Latest News
|^| Home -> Pangthi -> ആഗമനകാലചിന്തകള്‍ -> ഗ്ലോറിയ : ആഗമനകാലചിന്തകള്‍-2

ഗ്ലോറിയ : ആഗമനകാലചിന്തകള്‍-2

Sathyadeepam

തിരുപ്പിറവിയുടെ തിരിച്ചറിവുകളിലേയ്ക്ക് ഒരു നോവുവിചാരം…

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

ജോസഫിന്റെ നിദ്ര
ശ്രേഷ്ഠമായ ശ്രദ്ധയാണ് നിദ്ര. ജോസഫ് നിദ്രയിലായിരുന്നു. നിദ്ര വെറും ഉറക്കമല്ല. ശുദ്ധമായ ശ്രദ്ധയുടെയും ആഴമേറിയ ആലോചനയുടെയും അവസ്ഥയാണ്. ഉറക്കം വിസ്മൃതിയിലേക്കുള്ള ഒരു തരംതാണു പോകലാണ്. അപ്പോള്‍ നാം ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല. നിദ്ര ജാഗ്രതയോടെയുള്ള മയക്കമാണ്. ദൈവികകാര്യങ്ങളും നമ്മെക്കുറിച്ചുള്ള പദ്ധതികളുമൊക്കെ നമുക്ക് വെളിപ്പെടുത്തിക്കിട്ടുന്നതും, അവയെ ഗ്രഹിക്കാന്‍ തക്കവിധം നമ്മുടെ ബോധമനസ്സിനെ ദൈവം പാകപ്പെടുത്തുന്നതുമായ ധ്യാനനിമിഷങ്ങളാണ് നിദ്രയുടേത്. അതുകൊണ്ടു തന്നെ നിദ്രയുടെ നാഴികകളില്‍ ദൈവികമായ ഇടപെടലുകളെ വിവേചിച്ചറിയാനും, സ്വര്‍ഗ്ഗത്തിന്റെ സ്വരങ്ങളെ ശ്രവിക്കാനും സാധിക്കും. ദൈവത്തിന്റെ സാന്നിധ്യത്തില്‍നിന്നും അകന്നു കഴിയുമ്പോള്‍ നട്ടുച്ചയില്‍ പോലും ഉറക്കച്ചടവേ നമുക്കു തോന്നൂ. ഉറക്കത്തിന്റെ മണിക്കൂറുകള്‍ കുറച്ച് നിദ്രാ ദൈര്‍ഘ്യം കൂട്ടുക. അബോധാവസ്ഥയിലേക്ക് വലിച്ചുതാഴ്ത്തുന്ന മദ്യം, മയക്കുമരുന്ന്, വിവിധാസക്തികള്‍ മുതലായവയെ അകറ്റിനിര്‍ത്തുക. സ്വര്‍ഗ്ഗം നമ്മോടു സംസാരിക്കട്ടെ.

ഉണര്‍വ്വ്

ആത്മാവില്‍ ആഴപ്പെടലാണ് ഉണര്‍വ്വ്. ഉണര്‍വ്വുണ്ടായിരുന്നവനാണ് ജോസഫ്. വെറും ഉറക്കത്തില്‍ നിന്നുള്ള വിടുതലോ, ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയോ അല്ല ഉണര്‍വ്വ്. മറിച്ച്, ഒരുവന്റെ ഉള്‍ബോധ്യത്തിലുള്ള ഊളിയിടലാണ്; ഒരു തരം വേരൂന്നല്‍. നമ്മിലെ ഉണര്‍വ്വിന്റെ നാഴികകളില്‍ നാം നമ്മുടെ അസ്ഥിത്വത്തിന്റെ അകക്കാമ്പിലേക്ക് ആഴ്ന്നിറങ്ങുകയാണ്. നമ്മെയും നാം മുറുകെപ്പിടിക്കുന്നതായ മൂല്യങ്ങളെയും കുറിച്ച് കൂടുതല്‍ ബോധമുള്ളവരാകുകയാണപ്പോള്‍. അത്തരത്തിലുള്ള ഒരു അനുഭവമാണ് ജോസഫിനെ പോലെ ഉള്‍വിളിക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മെയും ശക്തരാക്കുന്നത്. അതിനാവശ്യമായ ആത്മവിശ്വാസവും നമുക്ക് താനേ നല്കപ്പെടും. ഉണര്‍വ്വില്ലായ്മയില്‍ വെറും ഉപരിപ്ലവമായി ജീവിക്കാനേ നമുക്കാവൂ. ഉള്‍ക്കാമ്പുള്ളവരാകണമെങ്കില്‍ രാപകല്‍ ഒരുപോലെ ഉണര്‍വ്വുള്ളവരായിരിക്കുക. ഉള്ളില്‍ ഉണര്‍വ്വില്ലാതെ വരുമ്പോഴാണ് മസ്തിഷ്‌കം മന്ദീഭവിച്ച് അധമവികാരങ്ങള്‍ക്കും അധാര്‍മ്മിക ക്രിയകള്‍ക്കും നാം അടിമകളാകുന്നത്. ഉണര്‍ന്നിരിക്കാനല്ലേ ഗത്‌സേമെനില്‍അവന്‍ ആവശ്യപ്പെട്ടതും?

