ഗ്യാന്‍വാപി മോസ്‌ക് : കുഴിച്ചെടുക്കുന്ന കുഴപ്പങ്ങള്‍

ഗ്യാന്‍വാപി മോസ്‌ക് : കുഴിച്ചെടുക്കുന്ന കുഴപ്പങ്ങള്‍

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍
സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

വിഭാഗീയ, സാമുദായിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നത് ആര്‍എസ്എസ്, ബിജെപി സഖ്യത്തിന്റെ തന്ത്രമാണ്. അയോദ്ധ്യ ക്ഷേത്ര പ്രശ്‌നം ഉപയോഗിച്ചുകൊണ്ട്, രാജ്യത്തെയാകെ ധ്രുവീകരിക്കാനും പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം പിടിച്ചെടുക്കാനും അവര്‍ക്കു കഴിഞ്ഞു. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദു സംഘടനകള്‍ക്ക് നല്‍കാമെന്ന സുപ്രീംകോടതി വിധി ഇന്ത്യയിലെ ജനങ്ങള്‍ മനസ്സില്ലാമനസ്സോടെ അംഗീകരിച്ചു, വിധി അന്യായ മാണെങ്കിലും, മതത്തെ അടിസ്ഥാനമാക്കിയുള്ള ധ്രുവീകരണം ഇതോടെ അവസാനിക്കുമല്ലോ എന്നു കരുതി. ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ നടപടി 'നിയമവാഴ്ചയുടെ കടുത്ത ലംഘനമാണ്' എന്ന് സുപ്രീം കോടതി അംഗീകരിച്ചതിനാലാണ് ഇത് അന്യായമായ വിധിന്യായമായി കണക്കാക്കുന്നത്. എന്നിട്ടും, പൊളിച്ചുമാറ്റാന്‍ ഉത്തരവാദികളായ ശക്തികള്‍ക്കു ഭൂമി നിയമപര മായി സമ്മാനിച്ചു.

സാമുദായിക ധ്രുവീകരണത്തിന്റെ രുചി നുണഞ്ഞ ബിജെപി അത് വിട്ടുകളയാന്‍ തയ്യാറല്ല. തകര്‍ന്ന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ ഗ്യാന്‍വാപി മോസ്‌ക് പണിതതെന്ന് അറിയാന്‍ പുരാവസ്തുവകുപ്പ് (എ.എസ്.ഐ) സര്‍വേ നടത്തണമെന്ന് ഏപ്രില്‍ 8-ന് ഉത്തരവിട്ടു കൊണ്ട് വാരണാസി കോടതി തന്നെ വീണ്ടും പണ്ടോറയുടെ പെട്ടി തുറന്നിരിക്കുകയാണ്.

ഈ ഘട്ടത്തില്‍ കോടതി ഉത്തരവ് അനുചിതമാണ്. ഇത് ആരാധനാലയങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) ആക്ട് 1991 എന്ന നിയമത്തിന്റെ ലംഘനമാണ്, രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് 15-ന് ഉണ്ടായിരുന്നതു പോലെ തന്നെ തുടരും എന്നു വ്യക്തമാക്കുന്ന നിയമമാണ് ഇത്. കോടതിയിലായിരുന്ന അയോധ്യ രാം ജന്മഭൂമിബാബറി മസ്ജിദ് തര്‍ക്കം കോടതിയില്‍ തീര്‍പ്പു കല്‍പിക്കണമെന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നു. ഇതൊഴികെ ബാക്കി തര്‍ക്കമുള്ള എല്ലാ ആരാധനാ ലയങ്ങളുടെയും തദ്സ്ഥിതി തുടരാന്‍ നിയമം വ്യവസ്ഥ ചെയ്തു. അതായത് ഒരു മസ്ജിദോ ക്ഷേത്രമോ അതായിരിക്കുന്ന അവസ്ഥയില്‍ നിലനില്‍ക്കും. ഈ നിയമം സംബന്ധിച്ചു സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ട്.

കോടതി ഉത്തരവ് സംഘപരിവറിന് ഉത്തേജനമായിരിക്കുകയാണ്. ഗ്യാന്‍വാ പി പള്ളിയും മറ്റ് നിരവധി ആരാധനാലയങ്ങളും അവരുടെ റഡാറിലുണ്ട്. ശത്രുക്കള്‍ ക്ഷേത്രങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിച്ചതാണ് അവയെല്ലാമെന്ന അസംബന്ധമായ അവകാശവാദം അവയെല്ലാം അഭിമുഖീകരിക്കേണ്ടി വരും.

