സര്‍ക്കാരേ, ഇനിയെങ്കിലും ഒരു പിടി മണ്ണ് കാത്തിരിക്കുന്നവരുടെ കണ്ണില്‍ പൊടിയിടരുതേ

സര്‍ക്കാരേ, ഇനിയെങ്കിലും ഒരു പിടി മണ്ണ് കാത്തിരിക്കുന്നവരുടെ കണ്ണില്‍ പൊടിയിടരുതേ

റീ സര്‍വ്വേ എന്ന സര്‍ക്കസ് കണ്ട് കിളിപോയ മട്ടില്‍ നില്‍ക്കുകയാണു ജനം

ആന്റണി ചടയംമുറി

ഇല്ലാത്തവരുടെ ക്യൂ പണ്ടു മുതലേ ബിവറേജസിന്റെ മുമ്പിലെ ക്യൂവിനെ തോല്പിച്ചതാണ് ചരിത്രം. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവരും കിടപ്പാടമില്ലാത്തവരും റേഷന്‍കാര്‍ഡില്ലാത്തവരും പട്ടയമില്ലാത്തവരും പെന്‍ഷന്‍ കിട്ടാത്തവരുമെല്ലാം ഈ ക്യൂവില്‍ നിന്നുനിന്നു കാലുകഴച്ച് പായ വിരിച്ചുകിടക്കുന്നു. കോവിഡ് വന്നതോടെ, ക്യൂവില്‍ തന്നെ കമ്പും കോലും വച്ച് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി കഴിയുകയാണ് ഇല്ലാപ്പട ഇപ്പോള്‍.

ഇടതുവലതു സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും പട്ടയമില്ലാത്തവന് പട്ടയം നല്കാനും ഭൂമി ഇല്ലാത്തവന് ഭൂമി നല്കാനുമെല്ലാം യാതൊരു തിടുക്കവും കാണിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നത്. കേരളത്തിലെ ഭൂരഹിതര്‍ രണ്ട് ലക്ഷത്തിലേറെയുണ്ട്. ഇവരില്‍ ആദിവാസികളും ദളിതരുമെല്ലാം ഉള്‍പ്പെടും. ഭൂരഹിതര്‍ക്കു പതിച്ചു നല്കുമെന്നു പറഞ്ഞ് സര്‍ക്കാര്‍ ഇതുവരെ ഏെറ്റടുത്തിട്ടുള്ളത് 1622 ഏക്കറാണ്. സെപ്തംബര്‍ 28-ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രി ജില്ലാ കളക്ടര്‍മാരുടെ യോഗം ചേരുമ്പോള്‍, ഭൂരഹിതരുടെ കണ്ണീര്‍ കാണുമെന്നാണ് ഭൂമിയില്ലാ പാവങ്ങളുടെ വിശ്വാസം, ആ വിശ്വാസം അവരെ പൊറുപ്പിക്കട്ടെ. കാരണം മുകളില്‍ നിന്ന് ഉത്തരവുണ്ടായാലും താഴെത്തട്ടില്‍ അനങ്ങാതിരിക്കുന്ന ചില ഉദ്യോഗസ്ഥ ദുര്‍ഭൂതങ്ങളുണ്ടല്ലോ; അവര്‍ക്ക് മനസ്സലിവുണ്ടായാല്‍ മാത്രമേ എന്തെങ്കിലും അത്ഭുതം ഈ നാട്ടില്‍ സംഭവിക്കൂ. അതല്ലെങ്കില്‍, തൊടുന്യായം പറഞ്ഞ് പാവങ്ങളെ 'നടത്തി നടത്തി' സുഖം കാണുന്ന മനോരോഗികളായ ചില ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നടത്താന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം.

