ഇതാ, ഒരു പാരഡിഗാനം, ചിക്പുക് ചിക്പുക് റെയിലേ കടക്കെണി തീര്‍ക്കും റെയിലേ?!

ഇതാ, ഒരു പാരഡിഗാനം, ചിക്പുക് ചിക്പുക് റെയിലേ കടക്കെണി തീര്‍ക്കും റെയിലേ?!

ആന്റണി ചടയംമുറി

എല്ലാവരും പറയുന്നു, കേരളം കടക്കെണിയിലാണെന്ന്. യുഡിഎഫ് ഭരണകാലത്ത് കെട്ടിയുയര്‍ത്തിയ കൊച്ചി മെട്രോ ദിവസേന ഒരു കോടി രൂപ വീതം നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ വഴികളൊന്നുമില്ല. നഗരം മുഴുവനുമുള്ള മെട്രോ തൂണുകളില്‍ നിന്നുള്ള പരസ്യവരുമാനം വല്ലാതെ കുറഞ്ഞു. ആലുവ മുട്ടത്തും കാക്കനാട്ടും മെട്രോ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികളാകട്ടെ, എങ്ങുമെത്തിയിട്ടില്ല. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് കെ.എം.ആര്‍.എല്ലിന്റെ പുതിയ എം.ഡി. മെട്രോ വഴിയുള്ള നഷ്ടം കുറയ്ക്കാന്‍ കഴിയാത്തതിന്റെ മനോവിഷമമൊന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടാവണമെന്നില്ല.

എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ…

മെട്രോയുടെ നഷ്ടത്തെക്കുറിച്ച് ആദ്യം തന്നെ പറഞ്ഞത്, ഇടതുസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ. റെയിലിനെക്കുറിച്ചുള്ള മുഖക്കുറിപ്പായിട്ടാണ്. സില്‍വര്‍ ലൈന്‍ എന്ന് പേരിട്ടിട്ടുള്ള ഈ അതിവേഗ റെയില്‍ പദ്ധതി കോവിഡിന്റെ ഈ നാളുകളില്‍ എത്രത്തോളം പ്രസക്തമാണെന്ന് എന്തേ ഭരിക്കുന്നവര്‍ ചിന്തിക്കാത്തത്? ഇന്റര്‍നെറ്റിലെ ട്രോളര്‍മാര്‍ ഉപയോഗിച്ച് പഴകിയ ഒരു സിനിമാ ഡയലോഗുണ്ട്. "എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ" എന്ന ഈ ട്രോളര്‍ ചൊല്ല് വകവയ്ക്കാത്ത വിധത്തിലാണ് കേരളം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സാമാന്യബുദ്ധിയുള്ളവര്‍ ആരും തന്നെ, ഈ നാളുകളില്‍ ഇത്തരമൊരു ബൃഹത്പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങില്ല. അതായത് സില്‍വര്‍ ലൈനിനെക്കുറിച്ച് ചിന്തിക്കാന്‍ ഇതല്ല സമയമെന്നു ചുരുക്കം. രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ ഭരണകര്‍ത്താക്കള്‍ ചിന്തിക്കണം. ഒന്ന്: ശമ്പളം കൊടുക്കാന്‍ കേരളം എല്ലാ മാസവും അമിത പലിശയ്ക്ക് പണം കടംവാങ്ങുന്ന സ്ഥിതിയാണിപ്പോള്‍. കോവിഡ് മൂലം നികുതി വരുമാനം വല്ലാതെ കുറഞ്ഞിരിക്കുന്നതാണ് കാരണം. രണ്ട്: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ദേശീയ റെയില്‍ ശൃംഖലയിലേക്കുള്ള വാതില്‍ അടച്ചുകളയുകയാണ്. ഇതോടൊപ്പം, കോവിഡ് മൂലം കേരളം പുനര്‍നിര്‍ണ്ണയിക്കേണ്ട വികസന അജണ്ടയില്‍ സില്‍വര്‍ ലൈനിന് തല്ക്കാലം പ്രഥമ സ്ഥാനം നല്കാനുമാവില്ല. കേരത്തിനു മാത്രമായി ഒരു അതിവേഗ റെയില്‍ എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഭരണകര്‍ത്താക്കള്‍ ഇപ്പോള്‍ പറഞ്ഞേക്കാം. അങ്ങനെയെങ്കില്‍ എന്‍.എച്ച് 66 വീതി കൂട്ടി ദേശീയ റോഡ് ശൃംഖലയുടെ ഭാഗമാക്കാന്‍ ഈ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്തിന്? തിരുവോണ നാളില്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ പത്രത്തില്‍ തന്നെ റോഡ് വികസനത്തിന് ഏറ്റെടുക്കാന്‍ പോകുന്ന 411 പുരയിടങ്ങളെക്കുറിച്ച് പരസ്യം നല്കിയതെന്തിന്? അപ്പോള്‍ ഇതൊരു തരം ഇരട്ടത്താപ്പാണ്. ഇന്ത്യയിലെ 96% റെയില്‍വേ ലൈനുകളും ബ്രോഡ്‌ഗേജിലായിരിക്കെ, സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ 67,000 കോടി രൂപമുടക്കി 529 കിലോമീറ്റര്‍ വരുന്ന റെയില്‍പ്പാത നിര്‍മ്മിക്കുന്നതിലെ 'ദീര്‍ഘവീക്ഷണം' ആരുടേതാണ്?

