താളിയോലകളില്‍ മറഞ്ഞിരിക്കുന്ന ചരിത്രസത്യങ്ങള്‍

താളിയോലകളില്‍ മറഞ്ഞിരിക്കുന്ന ചരിത്രസത്യങ്ങള്‍

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കേരളത്തിലെ നസ്രാണികളുടെയും അവരുടെ ദേവാലയങ്ങളുടെയും ചരിത്രപഠനത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകമാണ് പള്ളികളിലെ താളിയോലകള്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും, എന്തിനേറെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തില്‍ പോലും, പള്ളികളിലെ അനുദിന നടപടികള്‍ രേഖപ്പെടുത്തിയിരുന്നത് താളിയോലകളിലായി രുന്നു. 1850-കളുടെ അവസാനത്തില്‍ അച്ചടിച്ച രജിസ്റ്ററുകള്‍ ലഭ്യമാകുന്നതുവരെ ജനന, മരണ, വിവാഹ രജിസ്റ്ററുകള്‍ വരെ താളിയോലകളിലാണ് എഴുതിയിരുന്നത്. പുസ്തകത്തില്‍ (കടലാസുകള്‍ കൂട്ടിച്ചേര്‍ത്തു തുന്നിയെടു ത്ത പുസ്തകം) എഴുതുന്ന സമ്പ്ര ദായം പോലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ മാത്രമാണ് ആരംഭിച്ചത്. അതിനു പ്രചുര പ്രചാരം കിട്ടാന്‍ വീണ്ടും അരനൂറ്റാണ്ടുകൂടി വേണ്ടിവന്നു. ചരുക്കത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടി ന്റെ അവസാനം വരെ നസ്രാണി പള്ളികളിലെ ദൈനംദിനകാര്യങ്ങള്‍ താളിയോലകളിലാണ് രേഖപ്പെടുത്തപ്പെട്ടത്. മാത്രമല്ല, എല്ലാ ഇടപാടുകളും ഓലകളില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു (every transaction was recorded and preserved). അതുകൊണ്ട് പള്ളികളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന താളിയോലകളില്‍ പള്ളിക്കണക്കുകള്‍ മാത്രമല്ല മറ്റനേകം വിവരങ്ങളും അടങ്ങിയിരിക്കുന്നു. പള്ളികളുടെയും ജനങ്ങളുടെയും സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മിക, ഭൗതിക ജീവിതക്രമങ്ങളും ആരാധനാക്രമ ജീവിതവും, കൗദാശിക ജീവിതവും, ജനന മരണ നിരക്കുകളും തുടങ്ങി ധാരാളം വിവര ങ്ങള്‍ ഇതില്‍ നിന്നും ശേഖരിക്കാനാകും. പള്ളി കണക്കുകളുമായി ബന്ധപ്പെട്ട നാള്‍വഴി, പേരേട്, തിരട്ട്, രശീത്, കച്ചീട്ട്, മുറിച്ചാര്‍ത്ത്, വാടകച്ചീട്ട്, പാട്ടച്ചീട്ട്, പണയച്ചീട്ട്, പണയച്ചാര്‍ത്ത്, തേങ്ങ, വെളിച്ചെണ്ണ, നെല്ല്, പാട്ടം, നേര്‍ച്ച തുടങ്ങിയവ സംബന്ധിച്ച ഏറെ വിവരങ്ങള്‍ ഓലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആധാരങ്ങള്‍, കൂലിച്ചാര്‍ത്ത്, തീറാധാരങ്ങള്‍, പണയാധാരങ്ങള്‍, പത്രമേനി, ഉടമ്പടിച്ചീട്ടുകള്‍, അറിവുചീട്ട്, പറ്റുചീട്ട്, കച്ചീട്ട്, കാണാധാരം, അട്ടിപ്പേറാധാരം, ജന്മാധാരം, കാരായ്മ, ഏറക്കാരായ്മ, കോടതിക്കാര്യങ്ങള്‍, കുറ്റിപ്പിരിവ്, അനുവാദകച്ചീട്ട്, കൂലിക്കാണം, കുഴിക്കാണം, അനുഭ വപ്പാട്ടം ചീട്ട്, പൊളിച്ചെഴുത്തു ചീട്ട്, നിര്‍മ്മാണക്കണക്ക്, അര്‍ത്ഥപറ്റുചീട്ട്, ഭാഗഉടമ്പടി, മരണപത്രിക, അടിമച്ചീട്ട്, ആത്മകാര്യം വക, പണ്ടാരപ്പാട്ടം, പണ്ടാരവക, ദേവസ്വം വക, ബ്രഹ്മസ്വം വക, ചെത്തുപാട്ടം, കാണപാട്ടാധാരം, കാണത്തീട്ടൂരാധാരം എന്നിങ്ങനെ കേരളത്തില്‍ നിലനിന്നിരുന്ന വിവിധ ഭൂമി, പണം, വസ്തു സംബന്ധമായ സമ്പ്രദായങ്ങള്‍ പള്ളിതാളിയോലകളില്‍ നിന്നും പഠിക്കാനാകും. പള്ളിയുടെ വരുമാനങ്ങളും ചെലവുകളും കണക്കെഴുത്തു രീതികളും മേല്പറഞ്ഞ താളിയോ ലകളില്‍ നിന്നും മനസ്സിലാക്കാം. ഇക്കാലത്ത് ഉപയോഗത്തിലിരുന്ന നാണയങ്ങളും ക്രയവിക്രയ രീതികളും മനസ്സിലാക്കാനും ഈ താളിയോലകള്‍ ഉപകാരപ്രദമാണ്.

