര്‍പ്പിച്ചു. അരൂപിയും, അവിടുത്തെ വഴികളുമൊക്കെ ഇന്നും എന്നും നമുക്ക്ദുര്‍ഗ്രഹം തന്നെയാണ്. നമ്മുടെ അറിവിന്റെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്താണ് അധികവും. എല്ലാ ചോദ്യങ്ങള്‍ക്കും മതിയായ ഉത്തരം തരാന്‍ നാളിതുവരെ നാം നേടിയെടുത്തിട്ടുള്ള യാതൊന്നിനും കഴിയില്ല. നമ്മുടെ പ്രാവീണ്യങ്ങള്‍ക്ക് പരിമിതിയുണ്ട്. പകര്‍ച്ചവ്യാധികളും, പ്രകൃതി ദുരന്തങ്ങളുമൊക്കെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കതീതമാണ്. ആകയാല്‍, എല്ലാമറിയുന്നവന്റെ അരൂപിക്ക് സകലതും വെറുതെ വിട്ടു കൊടുക്കുക. അനാദിയിലെന്ന പോലെ തലക്കു മീതേ ഇന്നും വട്ടമിട്ടു പറക്കുന്ന ആപരാശക്തിയുടെ ആധിപത്യത്തിനു കീഴ്‌പ്പെടുക. അരൂപി ജീവിത ഭവനത്തിന്റെ മേല്ക്കൂരയായിരിക്കണം.
നേരിന്റെ നേര്‍ക്കാഴ്ചയാണ് സ്വപ്നം. ഒരു സ്വപ്നത്തിലാണ് ദൂതന്‍ ജോസഫിന് ദര്‍ശനം കൊടുത്തത്. വിവാഹജീവിതത്തെ സംബന്ധിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആ മരപ്പണിക്കാരനുണ്ടായിരുന്നു. എന്നാല്‍, അവയെ തകിടംമറിച്ച മറ്റൊരു സ്വപ്നമാണ് ദൈവം ആ യുവാവിനു സമ്മാനിച്ചത്. അപ്പോഴുംഹൃദയം തകരാതെ, പ്രത്യാശയോടെ അയാള്‍ നിലയുറപ്പിച്ചു. നാം കാണുന്ന സ്വപ്നങ്ങള്‍ക്ക് തീര്‍ച്ചയായും നമ്മുടെ ജീവിതശൈലിയുടെ സ്പര്‍ശമുണ്ട്; കര്‍മ്മങ്ങളുടെ വര്‍ണ്ണങ്ങളുണ്ട്; ചിന്തകളുടെ ചിലമ്പുണ്ട്. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെയും സത്യങ്ങളുടെയുമൊക്കെ നേര്‍ക്കാഴ്ചയാണവ. അവയെ അംഗീകരിക്കാനും, അഭിമുഖീകരിക്കാനും പഠിക്കുക. പലകാഴ്ചപ്പാടുകളും, ബോധ്യങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ അവയിലൂടെയാണ് നമുക്കു സ്വന്തമാവുക. നമ്മെക്കുറിച്ചും, നമ്മുടെ കുടുംബത്തെക്കുറിച്ചും, ജീവിതാന്തസ്സുകളെക്കുറിച്ചുമുള്ള സല്‍ക്കിനാക്കള്‍ കൊണ്ട് ആയുസ്സിന്റെ നാളുകള്‍ക്ക് നിറംകൊടുക്കുക. അവയെ സാക്ഷാത്ക്കരിക്കാന്‍ സ്ഥിരോത്സാഹിക്കുക. കനവുകള്‍ കാണുന്നവര്‍ക്കേ ജീവിക്കാന്‍ കാരണങ്ങള്‍ കാണൂ.
(തുടരും)

Leave a Comment

*
*