സദ്വാര്‍ത്ത

ഹര്‍ഷത്തിന്റെ ഹേതുവാണ് സദ്വാര്‍ത്ത. അധികമാരും അറിയാതെ അര്‍ദ്ധനിശയില്‍ ഒരു പൈതലിന്റെ പുല്‌ത്തൊട്ടിയിലുള്ള പിറവി സര്‍വ്വപ്രപഞ്ചത്തിനും വേണ്ടിയുള്ള സദ്വാര്‍ത്തയായി. കാലം കൊതിയോടെ കാതോര്‍ത്തു കാത്തിരുന്ന, തലമുറകള്‍ക്ക് കേള്‍ക്കാന്‍ കഴിയാതെപോയ സുവിശേഷം! അതുകൊണ്ടുതന്നെ, വലിയൊരു ആഘോഷത്തിന്റെ ആരവം ആ രാവില്‍ നിറഞ്ഞുനിന്നു. നമ്മുടെ ജനനവും ശേഷജീവിതവുമൊക്കെ ഇന്നോളം ഒരു സദ്വാര്‍ത്തയായിട്ടുണ്ടോ? നമ്മുടെ മാതാ പിതാക്കള്‍ക്കും, മക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും നാം സന്തോഷത്തിനു കാരണമാകാറുണ്ടോ? അസംഖ്യം അശുഭ വാര്‍ത്തകളുള്ള ആധുനികാന്തരീക്ഷത്തില്‍ ഒരു സുവൃത്താന്തമാകാന്‍ സാധിക്കണം. നമ്മുടെ വാക്ക്, നോക്ക്, സാമീപ്യം, സല്‍കൃത്യം, പുഞ്ചിരി ഇവയിലേതെങ്കിലും വഴിയായി ആരെങ്കിലുമൊരാള്‍ നാളതുവരെ ഇല്ലാതിരുന്ന സാന്ത്വനവും സന്തോഷവും അനുഭവിക്കുമ്പോള്‍ സദ്വാര്‍ത്തയായി നാം മാറുകയാണ്. മറ്റുള്ളവരെപ്പറ്റി നല്ലതു പറയുന്ന നന്മയുടെ നാമ്പായിരിക്കട്ടെ നമ്മുടെ നാവ്. നമ്മെക്കുറിച്ച് നല്ലതു ശ്രവിക്കാന്‍ അപ്പോള്‍ നമുക്കും ഇടവരും.

മറ്റുള്ളവരെപ്പറ്റി നല്ലതു പറയുന്ന നന്മയുടെ
നാമ്പായിരിക്കട്ടെ നമ്മുടെ നാവ്. നമ്മെക്കുറിച്ച്
നല്ലതു ശ്രവിക്കാന്‍ അപ്പോള്‍ നമുക്കും ഇടവരും.

ഹേറോദേസ് എന്ന ഉള്‍ഭയം

ആശങ്കയുടെ ആള്‍രൂപമാണ് ഹേറോദേസ്. രക്ഷകന്റെ ജനന വാര്‍ത്ത ഭയപ്പെടുത്തിയവരില്‍ ഒന്നാമന്‍. അശ്വശക്തിയും, ആള്‍ബലവും, അധികാരവും ആവശ്യത്തിലേറെ ഉണ്ടായിരുന്ന അയാളില്‍ ഒരു കുഞ്ഞിന്റെ ജനനം ഭീതി ജനിപ്പിച്ചു. അതുവരെ അനുഭവിക്കാതിരുന്ന വല്ലാത്തൊരു അസ്വസ്ഥത അയാളെ ചൂഴ്ന്നുനിന്നു. ജ്ഞാനികളുടെ മടക്കം അയാള്‍ കാത്തിരുന്നു; തന്റെ നിഗൂഢപദ്ധതികള്‍ നടപ്പിലാക്കാന്‍. ഹേറോദേസ് ഒരു വ്യക്തിയെന്നതിനേക്കാള്‍ ഉള്‍ഭയമെന്ന വികാരമാണ്. സത്യത്തെ അഭിമുഖീകരിക്കാനും അംഗീകരി ക്കാനും കെല്പില്ലാത്തവരാണ് യഥാര്‍ത്ഥ ഭീരുക്കള്‍. വസ്തുതകള്‍ക്കെതിരെ അവര്‍ കണ്ണടക്കുന്നു; മനസ്സാക്ഷിയെ ചതിക്കുന്നു. ദൈവമാണ് പരമസത്യം. അവിടുത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുമ്പോള്‍ ഭയസര്‍പ്പം ഫണമുയര്‍ത്തും. സത്യത്തെ ഇല്ലായ്മ ചെയ്യാന്‍ നാം കരുക്കള്‍ നീക്കുമ്പോള്‍ കേവലമൊരു കുഞ്ഞിന്റെ നിഴല്‍പോലും നമ്മില്‍ പരിഭ്രാന്തിക്കു ഹേതുവാകും. ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ തള്ളിപ്പറഞ്ഞും, അവഹേളിച്ചും ജീവിക്കുന്ന കാലമത്രയും ഉള്ളിന്റെ ഉള്‍തുറുങ്കില്‍ ഒരു ഹേറോദേസ് ഉറക്കമില്ലാതെയുണ്ടാകും. ദൈവവിശ്വാസം നമ്മുടെ ചുവടുകളെ നയിക്കട്ടെ.