പള്ളിയിലെ അനുദിനകാര്യങ്ങള്‍ രേഖപ്പെടുത്താന്‍ താളിയോലകളില്‍ എഴുതുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച കണക്കപ്പിള്ളമാര്‍ പള്ളികളില്‍ ജോലി ചെയ്തിരുന്നു. ഭൂരിഭാഗം നസ്രാണിപ്പള്ളികളിലെയും കണക്കപ്പിള്ളമാര്‍ (കണക്കെഴുത്തുകാര്‍) ഹൈന്ദവരായിരുന്നു; മേനോന്‍, പിള്ള വിഭാഗത്തില്‍പ്പെട്ടിരുന്ന ഹൈന്ദവര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പോലും പള്ളികളില്‍ ഹൈന്ദവ കണക്കെഴുത്തുകാരുണ്ടായിരുന്നു.

മെത്രാസന മന്ദരത്തിലേക്കുള്ള അപേക്ഷകളും അതിനുള്ള മറുപടികളും താളിയോലകളില്‍ തന്നെയായിരുന്നു. കല്പനകള്‍ താളിയോലകളിലെഴുതി പള്ളികളിലേക്കു അയയ്ക്കുകയാണ് ചെയ്തിരുന്നത്. പൊതുയോഗം കൂടി നിശ്ചയങ്ങള്‍ രേഖപ്പെടുത്തിയിരുന്നതും അറിയിപ്പുകള്‍ നല്കിയിരുന്നതും എന്നുവേണ്ട പില്ക്കാലത്ത് കടലാസുകളിലൂടെ സാധിച്ചിരുന്ന എല്ലാ കാര്യങ്ങളും താളിയോലകളിലൂടെയാണ് സാധിച്ചിരുന്നത്. കല്പനകളും യോഗനിശ്ചയങ്ങളും രേഖപ്പെടുത്തിയിരുന്ന ഓലകള്‍ക്കു പടിയോല, വര്യോല, വാറോല എന്നിങ്ങനെയുള്ള പേരുകളും നല്കപ്പെട്ടിരുന്നു. ആധുനിക മുദ്ര പേപ്പറിനു പകരം മുദ്രയോലകളായിരുന്നു ഉപയോഗിച്ചിരുന്നത്. തീറാധാരങ്ങള്‍, പാട്ടാധാരങ്ങള്‍, ഉടമ്പടിയാധാരങ്ങള്‍, പണയാധാരങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മുദ്രയോലകളിലാണ് രേഖപ്പെടുത്തി യിരുന്നത്. കൂടാതെ പ്രധാനപ്പെട്ട സംഗതികള്‍ സര്‍ക്കാരാഫീസുകളില്‍ പോയി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
പള്ളിയിലെ അനുദിനകാര്യങ്ങള്‍ രേഖപ്പെടുത്താന്‍ താളിയോലകളില്‍ എഴുതുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച കണക്കപ്പിള്ളമാര്‍ പള്ളികളില്‍ ജോലി ചെയ്തിരുന്നു. ഭൂരിഭാഗം നസ്രാണിപ്പള്ളികളിലെയും കണക്കപ്പിള്ളമാര്‍ (കണക്കെഴുത്തുകാര്‍) ഹൈന്ദവരായിരുന്നു; മേനോന്‍, പിള്ള വിഭാഗത്തില്‍പ്പെട്ടിരുന്ന ഹൈന്ദവര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പോലും പള്ളികളില്‍ ഹൈന്ദവ കണക്കെഴുത്തുകാരുണ്ടായിരുന്നു. എല്ലാ പ്രധാന ഓലകളിലും കണക്കെഴുത്തുകാരന്റെ വീട്ടുപേരും പിതാവിന്റെ പേരും സ്വന്തം പേരും രേഖപ്പെടുത്തി ഒപ്പിട്ടിരുന്നു. കൂടാതെ രണ്ടില്‍ കുറയാത്ത സാക്ഷികളുടെ പേരും വീട്ടുപേരും പിതാവിന്റെ പേരും ഒപ്പും. ഇരുപതാം നൂറ്റാണ്ടിലാണ് ക്രൈസ്തവ കണക്കപ്പിള്ളമാര്‍ പള്ളികളില്‍ കണക്കെഴുതി തുടങ്ങിയത്; ചുരുക്കം ചില പള്ളികളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും.
