സ്വാദറിഞ്ഞാല്‍ പിന്നെ ആര്‍ത്തി

സ്വാദറിഞ്ഞാല്‍ പിന്നെ ആര്‍ത്തി

മാണി പയസ്

മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരന്ന പദ്മഭൂഷണ്‍ കെ.എം. മാത്യു വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ഏതെങ്കിലും വിഭവം നല്ല രുചിയുള്ളതാണെന്നു തോന്നിയാല്‍ പിന്നെ അതു കഴിക്കില്ല. നിയന്ത്രണമില്ലാതെ കഴിക്കുന്നത് ഒഴിവാക്കാനാണ്. ഈയൊരു നിലപാടിനെ മനുഷ്യജീവിതത്തിലെ മറ്റു കാര്യങ്ങളോടു ബന്ധപ്പെടുത്തി ചിന്തിച്ചാലോ?

അധികാരത്തിന്റെ സ്വാദ് ഏറെ അനുഭവിച്ചു മുന്നേറുന്ന ഒരാള്‍ക്ക് എപ്പോഴെങ്കിലും അതു നിര്‍ത്താമെന്നു തോന്നുമോ? പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ഒരാള്‍, 'മതി ഇത്രയും മതി'യെന്ന് എപ്പോഴെങ്കിലും വിചാരിക്കുമോ? പൂജനീയ സ്ഥാനത്തിരിക്കുന്ന ആചാര്യന് ഇനി വഴിമാറിക്കൊടുക്കാമെന്ന ചിന്ത ഉണരുമോ? സകല തട്ടിപ്പുകളും കാണിച്ചിട്ടും ജനം തിരിച്ചറിഞ്ഞിട്ടില്ലെന്ന് അഹങ്കരിക്കുന്ന മായാജാലക്കാരന് ഇനിയെങ്കിലും മതിയാക്കാമെന്ന ബുദ്ധി ഉണരുമോ? ചുറ്റിലുമുള്ള വസ്തുതകള്‍ ഉറക്കെ പറയുന്ന ഉത്തരം 'ഇല്ല, ഇല്ല' എന്നാണ്.

ആര്‍ത്തിയാണ് സകല മനുഷ്യര്‍ക്കും. മതമോ, ജാതിയോ, വര്‍ണമോ, ലിംഗമോ, രാഷ്ട്രീയമോ ഒന്നും അതിനു വ്യത്യാസം വരുത്തുന്നില്ല. മനുഷ്യന്‍ ചെയ്യുന്ന സകല വൃത്തികേടുകള്‍ക്കും ചിലരുടെ ന്യായീകരണം, മൃഗത്തില്‍നിന്ന് പരിണമിച്ചുണ്ടായതല്ലേ, അതിന്റെ കുഴപ്പമാണെന്നാണ്.

മൃഗങ്ങള്‍ കുഴപ്പക്കാരാണെന്ന ദുസൂചനയാണ് ഇവിടെവെളിപ്പെടുന്നത്. കുഴപ്പം മനുഷ്യന്റെ തന്നെയാണ്. ഭൂരിപക്ഷം മൃഗങ്ങളേക്കാളും ശക്തി കുറഞ്ഞവനാണ് മനുഷ്യന്‍. സിംഹത്തിന്റെ ശക്തി അവനില്ല. കുതിരയുടെയോ, ചെന്നായയുടെയോ, മാനിന്റെയോ വേഗത അവനില്ല. അതിനാലവന്‍ ആടുകളെപ്പോലെ കൂട്ടം ചേര്‍ന്നു നടക്കാന്‍ തുടങ്ങി. അവന് ഇരുട്ടിനെ ഭയമായിരുന്നു. ഇരുട്ടില്‍ ശത്രുമൃഗങ്ങള്‍ ആക്രമിക്കുമെന്ന ഭയത്തോടൊപ്പം കൂടെയുള്ളവന്‍ ആക്രമിക്കുമെന്ന ശങ്കയും ഉണ്ടായിരുന്നു. ആ ഭീതി ഇന്നും മനുഷ്യന്റെ കൂടപ്പിറപ്പാണ്.പല പ്രശ്‌നങ്ങളുടെയും അടിവേര് അതിലാണ്.