അളന്നിട്ടും അളന്നിട്ടും തീരാതെ…

മൂന്നു വര്‍ഷം മുമ്പാണ് സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി കുറഞ്ഞു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. 1966-ല്‍ പ്രഖ്യാപിച്ച റീ സര്‍വേ എങ്ങുമെത്തിയിട്ടില്ലെന്ന് അന്നത്തെ ആ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ 55% ഭൂമി മാത്രമേ റീസര്‍വേ നടത്തിയിട്ടുള്ളൂവെന്നും 1597 വില്ലേജ് ഓഫീസുകളില്‍ റീ സര്‍വേ രേഖകളില്ലെന്നും അതേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മന്ത്രിസഭയില്‍ തീരുമാനമുണ്ടായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും ഉള്‍പ്പെടുത്തി ഒരു സമിതിക്ക് മന്ത്രിസഭ രൂപം നല്കി. മൂന്നു കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഈ സമിതിയോട് ആവശ്യെപ്പട്ടത്. ഒന്ന് – സര്‍ക്കാരിന്റെ എല്ലാ ഭൂരേഖകളും പരിശോധിക്കുക, രണ്ട് – സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് തടയുക, മൂന്ന് – അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക. കളക്ടര്‍മാരോടും തഹസില്‍ദാര്‍മാരോടും ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തേടാന്‍ സമിതിക്ക് അധികാരം നല്കിയിരുന്നു. 2018 സെപ്തംബറില്‍ നല്കിയ ഈ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു മേല്‍ സമിതി മൂന്നു വര്‍ഷമായിട്ടും ചില നടപടികള്‍ എടുത്തുവെന്നോ ഇല്ലെന്നുമൊക്കെ പറയാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

എങ്ങുമെത്താതെ റീസര്‍വേയും…

റീസര്‍വ്വേ എങ്ങുമെത്താതെ ഇന്ത്യയില്‍ തന്നെ ചില സംസ്ഥാനങ്ങളേ ഇപ്പോഴുള്ളൂ. 55 വര്‍ഷമായി ദേശീയ തലത്തില്‍ റീസര്‍വേയ്ക്ക് തുടക്കം കുറിച്ചിട്ട്. കേരളം, കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് റീസര്‍വേ ഇനിയും പൂര്‍ത്തിയാകാനുള്ളത്. കേരളത്തില്‍ ആകെയുള്ള 1666 വില്ലേജുകളില്‍ 909 വില്ലേജുകളില്‍ മാത്രമേ റീ സര്‍വേ പൂര്‍ത്തിയായിട്ടുള്ളൂ. 87 വില്ലേജ് ഓഫീസുകളില്‍ മാത്രമേ കൃത്യമായ ഭൂരേഖകളുള്ളൂ. രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാകാത്തതാണത്രെ കാരണം. ഇന്നും ഭൂമി സംബന്ധിച്ച രേഖകള്‍ 1597 വില്ലേജ് ഓഫീസുകളിലെങ്കിലും പൊടിപിടിച്ച ഫയല്‍ കൂമ്പാരങ്ങള്‍ക്കുള്ളിലാണ്! സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. റീസര്‍വേ, ഡിജിറ്റലൈസേഷന്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ഒരു ദേശീയ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. റീസര്‍വേ വിജയകരമായി പൂര്‍ത്തിയാക്കിയ ആന്ധ്രാപ്രദേശും ഗുജറാത്തും സര്‍ക്കാര്‍ ചെലവില്‍ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ സന്ദര്‍ശിക്കുകയും ചെയ്തു. പക്ഷെ, ഒന്നും സം ഭവിച്ചില്ല. 17 ലാന്‍ഡ് ട്രൈബ്യൂണലുകളിലും 16 ദേവസ്വം ബോര്‍ഡ് ട്രൈബ്യൂണലുകളിലും 16 സ്‌പെഷ്യല്‍ ലാന്‍ഡ് ട്രൈബ്യൂണലുകളിലുമായി ഭൂമി സംബന്ധിച്ച കേസുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്നിട്ടും അവയൊന്നും പരിഹരിക്കാതിരിക്കാന്‍ ആരാണ് പിന്‍വാതിലിലൂടെ ശ്രമിക്കുന്നത്?

പിന്നില്‍ ഭൂമാഫിയയോ?