കടപ്പാടുകളുടെ കിടപ്പാടം – ബേത്‌ലെഹെം

അപ്പത്തിന്റെ നാടാണത്. മാനവമക്കളുടെ ആത്മീയ വിശപ്പകറ്റാന്‍ അപ്പമായി വന്നവന്‍, വാഴ്‌വിലൂടെ നടന്ന കാലമത്രയും സ്വര്‍ഗ്ഗീയമായ അപ്പത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചവന്‍, അവിടെയല്ലാതെ വേറെയെവിടെയാണ് പിറക്കേണ്ടത്? അനുദിനം അപ്പമാകാനുള്ള നിയോഗമാണ് നമ്മുടേതും. നാം തിരഞ്ഞെടുത്തിരിക്കുന്ന ജീവിതാന്തസ്സ്, ആയിരിക്കുന്ന അവസ്ഥ, കര്‍മ്മമേഖലകള്‍ എന്നിവ നമ്മുടെ ബേത്‌ലെഹെം ആക്കി മാറ്റുക. അവിടെയൊക്കെ സ്വയം അപ്പമായിക്കൊണ്ട് മറ്റുള്ളവര്‍ക്ക് മുറിച്ചു നല്കുക. ഏണിപോലെ അത്താണിയാകണം. കടപ്പാട് കൂടപ്പിറപ്പാണ്. നമ്മുടെ സമ്പത്തും സമയവും കഴിവുകളും കരുണയും സഹതാപവും പരിഗണനയും പിശുക്ക് കൂടാതെ പകുത്തേകാന്‍ നമുക്കാവണം. നമ്മിലെ നന്മയുടെ പങ്ക് അര്‍ഹിക്കുന്നവരും ആവശ്യമുള്ളവരും ചുറ്റിലുമുണ്ട്. മുറിച്ചു വിളമ്പാന്‍ ആദ്യമായി സ്വാര്‍ത്ഥതയുടെ കുറുകിയ കരങ്ങള്‍ നിവരണം. അപ്പമായവന്‍ നമ്മുടെയും അപ്പക്കഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്; ഒന്നുമില്ലാത്തവര്‍ക്കായി വീതം വയ്ക്കാന്‍. മറ്റുള്ളവര്‍ക്ക് മന്നില്‍ മന്നയായി മാറാനുള്ള വിളിയാണ് നമുക്കുള്ളതെന്നു മറക്കാതിരിക്കാം.

സത്യസഹചാരികള്‍

സത്യത്തിന്റെ സഹചാരികളാണ് ജ്ഞാനികള്‍. ലോകരക്ഷകനെ തിരഞ്ഞ് ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തിയ അസാധാരണമായ അറിവുള്ളവര്‍. വെറുമൊരു വെള്ളിനക്ഷത്രം നല്കിയ സൂചനകളുടെ വെളിച്ചത്തിലൂടെ അവര്‍ മൂവരും മുന്നേറി. വിജ്ഞാനികളായിരുന്നിട്ടും ഒരു ചെറുതാരകത്തിന്റെ തരിശോഭയില്‍ നിന്നു പോലും വലിയ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ അവര്‍ സന്നദ്ധരായി. അറിവിനെ തേടുന്ന സത്യാന്വേഷികളാണവര്‍. അറിവുള്ളവരെന്ന് നാമും നടിക്കാറില്ലേ? എല്ലാമറിയാമെന്ന മട്ടിലല്ലേ ചിലപ്പോഴെങ്കിലുമുള്ള നമ്മുടെ നടപ്പും സംസാരവും പ്രവൃത്തിയും? ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുമ്പോഴാണ് അറിവ് അതിന്റെ പരകോടിയിലെത്തുക. നാളിന്നോളം നാം ആര്‍ജ്ജിച്ച അറിവ് ദൈവത്തെ തേടാനും അനുഭവിച്ചറിയാനും നമ്മെ പ്രാപ്തരാക്കിയിട്ടുണ്ടോ? അറിവിന്റെ പൂര്‍ണ്ണത ദൈവമാണ് എന്ന തിരിച്ചറിവിലേക്ക് തിരിഞ്ഞു നടക്കുക. നമ്മുടെ പരിജ്ഞാനവും പാണ്ഡിത്യവുമൊക്കെ സര്‍വ്വജ്ഞനായവന്റെ മുമ്പില്‍ മുട്ടുകള്‍ മടക്കി അവര്‍ക്കു പാദസേവ ചെയ്യട്ടെ. അനുനിമിഷം അന്വേഷിക്കാം; അറിവിനെയും അതിന്റെ ഉറവിടമായവനെയും.

(തുടരും)

Leave a Comment

*
*