ഒരു പാലസ്തീന്‍ തൊഴിലാളി ബുള്‍ഡോസറിന് അരികില്‍ നില്‍ക്കുന്ന സ്വന്തം ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. 'ഗുഡ് മോര്‍ണിംഗ്' എന്ന അടിക്കുറിപ്പും കൊടുത്തു. അല്‍ഗോരിതം ഇതിനെ ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്തപ്പോള്‍ അറബിയില്‍ 'അവരെ പരിക്കേല്പിക്കുക' (Hurt them) എന്നര്‍ത്ഥം വന്നു. ഇയാള്‍ ഒരു ഭീകരവാദിയാണെന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് യഹൂദരെ കൊല്ലാന്‍ പോകുകയാണെന്നും സംശയിച്ച് ഇസ്രാ യേല്‍ സുരക്ഷാ സേന ഉടനടി അറസ്റ്റു ചെയ്തു. ഓട്ടോമാറ്റിക് അല്‍ഗോരിതം പറ്റിച്ച പണിയാണെന്നറിഞ്ഞപ്പോള്‍ വെറുതെ വിട്ടു. ഇത്രയേയുള്ളൂ, ഒരേ രാജ്യത്ത്, ഒരേ മണ്ണില്‍, ഒരേ ആകാശത്തിനു കീഴില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കുള്ള പരസ്പര വിശ്വാസം! ശാസ്ത്രവും സാങ്കേതിക വിദ്യയും തത്ത്വശാസ്ത്രവും വിദ്യാഭ്യാസവും ഏറെ വളര്‍ന്നിട്ടും വനാന്തരത്തിലെ ഇരുട്ടില്‍ കാട്ടു മനുഷ്യനുണ്ടായിരുന്ന ഭയത്തില്‍ നിന്ന് മനുഷ്യവംശം ഇപ്പോഴും മുക്തമായിട്ടില്ല.

ഭയംമൂലവും അപരനെ മറികടക്കാനും എന്തു കള്ളം പറയുകയും എന്തക്രമം കാണിക്കുകയും ചെയ്യുന്നവരായി മനുഷ്യര്‍ മാറിയിരിക്കുന്നു. കള്ളം പറയുന്നവര്‍ ചില്ലറക്കാരല്ല. വലിയ നേതാക്കളും മതമേലധികാരികളും മറ്റുമാണ്.

1936-ല്‍ സോവ്യറ്റ് യൂണിയന്റെ ഔദ്യോഗിക പത്രമായ 'പ്രവ്ദ' ജോസഫ് സ്റ്റാലിന്‍ ഏഴു വയസ്സുള്ള ജെല്യ മാര്‍ക്കിസോവ എന്ന പെണ്‍കുട്ടിയെ ആലിംഗനം ചെയ്തു പുഞ്ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചു. സ്റ്റാലിന്റെ പിതൃഭാവത്തെയും സോവ്യറ്റ് യൂണിയനിലെ സന്തുഷ്ട ബാല്യത്തെയും വിളിച്ചോതുന്ന 'ഐക്കണ്‍' ഫോട്ടോയായി ഇതു മാറി. ഈ ഫോട്ടോയുടെ കോപ്പികളും ശില്പങ്ങളും രാജ്യത്തെമ്പാടും നിറഞ്ഞു. എല്ലാ സ്‌കൂളുകളിലും ഈ ഫോട്ടോ പ്രധാനസ്ഥലത്ത് പ്രതിഷ്ഠിക്കപ്പെട്ടു.