കേരളത്തിന്റെ വികസനത്തിന് നിങ്ങളോ ഞാനോ എതിരല്ല. ഇടതുകക്ഷികളെ നമ്മള്‍ കണ്ണുമടച്ച് എതിര്‍ക്കാനുമില്ല. എങ്കിലും ഇത്രയേറെ ബൃഹത്തായ ഒരു പദ്ധതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അതിന്റെ വരുംവരായ്കകള്‍ ചിന്തിക്കണമെന്നാണ് പൊതു അഭിപ്രായം. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് ഇതേവരെ റെയില്‍വേയോ കേന്ദ്ര സര്‍ക്കാരോ ഔദ്യോഗികമായി അനുമതി നല്കിയിട്ടില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ വളരെ ചടുലമായി ഭൂമി ഏറ്റെടുക്കാനുള്ള സംഘത്തെ നിയമിക്കുന്നു; ഓഫീസുകള്‍ തുറക്കുന്നു!

പുതിയ തലമുറയെ ലക്ഷ്യമാക്കി വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അറിയാത്തവരല്ല ഇടതുപക്ഷ പാര്‍ട്ടികള്‍. വിദ്യാഭ്യാസ വകുപ്പ് വര്‍ഷങ്ങള്‍ക്കു ശേഷം സിപിഎം തിരിച്ചുപിടിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. എന്നിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയാതെ "ബബ്ബ ബബ്ബ' പറയുന്ന സര്‍ക്കാര്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമല്ലേ? വെള്ളി രേഖയെന്ന സില്‍വര്‍ ലൈനിലെ ജനപക്ഷ താത്പര്യങ്ങള്‍ ബലി കഴിക്കുന്ന 'ബ്ലാക്ക് സ്‌പോട്ടുകള്‍' കുറേക്കൂടി വിശദീകരിച്ചിട്ടുണ്ട് വിദഗ്ദ്ധര്‍. സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍പ്പാതയില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം 1.435 മീറ്ററാണ്. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ബ്രോഡ്‌ഗേജ് പാളങ്ങളുടെ അകലം 1.676 മീറ്റര്‍. ഇതുമൂലം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവണ്ടികള്‍ക്ക് സില്‍വര്‍ ലൈനില്‍ ഓടാനാവില്ല. അതായത്, ഇന്ത്യയിലെ മറ്റ് നഗരങ്ങളുമായുള്ള റെയില്‍ ബന്ധത്തിന് സില്‍വര്‍ ലൈന്‍ കൊണ്ട് ഗുണമേയില്ല. 529 കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ 11 സ്റ്റേഷനുകള്‍ മാത്രം. എറണാകുളത്തെ റെയില്‍വേ സ്‌റ്റേഷന്‍ കാക്കനാട് ആണെന്നറിയുമ്പോള്‍ തന്നെ, ഈ ലൈന്‍ കൊണ്ട് ആര്‍ക്കു ഗുണമുണ്ടാകുമെന്നറിയാന്‍ കഴിയും. 2022-26 ല്‍ പണിപൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മതിപ്പ് ചെല വ് 64,000 കോടി രൂപ. നീതി ആയോഗ് കണക്കാക്കിയിട്ടുള്ള പദ്ധതി ചെലവ് ഒന്നേകാല്‍ ലക്ഷം കോടി രൂപ. ഏറ്റെടുക്കേണ്ടി വരുന്നത് 1383 ഹെക്ടര്‍ ഭൂമി, ബ്രോഡ്‌ഗേജില്‍ 1 കി ലോമീറ്റര്‍ റെയില്‍പ്പാത നിര്‍മ്മിക്കാന്‍ മഹാരാഷ്ട്രയില്‍ 85 മുതല്‍ 90 കോടി രൂപ വരെയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ 1 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ 121 കോടി രൂപ വേണ്ടിവരുമെന്ന് കേരളം വാദിക്കുമ്പോള്‍, നീതി ആയോഗ് കണക്കാക്കിയിട്ടുള്ളത് 238 കോടി രൂപയാണ്.