ഒരേ കാര്യം മൂന്നു ഓലകളില്‍ എഴുതുന്ന പതിവാണ് പതിനെട്ടാം നൂറ്റാണ്ടു മുതല്‍ അനുവര്‍ത്തിച്ചിരുന്നത്. മൂന്നോലകളില്‍ ഒരെണ്ണം വികാരിയുടെ പക്കലും മറ്റൊന്നു നടത്തു കൈക്കാരന്റെ പക്കലും മൂന്നാമതൊന്നു മേല്‍പൂട്ടിലും സൂക്ഷിച്ചിരുന്നു. മേല്‍പൂട്ടിനു മുന്നൂ താക്കോലുകളില്‍ കുറയാതെ വേണമെന്നും അതിലൊന്നു വികാരിയുടെ പക്കലും മറ്റൊന്നു കൈക്കാരന്റെ കൈവശത്തിലും മൂന്നാമതൊന്നു രണ്ടാം കൈക്കാരന്റെയോ കണക്കെഴുത്തുകാരന്റെയോ കൈവശത്തിലുമാണ് സൂക്ഷിച്ചിരുന്നത്. ക്രയവിക്രയങ്ങള്‍ക്കെല്ലാം രശീതി നല്കിയിരുന്നു. രശീതിയുടെ ഒരു കോപ്പി അതുമായി ബന്ധപ്പെട്ട വ്യക്തിക്കും രശീതിയുടെ ഒരു കോപ്പി നാള്‍വഴി ഓലയോടു ചേര്‍ത്തു ബന്ധിച്ചും മൂന്നാമതൊന്നു കണക്കെഴുത്തുകാരന്റെ കൈവശത്തിലും സൂക്ഷിച്ചിരുന്നു. ജനന, മരണ, വിവാഹ രജിസ്റ്ററുകള്‍ പുസ്തകത്തില്‍ എഴുതുന്ന രീതി ആരംഭിക്കുന്നതുവരെ താളിയോലകളിലാണ് എഴുതിയിരുന്നതെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. വിവാഹത്തിന് കൊടുക്കുന്ന സ്ത്രീധനത്തുകയും വധൂവരന്മാരുടെ പേരു വിവരങ്ങളും ദേശവും ഇടവകയും പ്രായവും ഓലയില്‍ രേഖപ്പെടുത്തിയിരുന്നു. മരണരജിസ്റ്ററില്‍ പേരു വിവരവും പ്രായവും മരണകാരണവും (രോഗം) കുഴിക്കാണവും എഴുതിയിരുന്നു. ഇപ്രകാരം ഇടവകപ്പള്ളിയെയും ഇടവകാംഗങ്ങളെയും സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ഓലകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന പാരമ്പര്യമാണ് നസ്രാണികള്‍ക്കുണ്ടായിരുന്നത്.

അനുചിന്തനം: എല്ലാ ക്രയവിക്രയങ്ങളെയും രേഖപ്പെടുത്തി സൂക്ഷിക്കുന്ന പൂര്‍വ്വികരുടെ പാരമ്പര്യം ഇന്നിന്റെ തലമുറയ്ക്ക് അനുധാവനം ചെയ്യാന്‍ പ്രയാസമുണ്ടാകും. ശാസ്ത്രസാങ്കേതിക വിദ്യകളുടെ അതിപ്രസരത്തില്‍ രേഖപ്പെടുത്തപ്പെടാതെയും സൂക്ഷിക്കപ്പെടാതെയും പോകുന്ന ഇന്നത്തെ സംഭവങ്ങള്‍ ഭാവി തലമുറയ്ക്കു ലഭിക്കാതെ പോകുമെന്നത് വിസ്മരിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org