വാരാണാസി കോടതിയുടെ ഉത്തരവില്‍ സംശയത്തിന്റെ നിഴല്‍ വീണിട്ടുണ്ട്. കാരണം തര്‍ക്കമുള്ള ആരാധനാലയങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ക്ക് വിരമിക്കലിനു ശേഷം ഒന്നു നിന്നു തിരിയാനിട കിട്ടുന്നതിനു മുമ്പേ തന്നെ പുതിയ സ്ഥാനമാനങ്ങള്‍ സമ്മാനിക്കപ്പെടുകയാണ്. അയോദ്ധ്യ കേസ് പരിഗണിച്ച ബെഞ്ചിന്റെ തലവനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിച്ചയുടനെ രാജ്യസഭാംഗമായി. ബാബറി പള്ളി പൊളിച്ച കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ ഉത്തര്‍പ്രദേശിലെ ഉപ ലോകായുക്തയാക്കി. ഇരകളുടെ അവസാന അഭയ കേന്ദ്രമായ നീതിന്യായവ്യവസ്ഥയിലേക്ക് അത്തരം 'പ്രലോഭനങ്ങള്‍' തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയാണ്.

മറ്റൊരു ആരാധനാലയം നൂറ്റാണ്ടുകള്‍ക്കുമുമ്പ് അവിടെ നിന്നിരുന്നു എന്ന ധാരണയുടെ പുറത്ത്
ഒരു ആരാധനാലയം തകര്‍ക്കുന്നതില്‍ യാതൊരു മതാത്മകതയുമില്ല.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന വിവാദപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഹിന്ദുത്വ ശക്തികള്‍ മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചേക്കാം. രണ്ട് കാരണങ്ങളുണ്ടാകാം. ഒന്നാമതായി, തീവ്ര ദേശീയതയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യയശാസ്ത്രമുള്ള ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒരു ശത്രു ഉണ്ടായിരിക്കണം. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ ശത്രു മുസ്‌ലിംകളാണ്. നിക്ഷിപ്ത താത്പര്യങ്ങളുള്ള വ്യത്യസ്ത ജാതികളായി വിഭജിക്കപ്പെട്ടിട്ടുള്ള ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിന്, ഒരു ശത്രുവിനെ ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണ്. ഈ കളിയില്‍ ആര്‍എസ്എസ് ബിജെപി സഖ്യം വലിയൊരളവില്‍ വിജയിച്ചിരിക്കുകയാണ്.

ആര്‍എസ്എസിന്റെ സൈദ്ധാന്തികരില്‍ ഒരാളായ എംഎസ് ഗോള്‍വള്‍ക്കര്‍ പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ്. അധികാരത്തിലേക്കുള്ള ആരോഹണത്തിന് ബിജെപി, ആര്‍എസ്എസ് സഖ്യം ഈ മൂന്നു കൂട്ടരെയും വ്യത്യസ്ത അളവുകളില്‍ ലക്ഷ്യം വച്ചിട്ടുണ്ടെങ്കിലും മുസ്ലിങ്ങളാണ് പ്രധാനമായും ഈ കുന്ത മുന നേരിടേണ്ടി വരുന്നത്.

രണ്ടാമത്തെ കാരണം വളരെ വ്യക്തമാണ്. ഭരണരംഗത്ത്, സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അഴിമതി കുറയ്ക്കല്‍, മാനവ വിഭവശേഷി വികസനം, പട്ടിണിയും അസമത്വവും കുറയ്ക്കല്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലും ബിജെപി വന്‍പരാ ജയമാണ്. ബിജെപി സര്‍ക്കാരിന്റെ പ്രധാന താത്പര്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതാണ്. അതു മൂലം തിരസ്‌കാരത്തിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രത്തിനാണ് അത് ഊന്നലേകിയത്. തദ്ഫലമായി ഭരണകാര്യങ്ങളില്‍ ഇവര്‍ക്കു ശ്രദ്ധ ചെലുത്താനായില്ല. സാമ്പത്തിക പ്രശ്‌നങ്ങളും തൊഴില്‍ നഷ്ടവും ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ആളുകളുടെ ശ്രദ്ധ തിരിക്കാനായി അത് കാലാകാലങ്ങളില്‍ വൈകാരിക വിഭാഗീയ വിഷയങ്ങളെ ആശ്രയിച്ചു.

മറ്റൊരു ആരാധനാലയം നൂറ്റാണ്ടു കള്‍ക്കുമുമ്പ് അവിടെ നിന്നിരുന്നു എന്ന ധാരണയുടെ പുറത്ത് ഒരു ആരാധനാലയം തകര്‍ക്കുന്നതില്‍ യാതൊരു മതാത്മകതയുമില്ല. ഇത്തരം നശീകരണങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാധാനവും സൗഹൃദവും നശിപ്പിക്കും, പരസ്പരം യാതൊരു നേട്ടവും നല്‍കുകയുമില്ല. തര്‍ക്കമുള്ള ആരാധനാലയങ്ങളെ ഒരു അടഞ്ഞ അധ്യായമായി കാണാനും പ്രതികാരത്തിന്റെ വികാരത്തെ സംസ്‌കരിക്കാനും ഭൂരിപക്ഷ സമൂഹം പഠിക്കണം. പരസ്പരാദരവിന്റെയും അംഗീകാരത്തിന്റെയും ഈ പ്രവൃത്തിയില്‍ ദൈവങ്ങള്‍ കൂടുതല്‍ സന്തോഷിക്കുകയേയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org