ജപ്പാനില്‍നിന്ന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് തീവണ്ടികള്‍ ഇറക്കുമതി ചെയ്യാമെന്നാണ് കേരളം പറയുന്നത്, ഇന്ത്യയില്‍ 96% ഉം ബ്രോഡ് ഗേജ് ലൈനുകളാണ്, ഈ തീവണ്ടികള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്നുമുണ്ട്. അതുകൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി ഇറക്കുമതിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതിയായി നീതിആയോഗ് ചിത്രീകരിച്ചിട്ടുമുണ്ട്.

മറന്നോ മൂലമ്പിള്ളിക്കാരെ ചവിട്ടിക്കൂട്ടിയ ചരിത്രം?

2008-ല്‍ വല്ലാര്‍പാടം റെയില്‍പ്പാതയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുകയുണ്ടായി. ഇടതു വലതു സര്‍ക്കാരുകള്‍ ഇതേവരെ മൂലമ്പിള്ളിക്കാര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതി പത്രത്താളുകളിലുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി 20,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥയെന്തെന്ന് ഭരിക്കുന്നവര്‍ പറയുമോ? മൂലമ്പിള്ളിയില്‍ 50 സെന്റ് സ്ഥലവും ഇരുനില വീടുമുണ്ടായിരുന്ന സെലസ്റ്റിന്‍ മാസ്റ്ററെ എനിക്ക് നേരിട്ടറിയാം. വേദനയും അവഗണനയുമായിരുന്നു സെലസ്റ്റിന്‍ മാസ്റ്റര്‍ അടക്കമുള്ള കുടിയിറക്കപ്പെട്ടവര്‍ക്ക് ഭരണകര്‍ത്താക്കളില്‍ നിന്ന് ലഭിച്ചത്. തെക്കന്‍ ചിറ്റൂരിലുള്ള മകന്റെ വീട്ടില്‍ കിടന്ന് അന്ത്യശ്വാസം വലിച്ച സെലസ്റ്റിന്‍ മാസ്റ്ററെ പോലെയുള്ളവര്‍ വേറെയുമുണ്ട്. കാലപ്പഴക്കമുള്ള കേസായതിനാല്‍, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയിലെ ഇടതുസര്‍ക്കാരിന്റെ നിലപാട് ദുഃഖകരമെന്നേ പറയാനാവൂ. വെള്ളം കയറിക്കിടക്കുന്ന ചിറ്റൂരിലെ കായല്‍ഭൂമിയും തുതിയൂരിലെ ചതുപ്പുനിലവും കുടിയൊഴിപ്പിച്ചവര്‍ക്കായി കാണിച്ചുകൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ എന്താണ് ചെയ്യേണ്ടത്? ബലമായി മൂലമ്പിള്ളിയില്‍ കുടിയിറക്കലിന് തുടക്കമിട്ട ഉദ്യോഗസ്ഥന് 'ഗുഡ് സര്‍വീസ് എന്‍ട്രി' നല്കിയ ചരിത്രമാണല്ലോ അന്ന് നാം കേട്ടതും വായിച്ചതും.