സ്റ്റാലിന്റെ കാലത്ത് പ്രശസ്തി ദുരന്തം കൊണ്ടുവരുന്നതായിരുന്നു. ജപ്പാന്‍ചാരനെന്ന് ആരോപിച്ച് ജെല്യയുടെ പിതാവ് അറസ്റ്റിലായി. പിന്നീട് തൂക്കിക്കൊന്നു. ജെല്യയെയും അമ്മയെയും ഖസാക്ക്സ്ഥാനിലേക്കു നാടുകടത്തി. താമസിയാതെ ദുരൂഹസാഹചര്യത്തില്‍ അമ്മ മരിച്ചു. അതിനുശേഷം ആ പടത്തിലെ പെണ്‍കുട്ടിയായി സോവ്യറ്റ് യൂണിയന്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചത് Mamlakat Nakhangova യെ ആണ്! ഇത്തരം മഹാകള്ളത്തരങ്ങള്‍ ഇന്നത്തെക്കാലത്ത് നടക്കുകയില്ലെന്ന് ആരെങ്കിലും വാശിപിടിച്ചു പറഞ്ഞാല്‍ സഹതാപത്തോടെ ചിരിക്കുകയേ മാര്‍ഗ്ഗമുള്ളൂ. ഇന്ന്, ഈ നിമിഷം എത്രയെത്ര കള്ളത്തരങ്ങള്‍ തെളിയിക്കപ്പെടാതെ നമ്മുടെ ചുറ്റിലുമുണ്ട്.

ഭയജനകമായ ഒരു കാലത്തിലൂടെയാണ് മനുഷ്യര്‍ മുന്നേറുന്നത്. കാത്തിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് എത്ര പേര്‍ക്കറിയാം. ഉപഭോക്തൃ പ്രലോഭനങ്ങളില്‍ പുഴുക്കളെപ്പോലെ നുരച്ചു തിമിര്‍ക്കുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാന്‍ ആര്‍ക്കാണു സമയം?! ലോകം ഇന്നു കാണുന്നതിന്റെ പകുതി അവസ്ഥയിലെങ്കിലും നിലനില്‍ക്കാന്‍ മനുഷ്യര്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കു തയ്യാറാകണം. അതിലൊന്നു രേഖപ്പെടുത്താം. അതു വായിക്കുമ്പോള്‍ത്തന്നെ പ്രതിഷേധം ഉയരാം. 2013-ല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരുടെ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഒരു കിലോ ഗ്രാം ബീഫ് രൂപപ്പെടുവാന്‍ 15000 ലിറ്റര്‍ വെള്ളം ചെലവാകുന്നുവെന്നു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു കിലോ ഉരുളക്കിഴങ്ങ് ഉണ്ടാകുവാന്‍ 287 ലിറ്റര്‍ വെള്ളമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഈ സാഹചര്യത്തില്‍ മനുഷ്യര്‍ പരമാവധി സസ്യഭക്ഷണത്തിലേക്കു മാറുകയെന്ന് ജലദൗര്‍ലഭ്യമുള്ള ഒരു രാജ്യത്തിന്റെ ഭരണനേതൃത്വം ആഹ്വാനം ചെയ്താല്‍ എന്താകും സ്ഥിതി? ബീഫുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിലുണ്ടായ പ്രക്ഷോഭം ഓര്‍ത്തുനോക്കൂ.

ഞങ്ങള്‍ തോന്നുന്നതെല്ലാം ചെയ്യും. അതൊക്കെ സഹിച്ച് ഭൂമി എന്നും ഇതുപോലെ നിലനില്‍ക്കണമെന്നാണ് മനുഷ്യരുടെ മനോഭാവം. ആഗോള താപനവും ഓസോണ്‍ പാളികളുടെ നാശവും വരുംകാലത്ത് കടുത്ത കാലാവസ്ഥാ വ്യതിയാനവും പ്രളയവും ലോകത്തു സൃഷ്ടിക്കും. ജലപ്രളയമുണ്ടായാല്‍ തടയാന്‍ കഴിയില്ലെന്നു കേരളീയരായ നമ്മള്‍ അനുഭവത്തില്‍ കണ്ടതാണ്. ലോകപ്രളയത്തില്‍ കോടിക്കണക്കിനു മനുഷ്യരാവും മണ്ണടിയുക. മഹാനഗരങ്ങളും ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചുപോകും.