ഇവിടെ ചില ചോദ്യങ്ങള്‍ കൂടി ഉയരുന്നുണ്ട്; സര്‍ക്കാര്‍ ഭൂമി അന്യാധീനമായി കിടക്കുന്നത് മുതലാക്കുന്ന ഒരു ഭൂമാഫിയ കേരളത്തിലുണ്ടോ? പാര്‍ട്ടികളുടെയോ കൈക്കൂലിയുടെയോ പിന്‍ബലത്തില്‍ സര്‍ക്കാരിന്റെ മിച്ചഭൂമി ദുരുപയോഗിച്ച് ലക്ഷങ്ങള്‍ പിടുങ്ങുന്നുണ്ടോ അവര്‍? ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കാരണമായിരിക്കുന്നത് കേരളാ ഹൈക്കോടതിയുടെ ഒരു പരാമര്‍ശമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ 1.63 ലക്ഷം പേര്‍ക്ക് പട്ടയം നല്കിയതായി കണക്കുകളുണ്ട്. എന്നാല്‍ ഭൂമി പതിച്ചു നല്കുമ്പോള്‍, ആ സര്‍ട്ടിഫിക്കറ്റില്‍ എന്തിനാണ് പതിച്ചു നല്കുന്നതെന്ന് രേഖപ്പെടുത്താത്തതിലാണ് ഹൈക്കോടതി 1-6-2021ലെ വിധിത്തീര്‍പ്പിനിടെ അതൃപ്തിഅറിയിച്ചത്. അങ്ങനെയെങ്കില്‍, ഇതുവരെയുള്ള ഭൂമി പതിച്ചു നല്കലില്‍ എന്തെങ്കിലും കള്ളക്കളി നടന്നിട്ടുണ്ടോ?

എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചുവെങ്കിലും, ഇതിനായി ഭൂമി പതിച്ചു നല്കാന്‍ ഇതുവരെ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ജില്ലയില്‍ 83.92 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതായി രേഖയിലുണ്ട്. ഇതില്‍ ഇനിയും വിതരണം ചെയ്യാതെ 40.59 ഹെക്ടര്‍ സ്ഥലം ശേഷിക്കുന്നുണ്ട്. എന്നിട്ടും അധികൃതര്‍ എന്തേ കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം ഏറ്റെടുത്തു നല്കാത്തതാവോ?

ജനം ഇനി മേലും കീഴും നോക്കില്ല…

ഒരു കാരണവശാലും പാവപ്പെട്ടവന് ഗുണം കിട്ടരുതെന്ന് കരുതുന്ന ഉദ്യോഗസ്ഥരാണോ റവന്യൂ വകുപ്പിലുള്ളത്? ജനങ്ങളെല്ലാം സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു, ഞങ്ങളാണ് സര്‍ക്കാരിന്റെ മണ്ണും പണവുമെല്ലാം കാത്തുസൂക്ഷിക്കുന്നതെന്ന 'രക്ഷകവേഷം' ഇവരില്‍ ചിലര്‍ അണിയുന്നുണ്ടോ? പണമുള്ളവനും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കുമായി വളഞ്ഞു കൊടുക്കുന്ന നട്ടെല്ലുള്ളവരാണോ ന്യൂനപക്ഷം വരുന്ന ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍? എങ്കില്‍, സാറന്മാര് ഒന്നു ശ്രദ്ധിക്കണേ. പ്രകടന പത്രികയില്‍ വാഗ്ദാനമൊക്കെ നല്കി. വോട്ട് വാങ്ങി ജയിച്ചിട്ട് ഒരു ജാതി കൊഞ്ഞനം കുത്തുന്ന ഇടപാട് ഇനി നടപ്പില്ല. കാരണം, കോവിഡാനന്തര കാലത്ത് ജനമൊക്കെ കാലും തലയുമെല്ലാം പൊള്ളി നില്‍ക്കുകയാണ്. കണ്ണീരല്ല, അവരുടെ കണ്ണില്‍ ഇപ്പോള്‍ ജ്വലിക്കുന്നത് തീക്കനലുകളാണ്. പട്ടയവും ഭൂമിയുമെല്ലാം വാഗ്ദാനം ചെയ്ത് ജനത്തിന്റെ മുമ്പില്‍ ഇനിയെങ്കിലും ഭരിക്കുന്നവര്‍ പൊട്ടന്‍ കളിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org