തല്‍ക്കാലം വിവാദങ്ങള്‍ക്ക് അവധി നല്കരുതോ?

എന്തു തരത്തിലുള്ള വിവാദങ്ങളാകട്ടെ, സ്ഥലമെടുപ്പാകട്ടെ കോവിഡിന്റെ ഈ നാളുകളില്‍,ജനം അന്നന്നുള്ള ആഹാരത്തിനും മറ്റുമായി നെട്ടോട്ടമോടുന്ന നാളുകളില്‍ മാറ്റിവയ്ക്കുന്നതല്ലേ 'ഉന്നതങ്ങളില്‍' ഇരിക്കുന്നവര്‍ ചെയ്യേണ്ടത്? ഫേസ്‌കവറും സാനിറ്റൈസറും വാക്‌സിനുമെല്ലാം നിര്‍മ്മിക്കുന്നവര്‍ക്ക് ഒഴിച്ച് ശേഷിച്ച എല്ലാ മേഖലകളും നക്ഷത്രമെണ്ണുകയാണ്. 'പത്ത് ചക്രം'കിട്ടുന്നത് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജോലിക്കാര്‍ക്കു മാത്രമാണ്. സില്‍വര്‍ലൈനും എന്‍എച്ച് വികസനവും, എന്തിന് കോണ്‍ഗ്രസിന്റെ ഡിസിസി പട്ടിക പ്രഖ്യാപിക്കല്‍ പോലും മാറ്റിവയ്ക്കാമായിരുന്നില്ലേ? ഈ പട്ടികയില്‍ മറ്റ് ഏതുതരം വിവാദവും തര്‍ക്കവും ഉള്‍പ്പെടുത്തുന്നവരെ കുറ്റം പറയാനുമാവില്ല. ഇന്നത്തെ സ്ഥിതി അത്ര ഗുരുതരമാണ്.

വീണ്ടും പറയട്ടെ, വിവാദങ്ങള്‍ക്ക് ഇതല്ല സമയം. ജനങ്ങളെ പന്തുതട്ടാന്‍ ഇതല്ല സമയം. ഓണക്കിറ്റും പെന്‍ഷനും നല്ലതാണ്. അതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. കോവിഡ് കാലത്ത് 'വായുഗുളിക'യ്ക്കു പായുന്നതുപോലെ, വിവാദങ്ങള്‍ക്കു പിന്നാലെ ഒരു പ്രസ്ഥാനവും ഒരു പാര്‍ട്ടിയും, ഒരു സര്‍ക്കാരും പായരുത്. അതല്ല, എന്തുവന്നാലും ഞങ്ങള്‍ തീരുമാനിച്ചത് നടപ്പാക്കുമെന്ന ഹുങ്കാണെങ്കില്‍, കവണയും കല്ലുമായി 'കൊച്ചു' ദാവീദുമാര്‍ വീണ്ടും അവതാരമെടുക്കും. 'ഗോലിയാത്തു'മാരെ വക വരുത്തുകയും ചെയ്യും. അതാണല്ലോ, നാം വിശ്വസിക്കുന്നതും ആദരവോടെ എന്നും വായിക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org