Latest News
|^| Home -> Pangthi -> ചിന്താജാലകം -> ഗുഹയിലെ ഉറക്കക്കാര്‍

ഗുഹയിലെ ഉറക്കക്കാര്‍

Sathyadeepam

ഖുര്‍-ആനില്‍ പരാമര്‍ശിക്കുന്ന ഒരു കഥയെ നാടകമാക്കിയതു തഫിക്ക് അല്‍-ഹക്കിം (1898-1987) എന്ന ഈജിപ്തുകാരനാണ്. എഫേസൂസിലെ ഏഴു ക്രൈസ്തവ യുവാക്കന്മാര്‍ ഡേഷ്യസ് ചക്രവര്‍ത്തിയുടെ മതപീഡനം ഭയന്ന് താര്‍സൂസിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അവരുടെ പട്ടി ഗുഹാമുഖത്തു കാവല്‍ കിടന്നു. അവര്‍ ഗുഹയില്‍ ഉറങ്ങി, 300 കൊല്ലങ്ങള്‍. ഉണര്‍ന്നതു ക്രൈസ്തവസമൂഹത്തില്‍ ഉയിര്‍പ്പിനെക്കുറിച്ചു വിവാദത്തിലായിരുന്ന സമയത്തും. ഉണര്‍ന്നവരില്‍ ഒരാള്‍ ആഹാരം വാങ്ങാന്‍ പുറത്തേയ്ക്കിറങ്ങി. അവരുടെ പക്കലുണ്ടായിരുന്ന നാണയം ആരും എടുക്കില്ല; മാത്രമല്ല ചുറ്റുപാടും ക്രിസ്ത്യാനികളാണു വസിക്കുന്നത്. മറ്റൊരുവന്‍ പ്രേമിക്കുന്ന രാജകുമാരിയെ അന്വേഷിച്ചു; കണ്ടെത്തി. പക്ഷേ, സാവധാനം അവരറിയുന്നു – അവര്‍ അതേ പേരുള്ള പഴയ ഒരു മുത്തശ്ശിയുടെ വംശാവലിക്കാരിയാണ്. വേറൊരുവന്‍ തന്‍റെ പൂര്‍ത്തിയാകാത്ത വീടന്വേഷിച്ചു.

നാട്ടുകാര്‍ ഇവരെ പ്രേതങ്ങളായി കണ്ടു. അവരുടെ പക്കല്‍ നിധികളുണ്ടെന്നു കരുതി ഗുഹയിലേക്കു പന്തങ്ങളുമായി വന്നു. അവരുടെ ഭാഷ ആളുകള്‍ക്കു മനസ്സിലാകാത്തതായി. അധികാരിയും സ്ഥലത്തെ മെത്രാനും അവരെ കണ്ടു. പക്ഷേ, കാര്യങ്ങള്‍ മനസ്സിലാക്കാനോ അവരുടെ കൂടെ വസിക്കാനോ അവര്‍ക്കു സാദ്ധ്യമല്ലാതായി. ഗുഹാവാസികളില്‍ ഒരാള്‍ പറഞ്ഞു: “ഞാന്‍ സംശയിക്കാന്‍ തുടങ്ങുന്നു… നാം ഉറങ്ങിയത് ഒരു ദിവസമോ…? മറ്റൊരുവന്‍ പറഞ്ഞു: “നമുക്കുള്ളത് ഈ ഗുഹ മാത്രം.” കാവല്‍പട്ടിയും പ്രതിസന്ധിയിലായി. നാട്ടിലെ പട്ടികള്‍ ഇവനെ കണ്ടിട്ടു തീര്‍ത്തും അന്യമായ മൃഗത്തെ എന്നപോലെ നോക്കി കുരയ്ക്കുക മാത്രം ചെയ്തു.”

ഈ നാടകത്തിനു പല വ്യാഖ്യാനമുഖങ്ങളുണ്ട്. പ്രേമത്തിന്‍റെ സത്യം സൃഷ്ടിക്കുന്നതു ദുരന്തമാണ്. കാലഹരണപ്പെട്ടവരുടെ ദുര്‍വിധി. രണ്ടു കാലഘട്ടങ്ങളിലെ മനുഷ്യര്‍ക്കു സഹവസിക്കാനാവാത്ത വൈരുദ്ധ്യം. മനുഷ്യപീഡനത്തില്‍ നിന്നുള്ള ദൈവിക അഭയം. വീടു നൂറ്റാണ്ടുകള്‍ക്കു പിന്നിലാകുന്ന ദുഃഖം. ഭാവിക്കും വര്‍ത്തമാനത്തിനും വാതിലടച്ചു പഴമയില്‍ ആണിവച്ച ജീവിതം. പ്ലേറ്റോയും വെളിച്ചമില്ലാത്ത ഗുഹയില്‍ നിഴലുകളുടെ മിഥ്യയുമായി ജീവിക്കുന്ന മനുഷ്യന്‍റെ കഥ പറഞ്ഞു. മനഃസാക്ഷിയിലെ ദൈവസ്വരത്തോടു വിശ്വസ്തത പുലര്‍ത്തി രാജാവിനെ ധിക്കരിച്ചപ്പോള്‍ ഗുഹയില്‍ അടയ്ക്കപ്പെട്ട ആന്‍റിഗണിയുടെ പ്രതിരോധകലഹത്തില്‍ ആത്മഹത്യ ചെയ്തു. സമ യം ഉറങ്ങിക്കളയാന്‍ തീരുമാനിച്ചവര്‍ ഭൂതകാലത്തില്‍ തമ്പടിച്ചു. കാലം അവരോടു പ്രതികാരം ചെയ്യുന്നു. കാലഹരണപ്പെട്ടവര്‍ ചരിത്രത്തിനു പുറത്തായി. ചരിത്രത്തില്‍ ഇടമില്ലാത്തവരായി മാറി. അവര്‍ ചിത്രത്തില്‍ നിശ്ശബ്ദരാക്കപ്പെട്ടു. അവര്‍ ഗുഹയി ലേക്കു – നിശ്ശബ്ദതയിലേക്കു മടങ്ങുന്ന പ്രേതങ്ങളായി പോകുന്നു.

Leave a Comment

*
*