ആദര്‍ശം യാഥാര്‍ത്ഥ്യമാകുന്നതു കലയിലാണ്

ആദര്‍ശം യാഥാര്‍ത്ഥ്യമാകുന്നതു കലയിലാണ്

പോള്‍ തേലക്കാട്ട്

"അവന്റെ മരണം തിന്മയായി
അതു ലോകം മുഴുവന്‍ അറിഞ്ഞു.
തനിക്കല്ലാതെ മറ്റാര്‍ക്കും അജ്ഞനല്ലാതെ അവന്‍ മരിച്ചു"
സോക്രട്ടീസന്റെ മരണത്തെക്കുറിച്ചാണ് ഈ കവിത. ഇതു നീലയാണ് എന്നു ഞാന്‍ പറയുന്നതിന് ഒരര്‍ത്ഥവുമില്ല, മറ്റാര്‍ക്കും അതു നീലയല്ലെങ്കില്‍. മനുഷ്യന്റെ ഏറ്റവും പ്രധാനവും അടിയന്തിരവുമായ അറിവ് തന്നെത്തന്നെ അറിയുന്നതാണ് എന്നു സോക്രട്ടീസ് വിശ്വസിച്ചു. ലോകത്തിന്റെ രഹസ്യങ്ങളും ലോകത്തിന്റെ ഭാവിയും അന്വേഷിച്ചറിയുന്നത് എന്തിന്? സ്വയം അറിഞ്ഞാല്‍ പോരേ. അതാണ് മനുഷ്യന്‍ തന്റെ ആയിത്തീരലിന്റെ ആയുസ്സിലൂടെ നിര്‍വഹിക്കുന്നത്. തനിക്കു തന്നെക്കുറിച്ചുള്ള ആദര്‍ശം തന്റെ വ്യക്തിത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു. അതായത് സ്വയം ആയിത്തീരലിന്റെ കല. മനസ്സുകൊണ്ട് മാംസത്തിലും പ്രകൃതിയിലും ആദര്‍ശം വാര്‍ത്തെടുക്കുകയാണ്. സൗന്ദര്യം എന്നതു മനസ്സ് പ്രകൃതിയെ രൂപപ്പെടുത്തുന്നിടത്താണ് സംഭവിക്കുന്നത്. മനസ്സ് പ്രകൃതിയില്‍ നന്മ സൃഷ്ടിക്കുന്നിടത്താണ് ഉന്നതവും താഴ്ന്നതുമായ സൗന്ദര്യത്തിന്റെ ഉദാത്തവും അത്ര ഉദാത്തമല്ലാത്തതുമായത് ഒന്നിപ്പിക്കുന്ന അത്ഭുതമാണ് സംഭവിക്കുന്നത്.
താളവും ശബ്ദവും രണ്ടാണ്. താളവും ശബ്ദവും സമ്മേൡക്കുന്നിടത്തു സംഗീതമുണ്ടാകും. ഒരുവനെയും ചലിപ്പിക്കാ ത്ത നാടകം നാടകമേയല്ല. ഇഷ്ടമായതും സുന്ദരമായതും ഒന്നല്ല. കവിതയിലെ ഒരു വാക്കു മാറിയാല്‍ കവിത തകരുന്നതു കാണാനും അറിയാനും കഴിയും. ഇഷ്ടപ്പെട്ടതായാലും സുഖിപ്പിക്കുന്നതായാലും നീണ്ടുപോകുമ്പോള്‍ അലോസരപ്പെടുത്തും. എന്നാല്‍ സുന്ദരമായ ഏതും കടന്നുപോകുന്നത് അറിയുന്നില്ല. സുന്ദരമായതു നിഷ്‌കാമമായ തൃപ്തിയുണ്ടാക്കുന്നു. സുന്ദരമായതു കടന്നുപോകുന്നത് അറിയാത്തത് അതു നിത്യതയുടെ ഓര്‍മ്മയുണ്ടാക്കുന്നതുകൊണ്ടാണ്. സുന്ദരമായതിനു സാര്‍വ്വത്രികമായ വശ്യതയുണ്ട്. സുന്ദരമായ സംഗീതം ആസ്വദിക്കുമ്പോള്‍ അതു മനുഷ്യവംശത്തിനു മുഴുവന്‍ സുന്ദരമായതിന്റെ അനുഭവമായി മാറുന്നു. സുന്ദരമായതിനു മുഖാമുഖം നില്‍ക്കുമ്പോള്‍ ഞാന്‍ എന്നെ മറക്കുന്നു. മനുഷ്യന്‍ ഇല്ലാതാ യാലും അതു സുന്ദരമാണ് എന്നു പറഞ്ഞു പോകുന്നു. ഇത്ത രം സുന്ദരകാര്യങ്ങള്‍ മനസ്സിന്റെയാണ്.
മനസ്സിലാക്കലിന്റെയും സങ്കല്പത്തിന്റെയും സമ്മേളനത്തിലാണ് കല സംഭവിക്കുക. കല അതിന്റെ വൈവിധ്യത്തില്‍ എപ്പോഴും സുന്ദരമാണ്. പലമയില്‍ ഒരുമയാണ് കലയുടെ രഹസ്യം. കലയില്‍ പരിമിതമായതും പരിമിതിയില്ലാത്തതും എവിടെയോ സന്ധിക്കുന്നതു കൊണ്ടാണ് പ്ലേറ്റോ പറഞ്ഞതു: പ്രോ മിത്തിയൂസിന്റെ ദാനം പോലെ ഏതു കലയിലും സ്വര്‍ഗ്ഗത്തിന്റെ ദാനമുണ്ട്. ഒരു അനുഷ്ഠാനത്തില്‍ പട്ടാളക്കാര്‍ക്കു പകരം മരപ്പാവകളെ വച്ചാല്‍ അതു സുന്ദരമാകില്ല. ഏതു നിമിഷവും അവര്‍ അവര്‍ക്കു വേണ്ടതു ചെയ്യുന്നു – അവര്‍ ചെയ്യുന്നില്ലെ ങ്കിലും – ഒരു നൃത്തത്തിനെ നിമിഷത്തിന്റെ വികാരത്തില്‍ താളശ്രുതി ഭംഗം വരിക അത്ര എളുപ്പമല്ല. ഒരു പാട്ടില്‍ ഏതു നിമിഷവും വാക്കുകള്‍ മാറുന്നു. പക്ഷെ, ശബ്ദത്തിന്റെ ശ്രുതി മാറുന്നില്ല. മനുഷ്യശരീരം സുന്ദരമാണെങ്കില്‍ അതില്‍ ചേര്‍ച്ചയുടെ ലയമുണ്ടാകും. ആ ചേര്‍ച്ച ഏതോ യാന്ത്രികമായ ചേര്‍ച്ചയുമല്ല. അത് ഏതു നിമിഷവും ചലനത്തില്‍ നഷ്ടപ്പെടാവുന്നതും എന്നാല്‍ നഷ്ടപ്പെടാത്തതുമാകുമ്പോഴാണ് മെയ്‌വഴക്കത്തി ന്റെ സൗന്ദര്യം സംജാതമാകുന്നത്. ഇത് ഈണത്തില്‍ മാത്രമല്ല കളികളിലും നാം കണ്ടു രസിക്കുന്നു.
സുന്ദരമായതിലെല്ലാം നിത്യതയുടെ നിഴല്‍ വീഴുന്നു. മനു ഷ്യന്റെ സ്‌നേഹം സൗഹൃദം തുടങ്ങിയ മനുഷ്യബന്ധങ്ങളിലെല്ലാം പ്രകടിതമാകുന്ന വികാരങ്ങള്‍ നിത്യമാണ് എന്നു മാത്രമല്ല അവയുടെ വിഷയങ്ങളും നിത്യമാണ്. അതുകൊണ്ട് കാലത്തിന്റെ നിതാന്തമായ കടന്നുപോക്കില്‍ പ്രതിഷേധിക്കാത്തതായി നമ്മില്‍ ഒന്നുമില്ല. കാലത്തിന്റെ ഗൃഹണത്തില്‍ എപ്പോ ഴും നാം പ്രതിഷേധിക്കുന്നു. സമയം എന്ത് എന്ന ചോദ്യം ആഴമേറിയതും ഒപ്പം ദുരന്തപരവുമാണ്. മനുഷ്യനില്‍ കാലം കൊണ്ടുവരുന്നതു ദുരന്തമാണ്. ദുരന്തം എന്നതു കാലത്തിന്റെ കടന്നുപോക്കുതന്നെ. കാലമാണ് എല്ലാത്തരം അടിമത്തങ്ങളുടേയും ഉത്ഭവവേദി. കാലം ക്ഷിപ്രവേഗത്തില്‍ കടന്നു പോകുന്നതുകൊണ്ട് കാലചിന്ത ദുഃഖകരമാണ്. എല്ലാത്തരം വിനോദങ്ങളും മനുഷ്യന് സമയം മറക്കാനുള്ള ഉപാധികളാണ്. പിന്‍തലമുറയ്ക്കു കാര്യങ്ങള്‍ ഏല്പിച്ചുകൊണ്ട് ആളുകള്‍ അമര്‍ത്യരാകുന്നുണ്ട്. പക്ഷെ, അവര്‍ ഏല്പിക്കുന്നതു വെറും കാര്യങ്ങള്‍ മാത്രമല്ലേ? മനുഷ്യന്റെ ചിന്തകളും കാല വും തമ്മില്‍ അപരിഹാര്യമായ വൈരുദ്ധ്യമുണ്ട്. മരണവും മനുഷ്യജീവിതവുമായി പൊരുത്തപ്പെടാത്ത എന്തോ ഉണ്ട്. കാലബോധം ഭാവിക്കായി ബന്ധപ്പെടുന്നു. മനുഷ്യന് രണ്ടു സാധ്യതകളുണ്ട്. കാലത്തെ വെറുതെ ഒഴുകാന്‍ സമ്മതിക്കുക. അല്ലെങ്കില്‍ കാലത്തെ അര്‍ത്ഥപൂര്‍ണ്ണമായി നിറയ്ക്കുക. കടന്നുപോകുന്ന കാലശകലങ്ങള്‍ക്കു നിത്യമായ മൂല്യം കൊ ടുക്കുന്നതാക്കുക. അതിനു കടന്നു പോകുന്ന നിമിഷങ്ങളെ നിത്യതയുടെ നിമിഷങ്ങളാക്കുക – സംഭവങ്ങളാക്കുന്നു. ജീവിതത്തില്‍ നിത്യതയുമായി ബന്ധമുണ്ട് എന്നു ചിന്തിച്ചാല്‍ ഇതു സാധിതമാണ്. സ്റ്റീഫന്‍ മെല്ലര്‍മേ എന്ന ഫ്രഞ്ചു കവി പാടിയതു പോലെ അവസാനം നിത്യത അവനെ അവനാക്കി മാറ്റുന്നു. കവി ഊരിയ വാളുമായി കാലത്തെ അടിച്ചു രൂപപ്പെടുത്തി ഭരണത്തിന്റെ വിജയമാക്കുന്നു – അതാണ് ജീവിതകല. മാംസത്തെ നിത്യതയുടെ സംഭവമാക്കുന്നു കല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org