ആണവയുദ്ധത്തിന്റെ ആത്യന്തിക നാശത്തെപ്പറ്റി ധാരണയുള്ളതിനാല്‍ ആണവായുധങ്ങള്‍ കയ്യിലുള്ള രാഷ്ട്രങ്ങള്‍ പരമാവധി സൂക്ഷിക്കുമെന്നുറപ്പ്. എന്നാല്‍ ഭീകരരുടെ കൈയില്‍ ആണവായുധം എത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത് എല്ലാവരുടെയും ഉറക്കം കെടുത്തുന്നുണ്ട്.

പോസിറ്റീവായി ഉപയോഗിച്ചില്ലെങ്കില്‍ നെഗറ്റീവായി മാറാന്‍ ഏറെ സാധ്യതയുള്ളവയാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ, നിര്‍മ്മിത ബുദ്ധി, ഡേറ്റക്ലൗഡുകള്‍, അല്‍ഗോരിതങ്ങള്‍, ഇന്‍ഫോ ടെക്‌നോളജി തുടങ്ങിയവ. ഇവയെല്ലാം ഉപയോഗപ്പെടുത്തുന്ന ആഗോള കേര്‍പറേറ്റ് മുതലാളിത്തം എന്തൊക്കെ വിക്രിയകളാണ് മാനവസമൂഹത്തിനു മേല്‍ അടിച്ചേല്പിക്കാന്‍ പോകുന്നതെന്നു പ്ര വചിക്കാന്‍ പോലുമാവില്ല.

ലോകം ഇങ്ങനെ എങ്ങോട്ടെന്നറിയാതെ നീങ്ങുമ്പോഴാണ് മതാന്ധതയും രാഷ്ട്രീയതിമിരവും സാമ്പത്തിക ആര്‍ത്തിയും പെരുത്ത വിലകെട്ട മനുഷ്യര്‍ ഇതൊന്നും പരിഗണിക്കാതെ തമ്മില്‍ തല്ലുന്നത്. പണമാണ് എല്ലാവരുടെയും ദൈവം. സിറിയയുടെയും ഇറാഖിന്റെയും വലിയ ഭാഗം പിടിച്ചെടുത്ത ഐ.എസ്. ഭീകരര്‍ പതിനായിരക്കണക്കിനു മനുഷ്യരെ വധിച്ചു. വിലപിടിച്ച പുരാവസ്തുക്കളും ചരിത്ര പ്രാധാന്യമുള്ള പ്രതിമകളും തകര്‍ത്തു. പാശ്ചാത്യ സാംസ്‌കാരിക സ്വാധീനവും മുന്‍ഭരണാധികാരികളുടെ ഓര്‍മ്മകളും ഉണര്‍ത്തുന്ന എല്ലാം നശിപ്പിച്ചു. എന്നാല്‍ ബാങ്കുകളില്‍ നിന്നു കിട്ടിയ കോടിക്കണക്കിനു ഡോളറുകള്‍ നശിപ്പിച്ചില്ല. അമേരിക്കന്‍ പ്രസിഡന്റുമാരുടെ മുഖങ്ങളും അമേരിക്കയുടെ രാഷ്ട്രീയവും മതപരവുമായ ആശയങ്ങളും അവയില്‍ ആലേഖനം ചെയ്തിരുന്നു. എന്നിട്ടും നശിപ്പിച്ചില്ല. കാരണം രാഷ്ട്രീയവും മതപരവുമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഡോളറിന്റെ സാമ്പത്തിക ശക്തി ഇസ്‌ലാമിക തീവ്രവാദിക്കും തള്ളിക്കളയാനാവില്ല. പണത്തിന്റെ സ്വാദ് അറിഞ്ഞ തീവ്രവാദിക്കും കോര്‍പറേറ്റ് മേധാവിക്കും ഭരണാധികാരിക്കും മതാധികാരിക്കും മറ്റും മതി എന്നു പറയാനാവില്ല. അവര്‍ മതിമറന്ന് പിന്നെയും പിന്നെയും പണത്തില്‍ അഭിരമിക്കും. ഈ ലോകത്തെ നാശത്തിലേക്കു നയിക്കുന്നതില്‍ പണമേ, നീ തന്നെയാണ് ഏറ്റവും മുന്നില്‍.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org