തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍ കാലു മാറ്റുക

തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍ കാലു മാറ്റുക

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍, വേണ്ടത്ര അംഗങ്ങളെ കാലു മാറ്റുക. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ജനം തങ്ങളില്‍ വിശ്വാസമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് തോന്നുന്നു. അധികാരത്തിലേക്കുള്ള ഈ കുറുക്കുവഴി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല സംസ്ഥാനങ്ങളിലും വിജയകരമായി പരീക്ഷിച്ചു. പാര്‍ല മെന്ററി ജനാധിപത്യത്തിന്റെ ഈ പ്രഹസനത്തിന്റെ ഏറ്റവും പുതിയ ഇര പുതുച്ചേരിയാണ്, അവിടെ എംഎല്‍എമാരില്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണു. ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് രാജ്യത്തിന് കാണാന്‍ കഴിഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളുടെ, പ്രധാനമായും കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ കാലുമാറ്റിയാണ് ബിജെപി ഇതു സാധിച്ചത്. പാര്‍ലമെന്ററി ജനാധിപത്യം നിലകൊള്ളുന്ന അടി സ്ഥാനമായ വോട്ടെടുപ്പിലെ വിധിയെഴുത്തിനു വിരുദ്ധമാണ് ഈ പ്രക്രിയ.
കാവി പാര്‍ട്ടിയുടെ ശപഥമാണ് കോണ്‍ഗ്രസ് മുക്ത ഭാരത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പലതവണ ഈ പല്ലവി പാടിയിട്ടുണ്ട്. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനു സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ജനാധിപത്യപരമല്ലെന്നു മാത്രം. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍, ജനങ്ങള്‍ കൂടുതലും പാര്‍ട്ടി അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നു. ഒരു പ്രത്യേക പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് അവര്‍ വോട്ട് ചെയ്യുന്നു, കാരണം വോട്ടര്‍മാരും വോട്ടു നേടിയവരും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട പല പ്രതിനിധികളും പ്രത്യയ ശാസ്‌ത്രേതരമായ കാരണങ്ങളുടെ പേരില്‍ കാലു മാറുന്നതു കാണാം. നിര്‍ഭാഗ്യവശാല്‍, ഈ രാഷ്ട്രീയ അപചയം മുമ്പൊരിക്കലും കാണാത്തവിധം ശക്തി പ്രാപിക്കുകയാണ്. അധികാരത്തോടുള്ള ആസക്തി രാഷ്ട്രീയ ധാര്‍മ്മികതയെയും മാന്യതയെയും വഴിയിലുപേക്ഷിച്ചു.
തിരഞ്ഞെടുപ്പിന് വെറും രണ്ടുമാസം മാത്രം ശേഷിക്കുന്നുള്ളൂവെങ്കിലും ബിജെപി അരങ്ങേറ്റിയ പുതുച്ചേരി എപ്പിസോഡ്, തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അധികാര ഭ്രഷ്ടാക്കാനുള്ള പാര്‍ട്ടിയുടെ വെപ്രാളത്തെ വെളിവാക്കി. ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയും വോട്ടെടുപ്പ് പ്രകടന പത്രികയിലെ അജണ്ടയുടെ അടിസ്ഥാനത്തില്‍ അവരുടെ വോട്ട് തേടുകയുമാണു ബിജെപി ചെയ്യേണ്ടിയിരുന്നത്. എംഎല്‍എമാരുടെ രാജി നാടകം അവതരിപ്പിക്കുന്നതിനുപകരം അവര്‍ ന്യായമായ രീതിയില്‍ മത്സരത്തിനു തയ്യാറാകണമായിരുന്നു. മത്സരിച്ചു വിജയിക്കാന്‍ തങ്ങള്‍ക്കു ടിക്കറ്റ് തന്ന പാര്‍ട്ടിയില്‍ നിന്നു രാജിവച്ച എം എല്‍എമാരുടെ പെരുമാറ്റം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. തികച്ചും വിപരീത തത്വങ്ങളും പ്രത്യയശാസ്ത്രവും ഉള്‍ക്കൊള്ളുന്ന മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന പ്രവൃത്തി നാം കാണുന്നതിനുമപ്പുറത്താണ്.

തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍,
വേണ്ടത്ര അംഗങ്ങളെ കാലുമാറ്റുക.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി
ജനം തങ്ങളില്‍ വിശ്വാസ മര്‍പ്പിക്കാത്ത
സംസ്ഥാനങ്ങളില്‍ അധികാരത്തില്‍
വരാനുള്ള ബിജെപിയുടെ
തന്ത്രമാണിതെന്ന് തോന്നുന്നു.
അധികാരത്തിലേക്കുള്ള
ഈ കുറുക്കുവഴി കഴിഞ്ഞ
കുറച്ച് വര്‍ഷങ്ങളായി പല
സംസ്ഥാനങ്ങളിലും വിജയകരമായി
പരീക്ഷിച്ചു. പാര്‍ലമെന്ററി
ജനാധിപത്യത്തിന്റെ
ഈ പ്രഹസനത്തിന്റെ ഏറ്റവും
പുതിയ ഇര പുതുച്ചേരിയാണ്.


ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ നടപടി ജനാധിപത്യത്തിന് നാശം വരുത്തും. തിരഞ്ഞെടുപ്പ് വിധികള്‍ പിന്‍വാതില്‍ വഴി മറികടക്കുന്നത് ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും നയിക്കും. ഈ പ്രവണതതുടരാന്‍ അനുവദിക്കുകയാണെങ്കില്‍, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകള്‍ കേവലം ഭരണഘടനാ ചടങ്ങു മാത്രമായി മാറും, പിന്നീട് അത് ഇല്ലാതാക്കപ്പെടുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്നതിനെക്കുറിച്ച് സം സാരിക്കാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും അട്ടിമറിക്കപ്പെടുന്ന ഒരു രാജ്യത്ത്, ഈ നിര്‍ദ്ദേശത്തിന് അര്‍ത്ഥമില്ല. സര്‍ക്കാരുകളുടെ സ്ഥിരത, ഈ നിര്‍ദ്ദേശം വിജയകരമാകുന്നതിനുള്ള മുന്നുപാധിയാണ്. ഓരോ പാര്‍ട്ടിയും രാജ്യത്തുടനീളം ചിറകു വിടര്‍ത്താന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിലൂടെയാകണം ഇതു കൈവരിക്കേണ്ടത്. കൂറുമാറ്റ വിരുദ്ധ നിയമത്തെ ഏതു മാര്‍ഗവും ഉപയോഗിച്ചു കബളിപ്പിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കുന്നതിനാല്‍ ലക്ഷ്യം നേടുന്നതില്‍ ആ നിയമം പരാജയപ്പെടുന്നു. നാം കഷ്ടപ്പെട്ടു നേടിയ ജനാധിപത്യത്തോടു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പാര്‍ട്ടികളും പ്രതിബദ്ധത പുലര്‍ത്തുന്നുവെങ്കില്‍ മാത്രമേ ഈ സാഹചര്യം കൂടുതല്‍ അപചയം നേരിടാതിരിക്കുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org